കേരളം ഒരു പരാജയപ്പെട്ട സംസ്ഥാനമാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
ഇടതു പാർട്ടികളും കോൺഗ്രസ്സും സംസ്ഥാനത്ത് ഭീതിയുടെ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ വെച്ച് കണക്കുകൂട്ടുമ്പോൾ വരുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസമുണ്ട്. അഞ്ച് മണ്ഡലങ്ങളിൽ 1.9 ലക്ഷത്തിനും 2.6 ലക്ഷത്തിനും ഇടയിൽ വോട്ട് നേടാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
11 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ 1.75 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിൽ വോട്ട് നേടിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ത്രിപുരയിൽ അധികാരത്തിലെത്തിയ പോലെ ബിജെപി കേരളത്തിലും അധികാരത്തിൽ വരുമെന്നും പിള്ള പറഞ്ഞു. എല്ലാവരുടെ മുന്നിലും ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. അടിസ്ഥാന പ്രത്യയശാസ്ത്രം നിലനിർത്തിക്കൊണ്ട് ആരുമായും കൂട്ടുചേരും. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിൽ ഒരുകാലത്തും പാർട്ടി പിന്നാക്കം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മീശ നോവല്‍ വിവാദത്തിൽ പ്രസാധകരായ മാതൃഭൂമി മാപ്പു പറയണമായിരുന്നെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ശശി തരൂർ വിഭാഗീയ തന്ത്രം ഉപയോഗിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ബിജെപി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പിള്ള പ്രതികരിച്ചു.
കേരളം ഒരു പരാജയപ്പെട്ട സംസ്ഥാനമാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. വ്യവസായവൽക്കരണത്തിന്റെ കാര്യത്തിലും കാർഷികവളർച്ചയുടെ കാര്യത്തിലും സംസ്ഥാനം പരാജയപ്പെട്ടു.
ബിജെപി സംസ്ഥാന പ്രസിഡണ്ടായിരുന്ന കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി ചുമതലയേറ്റതിനു ശേഷം രണ്ടുമാസം പിന്നിട്ടപ്പോഴാണ് ശ്രീധരൻ പിള്ളയെ തൽസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിമാരായ എഎസ് രാധാഷ്ണൻ, കെ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ഉയർന്നു കേട്ടിരുന്നെങ്കിലും അമിത് ഷാ ഒടുവിൽ പിഎസ് ശ്രീധരൻപിള്ളയുടെ പേര് ഉറപ്പിക്കുകയായിരുന്നു. ഒരു മലയാളം ചാനലിന്റെ സഹായത്തോടെ അമിത് ഷാ രഹസ്യ സർവ്വേ സംഘടിപ്പിച്ചാണ് ശ്രീധരൻ പിള്ളയിലേക്ക് എത്തിയതെന്ന് റിപ്പോർട്ടുണ്ട്.
പിള്ള മൃദുഹിന്ദുത്വ-ജനാധിപത്യ നിലപാടുകളുള്ല ആളായിട്ടാണ് പൊതുവിൽ കരുതപ്പെടുന്നത്. ഒരു എഴുത്തുകാരനെന്ന നിലയിൽ ആദരിക്കപ്പെടുന്നയാളുമാണ്. വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും രാഷ്ട്രീയക്കാരനെന്ന നിലയിൽ ശുദ്ധമായ പ്രതിച്ഛായ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നയാളാണ്.
അമിത് ഷാ നടത്തിയ സർവ്വേയിൽ 39.5 പേര്‍ പിള്ളയ്ക്ക് അനുകൂലമായിരുന്നു എന്നാണറിയുന്നത്. ഒ രാജഗോപാലിന് 20 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. കെ സുരേന്ദ്രന് 12 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പാർട്ടി തെരഞ്ഞെടുത്തത് പിള്ളയെയായിരുന്നു. രണ്ടാംസ്ഥാനത്തെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായെങ്കിലും 35,270 വോട്ടുകൾ പിടിക്കാൻ പിളയ്ക്കായി. 2016 അസംബ്ലി തെരഞ്ഞെടുപ്പിലെ പിള്ളയുടെ പ്രകടനമാണ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. 2016ൽ ഇദ്ദേഹം 42,682 വോട്ട് നേടിയിരുന്നു. രണ്ടാംസ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി വിശ്വനാഥിന് 44,897 വോട്ടാണ് ലഭിച്ചത്. വിജയിച്ച സ്ഥാനാർത്ഥി രാമചന്ദ്രൻ നായർ 52,880 വോട്ടുകളാണ് നേടിയത്.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിച്ചിരിക്കെ മെയ് 28നാണ് കുമ്മനം രാജശേഖരനെ അപ്രതീക്ഷിതമായി അധ്യക്ഷസ്ഥാനത്തു നിന്നും നീക്കം ചെയ്ത് മിസോറം ഗവർണറായി നിയമിച്ചത്.