UPDATES

ട്രെന്‍ഡിങ്ങ്

അവര്‍ക്ക് കൊല്ലാന്‍ മാത്രമേ അറിയൂ, കിട്ടിയിരുന്നെങ്കില്‍ ഡോ. അംബ്ദേകറേയും അവര്‍ കത്തിച്ചേനെ; സണ്ണി കപിക്കാട് സംസാരിക്കുന്നു

ഹിന്ദു സമുദായം അവരുടെ കീഴ്ജാതിക്കാരോട് കാണിച്ച ക്രൂരതകള്‍ നോക്കിയാല്‍ ഇവര്‍ പറയുന്ന സഹിഷ്ണുത സിദ്ധാന്തം വെറും പൊള്ളയാണെന്നു മനസിലാകും.

ദളിത് ചിന്തകനും സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനെ കത്തിക്കണമെന്നാണ് സംഘപരിവാര്‍ ഈയിടെ ഉയര്‍ത്തിയ ഭീഷണി. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ അദ്ദേഹം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന നിലപാടുകളാണ് സംഘപരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. എന്തുകൊണ്ട് സണ്ണി എം കപിക്കാടിനെ പോലൊരാളെ ഇല്ലായ്മ ചെയ്യണം എന്ന വിധത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ചിന്തിച്ചു?  അതിനുള്ള ഉത്തരം സണ്ണി എം കപിക്കാട് തന്നെ പറയുന്നു.

“ഹിന്ദുമതത്തിന്റെ പ്രവര്‍ത്തനരീതി ഇതാണ്. എന്നെ കൊല്ലണമെന്ന് പറയുന്നത് അവര്‍ക്കെന്നെ കൊല്ലണം എന്നുള്ളതുകൊണ്ടാണ്. എന്തുകൊണ്ടാണ് അവര്‍ക്കെന്നെ കൊല്ലേണ്ടത്? ഞാന്‍ ഹിന്ദുമതത്തെ വിമര്‍ശിക്കുന്നു എന്നതുകൊണ്ട്. ഞാന്‍ ഹിന്ദുമതത്തെ വിമര്‍ശിക്കുന്നതാണ് അവരുടെ പ്രശ്‌നം. ഞാനല്ല, ആര് വിമര്‍ശിച്ചാലും കൊല്ലണം എന്നേ അവര്‍ പറയൂ. പട്ടികജാതിക്കാരെ മുഴുവന്‍ കൊല്ലണമെന്ന് അവര്‍ പറയില്ല, അവരെ കൂടെ കൊണ്ടുനടക്കണം എന്നവര്‍ക്കുണ്ട്. ഇതൊക്കെ ഹിന്ദു മതത്തിന്റെ ഒരു രീതിയാണ്.

