UPDATES

പ്രളയം സമ്മാനിച്ച പുഞ്ച വിളവില്‍ പൊന്ന് കൊയ്ത് കുട്ടനാട്

ഹെക്ടറിന് ശരാശരി ഏഴ് മുതല്‍ എട്ട് ടണ്‍ വരെയാണ് ഇത്തവണ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്ന് കൊയ്തത്. മുന്‍കാലവിളവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് ഇരട്ടിയിലധികമാണ്

“ഇരുപതില്‍ കൂടുതല്‍ ഒരു കാലത്തും എനിക്ക് കിട്ടിയിട്ടില്ല. ഇതിപ്പോള്‍ നാല്‍പ്പതില്‍ കൂടുതലായി. നേരെ ഇരട്ടി. വന്‍ കൊയ്ത്തായിരുന്നു”, ഓരോ കൃഷി കഴിയുമ്പോഴും പരാതികളുടേയും പരിവേദനങ്ങളുടേയും കെട്ടഴിക്കുന്ന കര്‍ഷകരെ കുട്ടനാട്ടില്‍ കാണാനേയില്ല. കര്‍ഷകരെല്ലാം അത്യധികം സന്തോഷത്തിലാണ്. കൊയ്ത്ത് കാലം ഇത്തവണ കുട്ടനാടിന് ഉത്സവകാലമായിരുന്നു. പതിരിന്റെ തരി പോലും കാണാതെ നെല്‍ക്കതിരുകള്‍, പ്രതീക്ഷിച്ചതിലും ഇരട്ടി വിളവ്; കുട്ടനാട്ടിലെ പുതിയ തലമുറ കര്‍ഷകരുടെ ഓര്‍മ്മകളില്‍ പോലുമില്ല ഇത്.

രണ്ട് തവണ പ്രളയം മുക്കിയ പ്രദേശമാണ് കുട്ടനാട്. ആദ്യം മുങ്ങിയത് ജൂലൈ അവസാന ആഴ്ചകളിലുണ്ടായ മഴയില്‍. അതില്‍ നിന്ന് കരകയറി സാധാരണ ജീവിതവും കൃഷിയും ആരംഭിച്ച സമയത്താണ് ആഗസ്ത് പകുതിയില്‍ കേരളത്തെയൊട്ടാകെ പ്രളയം ബാധിച്ചത്. കുട്ടനാടിനെ പാടെ തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു പ്രളയം. പമ്പ, മണിമല, അച്ചന്‍കോവില്‍ ആറുകളില്‍ നിന്ന് കരകവിഞ്ഞൊഴികിയ വെള്ളം മുഴുവന്‍ വഹിച്ചത് കുട്ടനാടാണ്. ഇതിന് പുറമെ കിഴക്കന്‍ മേഖലയിലെ ഡാമുകള്‍ തുറന്നുവിട്ട വെള്ളവും വന്ന് പതിച്ചത് കുട്ടനാടന്‍ പാടങ്ങളില്‍ തന്നെ. കേരളം പ്രളയ ജലത്തില്‍ നിന്ന് കരകയറി പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചന തുടങ്ങിയപ്പോഴും കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഭൂരിഭാഗവും വെള്ളത്തില്‍ തന്നെയായിരുന്നു. കൃഷി പാകമാകാനിരിക്കെയാണ് പ്രളയം വന്ന് മുഴുവന്‍ ഒലിച്ച് പോയത്. മടകള്‍ വീണ് പാടങ്ങളും വേമ്പനാട് കായലും പലസ്ഥലത്തും ഒന്നായി. നൂറ് കോടിയോളം രൂപയുടെ കാര്‍ഷിക നഷ്ടം കുട്ടനാട്ടില്‍ ഉണ്ടായി. കൃഷി പൂര്‍ണമായും നശിച്ചു. കുട്ടനാട്ടില്‍ മാത്രം 168 പാടശേഖരങ്ങള്‍ക്കാണ് മടവീഴ്ചയുണ്ടായത്. എന്നാല്‍ എക്കാലവും വെള്ളപ്പൊക്കത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ശേഷിയുള്ള ജനത ഇത്തവണയും വിറങ്ങലിച്ച് നിന്നില്ല. താല്‍ക്കാലിക മടകള്‍ കെട്ടി, വെള്ളം വറ്റിച്ച് അവര്‍ വീണ്ടും നിലം ഒരുക്കി. നെല്ല് വിതച്ചു. മൂന്ന് ഘട്ട വളമിടലും കഴിഞ്ഞപ്പോള്‍ നെല്ല് വിളഞ്ഞു. പുഞ്ചകൃഷി കൊയ്തപ്പോള്‍ ദേശീയ ശരാശരിയേക്കാള്‍ വിളവും കിട്ടി.

