എം ബിനോയ്
ഒരു ബജറ്റ് ചര്‍ച്ചയ്ക്ക് കൂടി കളമൊരുങ്ങുന്നു. ‘എന്തോന്ന് ബജറ്റ്, ഇതൊക്കെ എത്ര കണ്ടതാ’, എന്ന് തല കുലുക്കി നടന്നുപോവുന്നവരുണ്ട്. വട്ടമേശകള്‍ക്ക് ചുറ്റുമിരുന്ന് ബജറ്റ് വിശകലനത്തിന്റെ ഗണിത ചിത്രം വരയ്ക്കുന്നവരും മലയാള നാട്ടിലുണ്ട്. എന്നാല്‍ ‘ബജറ്റ് വില്‍ക്കുന്നു’, എന്ന ആരോപണത്തിന്റെയും, ധവളപത്രത്തിന്റെയും പശ്ചാത്തലത്തില്‍ ബജറ്റിന് എന്തായാലും മറ്റൊരു മുഖം ലഭിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. കെടുകാര്യസ്തത, അഴിമതി, മെല്ലെപ്പോക്ക്, അബദ്ധങ്ങള്‍ എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്നതായിരുന്നോ മാണി സാറിന്റെ ബജറ്റ് കാലങ്ങള്‍ (ലാസ്റ്റ് ചാണ്ടി സാറും) എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ ആവില്ല.
ധവളപത്രം വരുന്നതിന് മുമ്പേതന്നെ, കേരളത്തിന്റെ ധനസ്ഥിതി അത്ര മെച്ചമല്ല എന്ന ഒരാശങ്ക അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. നികുതി പിരിവിലെ ചോര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയിലെ മുഖ്യ ഘടകം എന്ന് ധവളപത്രം പറഞ്ഞുവയ്ക്കുന്നു. ഗവണ്‍മെന്റിന് നിര്‍ബന്ധവും ഉത്തരവാദിത്തപൂര്‍ണവുമായി ഒരാള്‍ നല്‍കേണ്ട പണമാണ് നികുതി. ഗവണ്‍മെന്റിന് നാട്ടില്‍ എന്തെങ്കിലും ചെയ്യാന്‍ നികുതി-നികുതിയേതര വരുമാനം കിട്ടിയേ പറ്റൂ. 1930കളിലെ ലോക സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷമാണ് കെയിന്‍സിന്റെ സാമ്പത്തിക ശാസ്ത്രത്തിന്റെ കുടപിടിച്ച് പൊതു സാമ്പത്തിക രംഗം ശക്തമായത്. ബജറ്റുകള്‍ വെറും രേഖ മാത്രമല്ല, സാമ്പത്തിക ക്രമീകരണങ്ങളില്‍ നിര്‍ണായക പങ്കുള്ള ഒന്നെന്ന വില അതിന് കിട്ടുകയും ചെയ്തു. നികുതി ആഭ്യന്തര വിപണിയിലെ സര്‍ക്കാരിന്റെ ധനമാനേജ്‌മെന്റ് ഉപകരണം കൂടിയായി. നികുതി കൂടുമ്പോള്‍ ഒരാള്‍ക്ക് ചെലവ് ചെയ്യാനാകുന്ന തുക കുറയുന്നു. നേരെ തിരിച്ചും. 1800 കളിലെ സാമ്പത്തിക വിദഗ്ധരൊക്കെത്തന്നെ നികുതിക്കും ഗവണ്‍മെന്റ് ഇടപെടലിനും എതിരായിരുന്നു. വിപണികള്‍ സര്‍വ്വസ്വതന്ത്രമാവണം എന്നതായിരുന്നു അവരുടെ ആശയം. ഇതിന്റെ മനഃശാസ്ത്രപരമായ ഒരു തുടര്‍ച്ച നികുതി വെട്ടിക്കാന്‍ ഉപഭോക്താവിനെയും വില്‍പ്പനക്കാരനേയും പ്രേരിപ്പിക്കുന്നു എന്ന് വേണമെങ്കില്‍ കരുതാം.