ഇപ്പോള്‍ എന്താണ് അവരുടെ ട്രെന്‍ഡ് എന്നു നോക്കൂ. ശബരിമലയില്‍ മലയരയനെ സ്വാമിയായി വാഴിക്കണമെന്നാണ് പറയുന്നത്. യഥാര്‍ത്ഥ ഹിന്ദു എന്നൊക്കെ അവരെക്കുറിച്ച് പറഞ്ഞു നടക്കുകയാണ്. തന്ത്രിയെ മാറ്റി മലയരയനെ ശബരിമലയില്‍ കൊണ്ടുവരണമെന്നൊക്കെ പറയുകയാണ്. എന്നാലതിലൊട്ടും ആത്മാര്‍ത്ഥയില്ല. ഇതുപോലെ പലതും പറഞ്ഞ് ഈ വിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് നോക്കുന്നത്. നിങ്ങള്‍ ബ്രാഹ്മണനാണെന്നൊക്കെ മുഖത്ത് നോക്കി പറഞ്ഞേക്കുകയാണ്. ഇത് കേള്‍ക്കുന്നവര്‍ അവരുടെ വാക്കില്‍ വീണുപോവുകയാണ്. എന്നാലോ ഒരുകാലത്തും അവരെ ബ്രാഹ്മണരാക്കി വാഴിക്കുകയുമില്ല. പകരം നിങ്ങളും ബ്രാഹ്മണരാണ് എന്നൊക്കെയുള്ള വ്യാമോഹം അവതരിപ്പിച്ചു കൊണ്ടേയിരിക്കും. ബ്രാഹ്മണ്യം പവിത്രമായൊരു കാര്യമാണെന്നാണ് ഇതിലൂടെ അവര്‍ സ്ഥാപിക്കുന്നത്. എന്തിനാണ് എല്ലാവരും ബ്രാഹ്മണനാകാന്‍ ശ്രമിക്കുന്നത്? മനുഷ്യനാകാന്‍ ശ്രമിച്ചാല്‍ പോരേ? നല്ല മനുഷ്യനാകാന്‍! ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോഴാണ് ഞാന്‍ ഹിന്ദുമതത്തെ വിമര്‍ശിക്കുന്നുവെന്നു പറഞ്ഞ് എന്നെ കത്തിക്കണമെന്ന് പറയുന്നത്.

കഴിഞ്ഞ ദിവസം നടന്നൊരു ചര്‍ച്ചയില്‍ മലയരയരുടെ പ്രതിനിധിയായ സജീവും ഞാനും ഉണ്ടായിരുന്നു. സജീവ് പറയുന്നത് ഞങ്ങള്‍ ആദരപൂര്‍വം കേള്‍ക്കുന്നൂവെന്നു പറയുന്നവര്‍ അതേ വായില്‍ തന്നെ പറയുന്നത് സണ്ണി എം കപിക്കാട് ഏതോ ഗൂഢാലോചനയുമായാണ് വന്നിരിക്കുന്നതെന്നാണ്. ഹിന്ദു മതത്തെ വിട്ടുവീഴ്ച്ചയില്ലാതെ വിമര്‍ശിക്കുന്നു എന്നതാണ് ആ ഗൂഢാലോചന. സജീവനെ എങ്ങനെ പാട്ടിലാക്കാം എന്നാണവര്‍ നോക്കുന്നത്. നിങ്ങള്‍ ഹിന്ദുവാണ്, മലയരയന്മാര്‍ ഹിന്ദുവാണ്, നിങ്ങളുടെ എസ്എസ്എല്‍സി ബുക്കില്‍ ഹിന്ദുവെന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത് എന്നൊക്കെ പറഞ്ഞാണ് അവരോടൊപ്പം ചേര്‍ക്കാന്‍ ശ്രമിക്കുന്നത്.

