UPDATES

ബിജെപിയും സംഘപരിവാറും കേരളത്തില്‍ പടര്‍ത്തുന്ന നുണകളെ തിരുത്തിക്കൊണ്ടിരുന്നില്ലെങ്കില്‍ അപകടമാണ്; രാജന്‍ ഗുരുക്കള്‍/അഭിമുഖം

എല്ലാ രീതിയിലുമുള്ള ഇടതുപക്ഷത്തെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാനാണ് ഇപ്പോള്‍ ഇവിടെയുള്ള ഇടതുപക്ഷം ആദ്യം ശ്രമിക്കേണ്ടത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ ബിജെപി-സംഘപരിവാര്‍ നേരിടുന്നത് തികച്ചും വര്‍ഗീയമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ പ്രതികരണങ്ങള്‍ തന്നെ അതിനുള്ള ഉദാഹരണങ്ങള്‍. ഹിന്ദുക്കളെ പേടിച്ച് മുസ്ലിങ്ങള്‍ക്കിടയിലേക്ക് വരുന്നു, വയനാട് പാക്കിസ്താനിലാണോ, മുസ്ലിം ലീഗ് വൈറസ് ആണ്; ഇങ്ങനെയുള്ള ആക്ഷേപങ്ങളാണ് ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുള്‍പ്പെടെയുള്ള ബിജെപി ദേശീയ നേതാക്കള്‍ ഉയര്‍ത്തുന്നത്. രാഹുലിനെയോ കോണ്‍ഗ്രസിനെയോ മാത്രമല്ല, ബിജെപിയും സംഘപരിവാറും ഇത്തരം പ്രചാരണങ്ങള്‍ക്കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് കേരളത്തെയാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തങ്ങളുടെ കൈയില്‍ നിന്നും അകന്നു മാറി നില്‍ക്കുന്നൊരു പ്രദേശത്തെ പിടിയിലൊതുക്കാന്‍ മറ്റെല്ലായിടത്തും പ്രയോഗിച്ച് വിജയിച്ച അതേ മാര്‍ഗം തന്നെ ഉപയോഗിച്ചു നോക്കുകയാണ് സംഘപരിവാര്‍ എന്നാണ് നിരീക്ഷണം. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം മറ്റൊരു തരത്തിലാണുള്ളതെന്നിരിക്കെ, മതവും വര്‍ഗീയതയും ഉപയോഗപ്പെടുത്തി കേരളത്തില്‍ പിടിമുറുക്കാന്‍ ബിജെപിക്ക് അത്ര എളുപ്പം കഴിയുമോ? ചരിത്രകാരനും എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും അധ്യാപകനും സാമൂഹികശാസ്ത്രജ്ഞനും എഴുത്തുകാരനുമൊക്കെയായ രാജന്‍ ഗുരുക്കള്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. രാജന്‍ ഗുരുക്കളുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി-സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ ആരോപണങ്ങള്‍ കേരളത്തില്‍ ഏതെങ്കിലും വിധത്തില്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയുണ്ടോ? മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിന്റെ ചരിത്രം മനസിലാക്കിയിട്ടുള്ളൊരാള്‍ എന്ന നിലയിലാണ് ഈ ചോദ്യം?

കേരളത്തില്‍ വര്‍ഗീയത പറഞ്ഞു മുതലെടുക്കാന്‍ ബിജെപിക്ക് കഴിയില്ല. അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും സാധ്യതവച്ച് വോട്ട് കിട്ടാനുളള സാഹചര്യം കൂടി ഇല്ലാതാക്കുകയാണ് ദേശീയ നേതാക്കളുടെ ഈ പ്രസ്താവനകള്‍. അവര്‍ പറയുന്ന വര്‍ഗീയത കേരളത്തിലെ ജനങ്ങള്‍ സ്വീകരിക്കില്ല. ബിജെപി ആവേശമായി നടക്കുന്ന ചിലര്‍ ശരിവച്ചേക്കാമെന്ന് മാത്രം. പക്ഷേ അവരെല്ലാം നഗരവാസികളായിട്ടുള്ളവരാണ്. അവര്‍ ബിജെപിയില്‍ നിന്നു സഹായം പ്രതീക്ഷിക്കുന്ന ഗ്രൂപ്പാണ്. അല്ലാതെ ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്നവരില്‍ മുസ്ലിങ്ങളെല്ലാം പാകിസ്താനികളാണ് അല്ലെങ്കില്‍ പാകിസ്താനിലേക്ക് പോകേണ്ടവരാണ് എന്ന ചിന്തയൊന്നുമില്ല. അതുകൊണ്ട് അയ്യപ്പന്റെ പേരിലോ മറ്റോ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതുപോലും നഷ്ടപ്പെടുകയേയുള്ളൂ.

