UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ഐസക്കിന്റെ ബജറ്റിലെ 13 കാര്യങ്ങള്‍

Avatar

എം ബിനോയ്

ബജറ്റിന് മുന്നോടിയായി സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ചിലപ്പോള്‍ ഘോഷയാത്രകള്‍ നടക്കാറുണ്ട്. നാമതിന് പ്രീ ബജറ്റ് റാലികള്‍ എന്നാണ് വിളിക്കാറ്. എന്താണതിന് കാരണമെന്നറിയുമോ. പ്രതീക്ഷകള്‍, പ്രതീക്ഷകള്‍ മാത്രം. ചിലത് സംഭവിക്കുമെന്നും അത് തങ്ങള്‍ക്ക് ഗുണകരമാവുമെന്നും മാര്‍ക്കറ്റ് വിചാരിക്കുകയാണ്. അവിടെ സാധനങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കുകയോ, വിതരണമോ, സംഭരണോ പെരുകുകയോ ഒന്നും വേണമെന്നില്ല. എന്തായാലും ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റുകളെ അനക്കാനൊന്നും ശേഷി ഡോ. ടി.എം തോമസ് ഐസക്കിന്റെ ബജറ്റിന് ഉണ്ടാവണമെന്നില്ല. എന്നാല്‍ ഒരു സംസ്ഥാനത്തെ ജനത്തിന്റെ പ്രതീക്ഷകളെ വല്ലാതെ ഉത്തേജിപ്പിക്കാന്‍ അതിന് കഴിയുന്നുണ്ട് എന്നതിന് സംശയവുമില്ല.

പുതിയ ഗവണ്‍മെന്റ് അധികാരമേറ്റത് തന്നെ, എല്ലാം ശരിയാവും എന്ന പ്രതീക്ഷ നല്‍കിക്കൊണ്ടാണല്ലോ. ഇടതര്‍ക്ക് മാത്രമല്ല കേരളത്തിലെ ശരാശരിയായ എല്ലാ മലയാളിക്കും മുമ്പില്ലാത്തവിധം എന്തോ ഒരു പ്രതീക്ഷ ഈ ഗവണ്‍മെന്റിലുണ്ട്. ആ പ്രതീക്ഷകളുടെ ഘോഷയാത്രയിലെ നിര്‍ണായക മുഹൂര്‍ത്തമാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ്. സത്യത്തില്‍ ഇത് പുനര്‍നിര്‍ണയിച്ച ഒരു ബജറ്റ് ആണ്. ആകെ അടങ്കല്‍തുകയെ തിരുത്താതെ പുനഃക്രമീകരണങ്ങള്‍ നടത്തിയ ഒന്ന്. ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച് വച്ച ബജറ്റിന്റെ ചുറ്റളവുകള്‍ക്കുള്ളില്‍ നിന്ന് തന്റെ മാന്ത്രികദണ്ഡുകൊണ്ട് മറ്റൊന്നാക്കി മാറ്റിയ കരവിരുത്.

പൊതു നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും പ്രതീക്ഷകളെ തൊട്ടുണര്‍ത്തുന്നതിലൂടെയും വിപണികള്‍ എങ്ങനെയാണ്, ഉത്പാദനത്തിലും ധനത്തിലും ഗുണിതങ്ങളായി പെരുകുന്നതെന്ന് ലോക സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സ് വരച്ച് കാണിക്കുന്നുണ്ട്. അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേര്‍ക്ക് അപ്പം നല്‍കിയതിന് ഒരു സാമ്പത്തികശാസ്ത്രമുണ്ട്. കുറച്ച് വിഭവങ്ങളും കുറേയേറെ ആവശ്യങ്ങളും എന്ന ആ ധനശാസ്ത്രത്തിന്റെ അടിസ്ഥാന സ്വഭാവമാണത്. കേരളമോഡല്‍ ഉത്പാദന രംഗത്ത് നിഷ്ഫലമായി നില്‍ക്കുന്നതാണ് കാലം. ട്രഷറിയോ കാലി. നികുതിപിരിവൊക്കെ നോക്കുകൂലി സംവിധാനമായി പരിണമിക്കുന്നുവോ എന്ന് സംശയം തോന്നിപ്പിച്ച ഒരു കാലത്തിനും ശേഷമാണ് ഈ ബജറ്റിന്റെ പിറവി. അതെണ്ണി പറഞ്ഞുകൊണ്ടാണ് ഐസക് പ്രസംഗം തുടങ്ങുന്നതും. ഹരിതം, സ്ത്രീ സൗഹൃദം, വിജ്ഞാന സമൂഹത്തിനുതകുന്നത്, വിദേശികളെ ആകര്‍ഷിക്കുന്നത്, കാര്യക്ഷമതയേ തട്ടിയുണര്‍ത്തുന്നത്, ഭാവനാ സമ്പന്നമായ ഉറവിടം തേടുന്നത് എന്നൊക്ക ആലങ്കാരികമായി അതിനെ വര്‍ണ്ണിക്കാം.