ഹെക്ടറിന് ശരാശരി ഏഴ് മുതല്‍ എട്ട് ടണ്‍ വരെയാണ് ഇത്തവണ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്ന് കൊയ്തത്. മുന്‍കാലവിളവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് ഇരട്ടിയിലധികമാണ്. 65,000 മെട്രിക് ടണ്‍ അധികം നെല്ല് അധികമായി ലഭിച്ചു. 75,000 ഏക്കറിലധികം സ്ഥലത്ത് ഇത്തവണ കൃഷിയിറക്കാനായി എന്നതും പ്രത്യേകതയാണ്. തരിശുകിടന്ന 7,000 ഹെക്ടര്‍ സ്ഥലത്തുകൂടി കൃഷിയിറക്കി. പ്രളയത്തില്‍ എക്കല്‍ അടിഞ്ഞതാണ് വിളവ് കൂടാന്‍ കാരണമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരേക്കറില്‍ നിന്നു 20 ക്വിന്റലാണു കിട്ടിയിരുന്നതെങ്കില്‍ ഇപ്രാവശ്യം ശരാശരി 30 ക്വിന്റല്‍ നെല്ലിനു മുകളിലാണ് കൊയ്തത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്നു പാടശേഖരങ്ങളില്‍ എക്കല്‍ അടിഞ്ഞു മണ്ണിനു വളക്കൂറുണ്ടായതും കീടബാധ കുറഞ്ഞതുമാണു വിളവു വര്‍ധനയ്ക്കു കാരണം. വളക്കൂറില്‍ നിന്ന നെല്‍ച്ചെടികള്‍ക്ക് ആരോഗ്യം കൂടിയതാണു രോഗബാധ കുറയാനിടയായത്. കൃഷി സീസണായ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വിത പൂര്‍ത്തിയാക്കാനായതും വിളവു കൂടാന്‍ ഇടയായിട്ടുണ്ടെന്നാണു കണ്ടെത്തല്‍.