കേരളത്തിന്റെ പശ്ചാത്തലം മനസിലാക്കാത്തവരായിരിക്കില്ലല്ലോ മോദിയും ഷായുമൊന്നും. സ്വഭാവികമായും കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കില്ലേ കേരളത്തിലും അവരുടെ മാസ്റ്റര്‍ കാര്‍ഡ് ഇറക്കാന്‍ നോക്കിയിരിക്കുന്നത്. അവര്‍ ബുദ്ധിയില്ലാത്തവരൊന്നുമല്ലല്ലോ

മോദിയോ ഷായോ ബുദ്ധിയില്ലാത്തവരാണെന്നല്ല. ഇതൊക്കെ ആളുകളുടെയുള്ളില്‍ അടിച്ചു പതിയട്ടെ എന്നു കരുതി തന്നെയാണ് പറയുന്നത്. ഈ വിഭാഗീയത പല രീതിയില്‍ അവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. വളരെ ശക്തമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്. ഏതു വേദിയിലും ഇതു തന്നെ ആവര്‍ത്തിച്ചാല്‍, പറയുന്നതിന് പ്രചാരം കിട്ടുമെന്ന ധാരണയിലാണവര്‍. തെറ്റായ കാര്യങ്ങളും വളച്ചൊടിച്ച ചരിത്രങ്ങളും പറഞ്ഞു പറഞ്ഞ് അതിനെ ശരിയാക്കിയെടുക്കുക എന്നതാണ് അവരുടെ തന്ത്രം. ഓരോ സാഹചര്യവും വര്‍ഗീയവത്കരണത്തിനു വേണ്ടി അവര്‍ ഉപയോഗിക്കും.

കേരളം സെക്യുലര്‍ സ്‌റ്റേറ്റ് ആണെന്നാണ് പറയുന്നത്. എത്രമാത്രം നിഷ്‌കളങ്കതയോടെ ഇനിയുമത് പറയാന്‍ കഴിയും? നുണയുടെ രാഷ്ട്രീയത്തിന് ഈ സംസ്ഥാനത്ത് നല്ല വേരോട്ടും കിട്ടുന്നുണ്ട്. നിങ്ങളൊക്കെ ഇപ്പോഴും മലയാളിയെ മൊത്തത്തില്‍ വിശ്വസിച്ചിരിക്കുകയാണോ?

