UPDATES

ട്രെന്‍ഡിങ്ങ്

12 ദിവസമായി മോര്‍ച്ചറിയില്‍; ഒടുവില്‍ അന്നമ്മയെ ദളിത് ക്രൈസ്തവ പളളിയില്‍ തന്നെ സംസ്‌കരിക്കാന്‍ വഴി തെളിയുന്നു

കോടതിയുടെ തീരുമാനം വന്നെങ്കിലും ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കേണ്ടത്.

മരിച്ച് പന്ത്രണ്ടാം നാളിലും മോര്‍ച്ചറിയില്‍ തുടരുന്ന അന്നമ്മയെ സ്വന്തം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. അന്നമ്മയുടെ മകനായി സെമിത്തേരിയില്‍ തീര്‍ത്തിരുന്ന കല്ലറയില്‍ അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നമ്മയുടെ മകള്‍ ഏലിയാമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് വന്നതോടെയാണിത്. കല്ലറ പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതനുസരിച്ച് കളക്ട്രേറ്റില്‍ നിന്ന് അഞ്ചംഗ സംഘം കല്ലറ പരിശോധനയ്ക്കായി എത്തി. കല്ലറ തുറന്ന് പരിശോധിച്ചു. ഈ കല്ലറയില്‍ തന്നെ അന്നമ്മയേയും അടക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കളക്ടറുടെ ചേംബറില്‍ യോഗം വിളിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ അനുകൂല ഉത്തരവ് നല്‍കിയാല്‍ അന്നമ്മയുടെ ആഗ്രഹം പോലെ സ്വന്തം പള്ളി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്താം.

കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ദളിത് ക്രൈസ്ത ദേവാലമായ ജറുസലേം പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പകരം കഴിഞ്ഞ നാല് വര്‍ഷമായി ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ ശവസംസ്‌ക്കാരം നടത്തിയിരുന്ന പ്രദേശത്തെ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയുടെ സെമിത്തേരിയില്‍ അടക്കണമെന്നായിരുന്നു ഭൂരിപക്ഷ യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം. ചുറ്റുമതില്‍ കെട്ടുക, താഴെഭാഗം കോണ്‍ക്രീറ്റ് ചെയ്ത കല്ലറകള്‍ ഉണ്ടാക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ചാല്‍ ശവസംസ്‌ക്കാരം തുടര്‍ന്ന് ജറുസലേം പള്ളിയില്‍ നടത്താം എന്നായിരുന്നു യോഗത്തിലെ തീരുമാനം. ആറ് മാസത്തിനുള്ളില്‍ ചുറ്റുമതിലും കല്ലറകളും നിര്‍മ്മിച്ചതിന് ശേഷം ഇമ്മാനുവല്‍ പള്ളിയില്‍ അടക്കുന്ന അന്നമ്മയുടെ മൃതദേഹവും മുമ്പ് അവിടെ സംസ്‌ക്കരിച്ച രണ്ട് മൃതദേഹങ്ങളും ജറുസലേം പള്ളി സെമിത്തേരിയിലേക്ക് മാറ്റാം എന്നും തീരുമാനമുണ്ടായി.

എന്നാല്‍ തുടക്കം മുതലെ ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കുന്നതിനോട് അന്നമ്മയുടെ ബന്ധുക്കള്‍ക്ക് എതിര്‍പ്പായിരുന്നു. ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ മൂത്രപ്പുരയോട് ചേര്‍ന്നുള്ള ചെറിയ ഒരു സ്ഥലത്താണ് ദളിത് ക്രൈസ്തവരുടെ മൃതദേഹം അടക്കാന്‍ നല്‍കിയത്. ആ സ്ഥലം ഇമ്മാനുവല്‍ പള്ളി അംഗങ്ങള്‍ക്കായി കല്ലറ തീര്‍ക്കാന്‍ തീരുമാനിച്ച് മാറ്റിയിട്ടിരുന്നതാണ്. അതിനാല്‍ ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ അവിടെ സംസ്‌ക്കരിക്കുന്നതില്‍ ഇമ്മാനുവല്‍ പള്ളി കമ്മിറ്റിയും പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് സ്വന്തം പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കാരിക്കാനുള്ള അനുവാദം നല്‍കണമെന്നതായിരുന്നു അന്നമ്മയുടെ ബന്ധുക്കളുടെ ആവശ്യം.

Also Read: പത്താം നാളിലും അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ; അടക്കം ദളിത്‌ ക്രൈസ്തവരുടെ പള്ളിയിലോ മാര്‍ത്തോമ പള്ളിയിലോ എന്ന് ഇന്നറിയാം