നികുതി ഒഴിവാക്കിയാല്‍ കുറച്ച് സാമ്പത്തിക നേട്ടം കിട്ടും വാങ്ങുന്നയാള്‍ക്ക്. വില്‍ക്കുന്നയാള്‍ക്ക് രണ്ട് നേട്ടങ്ങളും, ഒന്ന് സാധനം വിറ്റു എന്നതും, വരുമാനം കുറച്ച് കാണിക്കാം എന്നതും. സ്വര്‍ണ്ണമൊക്കെ വാങ്ങുമ്പോള്‍ ശരിയയായ രസീതിന്റെ അഭാവം ഗുണഭോക്താവിന് വലിയ അപകടങ്ങള്‍ വരുത്തി വച്ചേക്കാം. എന്നാലും ചെറിയ ലാഭത്തില്‍ ഉടക്കിനില്‍ക്കുന്നു ആ കണ്ണുകള്‍. ഉപഭോക്താവിന്റെ ചെറിയ നേട്ടത്തെ അപേക്ഷിച്ച് വ്യാപാരി അല്ലെങ്കില്‍ ഉത്പാദകര്‍ ഒരുവര്‍ഷം നികുതി വെട്ടിപ്പിലൂടെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെടുക്കും. ഈ നേട്ടത്തിന്റെ ചെറിയ ശതമാനം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി നികുതിവെട്ടിപ്പിന് സ്വതന്ത്രമായ വഴി ഉണ്ടാക്കിയെടുക്കുന്നിടത്ത്, അധികൃതരും അതിന്റെ ഭാഗമാകുന്നു. എന്തുകൊണ്ടാവാം ഗവണ്‍മെന്റിനെ കബളിപ്പിക്കുന്നതില്‍ ഈ പരസ്പര സഹകരണം ഉണ്ടായി വരുന്നത്. സാധാരണ മനുഷ്യരും ഗവണ്‍മെന്റും തമ്മിലുള്ള അകലം കൂടുന്നിടത്ത് എല്ലാം ഈ പ്രവണത കാണാം. ഗവണ്‍മെന്റിനെ ഒരു പ്രതിയോഗിയുടെ സ്ഥാനത്ത് നിര്‍ത്താനാണ് അവിടെ ജനങ്ങള്‍ക്കിഷ്ടം. സര്‍ക്കാരിനെ ജനം അനുഭവിക്കുന്നതോ സര്‍ക്കാര്‍ ഓഫീസുകളിലൂടെയും. അവിടെ സൗഹാര്‍ദ്ദപരമായ പരിഗണന കിട്ടുന്നില്ലെങ്കില്‍ ഈ ശത്രുതയുടെ അളവ് കൂടും. ‘റോഡ് ടാക്‌സ് ഒക്കെ വാങ്ങീട്ട് തല്ലിപ്പൊളി റോഡ് തരുന്ന സര്‍ക്കാരല്ലേ ഇവിടെ’, എന്ന പരിദേവനവും ഇടയ്ക്കിടെ കേള്‍ക്കാം. ഈ ശത്രുതയേ മനോഹരമായി മുതലെടുത്ത്, ‘കണ്ടോ നിങ്ങളുടെ നികുതിപ്പണം എല്ലാം തിന്നുന്നവര്‍ ഇവരാ’ എന്ന് പ്രതീതി സൃഷ്ടിക്കുന്ന പരാജിതരായ ഭരണാധികാരികളേയും ഇതിനിടയില്‍ കാണാം. ഈ അകല്‍ച്ചകളുടെ ആകെത്തുകയെന്തെന്ന് വച്ചാല്‍ , നികുതി അടയ്ക്കുന്നതൊന്നും അത്ര വലിയ കാര്യമല്ലെന്ന ഒരു നിയമവിരുദ്ധ മനസ്സ് നാട്ടില്‍ ഉണ്ടായി വരുന്നു. ഈ നിയമലംഘനങ്ങളില്‍ സാധാരണ ജനം മാത്രമല്ല, ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും എന്തിന് ഭരണനേതാക്കള്‍ തന്നെയും പങ്കാളികളാവുന്നു. അഴിമതിയും കെടുകാര്യസ്ഥതയും കുറച്ചാല്‍ തോമസ് ഐസക് അവകാശപ്പെടുന്ന നിരക്കിലേക്ക് ഒരുപക്ഷേ നികുതി വരുമാന വര്‍ദ്ധന ഉണ്ടാക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ ജനാധിപത്യത്തിലെ ഇക്കാര്യത്തിലുള്ള ശരിയായ പൗര ബോധത്തിന് കുറച്ച് കൂടി ഉടച്ച് വാര്‍ക്കലുകള്‍ ആവശ്യമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ റവന്യൂ മൂലധന ചെലവ് (ആസ്തികള്‍ സൃഷ്ടിക്കുന്നതിനുള്ള ചെലവ് എന്ന് ലളിതമായി പറയാം), 99 ശതമാനം വര്‍ദ്ധിച്ചു എന്നും, റവന്യൂ ചെലവ് (ഇതിലാണ് ശമ്പളം പെന്‍ഷന്‍, മന്ത്രിമാര്‍ക്കും സ്റ്റാഫിനുമുള്‍പ്പെടെയുള്ളത്, വരുന്നത്) 100 ശതമാനം കൂടിയെന്നും, റവന്യൂ വരുമാനം പക്ഷേ 87 ശതമാനത്തില്‍ ഒതുങ്ങിയെന്നും സര്‍ക്കാരിന്റെ സാമ്പത്തിക അവലോകനം-2016 വിശദീകരിക്കുന്നു. അതെന്താ നികുതിവരവ് ഉദ്ദേശിച്ചത് പോലെ വര്‍ദ്ധിക്കാത്തത് എന്ന് ചോദിച്ചാലോ ഉത്തരം വേറെ വഴി തേടും. സ്‌കൂള്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞ് പോയതിന് കുട്ടി, ടീച്ചറേയും, പുസ്തകത്തേയും, കാലാവസ്ഥയേയും വരെ പഴിചാരി തടിതപ്പാന്‍ ശ്രമിക്കുന്നതുപോലെയാണ് പലപ്പോഴും വിശദീകരണങ്ങള്‍.
നികുതി വരുമാനത്തിലെ അളവ് വ്യത്യാസങ്ങള്‍ ധവളപത്രത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. റവന്യൂ വരുമാന വര്‍ദ്ധനവിനെപ്പറ്റി ചോദിച്ചാല്‍ കഴിഞ്ഞ കുറേ നാളുകളായി ഉത്തരം വടക്കു നോക്കിയന്ത്രം പോലെ ഒരു ദിശ മാത്രം കാട്ടിത്തരും. റവന്യൂ ചെലവാണ് പ്രശ്‌നമെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും, പെന്‍ഷനും ആനുകൂല്യങ്ങളുമാണ് സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണമെന്നുമാണ് അതിന്റെ സാരം. ഈ സിദ്ധാന്തത്തെ പിന്‍പറ്റിയാണ് കേരളത്തിലെ ചില സാമ്പത്തിക വിശാരദന്മാരും സമവാക്യങ്ങള്‍ ഉണ്ടാക്കുന്നത്. നികുതി – നികുതിയേതര വരുമാനം കണക്ക് കൂട്ടി പിരിച്ചെടുക്കുന്നതിന് വിപുലമായ സര്‍ക്കാര്‍ സംവിധാനം സംസ്ഥാനത്തുണ്ട്. ഈ സംവിധാനത്തിന്റെ കണ്‍ മുമ്പില്‍ തന്നെയാണ് നമ്മുടെ വിപണികള്‍ അത്രയും. ആ വിപണികളാണ് നികുതി വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ്. വാണിജ്യ നികുതിയാണ് ആകെ നികുതി വരുമാനത്തിന്റെ 79.21 ശതമാനവും സംഭാവന ചെയ്യുന്നത് എന്ന് കണക്കുകള്‍ പറയുന്നു. ഈ വിപണിയില്‍ തന്നെയാണ് നികുതിയേതര വരുമാനത്തിലെ മുഖ്യ ഉറവിടമായ ലോട്ടറികളായ ലോട്ടറികളൊക്കെയും വിറ്റ് പോവുന്നത്. ഈ മാര്‍ക്കറ്റിനകത്ത് കൂടിയാണ് ശരാശരി മലയാളികള്‍ സഞ്ചരിക്കുന്നത്. അവര്‍ ഉണ്ണുന്നതും, ഉടുക്കുന്നതും, ഉറങ്ങാന്‍ വീട് വയ്ക്കുന്നതും, സ്വയം അലങ്കരിക്കുന്നതും മുതല്‍ ചാവുമ്പോള്‍ വശപ്പെട്ടിയും സാമ്പ്രാണിത്തിരിയും സ്വന്തമാക്കുന്നതും വരെ എല്ലാം ഇവിടെ നിന്നാണ്. അവരിലുള്‍പ്പെടുന്നു കേരളത്തിലെ അഞ്ചര ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപകരും. കടയിലെ പറ്റ് പുസ്തകത്തിലെ കണക്ക് തീര്‍ക്കാന്‍ മാസാദ്യം അങ്ങാടിയിലേക്കോടുന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ ചിത്രം പഴയ സിനിമകളിലുണ്ട്. വിപണികളെ സജീവമാക്കുന്നതില്‍ ഈ പണം നിര്‍ണായകമാണ് എന്ന് സംശയിക്കേണ്ട.