അങ്ങനെയൊരു വിശ്വാസം ഇല്ല. 18-നും 22-നും ഇടയിലുള്ള ചെറുപ്പക്കാരുടെ ഒരു ഗ്രൂപ്പ് ഉണ്ട്; അവരില്‍ വിശ്വാസമില്ല. കാരണം, അവരില്‍ പലരും ചരിത്രം മനസിലാക്കിയിട്ടില്ലാത്തവരും വര്‍ഗീയ പ്രചാരണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നവരുമൊക്കെയാണ്. മുപ്പത് വയസിനു മുകളിലേക്കുള്ള ആള്‍ക്കാരില്‍ ഇത്തരം ചിന്തയില്ല. പക്ഷേ,അവര്‍ക്ക് താഴെയുള്ള ഗ്രൂപ്പിനെ സ്വാധീനിക്കാന്‍ കഴിയുമെന്നതിനാല്‍ ഭാവിയില്‍ ബിജെപിക്ക് ഗുണം കിട്ടും. കാരണം, ആ ഗ്രൂപ്പിലുള്ളവര്‍ക്ക് ഇവര്‍ പറയുന്ന നുണകള്‍ കേട്ടുകേട്ട് അതവരുടെ അടിസ്ഥാന അറിവായി മാറും. അവരെ ഒരുതരത്തിലും ബോധവത്കരിക്കാനുള്ള ശ്രമങ്ങളോ ഇടപെടലുകകളോ ഉണ്ടാകുന്നില്ലെങ്കില്‍ വലിയ അപകടമാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ ഇതുപോലെ വര്‍ഗീയവത്കരണത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ കാര്യമായി നടന്നിരുന്നു. ഒരുപാട് ചെറുപ്പക്കാര്‍ അതില്‍ വീഴുകയും ചെയ്തു. അത് നമ്മള്‍ മാറ്റിയെടുത്തത് നിരന്തരം ചരിത്രം എഴുതിക്കൊണ്ടാണ്. വളച്ചൊടിച്ച ചരിത്രമല്ലാതെ മറ്റൊരു സിദ്ധാന്തവും സ്വന്തമായി ഇല്ലാത്ത വര്‍ഗീയവാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ തുറന്നു കാണിക്കേണ്ടതാണ് എന്നു പറഞ്ഞുകൊണ്ടുള്ള എഴുത്തുകള്‍. ഞാന്‍ തന്നെ നിരന്തരം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കഥാകൃത്ത് ഉണ്ണി തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്, പലതും കേട്ടിട്ട് ചെറുപ്രായത്തില്‍ ശാഖയില്‍ പോയിരുന്നുവെന്ന്. കേട്ടതൊക്കെ സത്യമാണെന്നാണ് അക്കാലത്ത് വിചാരിച്ചിരുന്നതെന്നാണ് ഉണ്ണി പറയുന്നത്. ഈ ലേഖനങ്ങള്‍ വായിക്കാന്‍ ഇടവന്നപ്പോഴാണ് അദ്ദേഹം മാറിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ഡസന്‍ ആളുകളെയെങ്കിലും എനിക്കറിയാം. അവരില്‍ പലരും എഴുത്തുകാരായിട്ട് വരികയും ചെയ്തു. അതുകൊണ്ട് തിരുത്തല്‍ നടത്തുന്ന രീതിയില്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെങ്കില്‍ പലരുടെയും ധാരണകള്‍ വര്‍ഗീയവത്കരിക്കപ്പെടും. അതിന്റെ തീവ്രത കൂടിക്കൂടി വരും. പദവി, സ്ഥാനം, സമൂഹത്തിലൊരു ഇടം ഇതൊക്കെ കിട്ടുകയാണെങ്കില്‍ ആ തീവ്രത പിന്നെയും കൂടും. പിന്നെയവര്‍ അതിനകത്ത് തന്നെ നില്‍ക്കും. എം.ടി രമേശിന്റെയൊക്കെ കാര്യം അങ്ങനെയാണ്. മാര്‍ത്തോമ കോളേജില്‍ പഠിക്കുന്ന കാലത്ത് ഇപ്പോള്‍ കാണുന്നയത്ര തീവ്രതയൊന്നുമില്ലായിരുന്നു. നേതാവായി വളര്‍ന്നു വന്നതോടെയാണ് മാറ്റങ്ങള്‍ ഉണ്ടായത്, ധരിച്ചു വച്ചിരിക്കുന്നതില്‍ നിന്നും മാറാതെ നില്‍ക്കുന്നതും.

തിരുത്തലുകളുടെ ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണോ? മാധ്യമങ്ങളുടെ നിശബ്ദത ശ്രദ്ധിക്കുന്നില്ലേ? വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് പറയുന്നില്ല, പക്ഷേ…

ശരിയാണ്. ഈ നിശബ്ദത അപകടകരമായ രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുമെന്നതില്‍ സംശയമില്ല. തിരുത്തല്‍ ഉണ്ടാകണം. കാരണം, ഇതൊക്കെ സത്യമാണെന്നു വിചാരിക്കുന്നവരുണ്ടിവിടെ. അവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. ഭയവും അരക്ഷിതാവസ്ഥയും പടര്‍ത്തിയാണ് വര്‍ഗീയതയുടെ രാഷ്ട്രീയം പറയുന്നവര്‍ ആളുകളെ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കുന്നത്. അരക്ഷിതബോധം കൂടുന്നത്തിടത്താണ് ആള്‍ക്കാരെ അന്യവത്കരിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുന്ന്. സ്ഥലം ഇല്ലാതെ വരുന്നു, സ്ഥലത്തിന് വില കൂടുന്നു, ഇത്തരം അരക്ഷിതബോധവും ഭയവും ഇടിച്ചു കയറ്റും. അങ്ങനെ വരുമ്പോള്‍ മുസ്ലിമൊക്കെ പോയാല്‍ സൗകര്യമായില്ലേ, ഇവരെന്തിനാ ഇവിടെ നില്‍ക്കുന്നത് തുടങ്ങിയ ബാലിശമായ ചിന്തകള്‍ ആള്‍ക്കാരുടെ മനസിലേക്ക് വരും. മത്സരോന്മുഖമായൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ വിഭാഗീയതയ്ക്ക് ആക്കം കൂടും.

