UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിഠായിയുമായി ഉമ്മന്‍ചാണ്ടി, ലക്ഷ്യം വോട്ടുമാത്രം

Avatar

കെ എ ആന്റണി

ഒരു മുന്നരയോടുകൂടി തുടങ്ങുന്നതാണ് ഇതെഴുതുന്നയാള്‍ക്ക് നന്ന് എന്ന് തോന്നുകയാല്‍ ഇത്രകൂടി പറയുന്നു. കണക്കിലെ കളികള്‍ അറിയില്ല. എങ്കിലും അറിയാം ഓരേ ബജറ്റ് പ്രഖ്യാപനങ്ങളിലേയും മിഠായി ബലൂണുകള്‍. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെ നൂലിഴ കീറി പരിശോധിക്കുകയല്ല ഇവിടെ ബജറ്റുകള്‍ പലപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. കേരളത്തില്‍ ആയാലും കേന്ദ്രത്തിലായാലും. പ്രത്യേകിച്ചും ഒരു സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍.

പൊതു ജനം ഈ ബജറ്റിനെ എങ്ങനെ വിലയിരുത്തും എന്നുള്ളത് തെരഞ്ഞെടുപ്പിന് ശേഷമേ അറിയാന്‍ പറ്റുകയുള്ളൂ. ഇടയില്‍ വരുന്ന ഗീര്‍വാണ ചര്‍ച്ചക്കാരും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരും പറയുന്നത് തന്നെയാകും സത്യത്തില്‍ ബജറ്റിന്റെ അവസ്ഥ. പക്ഷേ, പൊതുജനം ഇന്നും കഴുതയാണ് എന്ന് ഞാന്‍ പറഞ്ഞില്ല. അങ്ങനെയൊക്കെ നമ്മുടെ ഇടതുവലതു നേതാക്കന്മാര്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഹാ കഷ്ടം.

മുഖ്യമന്ത്രി മധുരം പുരട്ടിയ കുറെ ബലൂണുകളാണ് ആശ്രയം അറ്റവര്‍ക്കും അല്ലാത്തവര്‍ക്കുമായി ആകാശത്തിലേക്ക് ഉയര്‍ത്തി വിട്ടിരിക്കുന്നത്. ഈ ബലൂണുകള്‍ ഉന്നംവച്ചു പൊട്ടിക്കേണ്ട ഗതികേടിലാണ് ആശയമറ്റവര്‍. അതിന് കയറിയിറങ്ങേണ്ട കോന്ത്രാപ്പന്‍ ഭരണഗതികേടുകള്‍ എത്രമാത്രമെന്ന് ബജറ്റ് അവതരിപ്പിക്കുന്നവര്‍ ഒരിക്കലും പറയാറില്ല. ഇതാണ് കേരളത്തിന്റെ ഗതികേട്. ഇതുതന്നെയാണ് കേരളത്തിന്റെ ഗതികേടും.

തൊട്ടയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ അതിനുമുമ്പോ ശേഷമോ വീടുകളില്‍ എത്തിയിരിക്കും. അതാണ് ജയാമ്മയുടേയും കലൈഞ്ജറുടേയും ഒക്കെ ഗരിമ.

ഇനിയിപ്പോള്‍ അഞ്ചിന്റെ മധുരത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റിലേക്ക് കടക്കും മുമ്പ് പതിമൂന്നിന്റെ നിര്‍വൃതി പാതിവഴിയില്‍ മുടങ്ങിപ്പോയ കെ എം മാണിയുടെ ചിരിയിലേക്കൊന്നും നമ്മള്‍ കടക്കേണ്ടതില്ല. ധനമന്ത്രി രാജിയിലായതിനാല്‍ ഞാന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുന്നുവെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിയുടെ അഞ്ചാം ബജറ്റായിരുന്നു ഇന്നത്തേത്. സ്വാഭാവികമായും തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഏതു സര്‍ക്കാരും ചെയ്യാന്‍ സാധ്യതയുള്ള ചില മാജിക്കു വേലകള്‍ തന്നെയാണ് അദ്ദേഹവും ഇന്ന് നടത്തിയത്.

ഉദാഹരണത്തിന് തമിഴ്‌നാടുമായി തീര്‍ത്താലും തീരാത്ത തര്‍ക്കവുമായി നടക്കുന്ന മുല്ലപ്പെരിയാര്‍ ഡാം വിഷയം തന്നെ എടുക്കുക. പുതിയ ഡാം പണിയാന്‍ വേണ്ടി ബജറ്റില്‍ 100 കോടി രൂപയാണ് വകയിരുത്തിയത്. എന്തിനാണ് പുതിയ ഡാം എന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മറ്റു ഉപകാരപ്രദമായ കാര്യങ്ങളിലേക്ക് മാറ്റിവയ്‌ക്കേണ്ടതായിരുന്നില്ലേ ഈ തുക എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാന്‍ ആകുമോ.