47 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും, 53 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പുതുക്കിയ ശമ്പളം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളേ ആയുള്ളു. ഇതിനെ ദേശീയ മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും സര്‍ക്കാരിന്റെ ‘നഷ്ടം’ എന്ന് ചിത്രീകരിച്ച് കണ്ടില്ല. ഇന്ത്യന്‍ വിപണിക്ക് ഈ തീരുമാനം ഉത്തേജനം നല്‍കും എന്ന് ചില പത്രങ്ങളുടെ മുഖപ്രസംഗങ്ങള്‍ അതിനെ വിശദീകരിച്ചു. സത്യത്തില്‍ റവന്യൂ വരുമാനവും ചെലവും എങ്ങനെ നിലനിര്‍ത്തണമെന്ന് പഠിക്കാനും വിശദീകരിക്കാനും ശ്രമിക്കുന്നതിന് പകരം, പഴിചാരല്‍ സാമ്പത്തിക ശാസ്ത്രമാണ്, കഴിഞ്ഞ സര്‍ക്കാരിന്റെ ചെലവ് വിലയിരുത്തല്‍ സമിതി (Expenditure Review Committee) നടത്തിയത് എന്ന് പറയേണ്ടിവരും. കൂലി കുറയ്ക്കുക, കൂടുതല്‍ പണിയെടുപ്പിക്കുക എന്ന ക്ലാസ്സിക്കല്‍ സാമ്പത്തിക ശാസ്ത്ര കാലത്തേക്കാണ് ഇവര്‍ എത്തി നോക്കുന്നത് എന്നും പറയേണ്ടി വരും.
നികുതി വരുമാന വര്‍ദ്ധനവ് ഇടിയുന്നതിന് ‘സാമ്പത്തിക തളര്‍ച്ച ബാധിച്ചു’ എന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഒന്നുകൂടി കേരളത്തെ നോക്കൂ. തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ എവിടെയാണ് വായിച്ചെടുക്കാന്‍ കഴിയുക. ഓരോ ഉപഭോക്താവും സാമ്പത്തിക സന്തുഷ്ടിയുടെ അളവുകോലാണെന്ന് ഒരു നിരീക്ഷണമുണ്ട്. സംസ്ഥാനത്തിന്റെ പൊതുവരുമാനം (ജി.എസ്.ഡി.പി) താഴേക്ക് പോയിട്ടില്ല. ശമ്പളവും കൂലിയും, പ്രതിശീര്‍ഷ വരുമാനവും, നഗരവത്കരണവും മുമ്പോട്ട് തന്നെ. പ്രതിശീര്‍ഷ വരുമാന വര്‍ദ്ധനവിനെപ്പറ്റി, കഴിഞ്ഞ സര്‍ക്കാരിന്റെ, 2016 സാമ്പത്തിക അവലോകനം അഭിമാനിക്കുന്നുണ്ട്. വിദേശ മലയാളികളുടെ നാട്ടിലേക്ക് അയക്കുന്ന പണവും വര്‍ദ്ധിച്ചു. ഇതെല്ലാം ചേര്‍ന്ന് ഇളകിമറിയുന്ന ഒരു വിപണി ഇവിടെ ഉണ്ട് എന്ന് സാരം. വില വ്യതിയാന സൂചികകളും ഇതൊക്കെ തന്നെ പറയുന്നു. റബ്ബറും, മോട്ടോര്‍ വാഹന വില്‍പ്പനയിലെ കുറവുമാണ് രണ്ട് ദുര്യോഗ രേഖകള്‍. അവയാകട്ടെ അഞ്ച് വര്‍ഷവും ഒരുപോലെ ആയിരുന്നില്ല. ലാഭമുണ്ടാക്കുന്ന വിപണികള്‍ ഉള്ള ഒരു സംസ്ഥാനത്ത് സര്‍ക്കാര്‍ മാത്രം ദരിദ്രമാവുന്നതിന്റെ സാമ്പത്തികശാസ്ത്രമാണ് നാം അന്വേഷിക്കേണ്ടത്. അതിനുത്തരം പറയുന്ന സാമ്പത്തിക