മാധ്യമങ്ങളെക്കാള്‍ സ്വീകാര്യത ഇപ്പോള്‍ സോഷ്യല്‍ മീഡിയക്കില്ലേ? ഗുണമാണോ ദോഷമാണോ അതുണ്ടാക്കുന്നത്?

സോഷ്യല്‍ മീഡിയ ഈ പറയുന്നതുപോലെ സ്വാധീനമൊന്നും ഉണ്ടാക്കുന്നില്ല. ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കുന്നുണ്ടെങ്കില്‍ ചിന്തിക്കാത്ത, ഗോസിപ്പിന് വശംവദരാകുന്ന ആള്‍ക്കാരെയാണ്. വളരെ വേഗത്തില്‍ അഭ്യൂഹങ്ങളെ പ്രചരിപ്പിക്കുന്നുവെന്നല്ലാതെ ഗുണപരമായ ഇടപെടലിന് കഴിയുന്നില്ല. വിശകലനബോധമില്ലാത്ത ഒരു ഗൂപ്പില്‍ പെട്ടെന്നു കത്തിപ്പടരുന്ന തരത്തില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതൊന്നും നിലനില്‍ക്കുന്നവയല്ല. അവ ഗോസിപ്പുകളാണ്. പക്ഷേ ഇത്തരം ഗോസിപ്പുകള്‍ അപകടമുണ്ടാക്കും. വര്‍ഗീയ ലഹളകള്‍ മുഴുവനും കത്തിപ്പടരുന്നത് അരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും കൊണ്ടാണ്. ഇത്തരം കാര്യങ്ങള്‍ എഫക്ടീവായും ഫാസ്റ്റ് ആയും നടത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. എന്നാല്‍ രാഷ്ട്രീയവിദ്യാഭ്യാസം നല്‍കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കില്ല. ഉത്തരവാദിത്വബോധം ഉണ്ടാക്കാനും കഴിയില്ല.

ഇടതുപക്ഷം ഉത്തരവാദിത്വം കാണിക്കുന്നുണ്ടോ?