പിജെ ജോസഫിനെ ബലത്തില്‍ എടുക്കാന്‍ ഇടുക്കി ജില്ലയില്‍ നടത്തുന്ന ഒരു തന്ത്രമായേ ചിലരൊക്കെ ഇതിനെ വായിക്കാന്‍ ഇടയുള്ളൂ. ഈ ഡാം കളി തുടങ്ങിയിട്ട് കുറെ കാലമായി. ശത്രുതയുടെ സീമകള്‍ക്ക് അപ്പുറത്തേക്ക് തമിഴ് നാട്ടില്‍ പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന പാവം പട്ടിണിക്കാരന്റെ കീശയില്‍ പോലും നമ്മള്‍ കത്തിവച്ചു കഴിഞ്ഞു. നിറഞ്ഞ വിഷസഞ്ചികളുമായി വരുന്ന പച്ചക്കറി തീര്‍ത്തും നിരോധിക്കേണ്ടതാണ്. എന്നുകരുതി അവന് വെള്ളം കൊടുക്കാന്‍ പാടില്ലെന്ന് പറയുന്നത് അത്രമാത്രം ശരിയാകുമെന്ന് തോന്നുന്നില്ല. ലോകത്തില്‍ മനുഷ്യര്‍ മുഴുവന്‍ ഒന്നായേ ജനിച്ചിട്ടുള്ളൂ. അവരെ നിങ്ങള്‍ക്ക് പലപേരുകളില്‍ വിളിക്കാം. ഹരിജന്‍ എന്ന് ദളിതരെ ആദ്യമായി വിളിച്ച വിഭാഗത്തിന്റെ പ്രതിനിധിയെന്ന് പ്രത്യക്ഷ രാഷ്ട്രീയം കൊട്ടിഗ്‌ഘോഷിക്കുന്ന വെമുലയുടെ അമ്മയെയും സഹോദരനേയും മുസ്ലിം ലീഗ് യാത്രയ്‌ക്കൊടുവില്‍ കേരളത്തില്‍ എത്തിച്ചതിന്റെ പ്രത്യുപകാരവും ഇന്നത്തെ ബജറ്റിലൂടെ വായിക്കാം.

മലപ്പുറത്തും ആദിവാസി മേഖലകളിലും ധീവര സമൂഹത്തിന്റെ കടലോരങ്ങളിലും വാഗ്ദാനം ചെയ്തിട്ടുള്ള പദ്ധതികള്‍ തന്നെ ഇതിന് സാക്ഷ്യം വഹിക്കും. തീര്‍ന്നില്ല കോട്ടയത്തുമുണ്ട് അല്ലറ ചില്ലറ പ്രോജക്ടുകളും പദ്ധതികളും. പതിമൂന്നിന്റെ വാര്‍ദ്ധക്യമുള്ള മാണി സാറിനും കിട്ടണമല്ലോ ചില മധുര പാക്കറ്റുകള്‍. വെള്ളാപ്പള്ളി നടേശനെ ആദ്യം എതിര്‍ത്തില്ലെങ്കിലും ഇപ്പോള്‍ നാരായണ ഗുരുവിനെ മൊത്തത്തില്‍ പിടിച്ചു കഴിഞ്ഞു നമ്മുടെ മുഖ്യമന്ത്രി. ശ്രീനാരായണ ഗുരു മ്യൂസിയവും നായന്മാര്‍ക്കുവേണ്ടി മന്നത്ത് പത്മനാഭന്‍ പദ്ധതികള്‍ക്കുവേണ്ടിയും വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ റബ്ബര്‍ മേഖലയെ അഭിസംബോധന ചെയ്യുന്നതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ പ്രഖ്യാപനം എന്നു തോന്നുന്നു. ബജറ്റില്‍ അഞ്ഞൂറു കോടിയാണ് റബ്ബര്‍ വില സ്ഥിരതാ ഫണ്ടായി മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച മുന്നൂറു കോടിക്കൊപ്പം ചേരുന്നതാണ് ഇരുന്നൂറ് കോടി. അഞ്ഞൂറു കോടിയെന്ന് പറുമ്പോള്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ഒന്നും കിട്ടാത്തതു കൊണ്ടല്ലേ കേരള കോണ്‍ഗ്രസുകാര്‍ കൊടി പിടിച്ചതും ജോസ് കെ മാണി തന്നെ നിരാഹാരം കിടക്കേണ്ടി വന്നതും.

എല്‍ഇഡി ബള്‍ബുകള്‍ക്കായി നൂറ്റമ്പത് കോടി രൂപ മാറ്റി വയ്ക്കുന്ന പുതിയ ബജറ്റ് വിഭാവനം ചെയ്യുന്നത് വൈദ്യുതി ബോര്‍ഡിന് 16 കോടിയിലേറെ രൂപ നല്‍കുന്നതാണ്. ഓരോ വീട്ടിലും ഒമ്പത് വാട്ടിന്റെ രണ്ട് എല്‍ഇഡി ബള്‍ബു വീതം വിതരണം ചെയ്യുമെന്നും പറയുന്നുണ്ട്. ഇതൊക്കെ കൃത്യമായി കിട്ടുമോ ഇല്ലയോ എന്ന് പറയുന്നത് പ്രായോക്താക്കള്‍ അന്വേഷിച്ച് അറിയേണ്ടതാണ്. കാരണം കേരളത്തില്‍ വരുന്ന ഇത്തരം ചില ഓഫറുകള്‍ തമിഴ് നാട്ടില്‍ ജയാമ്മ നടത്തുന്നത് പോലെയുള്ളവയല്ല എന്ന് സാധാ വോട്ടര്‍മാര്‍ക്ക് അറിയാം.