പ്രതീക്ഷയുടെ ബജറ്റിനെ അതേ ഭൂതക്കണ്ണാടിയിലൂടെ നോക്കിക്കാണുന്നതാണ് നല്ലതെന്ന് തോന്നുന്നു. അപ്പേള്‍ പിന്നെ കാഴ്ചയില്‍ തെളിയുന്ന ചിത്രങ്ങള്‍ എന്തെന്ന് നോക്കാം. തോമസ് ഐസക്കിന്റെ ബജറ്റിലെ 13 കാര്യങ്ങള്‍. 

1. മാന്ദ്യവിരുദ്ധ പാക്കേജ് 
പ്രത്യേക നിക്ഷേപ പദ്ധതി എന്നപേരില്‍ 12000 കോടിയുടെ വിഭവ സമാഹരണം ബജറ്റില്‍ ലക്ഷ്യമിടുന്നു. മൂലധന ചെലവുകള്‍ക്ക്, എന്ന് വച്ചാല്‍ സ്ഥിരമായ ആസ്തികള്‍ സൃഷ്ടിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡ് ആണ് ഈതുക കണ്ടത്തേണ്ടത്. മോട്ടോര്‍ വാഹനനികുതി ഓരോ വര്‍ഷവും 10 ശതമാനം വീതവും അഞ്ചാം വര്‍ഷം 50 ശതമാനവും നðകി, ആ തുകയെ ഈട് വച്ച് കടമെടുത്ത് വലിയ മൂലധനചെലവ് ലക്ഷ്യമിടുന്നു. ബജറ്റിലെ വലിയ പദ്ധതികളൊക്കെയും ഇതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അഥവാ പ്രതീക്ഷയുടെ കുതിരപ്പുറത്തേറിയുള്ള ഒരു യാത്രയാണ് പ്രത്യേക നിക്ഷേപ പപദ്ധതി.

2. വനിതാക്ഷേമത്തിന് പ്രത്യേക വകുപ്പ്, പിന്നെ പ്രത്യേക പദ്ധതികളും 
എല്ലാ സ്‌കീമുകളിലും സ്ത്രീ പരിഗണന ഉറപ്പാക്കുന്നു. മാറ്റിവയ്ക്കുന്ന ആകെ തുകകളുടെ (അടങ്കല്‍) 10 ശതമാനം സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക പ്രൊജക്ട് ആകുമെന്ന് ബജറ്റ് പറയുന്നു. വനിതകളുടെ വികസനത്തില്‍ ഈ സമീപനം സര്‍വ്വം സ്പര്‍ശിയായ മാറ്റം ഉണ്ടാക്കുമെന്ന് കരുതാം.

3. കാര്‍ഷികമേഖല അടങ്കല്‍ വര്‍ദ്ധിപ്പിച്ചു 
കൃഷി വര്‍ദ്ധിച്ചാല്‍ മാത്രം പോരല്ലോ. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുന്നതിനുള്ള നടപടികളും പ്രഖ്യാപനത്തിലുണ്ട്. റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് നില നിര്‍ത്തിയത് നല്ലത് തന്നെ. ചക്ക ഭാവിയുടെ ഫലം തന്നെ. ചക്കയില്‍ കേരളത്തിന് നല്ല ഭാവിയുണ്ടെന്ന് ധനമന്ത്രി തിരിച്ചറിയുന്നു. ഈ മേഖലയിലെ സംരഭങ്ങള്‍ക്ക് 5 കോടി മാറ്റിവച്ചിട്ടുണ്ട്.

4. തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം 
2014-15ലെ ഫിനാന്‍സ് ബില്ലിലെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ റദ്ദാക്കും. 

5. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഒന്നാകെ ആയിരമാക്കി മാറ്റി
നൂറുകള്‍ കിട്ടുന്നതും ആയിരം കിട്ടുന്നതും തമ്മിലുള്ള വ്യത്യാസം വെറും സംഖ്യയുടെ മാത്രമല്ല. ആയിരം വാങ്ങുന്നുണ്ട് താന്‍ എന്ന അഭിമാനം പെന്‍ഷന്‍ വാങ്ങുന്നയാളിലുണ്ടാകുന്നു. ബജറ്റില്‍ ഇത്തിരി മനശാസ്ത്രവുമുണ്ടേ. അറുപത് പിന്നിട്ട എല്ലാ സാധാരണക്കാര്‍ക്കും പെന്‍ഷന്‍ കിട്ടണമമെന്ന പ്രഖ്യാപനം കൂടുതല്‍ പ്രതീക്ഷകളെ ഉണര്‍ത്തുന്നു. ഇതിനിടയില്‍ കോണ്‍ട്രിബ്യൂട്ടറിയായ ഒരു പെന്‍ഷന്‍ അദ്ദേഹം അവതരിപ്പിച്ചത് അധികമാരും ശ്രദ്ധിച്ചെന്ന് തോന്നുന്നില്ല. ഇത് ട്രഷറി വഴി നടപ്പാക്കാനായാല്‍ കുറച്ച് നിക്ഷേപം കുറേകാലത്തേക്ക് പ്രതീക്ഷിക്കാം. 

6. ഭിന്നലിംഗത്തില്‍ പെട്ട വ്യക്തികള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ പരിഗണന. 

7. വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍
ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ ലോക നിലവാരത്തിലാക്കാന്‍ 1000 കോടിയും 8 മുതല്‍ 12 ക്ലാസ്സുകള്‍ വരെയുള്ള ക്ലാസ്സുകള്‍ ഹൈടെക് ആക്കുന്നതിന് 500 കോടിയും പറയുന്നുണ്ട്. ഇതും മാന്ദ്യവിരുദ്ധ പാക്കേജിലാണ്. സ്‌കൂളുകള്‍ ലോകോത്തരമാവേണ്ടത് തന്നെ. എന്നാല്‍ മാന്ദ്യത്തെ അകറ്റാന്‍ സ്‌കൂള്‍ അന്തരീക്ഷത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എത്ര സഹായിക്കുമോ എന്തോ…!

8. ഹരിതമാണ് ബജറ്റിന്റെ മറ്റൊരു മുഖമുദ്ര 
പത്ത് വര്‍ഷം പഴക്കമേറിയ നാല് ചക്രവാഹനങ്ങള്‍ക്ക് ഹരിതനികുതി എന്ന് കാണുന്നു. എഴുപതുകളിലൊക്കെ വാങ്ങിയ ഉണ്ടക്കണ്ണന്‍ ചെകുത്താന്‍ ലോറികള്‍ പുകതുപ്പി പോവുന്നത് ഹരിത നികുതി കാണാതിരുന്നുകൂട. വയനാടിനെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കാനുള്ള പ്രഖ്യാപനമാണ് മറ്റൊന്ന്. ഇതിനൊന്നും വലിയ ചിലവ് വരുന്നില്ല. സോളാര്‍ സംവിധാനം സാര്‍വ്വത്രികമാക്കാനുള്ള തീരുമാനവും, എല്‍ ഇ ഡി വിതരണവും ഊര്‍ജ്ജ മേഖലയില്‍ കാര്യക്ഷമതകൊണ്ടുവരും. അങ്ങനെ അതിരപ്പിള്ളികള്‍ ഒഴിവായി പോവട്ടെ. സി.എന്‍.ജി ഇന്ധനമുള്ള കെഎസ്.ആര്‍.ടി.സി ബസ്സുകള്‍ മറ്റൊരിടപെടല്‍ തന്നെ.

9. സാംസ്‌കാരിക രംഗം
സാംസ്‌കാരിക രംഗത്ത് രണ്ട് കിടിലന്‍ പദ്ധതികള്‍ ഉണ്ട്. ഒന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേരള നവോത്ഥാന സംസ്‌കാരിക സമുച്ചയങ്ങള്‍. മാന്ദ്യം മറികടക്കാനുള്ളള്ള ഫണ്ട് തന്നെ ഇതിനും ഉപയോഗിക്കുക. മാന്ദ്യകാലത്ത് ലൈബ്രറികള്‍ പൂട്ടുന്നത്, പ്ലേഗ് കാലത്ത് ഹോസ്പിറ്റലുകളടയ്ക്കുന്നത് പോലെയാണെന്ന മഹദ്വചനം സത്യമായിരിക്കുന്നു ഇതിലൂടെ. രണ്ടാമത്തേത് മുസിരിസ്സ് മാതൃകയിലുള്ള ഹെറിറ്റേജ് ടൂറിസമാണ്. ഒന്ന് തലശ്ശേരി, അടുത്തത് ആലപ്പുഴ. 