എല്ലാ രീതിയിലുമുള്ള ഇടതുപക്ഷത്തെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാനാണ് ഇപ്പോള്‍ ഇവിടെയുള്ള ഇടതുപക്ഷം ആദ്യം ശ്രമിക്കേണ്ടത്. പരിസ്ഥിതി, സ്ത്രീപക്ഷ, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ ന്യൂ ലെഫ്റ്റ് ഗ്രൂപ്പുകളുണ്ട്. ഇവരെക്കൂടാതെ 25-നും 45-നും ഇടയില്‍ നില്‍ക്കുന്നവരുടെ ഒരു ഗ്രൂപ്പുണ്ട്. അവര്‍ വ്യവസ്ഥാപിത രാഷ്ട്രീയത്തിനും അതിനകത്തുള്ള ബ്യൂറോക്രസിക്കും എതിരായി നില്‍ക്കുന്നവരാണ്. ഇതിനോടൊന്നും യോജിപ്പില്ലാത്ത എന്നാല്‍ ഇടതുപക്ഷ രീതിയില്‍ മാത്രം ചിന്തിക്കുന്ന പുരോഗമനവാദികളുമുണ്ട്. പക്ഷേ അവരൊന്നും സംഘടിത രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നില്‍ക്കുന്നവരല്ല. എന്നാല്‍ പല നിലനില്‍പ്പ് സമരങ്ങളുടെയും പിന്നില്‍ അവരാണുള്ളത്. ഇന്ത്യയില്‍ പലയിടങ്ങളിലും ദളിത്, ആദിവാസികളുടെയും അതേപോലുള്ള വിഭാഗങ്ങളുടെയും ഉപജീവന മേഖല താറുമാറുക്കുന്നതരത്തില്‍ വികസനം വരുന്നതിനെതിരേ ഈ ലെഫ്റ്റ് ഗ്രൂപ്പ് സമരത്തിലാണ്. പല കോര്‍പ്പറേറ്റുകളും അവരെ പേടിച്ച് തിരിച്ചു പോയിട്ടുമുണ്ട്. പിന്നെ ലെഫ്റ്റ് എക്‌സ്ട്രീമിസ്റ്റുകളുണ്ട്. അവര്‍ അവരുടേതായ രീതിയില്‍ ഗ്രൂപ്പുകളായി മാറി അങ്ങനെ പോവുകയാണ്. ലെഫ്റ്റ് ആയിട്ടുള്ള വലിയ പുരോഗമന ഗ്രൂപ്പുകളെ സംഘടിപ്പിക്കാനും ഒപ്പം കൊണ്ടുവരാനും കഴിയണം. ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമുള്ള ഘടകങ്ങള്‍ എങ്ങോട്ട് വേണമെങ്കിലും നില്‍ക്കാമെന്നുളളവരാണ്. ഇപ്പോഴത്തെ ഘടകകക്ഷികള്‍ക്ക് ഉറച്ച നിലപാടുകളില്ല. അധികാരം മാത്രമാണ് അവര്‍ക്കു വേണ്ടത്. താത്കാലികമായ സഖ്യം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മത്സരം. താത്പര്യങ്ങള്‍ ഏകമായതുകൊണ്ടല്ല ഇവിടെ എല്‍ഡിഎഫോ യുഡിഫോ ഉണ്ടാകുന്നത്. എല്‍ഡിഎഫ് ആകാനും യുഡിഎഫ് ആകാനും ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പോകാനും ഒരു മടിയുമില്ലാത്തവരാണ് അതിനുള്ളിലുള്ളവര്‍. അവരെ സംബന്ധിച്ച് അധികാരം കൈപ്പറ്റുക മാത്രമാണ് ലക്ഷ്യം. ജനങ്ങളുടെ മേല്‍, വിഭവങ്ങളുടെ മേല്‍ ഉള്ള അധികാരം കൈയാളുക. അധികാരത്തിനു വേണ്ടി സഖ്യം ചേരാനും പിരിയാനും അവര്‍ക്ക് മടിയില്ല. ഇങ്ങനയുള്ളവരല്ലാതെ, ഇടതുപക്ഷ ചിന്താഗതിയുള്ള എല്ലാവരുമടങ്ങുന്ന ദൃഢതയുള്ള ഒരു ഗ്രൂപ്പ് ഉണ്ടാകണം. എക്‌സ്ട്രീമിസ്റ്റുകള്‍ എന്നു പറയുന്നവര്‍ ഉള്‍പ്പെടെ വേണം. കമ്യൂണിസം എന്നു പറയുന്നത് ഒരു സ്ഥിതിസമത്വ പ്രസ്ഥാനമാണ്. അതിലാരൊക്കെ ഉള്‍പ്പെടുന്നുവോ അവരെയെല്ലാം ഒരു ഗ്രൂപ്പായി മാറ്റാന്‍ കഴിയണം. അങ്ങനെ മാത്രമേ ഇടതുപക്ഷത്തിന് നിലനില്‍പ്പ് സാധ്യമാവുകയുള്ളൂ.

കേരളത്തില്‍ അടുത്തകാലത്ത് കണ്ട നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നില്ലേ?

