UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധനകാര്യമാനേജ്‌മെന്റും ബജറ്റും

Avatar

മിഥുന്‍ വി.പി.

പൊതുവരുമാനം – പൊതുചെലവ് – പൊതുകടം എന്നിവ എങ്ങനെ ക്രമീകരിക്കപ്പെടുന്നുവെന്നതാണ് സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ സൂചിപ്പിക്കുന്നത്. കേരള ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ സുരക്ഷിതമാണോ എന്നതാണ്. പൊതുവേ സര്‍ക്കാരിന്റെ വരുമാനവും ചെലവും തുല്യമെങ്കില്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വരുമാനക്കമ്മിയും ധനക്കമ്മിയും കുറവാണെങ്കില്‍ സാമ്പത്തികസ്ഥിതി സുസ്ഥിരമാണെന്ന് കരുതാം.

ധനകാര്യനിയന്ത്രണ നിയമം (എഫ്.ആര്‍.എ. 2003) നിലവില്‍ വരുന്നതിന് മുമ്പെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവുമധികം ധനക്കമ്മിയും വരുമാനക്കമ്മിയും കേരളത്തിനായിരുന്നു. പതിനൊന്ന് – പന്ത്രണ്ട് ധനകാര്യക്കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ധനകാര്യനിയന്ത്രണ നിയമം നിലവില്‍ വരുകയും തത്ഫലമായി വരുമാനക്കമ്മി പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനും ധനകമ്മി സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നുശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. ഇതുപ്രകാരം 2007 ല്‍ വരുമാനക്കമ്മി പൂജ്യമാക്കുകയും ധനക്കമ്മി ആഭ്യന്തര ഉത്പാദനത്തിന്റെ 3 ശതമാനം ആയും കുറക്കേണ്ടതായിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി കാരണം ഈ ലക്ഷ്യം പലതവണ പുനര്‍നിര്‍ണ്ണയിക്കുകയും സമയപരിധി 2014-15 ആയി തിട്ടപ്പെടുത്തുകയും ചെയ്തു.

കേരളത്തിന്റെ വരുമാന ധനകമ്മി

സംസ്ഥാനം    വരുമാനകമ്മി (ശരാശരി)   ധനകമ്മി (ശരാശരി)
കേരളം                                   2.5                         3.9
തമിഴ്‌നാട്                               0.1                          2.7
കര്‍ണ്ണാടക                             -0.7                          2.7
ആന്ധ്രപ്രദേശ്                         0.4                          2.4

(അവലംബം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റഡി ഓഫ് സ്റ്റേറ്റ് ബജറ്റ്)

കേരളവും പഞ്ചാബും ബംഗാളും ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും വരുമാനക്കമ്മിയും ധനക്കമ്മിയും കുറച്ചുകൊണ്ടുവന്ന് ധനകാര്യനിയന്ത്രണനിയമം നടപ്പിലാക്കി. 2010-2013 വര്‍ഷങ്ങളില്‍ കേരളത്തിന്റെ ശരാശരി വരുമാനക്കമ്മി  മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനവും ധനകമ്മി 3.9 ശതമാനവും ആണ്. എന്നാല്‍, അയല്‍ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ വരുമാനക്കമ്മിയും ധനക്കമ്മിയും നിയന്ത്രണ വിധേയമാക്കി. കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ 2015 മാര്‍ച്ച് 11 ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പേര്‍ട്ടിലും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പരുങ്ങലിലാണെന്ന് സൂചിപ്പിക്കുന്നു.

വരുമാന-ധനകമ്മികള്‍ നിയന്ത്രിക്കുകയും മൂലധനച്ചിലവ് വര്‍ദ്ധിപ്പിക്കുകയുമാണ് ധനകാര്യനിയന്ത്രണനിയമത്തിന്റെ ലക്ഷ്യം. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യം എങ്ങനെയാണ് സംസ്ഥാനങ്ങള്‍ കമ്മി കുറച്ചുകൊണ്ട് വരുന്നുവെന്നതാണ്. വരുമാന-ധനകമ്മികള്‍ കുറച്ചുകൊണ്ടുവരാന്‍ പ്രാധാനമായും നാല് മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. ഒന്ന്, സംസ്ഥാനത്തിന്റെ നികുതി നികുതിയിതര വരുമാനം വര്‍ദ്ധിപ്പിക്കുക, രണ്ട്, അവികസിത ചെലവുകളായ പലിശ, പെന്‍ഷന്‍ തുടങ്ങിയവ നിയന്ത്രിക്കുക, മൂന്ന്, വികസനചെലവുകളെ നിയന്ത്രിക്കുക. നാല്, വര്‍ദ്ധിത കേന്ദ്രവിഹിതം. ഇവയില്‍ വികസനചെലവുകളെ നിയന്ത്രിക്കുക എന്നതൊഴിച്ച് മറ്റ് മൂന്ന് മാര്‍ഗ്ഗങ്ങളും സംസ്ഥാനത്തിന് അഭികാമ്യ മാര്‍ഗ്ഗങ്ങളാണ്. കേരളത്തിലെ ബജറ്റില്‍ ഈ പ്രശ്‌നങ്ങള്‍ വെല്ലുവിളി ഉയര്‍ത്തും.

