UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പൊണ്ണത്തടി’ നികുതി കൊള്ളാം; പക്ഷേ ഇത് എത്രത്തോളം ശാസ്ത്രീയമാണ്?

Avatar

ടീം അഴിമുഖം

നമുക്കെല്ലാം വേണ്ടത് തിരക്കുപിടിച്ച ജീവിതമാണ്. ഇതിനിടെ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളുടെ അനന്തരഫലങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമില്ല. ആരോഗ്യത്തില്‍ ശ്രദ്ധയേറുന്ന ഇക്കാലത്ത് കൊഴുപ്പേറിയ ഭക്ഷണം കഴിക്കുന്നത് പാപമാണെങ്കില്‍ കേരള സര്‍ക്കാര്‍ ഇത്തരം ഭക്ഷണത്തിനുമേല്‍ ഏര്‍പ്പെടുത്തിയ 14.5 ശതമാനം നികുതി പാപത്തിന്റെ ശമ്പളമാണ്. ഫാറ്റ് ടാക്‌സെന്ന ഈ ആശയം പുതിയതല്ല. ഇന്ത്യയില്‍ ഇത് ഏര്‍പ്പെടുത്താന്‍ തുനിയുന്ന ആദ്യ സംസ്ഥാനം കേരളമാണെന്നു മാത്രം. 2011ല്‍ ഡെന്‍മാര്‍ക്ക് 2.3 ശതമാനത്തിലധികം പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിരുന്നു. 15 മാസങ്ങള്‍ക്കുശേഷം ഇത് പിന്‍വലിച്ചത് മറ്റുപല കാരണങ്ങള്‍ കൊണ്ടായിരുന്നു.

മിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും ശീതള പാനീയങ്ങള്‍ക്ക് നികുതിയുണ്ട്. കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണിത്. ഓസ്‌ട്രേലിയ ഇത്തരം പാനീയങ്ങള്‍ക്കുമേല്‍ 20 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ആലോചിച്ചുവരികയാണ്.

ജനങ്ങളുടെ ആരോഗ്യത്തെപ്പറ്റി കേരളസര്‍ക്കാരിനുള്ള ആശങ്ക പ്രശംസനീയമാണ്. പൊണ്ണത്തടിക്കാരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് കേരളം. എന്നാല്‍ ഡെന്‍മാര്‍ക്കിനെപ്പോലെ ഭക്ഷണത്തിലെ കൊഴുപ്പില്‍ ശ്രദ്ധിക്കുന്നതിനു പകരം പടിഞ്ഞാറന്‍ സ്വഭാവമുള്ള ചില ഭക്ഷണസാധനങ്ങളെ ലക്ഷ്യമിടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ബര്‍ഗര്‍, പിസ, ടാകോ, ഡോനട്, സാന്‍ഡ്വിച്ച്, പാസ്റ്റ തുടങ്ങിയവയാണ് പട്ടികയിലുള്ളത്. എന്നാല്‍ ബര്‍ഗറുകള്‍ക്കു മുന്‍പ് നാം പൊണ്ണത്തടിയില്ലാത്തവരായിരുന്നോ?

തുലനശ്രമമെന്ന രീതിയില്‍ ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരുവോരഭക്ഷണമെന്ന നിലയില്‍ ജനപ്രിയമായ പൊറോട്ടയെ നിരുല്‍സാഹപ്പെടുത്താനാണിത്. വെളിച്ചെണ്ണയ്ക്ക് ഏര്‍പ്പെടുത്തിയ അഞ്ചുശതമാനം നികുതിയാണ് മറ്റൊന്ന്. ഇത് നാളികേരത്തിന്റെ താങ്ങുവില ഉയര്‍ത്താനുദ്ദേശിച്ചാണ്. ജനങ്ങളെ പുഴുങ്ങിയ ഭക്ഷണത്തിലേക്കു തിരിച്ചുവിടാനല്ല. പടിഞ്ഞാറന്‍ ഭക്ഷണത്തെ ലക്ഷ്യം വയ്ക്കുന്നത് അല്‍പം മയപ്പെടുത്താന്‍ ഇതിനു കഴിഞ്ഞേക്കുമെന്നു മാത്രം.

ആരോഗ്യരംഗത്തെ ആരോഗ്യമുള്ളതാക്കുക എന്നത് സര്‍ക്കാര്‍ ഗൗരവമായെടുത്തിരിക്കുകയാണ്  എന്ന തോന്നലാണ് ഇവയെല്ലാം ഉണ്ടാക്കുക. ബര്‍ഗര്‍ പ്രിയരോടുള്ള മുന്നറിയിപ്പ് മദ്യനിരോധനത്തിന്റെ തുടക്കം പോലെയാണ്. ഇതിനേര്‍പ്പെടുത്തുന്ന നികുതി മദ്യനിരോധനം മൂലമുണ്ടായ വരുമാനക്കമ്മി നികത്തില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടതില്ല. സമീപനം ശാസ്ത്രീയമല്ല എന്നതാണ് കുഴപ്പം. പുതിയ നികുതിക്ക് സാധനങ്ങള്‍ തിരഞ്ഞെടുത്തത് ധാര്‍മിക, ദേശീയ വികാരങ്ങള്‍ കണക്കിലെടുത്താണോ സാമ്പത്തിക വശം നോക്കിയാണോ എന്നതാണ് പ്രശ്‌നം.

ലോകമെമ്പാടും പൊണ്ണത്തടി വന്‍ പ്രശ്‌നമാണ്. എന്നാല്‍ ഈ പ്രശ്‌നം നേരിടുന്നത് പല രാജ്യങ്ങളിലും പല വിഭാഗം ആളുകളാണ്. ഇന്ത്യയില്‍ ആവശ്യത്തിനു ഭക്ഷണം കിട്ടാനില്ലാത്ത ആളുകളുടെ എണ്ണം വളരെയധികമാണ്. അവര്‍ക്കാര്‍ക്കും പൊണ്ണത്തടിയില്ല. എന്നാല്‍ പടിഞ്ഞാറന്‍ നാടുകളില്‍ ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമാണ് വിലകുറഞ്ഞ ഫാസ്റ്റ് ഫുഡ് കഴിച്ച് തടികൂട്ടുന്നത്. ഇരുകൂട്ടരുടെയും ജീവിതരീതികളിലെ വ്യത്യാസം നോക്കുമ്പോള്‍ ഇന്ത്യയിലെ ബര്‍ഗര്‍ പ്രേമികളോട്, വില കൂടുതലാണ് എന്ന കാരണത്താല്‍ അവ ഉപേക്ഷിക്കാന്‍ പറയുന്നത് ബുദ്ധിയാണോ? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