രാസവളത്തെക്കാള്‍ മണ്ണിലുള്ള സ്വാഭാവിക വളമാണു നെല്‍ച്ചെടികള്‍ക്കു പ്രിയം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെ പാടശേഖരങ്ങളില്‍ വെള്ളം കെട്ടിനിന്നു. ഒഴുകിയെത്തിയ എക്കല്‍ പാടത്തു നിക്ഷേപിക്കപ്പെട്ടത് നെല്‍ച്ചെടികള്‍ക്കു പ്രയോജനമായി. കുട്ടനാടന്‍ മേഖലയില്‍ മൂന്ന് സെന്റി മീറ്റര്‍ മുതല്‍ 20 സെന്റി മീറ്റര്‍ വരെ എക്കല്‍ അടിഞ്ഞതായി കണക്കുകള്‍ പറയുന്നു. 3-7സെന്റി മീറ്റര്‍ വരെ എക്കല്‍ അടിഞ്ഞ പാടങ്ങളിലെ നെല്‍ക്കൃഷിക്കാണു മികച്ച വിളവ് ലഭിച്ചത്. ഉമ വിത്തു വിതയ്ക്കുന്നവര്‍ക്കു സാധാരണ നിലയില്‍ തന്നെ ഏക്കറിന് 25 ക്വിന്റല്‍ വിളവ് ലഭിക്കാറുണ്ട്. എന്നാല്‍ 25ല്‍ കൂടുതല്‍ കുട്ടനാട്ടില്‍ നിന്ന് ലഭിച്ചിട്ടേയില്ലെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. എക്കല്‍ ധാരാളമായി അടിഞ്ഞ പ്രദേശങ്ങളില്‍ നാല്‍പ്പതും നാല്‍പ്പത്തിയഞ്ചും ക്വിന്റല്‍ നെല്ല് വരെ ഒരേക്കറില്‍ നിന്ന് കൊയ്തത് കര്‍ഷകര്‍ അത്ഭുതത്തോടെയാണ് പങ്കുവച്ചത്. കുട്ടനാട് ഉള്‍പ്പെടെയുള്ള കാര്‍ഷികമേഖലയില്‍ വ്യാപക നാശം വിതച്ച പ്രളയം ബാക്കി വെച്ച സൗഭാഗ്യമാണ് ഇന്ന് പാടശേഖരങ്ങളില്‍ നിന്ന് ലഭിക്കുന്ന റെക്കോര്‍ഡ് വിളവിനെ കര്‍ഷകര്‍ കരുതുന്നത്. ഹെക്ടറില്‍നിന്ന് ശരാശരി മൂന്നര മുതല്‍ നാല് ടണ്‍വരെ വിളവ് ലഭിച്ചിരുന്ന പാടത്തില്‍നിന്ന് ഇക്കുറി ലഭിച്ചത് 8 ടണ്‍ നെല്ലാണ്. കര്‍ഷകനായ ടിന്റോ കെ എടയാടി പറയുന്നു ’20-25 ക്വിന്റല്‍ നെല്ലാണ് പരമാവധി ഒരേക്കറില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്നത്. അതിനപ്പുറത്തേക്ക് ഞങ്ങള്‍ പ്രതീക്ഷിക്കാറേയില്ല. പക്ഷെ ഇത്തവണ ചുരുങ്ങിയത് 32ഉും 35ഉും ക്വിന്റല്‍ ആണ്. മണിമലയാറ് ഒഴുകിയ പ്രദേശത്തേക്കാള്‍ പമ്പയാര്‍ ഒഴുകിയ ഇടങ്ങളിലാണ് കൂടുതല്‍ വിളവ് ഉണ്ടായിരിക്കുന്നത്. തോട്ടപ്പള്ളി സ്പില്‍വേ പ്രദേശം, ചമ്പക്കുളം, പുളിങ്കുന്ന്, ഇബ്ലോക്ക്, കാവാലം ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നതാണ്. അതായത് ആദ്യം കൊയ്ത എ സി റോഡിന്റെ തെക്ക് പ്രദേശം മുഴുവന്‍ വന്‍ വിളവായിരുന്നു. ഒറ്റ പതിര് പോലും ഇല്ലാതെ നല്ല ഒന്നാന്തരം കതിര്. അവിടെയൊക്കെ നാല്‍പ്പതും നാല്‍പ്പത്തിയഞ്ചും ക്വിന്റല്‍ നെല്ല് ഒരേക്കറില്‍ നിന്ന് തന്നെ കൊയ്‌തെടുത്തു. അവിടെ എക്കലിന്റെ സാന്നിധ്യം വളരെ കൂടുതലായിരുന്നു. ആദ്യത്തെ കൃഷി പൂര്‍ണമായും നശിച്ച പാടശേഖരങ്ങളിലും വലിയ വിളവ് കിട്ടിയിട്ടുണ്ട്. അതാണ് അത്ഭുതം. പ്രളയം ആയതുകൊണ്ട് ആദ്യം കൃഷിയിറക്കിയ പാടശേഖരങ്ങളിലും അല്ലാത്തതിലുമെല്ലാം കുറേ വൈകിയാണ് കൃഷിയിറക്കാന്‍ കഴിഞ്ഞത്. പക്ഷെ ശരിക്കും ആ കാലയളവിലാണ് കുട്ടനാട്ടില്‍ കൃഷിയ്ക്ക് അനുയോജ്യമായ സമയം. കാര്‍ഷിക കലണ്ടര്‍ പ്രകാരം യഥാസമയത്താണ് ഇത്തവണ കൃഷിയിറക്കിയത്. എക്കലടിഞ്ഞത് കൂടാതെ ഈ മാസങ്ങളിലെ കാലാവസ്ഥ നെല്ലിന് അനുയോജ്യമായിരുന്നു. ഇപ്പോള്‍ താപനില മാറിയപ്പോള്‍ മാത്രമാണ് ചിലയിടങ്ങളിലെങ്കിലും പതിര് കാണുന്നത്. കൃഷി നശിച്ചതിന്റെ വൈക്കോല്‍ അഴുകി മണ്ണില്‍ ചേര്‍ന്ന് പൊട്ടാഷ്യം ലഭിച്ചതായിരിക്കാം മടവീണ പാടങ്ങളിലെ നല്ല വിളവിന് കാരണമായിരിക്കുന്നത്. പ്രളയത്തില്‍ മൊത്തം കുത്തിയൊലിച്ച് പോയതോടെ കൃമികീടങ്ങളെല്ലാം പോയി പാടം വൃത്തിയാവുകയും ചെയ്തു. കളകളും നന്നേ കുറഞ്ഞു. എന്തായാലും ഞാന്‍ കൃഷി തുടങ്ങിയതിന് ശേഷവും അതിന് മുമ്പും ഇങ്ങനെയൊരു വിളവ് കണ്ടിട്ടില്ല.’