നവോത്ഥാനത്തിന്റെ തലം സ്ത്രീ മുന്നേറ്റം എന്ന രീതിയിലാണല്ലോ. സ്ത്രീ മുന്നേറ്റത്തോട് യോജിക്കാത്ത് ഒരുപാട് അഭ്യസ്തവിദ്യരുള്ള നാടാണ് നമ്മുടേത്. പുരോഗമനപ്രസ്ഥാനങ്ങളില്‍ പോലും സ്ത്രീയെ രണ്ടാംതരം പൗരസമൂഹമെന്നപോലെയാണ് കാണുന്നത്. സ്ത്രീ മുന്നേറ്റമെന്ന ആശയം മുന്നോട്ടുവച്ചിട്ടുള്ള ഈ നവോത്ഥാനത്തിന് പരിമിതികളുണ്ട്. സെല്‍ഫ് എക്‌സിസ്റ്റിംഗ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ യുവതികള്‍ക്കിടയില്‍ പോലും അത് ശരിക്കും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. മതില്‍ തീര്‍ത്ത സമയത്തെ അതിനോടുള്ള പ്രതികരണം വളരെ പ്രത്യാശ നല്‍കുന്നുണ്ട്. പക്ഷേ അതൊക്കെ എത്രത്തോളം വോട്ട് ആയി മാറുമെന്നത് അറിയില്ല. നവോത്ഥാനം ഭരണഘടനാടിസ്ഥാനത്തിലുള്ള പ്രചാരണത്തിലൂടെയാവണം കൊണ്ടുവരേണ്ടത്. ജനാധിപത്യം, ഭരണഘടന എന്നിവയിലൂന്നിയുള്ള ഒരു മൂവ്‌മെന്റ് വന്നാലേ ആളുകള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുകയുള്ളൂ. ജനാധിപത്യവും ഭരണഘടനയും നഷ്ടപ്പെടുന്നതിന്റെ വില മനസിലാകണം. വര്‍ഗീയത ഒരു പ്രത്യേക മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രനിര്‍മാണത്തിനു വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. അത്തരം ആശയത്തിന് സ്വതന്ത്ര്യസമരകാലത്ത് യാതൊരു രീതിയിലുമുള്ള പ്രധാന്യം ഉണ്ടായിരുന്നില്ല. മതാധിഷ്ഠിത രാഷ്ട്രവാദികള്‍ക്കും ഇടമുണ്ടായിരുന്നില്ല. ഭരണഘടന ഉറപ്പ് നല്‍കുന്നതും ഒരു മതാധീതമായ രാഷ്ട്രമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത നേതാക്കള്‍ വിഭാവനം ചെയ്ത രാഷ്ട്രം സെക്യുലിറസിത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ളതാണ്. അതില്‍ മതപരമായിട്ടോ ജാതി സംബന്ധമായിട്ടോ ഒരു വേര്‍തിരിവും ഇല്ല. ആ രാഷ്ട്രത്തിലെ പൗരന്‍ മതേതരസ്വഭാവമുള്ളവനാണ്. സാമ്രാജ്യത്തില്‍ നിന്നും സമരം ചെയ്ത് സ്വതന്ത്രമാക്കിയ രാജ്യം സെക്യുലര്‍ പൗരന് പ്രാധാന്യം ഉള്ളതാണ്. എന്നാല്‍ സംഘപരിവാറിന് ഇത്തരം സ്ട്രഗിളുകളെ കുറിച്ച് ഒന്നും പറയാനില്ല. ഭരണഘടനയുമായോ രാഷ്ട്രനിര്‍മാണവുമായോ ബന്ധപ്പെട്ട് ഒരു പങ്കുമില്ലാത്ത ഒരു വിഭാഗമാണ് ഈ രാഷ്ട്രം കൈവശപ്പെടുത്താന്‍ നോക്കുന്നത്. ഭൂതകാലത്തെക്കുറിച്ച് പറയാന്‍ കൃത്യമായ ചരിത്രം കൈവശമില്ല, വളച്ചൊടിച്ച, വളരെ വൈകാരികമായിട്ടുള്ള, ഊതിവീര്‍പ്പിച്ച എന്തൊക്കെയേ ഉള്ളൂ . ചരിത്രമറിയാത്തവരാകട്ടെ വേഗത്തില്‍ ആവര്‍ത്തിക്കുന്നത് ഇവര്‍ പറഞ്ഞുണ്ടാക്കുന്നതും. അതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് ചെറുപ്പക്കാരില്‍ എനിക്ക് വലിയ ആത്മവിശ്വാസമില്ലെന്ന്. ഉന്നത വിദ്യാഭ്യാസമുള്ളവരാണവര്‍, പക്ഷേ, ഒട്ടും പൊളിറ്റിക്കല്‍ അല്ല. അവര്‍ക്ക് ഏതൊന്നിനെയുമെന്നപോലെ മാത്രമാണ് ജനാധിപത്യവും. യാന്ത്രികമായ ജീവിതം. അവരെ depoliticise എന്നല്ല ഞാന്‍ പറയുക, apolitical എന്നാണ്. കാരണം, അവര്‍ക്ക് രാഷ്ട്രീയം എന്നതിനോട് പരിചയമില്ല. പ്രക്ഷോഭങ്ങള്‍ അവര്‍ കണ്ടിട്ടില്ല, ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ ഭാഗമായി അവര്‍ മാറിയിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയാനുഭവം എന്നൊന്നില്ല. അതുകൊണ്ട് അവര്‍ക്ക് apolitical ആയിട്ടേ കാര്യങ്ങള്‍ കാണാന്‍ പറ്റൂ. ഇവരുടെ മനസില്‍ സമൂഹമില്ല. മത്സരിക്കുന്ന വ്യക്തികളും കമ്പോളവും മാത്രമേയുള്ളൂ.