നികുതി വരുമാനവും ബജറ്റും
കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ 2014-15 റിപ്പോര്‍ട്ട് പ്രകാരം വരുമാനവര്‍ദ്ധനവില്‍ 5789 കോടി രൂപയുടെ കുറവുണ്ടെന്ന് സൂചിപ്പിക്കുന്നു.

കേരളത്തിന്റെ വരുമാനം

വര്‍ഷം        വരുമാനം/ജി.എസ്.ഡി.പി.       വളര്‍ച്ചാനിരക്ക്

2008-09               12.1                                    17

2009-10                11.3                                    10

2010-11                11.5                                    23

2011-12                12.1                                    18

2012-13                12.1                                    16

(അവലംബം: കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, കേരളം)


സംസ്ഥാനത്തിന്റെ വരുമാനം 2008-09 മുതല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ശതമാനമായി കണക്കാക്കുകയാണെങ്കില്‍ പന്ത്രണ്ടിനോടടുത്താണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍  കേരളത്തിന്റെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് സ്ഥിതിവിവരക്കണക്കുകളില്‍ നിന്നും വ്യക്തമാണ്. 2010-11 ല്‍ 23 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക് പിന്നീട് 18 ശതമാനമായും 16 ശതമാനമായും കുറഞ്ഞു. അതിനാല്‍ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ വെല്ലുവിളികളിലൊന്ന്.

റവന്യൂ ചെലവും ബജറ്റും

കേരളത്തിന്റെ        മൊത്ത ചെലവ്
2008-09                      15.2
2009-10                       14.7
2010-11                        14.4
2011-12                        16.1
2012-13                       16.3
(അവലംബം: കണ്‍ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ കേരളം)

ചെലവ് 2008-09 ല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 15.2 ശതമാനമായിരുന്നെങ്കില്‍ 2011-12 ല്‍ 16.1 ശതമാനമായും 2012-13 ല്‍ 16.3 ശതമാനമായും വര്‍ദ്ധിച്ചു. അതുപോലെതന്നെ സര്‍ക്കാരിന്റെ നിര്‍ബന്ധിതചെലവുകളായ ശമ്പളം, പെന്‍ഷന്‍, പലിശ, സബ്‌സിഡി എന്നിവ 2008-09 ല്‍ വരുമാനത്തിന്റെ 77 ശതമാനത്തില്‍ നിന്നും 2011-12 ല്‍ വരുമാനത്തിന്റെ 85 ശതമാനമായും വര്‍ദ്ധിച്ചു. ഇതിനര്‍ത്ഥം അവികസിത ചെലവുകളായ പലിശ, പെന്‍ഷന്‍, ഭരണനിര്‍വ്വഹണചെലവുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നുള്ളതാണ്.

മുകളില്‍ പ്രതിപാദിച്ചിട്ടുള്ള സ്ഥിതിവിവരക്കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത് പൊതുധനകാര്യവിഷയത്തിലെ അടിസ്ഥാനതത്വമായ ചെലവ് വരുമാനത്തിനനുസരിച്ച് നിയന്ത്രിക്കുകയെന്നതും വരുമാനം വര്‍ദ്ധിപ്പിക്കുകയെന്നതും തമസ്‌കരിച്ചുവെന്നതാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വരുമാനം വര്‍ദ്ധിച്ചില്ല എന്നുള്ളത് റവന്യൂചെലവ് വര്‍ദ്ധിച്ചുവെന്നുള്ളതും ധനകാര്യമാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ്. മാത്രമല്ല, വര്‍ദ്ധിച്ചുവരുന്ന വരുമാനക്കമ്മി സൂചിപ്പിക്കുന്നത് കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതുപോലെ കടമെടുത്ത തുക കൊണ്ട് സംസ്ഥനത്തിന്റെ നിത്യചെലവുകള്‍ നടക്കുന്നുവെന്നതാണ്.