ശബരിമല സമരം തെളിയിച്ചൊരു കാര്യമുണ്ട്. കേരളത്തില്‍ ശൂദ്രരുടെ ഒരു വലിയ നിരയുണ്ട്. അപരിഷ്‌കൃതരായ ശൂദ്രസമൂഹം കേരളത്തില്‍ ഉണ്ടെന്നു തന്നെയാണ് ഈ സമരം തെളിയിച്ചത്. ബ്രാഹ്മണന്‍ വാഴണമെന്ന് ആഗ്രഹിക്കുന്ന ശൂദ്ര സമൂഹം. ബ്രാഹ്മണ്യത്തിന്റെ ‘പവിത്ര’തയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അതാണ് നമ്മുടെ സംസ്‌കാരമെന്നും അതാണ് നമ്മുടെ രാഷ്ട്രമെന്നും അതുകൊണ്ട് സംസ്‌കാരത്തെയും രാഷ്ട്രത്തെയും രക്ഷിക്കാന്‍ നമ്മള്‍ ഹിന്ദുക്കളെല്ലാം ഒന്നിക്കണമെന്നും പറയുന്ന ഒരു മെക്കാനിസമാണ് അവര്‍ സൃഷ്ടിക്കുന്നത്. ശബരിമല തകരാന്‍ പോവുകയാണ് എന്നണവര്‍ പറയുന്നത്. അതിലെന്ത് ചെയ്യണം എന്നു ചോദിക്കുമ്പോള്‍, തന്ത്രിക്കും രാജാവിനും സമ്പൂര്‍ണമായ അധികാരം കൊടുക്കണം എന്നു പറയും. അല്ലെങ്കില്‍ ശൂദ്രന്മാരുടെ ഒരു കമ്മിറ്റി ഉണ്ടാക്കി അവര്‍ക്ക് ശബരിമലയുടെ അധികാരം കൊടുക്കണമെന്നു പറയും. ആരുടെ കമ്മിറ്റി? ശൂദ്രരുടെ! അതായത്, ബ്രാഹ്മണന്റെ അധികാരം ഒരിക്കലും ചോദ്യം ചെയ്യാത്തവന്റെ കമ്മിറ്റി. ബ്രാഹ്മണന്റെ അധികാരം ഒരിക്കലും ചോദ്യം ചെയ്യാത്ത, അവരുടെ പ്രാകൃതമായ കൃതികളില്‍ പറയുന്ന ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ശൂദ്രഹിന്ദുക്കളുടെ കമ്മിറ്റിക്ക് ശബരിമല വിട്ടുകൊടുക്കണം എന്നാണവര്‍ പറയുന്നത്. വിശ്വാസിയെന്നാല്‍ അതാണവര്‍ പറയുന്ന അര്‍ത്ഥം. ഇതൊക്കെ മനസിലാക്കിയാല്‍ എന്താണ് ഇവിടെ നടക്കുന്നതെന്ന് നമുക്ക് മനസിലാകും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇവിടെ ശൂദ്രകലാപമാണ് നടക്കുന്നതെന്ന്. ഞാനത് അബദ്ധത്തില്‍ പറഞ്ഞതല്ല. ആലോചിച്ച് ഉറച്ച് തന്നെ പറഞ്ഞ കാര്യമാണ്.

ഇവിടെ ജാതി പ്രവര്‍ത്തിക്കുന്നത് ശൂദ്രസമുദായത്തിലാണ്. എല്ലാക്കലത്തും, നവോഥാനഘട്ടങ്ങളിലുമൊക്കെ ഒരു പുതിയ മൂവ്‌മെന്റ് ഉണ്ടായി വരുമ്പോള്‍ അതിനെ തടയാന്‍ നോക്കിയത് പ്രബലരായ ശൂദ്രന്മാരാണ്. പുതിയകാര്യമെന്തെങ്കിലും വന്നാല്‍ ബ്രാഹ്മണന്റെ പരമാധികാരം തകരും, അത് ഞങ്ങള്‍ അനുവദിച്ച് തരില്ല, ബ്രാഹ്മണന്റെ അധികാരം നിലനിര്‍ത്തേണ്ടത് ശൂദ്രന്റെ കടമയാണെന്നാണ് പറയുന്നത്; ധാര്‍മികമായ കടമ. ആ ധാര്‍മിക കടമ സുകുമാരന്‍ നായര്‍ ഇപ്പോഴും കൊണ്ടുനടക്കുന്നു എന്നതാണ് സുകുമാരന്‍ നായരില്‍ നമ്മള്‍ ആരോപിക്കുന്ന കുറ്റം. സുകുമാരന്‍ നായര്‍ ഇപ്പോഴും ആധുനിക മനുഷ്യന്‍ ആയിട്ടില്ല. അയാള്‍ ഇപ്പോഴും ബ്രാഹ്മണാധിപത്യം ആഗ്രഹിക്കുന്ന ഒരു ശൂദ്രന്‍ ആയിട്ടാണ് ജീവിക്കുന്നത്. അത് ജനാധിപത്യ കേരളത്തിന് ഒട്ടും ഭൂഷണമല്ല. ഇതൊക്കെ പറയുമ്പോഴാണ് കൊലവിളി ഉണ്ടാകുന്നത്. ഭരണഘടനയല്ല കത്തിക്കേണ്ടത്, കത്തിക്കണമെങ്കില്‍ തന്ത്രി സമുച്ചയാണ് കത്തിക്കേണ്ടതെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ ഇവനെ കത്തിക്കണം എന്നാണവര്‍ പറഞ്ഞത്. അതൊരിക്കലും യാദൃശ്ചികമായി പറഞ്ഞതാണെന്നു കരുതേണ്ടതില്ല.