വിതച്ചതു കൊയ്യുകയാണോ കോണ്‍ഗ്രസ്? അവര്‍ക്കോ കൂടെയുള്ളവര്‍ക്കോ ഒരു ബദല്‍ ആകാന്‍ കഴിയുമോ?

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് രണ്ടു രീതിയില്‍ അവര്‍ക്ക് തിരിച്ചടിയായി. പുരോഗമനവാദത്തിനു വേണ്ടിയല്ല അവര്‍ നില്‍ക്കുന്നതെന്ന തോന്നല്‍ ഒരു വിഭാഗത്തിലുണ്ടാക്കും. മറ്റൊന്ന് അവരുടെ രാഷ്ട്രീയമായ അരക്ഷിതാവസ്ഥയാണ്. വടക്കേയിന്ത്യയില്‍ അവര്‍ രാഷ്ട്രീയമായി സുരക്ഷിതരല്ലാതായി മാറിയിരിക്കുന്നു. അതിനു കാരണം പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്ന അവിടെയുള്ള ആള്‍ക്കാരുടെ വര്‍ദ്ധനവാണ്. അത്തരക്കാര്‍ ലക്ഷ്യം നേടാന്‍ എന്തു രീതിയിലുള്ള പ്രയോഗവും നടത്തും. രണ്ടു ദീദിമാരുള്‍പ്പെടെ. അവരെല്ലാം ഈ സ്ഥാനത്തിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവരാണ്. അവരെന്തൊക്കെയാണ് ചെയ്യുകയെന്നു പറയാന്‍ കഴിയില്ല. വടക്കേയിന്ത്യയില്‍ സെക്യുലറിസത്തെ മുറുകെ പിടിച്ചുകൊണ്ട് മുന്നേറുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനവുമില്ല. കോണ്‍ഗ്രസ് ഏതു സമയത്തും മതേതരസ്വഭാവം വേണ്ടെന്നു വച്ചിട്ട് വര്‍ഗീയതയുടെ കൂടെ പോകും. ഇന്ത്യയിലെ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് പോയിരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നതാണ് അത് കാണിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാവുക, അധികാരവും സുഖവും അനുഭവിക്കുക, അങ്ങേയറ്റത്തെ അഴിമതി നടത്തുക, കണക്കില്‍പ്പെടാത്ത കാശ് ഉണ്ടാക്കുക; ഇതെല്ലാം കൂടി ഉള്‍പ്പെടുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഭരണതലത്തില്‍ നില്‍ക്കുക എന്നത് അത്യന്താപേക്ഷികമാണ്. അവിടെ നിന്നുള്ള സുരക്ഷിതത്വം ഇല്ലെങ്കില്‍ അവര്‍ക്ക് ജയിലില്‍ പോകേണ്ടി വരും. ഇപ്പോള്‍ വ്യാപകമായി റെയ്ഡുകള്‍ നടക്കുന്നത് കാണുന്നില്ലേ, എന്താണതിനു പിന്നിലെന്ന് നോക്കൂ, പെരുച്ചാഴിയെ മാളത്തില്‍ കുത്തിയിളക്കി പുറത്തു കൊണ്ടുവരിക എന്നു പറയാറില്ലേ, അതുപോലുള്ള ഒരു കുത്തിയിളക്കലാണ് ഈ റെയ്ഡുകളും മറ്റും. ഇങ്ങനെ ഓടുന്ന ആള്‍ക്കാര്‍ മുഴുവന്‍ ഒന്നുകില്‍ കുടുങ്ങും അല്ലെങ്കില്‍ അധികാരത്തിന്റെ കാല്‍ച്ചുവട്ടില്‍ ചെല്ലേണ്ടി വരും. ഇതെല്ലാം കോണ്‍ഗ്രസുകാരെ പ്രതിസന്ധിയിലാക്കുമ്പോള്‍ അവര്‍ രക്ഷപ്പെടാന്‍ നോക്കുന്നത് ബിജെപിയില്‍ ചേര്‍ന്നുകൊണ്ടായിരിക്കും. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ നിന്നും വലിയൊരു ചോര്‍ച്ച സംഭവിക്കും.