ധനകാര്യനിയന്ത്രണ നിയമം അനുശാസിക്കുന്ന രീതിയില്‍ വരുമാനകമ്മി കുറച്ച് മൂലധനചെലവ് വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തിന്റെ ഉത്പാദനക്ഷമതയെ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം കേരളത്തിന് മരീചികയാണ്.

14-ാം ധനകാര്യകമ്മിഷനും കേരളവും
പതിനാലാം ധനകാര്യകമ്മീഷന്‍ സംസ്ഥാനങ്ങളുടെ കേന്ദ്രവിഹിതം 32 ശതമാനത്തില്‍ നിന്നും 42 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി 2015-16 കേരളത്തില്‍ 2014-15 നേക്കാള്‍  9502 കോടി രൂപ അധികമായി ലഭിക്കും. ഇത് കേരളത്തിന്റെ അറ്റ ആഭ്യന്തര ഉത്പാദനത്തിന്റെ 3 ശതമാനം ആണ്. മാത്രമല്ല ധനകാര്യകമ്മീഷന്റെ മാനദണ്ഡങ്ങളില്‍ വന്ന മാറ്റം 1971ലെ ജനസംഖ്യയുടെ പ്രാധാന്യം കുറച്ചത്, ധനകാര്യക്കച്ചവടത്തിനുള്ള വെയിറ്റേജ് എടുത്തുകളഞ്ഞത്,  വനപ്രദേശത്തിന് പ്രാതിനിധ്യം നല്‍കിയതും കേരളത്തിന് അനുകൂലഘടകങ്ങളാണ്. ആയതിനാല്‍, കേന്ദ്രവിഹിതം വരുംവര്‍ഷങ്ങളില്‍ കേരളത്തെ ധനക്കമ്മിയില്‍ നിന്ന് കരകയറ്റിയേക്കാം. പക്ഷേ, മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന കേന്ദ്രവിഹിതം ഉത്പാദനക്ഷമമായ ചെലവുകള്‍ക്ക് ഉപയോഗിക്കുമ്പോള്‍ കേരളം കമ്മി തിരുത്താന്‍ ഉപയോഗിക്കുവെന്നത് ആശാവഹമല്ല.

ബജറ്റും ആശങ്കകളും
ലേഖനത്തിലുടനീളം വിശകലനം ചെയ്തതുപോലെ ബജറ്റിന്റെ പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്, കമ്മി കുറയ്ക്കുക. രണ്ട്, നികുതി വരുമാനം വര്‍ദ്ധിപ്പിക്കുക, മൂന്ന് റവന്യൂ ചെലവ് നിയന്ത്രിക്കുക എന്നത്. ഇതിന് പുറമെ, സാമ്പത്തിക ഭദ്രത നിലനിര്‍ത്തിക്കൊണ്ട് തകരുന്ന റബ്ബര്‍മേഖല സംരക്ഷിക്കുകയും സാമ്പത്തിക മേഖലയിലെ മരവിപ്പ് പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍പ്പെടുത്തി  കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ചുവെങ്കിലും കേന്ദ്രബജറ്റില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ റബ്ബര്‍ കര്‍ഷകരുടെ ഏകപ്രതീക്ഷ സംസ്ഥാന ബജറ്റിലാണ്.  കേരളത്തിലെ സാമ്പത്തിമേഖലയുടെ മരവിപ്പ് പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യമാണ്. പക്ഷെ, വരുമാനത്തിന്റെ ഏകദേശം 85 ശതമാനം നിര്‍ബദ്ധിത  ചെലവുകളാണ്. ശമ്പളം, സബ്‌സിഡി, പെന്‍ഷന്‍, പലിശ എന്നിവയിലേക്കായതിനാല്‍ മറ്റ് വികസന ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയെന്നത് എളുപ്പമല്ല. ഇതിന് ശക്തവും സുതാര്യവും കാര്യക്ഷമവുമായ ധനകാര്യവ്യവസ്ഥിതി ആവശ്യമാണ്.

*Views are Personal

(ഗവണ്‍മെന്‍റ് ലോ കോളേജ് തിരുവനന്തപുരം ധനതത്വ ശാസ്ത്രം അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