യുവാക്കളെ ലക്ഷ്യമിട്ട് ഒരുപാട് നല്ല പദ്ധതികളും അതിനുവേണ്ടിയുള്ള വകയിരുത്തലുകളും നടത്തിയിട്ടുണ്ട് ഈ ബജറ്റില്‍. കാര്‍ഷിക മേഖല, കയര്‍ മേഖല ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങി എല്ലാമേഖകളേയും കൃത്യമായി ബന്ധിപ്പിക്കുന്ന അത്യാവശ്യം മോശമല്ലാത്ത ഒരു ബജറ്റു തന്നെയാണ് മുഖ്യമന്ത്രി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ യുക്തിരാഹിത്യങ്ങളെ കുറിച്ച് തുടര്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷമാകും എന്നല്ലാതെ ഇതിനെ മൊത്തത്തില്‍ തെരഞ്ഞെടുപ്പ് ബജറ്റായി എഴുതി തള്ളാനാണ് ഈ ലേഖകന് താല്‍പര്യം.

ഈ ബജറ്റ് അവതരണത്തിന്റെ ഫുള്‍മാര്‍ക്ക് ഉമ്മന്‍ചാണ്ടിക്കുള്ളതാണ്. മുഖം മറന്ന പ്രതിപക്ഷം ഗവര്‍ണറെ കൂകിയതു കൊണ്ട് ഇന്നിപ്പോള്‍ ബഹളം ഉണ്ടാക്കിയില്ലെന്നത് എത്രമാത്രം ഗുണം ചെയ്യും. ആദ്യം അറിയേണ്ട കാര്യങ്ങള്‍ നിയമസഭയില്‍ പാലിക്കേണ്ട നിയമങ്ങള്‍ പുതുകാല സാമാജികര്‍ക്ക് അറിയില്ലെങ്കിലും മുതിര്‍ന്നവര്‍ക്കെങ്കിലും അറിയേണ്ടതുണ്ട് എന്ന് ആരെങ്കിലും മാറി ചിന്തിച്ചാല്‍ വോട്ടുകള്‍ മാറി വീഴുന്നതില്‍ ഉമ്മന്‍ചാണ്ടി ശ്രദ്ധിക്കുന്ന ജാഗ്രത എന്തുകൊണ്ട് പ്രതിപക്ഷം നഷ്ടപ്പെടുത്തുന്നുവെന്ന് അറിയില്ല. ജെഡിയു ഇനിയിപ്പോള്‍ സിപിഐഎമ്മിനൊപ്പമില്ല. അത് പാളിയ തന്ത്രങ്ങള്‍ ആണെന്ന് കുശാഗ്ര ബുദ്ധി തിരിച്ചറിഞ്ഞതല്ല.

കേന്ദ്ര നിലയില്‍ ബംഗാളില്‍ നടക്കുന്ന ചില ഉപാധികളുടെ വെളിച്ചത്തില്‍ കൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ പേരാട്ടം. സരിതയ്ക്കും ബാറിനും അപ്പുറം ഒരു വിശാല കോണ്‍ഗ്രസ്-എല്‍ഡിഎഫ് സഖ്യം അയാളും സ്വപ്‌നം കാണുന്നുണ്ടാകണം. ബംഗാളില്‍ ഞങ്ങള്‍ കോണ്‍ഗ്രസിന് ഒപ്പമില്ലെന്ന് പ്രകാശ് കാരാട്ടും പിണറായി വിജയനും പറയുമ്പോള്‍ തന്നെയാണ് വിരോധമില്ലെന്ന് മുതിര്‍ന്ന നേതാവ് ബിമന്‍ പറഞ്ഞിരിക്കുന്നത്. ഇടക്കാല ആശ്വാസം എന്ന നിലയില്‍ ഈ ബജറ്റിനും ഒരു അവതരണാനുമതി നല്‍കുന്ന ഏര്‍പ്പാട് പ്രതിപക്ഷത്തു നിന്നും കണ്ടു. സിപിഐയുടെ അതിതീവ്ര ഏര്‍പ്പാടാണ് ഇതൊക്കെ എന്നൊക്കെ ചിലരൊക്കെ പറയുന്നുണ്ട്. ഒരുമിച്ച് നില്‍ക്കുമ്പോള്‍ പരസ്പരം പാര പണിയുന്നതിന് അപ്പുറം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഒരു ഗതികേടിലേക്ക് ചില സമയങ്ങളില്‍ എന്തുകൊണ്ട് സിപിഐഎം തിരിച്ചറിയേണ്ടതുണ്ട്. യുദ്ധം ഒറ്റക്കെട്ടായാണ് പാളയത്തില്‍ പടയുണ്ടായാല്‍ അപകടം. അത്രതന്നെ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