7000 ഹെക്ടര്‍ പാടത്ത് കഴിഞ്ഞ പുഞ്ചകൃഷി സീസണിലേതിലും അധികമായി വിത്ത് വിതച്ചതിലൂടെ മാത്രം 50,000 ടണ്‍ നെല്ല് അധികമായി ഉത്പാദിപ്പിക്കാനായി എന്നും ആലപ്പുഴക്ക് ഇത്തവണ നെല്ലുല്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടമാണെന്നും കൃഷി ഓഫീസര്‍ പറയുന്നു. പ്രളയാനന്തരം നവംബറില്‍ ആണ് കുട്ടനാട്ടില്‍ കൃഷിയാരംഭിച്ചത്. പ്രളയത്തിന് ശേഷം 35000 ഹെക്ടറില്‍ കൃഷി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും 25000 ഹെക്ടറില്‍ മാത്രമാണ് കൃഷി ഇറക്കാനായത്. കൃഷി വകുപ്പ് സൗജന്യമായി വിത്തും വളവും കുമ്മായവും കര്‍ഷകര്‍ക്ക് നല്‍കി. 68,000 മെട്രിക് ടണ്‍ നെല്‍വിത്ത് കൃഷിവകുപ്പ് സൗജന്യമായി നല്‍കി. ഇതില്‍ 90 ശമതാനവും ഉമ വിത്തായിരുന്നു. ബാക്കി ജ്യോതി വിത്തും. നൂറുദിവസം മുതല്‍ 120 ദിവസം വരെ വിള തരുന്നതാണ് ഈ വിത്തുകള്‍. നെല്ല് സംഭരണത്തിനായി 23,000 ഓളം കര്‍ഷകരും സപ്ലൈകോയുമായി കരാറായിട്ടുണ്ട്. 42 ഓളം സ്വകാര്യ മില്ലുകള്‍ നെല്ല് സംഭരിക്കും. ഒരു ഏക്കറില്‍ കൃഷിയിറക്കാന്‍ ശരാശരി പ്രതീക്ഷിക്കുന്ന ചെലവ് 35,000 രൂപയാണ്. സിവില്‍ സ്‌പ്ലൈസ് കോര്‍പ്പറേഷന്‍ 25 രൂപയ്ക്കും സ്വകാര്യമില്ലുകള്‍ 19 രൂപയ്ക്കും നെല്ലെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടിയത് മികച്ച ലാഭമാണ്.