വിദഗ്ദരേയാണ് വേണ്ടത്. അല്ലാതെ നല്ല ശമ്പളം വാങ്ങി ജീവിച്ച്, നല്ല പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നുണ്ട് എന്നുറപ്പാക്കിയതിന് ശേഷം ഇനിയുള്ളവരുടെ ശമ്പള വര്‍ദ്ധന മരവിപ്പിച്ച് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം എന്ന് പറയുന്നവരേയല്ല. നികുതി വരുമാനം കാര്യക്ഷമമായി ഉയര്‍ത്തേണ്ടതുണ്ട്. അനാവശ്യ ചെലവുകളെ കര്‍ശനമായി നിയന്ത്രിക്കുകയും, ബദല്‍ വരുമാന മേഖലകള്‍ കണ്ടെത്തുകയും ചെയ്യണം. അഴിമതിയിലൂടെ നികുതി പണം ചോര്‍ന്നുപോവുന്ന വലിയ ദ്വാരങ്ങള്‍ അടയ്ക്കണം. ഇതൊക്കെ തന്നെയാണ് സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരം. സര്‍ക്കാര്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയും, പണിചെയ്യാന്‍ മടിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ തട്ടിയുണര്‍ത്തുകയും ചെയ്താല്‍ സര്‍ക്കാരിന്റെ മുഖത്ത് കുറച്ച് കൂടി പ്രസാദാത്മകത്വം ഉണ്ടാകും. വിജിലന്‍സ് കാത്ത് നില്‍ക്കുന്ന ദിവസങ്ങളില്‍ ചെക്ക് പോസ്റ്റുകളില്‍ വരുമാനം താനേ ഉയരുന്നതിന്റെ വാര്‍ത്തകള്‍ മറന്നുപോയിട്ടില്ലല്ലോ.
അപ്പോള്‍ ഒരു കാര്യം ഉറപ്പ്. കണക്കുകളെ പലതരത്തില്‍ അവതരിപ്പിക്കാം. വേദപുസ്തകം പോലെ പലവിധത്തില്‍ വ്യാഖ്യാനിക്കാം. ഒളിപ്പിച്ച കണക്കുകള്‍ കൊണ്ട്, ലാഭം മാത്രം പെരുപ്പിച്ച് നിര്‍ത്തിയ സത്യം കമ്പ്യൂട്ടറിന്റെ പഴയ ചെയര്‍മാന്‍ രാമലിംഗരാജുവിനെ ഓര്‍മ്മവരുന്നു, ധവളപത്ര വിമര്‍ശകരുടെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍.
എന്നാല്‍ പിന്നെ അടിക്കുറിപ്പായി ഈ കഥ കൂടി.
‘ഗണിതഞ്ജനും, അക്കൗണ്ടന്റും, സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളും പണ്ട് ഒരു അഭിമുഖത്തിന് പോയി. ഒന്നാമന്‍, ഗണിതഞ്ജന്‍ ആദ്യം മുറിയില്‍ കയറി. അഭിമുഖകാരന്‍ ചോദിച്ചു, ‘രണ്ടും രണ്ടും എത്ര ?’ സംശയലേശമെന്യേ അയാള്‍ പറഞ്ഞു, നാല്’. രണ്ടാമന്‍ ‘ശരാശരി നാല്’ എന്ന് ഉത്തരം നല്‍കി. സാമ്പത്തിക വിദഗ്ധന്‍ ചോദ്യം കേട്ടയുടനെ, മുറിയുടെ വാതിലും ജനലുകളും അടച്ച്, ആരുമില്ലെന്ന് ഉറപ്പാക്കിയിട്ട്, അഭിമുഖകാരന്റെ അടുത്ത് മുഖം താഴ്ത്തി ചോദിച്ചു, ‘ അതിപ്പം എത്രയാവണം എന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?’.
(സാമൂഹ്യ/സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)