10. വ്യവസായം
കൊച്ചി കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി ഉള്‍പ്പെടെ വ്യവസായത്തിന് 5100 കോടി മുടക്കി 5100 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനം 60 കിലോമീറ്റര്‍ വീതിയുള്ള കേരളത്തിന് താങ്ങാന്‍ പറ്റുന്നതാവുമോ എന്ന് സംശയമുണ്ട്. ഗെയില്‍ പൈപ്പ് ലൈനിനും, ഹൈവേ വികസനത്തിനും ഒക്കെ എടുത്തുകഴിഞ്ഞ കേരളത്തില്‍ വേണം ഈ ഭൂമിയും ഏറ്റെടുക്കാന്‍. പകരം പരിസ്ഥിതി ടൂറിസത്തിന് ഊന്നല്‍ നല്‍കി കൂടുതല്‍ നിക്ഷേപമെന്ന ആശയം തന്നെയാകും അഭികാമ്യം.

11. ഫാറ്റ് ടാക്സ്
ബര്‍ഗറും, പിസയും, തിന്ന് ശരീരം കേടാക്കാന്‍ 5 ശതമാനം അധികനികുതി കൊടുക്കേണ്ടി വരും. കെ.എഫ്.സി യില്‍ പോയി തിന്നാനും അങ്ങനെ തന്നെ. ബ്രാന്റഡ് ഹോട്ടല്‍ ശൃംഘലകള്‍ക്ക് ഫാറ്റ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും പുതിയത് തന്നെ.

12. സമഗ്ര ആരോഗ്യസംരക്ഷണം
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സാര്‍വ്വത്രികമാകുക. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉളവര്‍ക്ക് മാരക രോഗങ്ങള്‍ക്ക് മുഴുവന്‍ ചികിത്സയും സൗജന്യമായി കിട്ടണം എന്ന് ബജറ്റ് ആഗ്രഹിക്കുന്നു. കാരുണ്യ കൂടി ഇനി ഇതിന്റെ ഭാഗമാകും. ആരോഗ്യരക്ഷ അവകാശമാക്കും എന്ന പദമാണ് കാണുന്നത്. കാരുണ്യയെ പുതിയ സംഗതിയിലേക്ക് പരിവര്‍ത്തിപ്പിക്കാനെടുക്കുന്ന കാലം (സ്വിച്ച് ഓവര്‍ പീര്യഡ്), രോഗികള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാതെയാവുമോ എന്ന ആശങ്ക ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. 

13. മലബാറിന് നല്ലൊരാലിംഗനം നല്‍കിയ ബജറ്റ്
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള സഹായം, കാസര്‍ഗോഡ് സോളാര്‍ പാര്‍ക്, അഴീക്കല്‍ തുറമുഖം, ബ്രണ്ണന്‍ കോളേജ് വികസനം, മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള സഹായം, തലശ്ശേരി പൈതൃക ടൂറിസം പദ്ധതി, കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്ര വികസനം, തുടങ്ങി ശരിക്കും എണ്ണിപറയാനുള്ള പദ്ധതികള്‍ ഇതിലുണ്ട്. 

ഇനിയുള്ളത് വിഭവമാണ്. ആദ്യം പറഞ്ഞ മാന്ദ്യവിരുദ്ധ ഫണ്ട് ആണ് പുതിയ പദ്ധതികളുടെ പ്രധാന വിഭവ സ്രോതസ്സ്. റവന്യൂ വരുമാനമുയര്‍ത്താന്‍ നികുതി പിരിവ് ഉഷാറാക്കുകയാണ് ലക്ഷ്യം. അതിന് 9 മാനദണ്ഡങ്ങളും പുറത്തിറക്കിക്കഴിഞ്ഞു. ‘ലക്ഷണക്കേടു’ള്ള മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നിറങ്ങി, 13ന്റെ ദുശ്ശകുനമുള്ള കാറില്‍ കയറിവന്ന് ശ്രീനാരായണ ഗുരുവിനെ കൂട്ടുപിടിച്ച് തോമസ് ഐസക് എന്ന സമ്പദ് വിദഗ്ധനായ കമ്മ്യൂണിസ്റ്റ് അവതരിപ്പിച്ചത് ഒരു വെറും ബജറ്റ് രേഖയല്ല. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു നയം വ്യക്തമാക്കല്‍ കൂടിയാണ്. ഒരു ശരാശരി മലയാളിയോട് നന്നായി സംവദിക്കുന്നുണ്ട് ഈ ബജറ്റ് എന്നതില്‍ സംശയമില്ല. 

(സാമൂഹ്യ-സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