ഹിന്ദു മതം എന്നാല്‍ ബ്രാഹ്മണ്യമാണ്. അതാണതിന്റെ അന്തഃസത്ത. ബ്രാഹ്മണ്യം ഇല്ലാതായാല്‍ ഹിന്ദുമതം ഇല്ല. ബ്രാഹ്മാണാധിപത്യം ഇല്ലാത്ത ഹിന്ദുമതത്തെ കുറിച്ചൊക്കെ അവര്‍ വെറുതെ പറയുന്നതാണ്. ഇതിന്റെ തത്വങ്ങള്‍ മുഴുവന്‍ കിടക്കുന്നത് ബ്രാഹ്മണ്യാധികാരത്തിന്റെ പവിത്രതയിലാണ്. പവിത്രമായ അധികാരം എന്നാണ് ബ്രാഹ്മണ്യത്തെ അവര്‍ വിശേഷിപ്പിക്കുന്നത്. ആ പവിത്രതയെയാണ് നമ്മള്‍ ചോദ്യം ചെയ്യുന്നത്. ഡോ. അംബേദ്ക്കറെ ഇപ്പോളവര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ അദ്ദേഹത്തെയും കത്തിച്ചേനെ. ഹിന്ദുമതത്തെ വിമര്‍ശിച്ചു എന്ന കുറ്റം അദ്ദേഹത്തിനുമേലും ചാര്‍ത്തിയിട്ടുണ്ടല്ലോ.

ഇവര്‍ കത്തിക്കുമെന്ന് പറയുമ്പോള്‍ അതൊരു ഭീഷണിയായി മാത്രം കാണരുത്. എത്രയോ പേരെ കത്തിച്ചിരിക്കുന്നു. എത്ര ദളിതരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നിങ്ങളെ ഭൂമുഖത്ത് നിന്നും ഇല്ലായ്മ ചെയ്യുമെന്നാണ് പറയുന്നത്. അവര്‍ക്കുനേരെ ഉയരുന്ന ഓരോ ശബ്ദങ്ങളേയും ഇല്ലാതാക്കുക എന്നത് എല്ലാകാലത്തും അവര്‍ ചെയ്യുന്നതാണ്. കൂട്ടത്തോടെ കൊന്നൊടുക്കിയതിന്റെ പാരമ്പര്യം അവര്‍ക്കുണ്ട്. അവര്‍ ആരെയാണ് കൊല്ലാത്തത്? അവരുടെ വിമര്‍ശകര്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നു, അല്ലെങ്കില്‍ കൊല്ലപ്പെടുന്നു. അതു തന്നെയാണ് എന്നെപ്പോലുള്ളവര്‍ക്കു നേരെയും വരുന്നത്. എന്നെ കൊല്ലുമെന്നു പറഞ്ഞയാള്‍ പറഞ്ഞതില്‍ സീരിയസാണോ അയാളത് ചെയ്യുമോ എന്നത് ഇതിനകത്ത് കാര്യമല്ല. എന്നെ കത്തിക്കുമോ ഇല്ലയോ എന്നതും കാര്യമല്ല. പക്ഷേ, ഇതാണവരുടെ സംസ്‌കാരം എന്നതാണ് ഇതിനകത്ത് നമ്മള്‍ മനസിലാക്കേണ്ടത്. എന്നെ കൊല്ലുന്നതല്ല പ്രസക്തമായ കാര്യം, ഹിന്ദു മതത്തെ വിമര്‍ശിക്കുന്നവരെ ടെര്‍മിനേറ്റ് ചെയ്യുന്ന ഒരു സംസ്‌കാരം അവര്‍ക്ക് ഉണ്ടെന്നതാണ് പ്രസക്തമായതും മനസിലാക്കേണ്ടതും.