അന്നമ്മയുടെ മൃതദേഹം ജെറുസലേം പള്ളിയുടെ സെമിത്തേരിയില്‍ സംസ്‌ക്കരിക്കാനായി എത്തിച്ചപ്പോഴാണ് പ്രദേശവാസികളില്‍ ചിലരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥലത്ത് പ്രതിഷേധിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തത്. ജലസ്രോതസ്സുകളടക്കം മലിനമാവുമെന്ന ന്യായം ചൂണ്ടിക്കാട്ടി മൃതദേഹം സെമിത്തേരിയില്‍ അടക്കുന്നത് അവര്‍ തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷം രൂപപ്പെട്ടപ്പോള്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടു. ഡിഎംഒയോടും കുന്നത്തൂര്‍ പഞ്ചായത്തിനോടും കളക്ടര്‍ റിപ്പോര്‍ട്ട് തേടി. ഇതിനിടെ കുന്നത്തൂര്‍ താലൂക്ക് ആശുപത്രിയിയിലെ മോര്‍ച്ചറിയിലേക്ക് അന്നമ്മയുടെ മൃതദേഹം മാറ്റി. മലിനീകരണ പ്രശ്‌നങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടാണ് ഡിഎംഒ നല്‍കിയത്. 2014ല്‍ ഇതേ പ്രശ്‌നം ഉന്നയിച്ച് ബിജെപി പ്രവര്‍ത്തകരും ചില പ്രദേശവാസികളും സംഘര്‍ഷമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സെമിത്തേരിക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കാനും കല്ലറകള്‍ തീര്‍ക്കാനും സ്ഥലം പരിശോധിച്ച ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതുവരെ ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാനായിരുന്നു കളക്ടറുടെ നിര്‍ദ്ദേശം. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രശ്‌നമുണ്ടായപ്പോള്‍ ജില്ലാ കളക്ടര്‍ അന്ന വച്ച നിബന്ധനകളൊന്നും സെമിത്തേരിയില്‍ പാലിച്ചിട്ടില്ലെന്ന് കുന്നത്തൂര്‍ പഞ്ചായത്ത് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയം പരിഹരിക്കുന്നതിന് പഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തെങ്കിലും തീരുമാനമാവാതെ പിരിഞ്ഞു. എന്നാല്‍ പിന്നീട് വിഷയം കൂടുതല്‍ രൂക്ഷമാവുകയും മാധ്യമശ്രദ്ധ ലഭിക്കുകയും ചെയ്തപ്പോള്‍ ജില്ലാ കളക്ടര്‍ നേരിട്ട് സര്‍വകക്ഷിയോഗം വിളിക്കുകയായിരുന്നു.

കളക്ടറുടെ തീരുമാനം വന്നെങ്കിലും ഇമ്മാനുവല്‍ പള്ളിയില്‍ അന്നമ്മയെ അടക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. പകരം ഭര്‍ത്താവിന്റെ കല്ലറയില്‍ അമ്മയേയും അടക്കാം എന്ന അന്നമ്മയുടെ മകള്‍ ഏലിയാമ്മയുടെ ആവശ്യം ഹര്‍ജിയായി ഹൈക്കോടതിയില്‍ നല്‍കി. കോടതിയുടെ തീരുമാനം വന്നെങ്കിലും ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കേണ്ടത്. അന്നമ്മയുടെ ചെറുമകനും ഏലിയാമ്മയുടെ മകനുമായ രാഹുല്‍ പറയുന്നു, “കളക്ട്രേറ്റില്‍ നിന്ന് അഞ്ച് പേര്‍ വന്നിരുന്നു. എന്റെ അപ്പച്ചനെ അടക്കിയിരിക്കുന്ന കല്ലറയാണ്. 20 വര്‍ഷം മുമ്പാണ് അപ്പച്ചന്‍ മരിച്ചത്. ആ കല്ലറ ഇളക്കി കണ്ടതിന് ശേഷം തീരുമാനിക്കാം എന്നാണ് കളക്ടര്‍ പറഞ്ഞത്. ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ കല്ലറ ഇളക്കി. താഴ്ഭാഗം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടോ എന്നതായിരുന്നു അവര്‍ പരിശോധിച്ചത്. 20 വര്‍ഷം ആയതുകൊണ്ട് കല്ലറയില്‍ അവശിഷ്ടങ്ങളൊന്നും ഇല്ലായിരുന്നു. അവിടെ അടക്കാന്‍ സമ്മതിച്ചാല്‍ അത് കുടുംബ കല്ലറയായി ഉപയോഗിക്കാം എന്നാണ് ഞങ്ങള്‍ കരുതുന്നത്. പരിശോധനാ സംഘം അടുത്തുണ്ടായിരുന്ന വീട്ടുകാരോട് എതിര്‍പ്പുണ്ടോയെന്ന് ചോദിച്ചു. അവര്‍ എതിര്‍പ്പില്ല എന്ന് എഴുതി ഒപ്പിട്ട് നല്‍കി. ഇന്ന് വിളിച്ചിരിക്കുന്ന യോഗത്തില്‍ പള്ളി പ്രതിനിധികളും ബന്ധുക്കളും പങ്കെടുക്കുന്നുണ്ട്”, അനുകൂല തീരുമാനമുണ്ടാവും എന്ന പ്രതീക്ഷയിലാണ് അന്നമ്മയുടെ ബന്ധുക്കള്‍.

Also Read: ഒമ്പത് ദിവസം മുമ്പ് മരിച്ച ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മാര്‍ത്തോമ പള്ളി സെമിത്തേരിക്ക് സമീപം സംസ്കരിക്കും, ഒത്തുതീപ്പ് യോഗത്തിലുണ്ടായത് ഏകപക്ഷീയ ധാരണയെന്നും ആക്ഷേപം

Also Read: ‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

Also Read: ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