കോണ്‍ഗ്രസിന് എതിരായി വന്ന ബദലുകളില്‍ പ്രതീക്ഷ വച്ചിട്ടും കാര്യമില്ല. അവരൊക്കെ ഒന്നുകില്‍ ഭാഷയുമായി ബന്ധപ്പെട്ടിട്ടുള്ള, അല്ലെങ്കില്‍ പ്രാദേശികവാദവുമുയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ആ തരം ഗ്രൂപ്പിന് ഒരിക്കലും ജനാധിപത്യ സംവിധാനത്തെയും മതേതരത്വത്തേയും മുന്നോട്ടുവച്ച് യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത രീതിയില്‍ പോകാന്‍ കഴിയുകയില്ല. ജനാധിപത്യ, മതേതരത്വ സംവിധാനത്തെയും ഭരണഘടനവാദം എന്ന സംഗതിയേയും മാറ്റി നിര്‍ത്തിയിട്ടാണല്ലോ അവര്‍ ഈ വിധത്തില്‍ ശക്തകളായി വന്നത്. അവര്‍ക്ക് രാജ്യം പ്രധാനമല്ല, അധികാരം കൈയാളാന്‍ ശ്രമിക്കുന്നുവെന്നല്ലേയുള്ളൂ. പ്രാദേശിക വികാരം മുതലെടുത്ത് അധികാരം പിടിക്കാന്‍ നോക്കുന്നവരാണ്. ജാതി, സംസ്ഥാനം, ഭാഷ ഇതൊക്കെയാണവര്‍ ഉപയോഗിക്കുന്നത്. വെറും പ്രാദേശികവാദികള്‍. വര്‍ക്കിംഗ് ക്ലാസ്, സ്ത്രീകള്‍, പരിസ്ഥിതി തുടങ്ങിയവരെ രാജ്യവ്യാപകമായി പ്രതിനിധാനം ചെയ്ത് സംസ്ഥാനത്തിനും ഭാഷയ്ക്കും വംശത്തിനും ജാതിക്കുമൊക്കെ അധീതമായിട്ടുള്ള ഘടകങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് ഒരു പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരെ മാത്രമെ മതേതരത്വത്തിന്റ ഭാഗമായിട്ടും നാഷണലിസത്തിന്റെയും സെക്യുലറിസത്തിന്റെയും ഭാഗമായിട്ടും കാണാന്‍ പറ്റുകയുള്ളൂ. രാജ്യത്തിനുവേണ്ടിയെന്നപോലെ, ഒരു കരോക്കെ സംഘമായി മാറിയിട്ട് മത്സരിക്കുകയാണ്. അവര്‍ക്ക് രാഷ്ട്രം അല്ല, സ്‌റ്റേറ്റ് പവര്‍ ആണ് വലുത്. സ്‌റ്റേറ്റ് പവറിനു വേണ്ടി മത്സരിക്കുമ്പോള്‍ അണികളെ ഒന്നിപ്പിച്ച് നിര്‍ത്തുന്നത് ദേശീയവികാരം മുന്‍നിര്‍ത്തിയിട്ടല്ല, പ്രാദേശിക, ജാതീയ, സമുദായിക സങ്കുചിത വികാരം ഉണ്ടാക്കിയിട്ടാണ്. അവരെങ്ങനെയാണ് സെക്യുലറിസത്തെ ശക്തിപ്പെടുത്തുക? അവര്‍ സെക്യൂലിറസത്തെ നശിപ്പിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നൊരു നാഷണല്‍ പാര്‍ട്ടിയോട് മത്സരിച്ച് പുറത്തുപോയിട്ടുള്ള ആളുകളെല്ലാം പ്രാദേശികമായിട്ട് സങ്കുചിത വികാരം കൊണ്ട് അണികളെ ശക്തിപ്പെടുത്തി ആ ദേശീയ പാര്‍ട്ടിയെ പൊളിച്ചവരാണ്. അവരെല്ലാം ഇപ്പോള്‍ സംഘം ചേരുകയെന്നു പറഞ്ഞാല്‍ അധികാരത്തിനു വേണ്ടി പിടിവലി കൂട്ടാന്‍ തത്കാലത്തേക്ക് സഖ്യം ചെയ്യുക എന്നതുമാത്രമാണ്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