അവര്‍ ഒട്ടും സഹിഷ്ണുതയുള്ളവരല്ല. ഹിന്ദു സമുദായം അവരുടെ കീഴ്ജാതിക്കാരോട് കാണിച്ച ക്രൂരതകള്‍ നോക്കിയാല്‍ ഇവര്‍ പറയുന്ന സഹിഷ്ണുത സിദ്ധാന്തം വെറും പൊള്ളയാണെന്നു മനസിലാകും. ബുദ്ധമതക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കിയവര്‍ക്ക് എന്ത് സഹിഷ്ണുതയാണ്? എതിരാളികളെ കൊന്നൊടുക്കുക മാത്രമാണവര്‍ ചെയ്യുന്നത്. ശത്രുക്കളെ കൊന്നൊടുക്കണേ ദൈവമേ എന്നാണവര്‍ പ്രാര്‍ത്ഥിക്കുന്നതുപോലും. ഒരു സഹിഷ്ണുതയും അവര്‍ക്കില്ല. നിസ്സാരനായൊരു സംഘിയാണ് എന്നെ കത്തിക്കുമെന്നു പറയുന്നതെങ്കില്‍ പോലും അതിലൂടെ പുറത്തുവരുന്നത് അവരുടെ മനോഘടനയാണ്. നമ്മളെ എതിര്‍ക്കുന്നവരെ കൊല്ലണമെന്നുള്ള അവരുടെ അടിസ്ഥാന മനോഘടന. വിമര്‍ശനങ്ങളേയും ഉള്‍ക്കൊള്ളുന്ന മഹാ സംസ്‌കാരമാണ് ഹിന്ദുവിന്റേത് എന്നൊക്കെ ചുമ്മ പറയുന്നതാണ്. ഒരു മനുഷ്യന്‍ ദൃഷ്ടിയില്‍ വന്നാല്‍ കൊന്നുകളയണമെന്നു വിചാരിക്കുന്ന മതം പവിത്രമാകുന്നത് എങ്ങനെയാണ്? ഉന്നതമായ സംസ്‌കാരമാണെന്നു പറയുന്ന ഹിന്ദുമതത്തില്‍ എന്തുകൊണ്ടാണ് ഇത്ര വിപുലമായി ഹീനജാതിക്കാര്‍ നിലനില്‍ക്കുന്നതെന്ന് ഡോക്ടര്‍ അംബേദ്കര്‍ ചോദിച്ചിട്ടുണ്ട്, ആ ചോദ്യം ഇന്നും പ്രസക്തമാണ്.

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

സ്വന്തം അധ്വാനത്തിന് വില കല്‍പ്പിക്കാത്ത ശൂദ്രര്‍ എന്ന ബ്രാഹ്മണരുടെ ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ അടിമകള്‍: കാഞ്ച ഐലയ്യ- ഭാഗം 3

ബനിയ മൂലധനത്തിന്റെ സേവകനായാണ്, അല്ലാതെ ശൂദ്ര പ്രതിനിധിയായല്ല മോദി അധികാരത്തിലെത്തുന്നത്: കാഞ്ചാ ഐലയ്യ- ഭാഗം 2

എവിടെയാണ് ശൂദ്രർ? നായര്‍, ജാട്ട്, പട്ടേല്‍, യാദവ്… നവബ്രാഹ്മണ്യ വക്താക്കളോ അവരിന്ന്? കാഞ്ച ഐലയ്യ എഴുതുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