എന്നാല്‍ അനുകൂല ഘടകങ്ങളെ ആശ്രയിച്ചുള്ള വലിയ വിളവ് തുടരാനുള്ള നടപടികള്‍ സര്‍ക്കാരാണ് സ്വീകരിക്കേണ്ടതെന്നാണ് ഒരു കൂട്ടം കര്‍ഷകരുടെ ആവശ്യം. കര്‍ഷകനായി സ്‌കറിയ പറയുന്നു, ‘സ്വാമിനാഥന്‍ കമ്മീഷന്‍ മുന്നോട്ട് വച്ചിരുന്ന കാര്‍ഷിക കലണ്ടറിനനുസരിച്ചാണ് യാദൃച്ഛികമായാണെങ്കിലും ഇത്തവണ കൃഷിയിറക്കിയത്. അതിന്റെ ഗുണം ഇപ്പോള്‍ ഞാനടക്കമുള്ള കര്‍ഷകര്‍ മുന്നില്‍ കാണുകയാണ്. മഴക്കാലത്ത് ഈ എക്കല്‍ അടിഞ്ഞ് കൂടാനും വെള്ളം കെട്ടിക്കിടക്കാനും പാടശേഖരങ്ങള്‍ വെറുതെയിടണം. അതും കമ്മീഷന്‍ നിര്‍ദ്ദേശത്തിലുള്ളതാണ്. അത് കണക്കാക്കാതെ ആ സമയത്തും ലാഭമുണ്ടാക്കാന്‍ കര്‍ഷകര്‍ പോവുന്നതും അതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നതാണ് പ്രശ്‌നം. എക്കലടിഞ്ഞപ്പോള്‍ മാറ്റം കണ്ടോ? ഇത്തവണത്തെ അനുഭവത്തില്‍ നിന്നെങ്കിലും എല്ലാവരും പഠിക്കേണ്ടതാണ്. സാധാരണ ഉപയോഗിക്കുന്ന വളത്തിന്റെ പകുതി മതിയായിരുന്നു ഇത്തവണ. കളകള്‍ ഏറെക്കുറെയില്ലാതായതിനാല്‍ കളനാശിനിയും, കൃമികീടങ്ങള്‍ കുറവായതിനാല്‍ കീടനാശിനിയും അധികം പ്രയോഗിക്കേണ്ടി വന്നില്ല. ഇനി സര്‍ക്കാര്‍ കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കുട്ടനാട്ടില്‍ ഓരുവെള്ളം കയറട്ടെ. അതിന് നടപടി സ്വീകരിക്കുമോ സര്‍ക്കാര്‍? തണ്ണീര്‍മുക്കം ഷട്ടറുകള്‍ അടച്ച് കുട്ടനാട്ടില്‍ ഓരുവെള്ളമെത്തിക്കണം. കുറേ കാലങ്ങള്‍ക്കിടയില്‍ രണ്ട് വര്‍ഷം മുമ്പാണ് കുട്ടനാട്ടില്‍ ഓരുവെള്ളമെത്തിയത്. അതുകൊണ്ട് തന്നെ എന്ത് മാറ്റങ്ങള്‍ ഉണ്ടായെന്നോ? ഞങ്ങളുടെ മുരശ് മീനിനെ ഇപ്പോള്‍ കാണാന്‍ പോലും കിട്ടാനില്ലായിരുന്നു. ഓര് വന്ന സമയത്ത് മുരശ് തിരികെ വന്നു. അതുപോലെ പലതരം മീനുകളും. കൊയ്ത്ത് തീരാന്‍ പോവുകയാണ്. ഈ വര്‍ഷം കുട്ടനാട്ടില്‍ ഓര് വെള്ളമെത്തിക്കാനുള്ള പറ്റിയ സമയമാണ്. സര്‍ക്കാര്‍ അമാന്തം കാട്ടാതെ അത് ചെയ്താല്‍ കുട്ടനാട് പഴയപോലെയാവും.’

കൊയ്ത്ത് പൂര്‍ത്തിയാകാത്തതിനാല്‍ കുട്ടനാട്ടില്‍ ആകെ എത്ര വിളവ് എന്ന കണക്കുകള്‍ പൂര്‍ണമല്ല. എന്നാല്‍ നഷ്ടങ്ങളുടെ സങ്കടങ്ങളില്‍ നിന്ന് കുട്ടനാട്ടുകാര്‍ക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ് വിളഞ്ഞ കതിരുകള്‍.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