UPDATES

പിടിതരാതെ പാലാ; ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കെ.എം മാണിയുടെ പ്രിയമണ്ഡലം പറയുന്ന കഥകള്‍ ഇങ്ങനെ

കേരള കോണ്‍ഗ്രസ് (എമ്മി)ലെ തമ്മിലടി മാത്രമല്ല പാല ഉപതെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുക

‘ഒരുപക്ഷേ’, നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാല നിയോജക മണ്ഡലത്തില്‍ നിന്നും ഏറ്റവുമധികം കേട്ട വാക്കാണിത്. കഴിഞ്ഞ അരനൂറ്റാണ്ടായി കെ.എം മാണിയുടെ സ്വന്തമായിരുന്ന പാലായില്‍, കേരള കോണ്‍ഗ്രസ് (എം) സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോം അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമോ എന്ന ചോദ്യത്തിനാണ് പാലാക്കാര്‍ ‘ഒരുപക്ഷേ’ എന്ന വാക്കു കൂട്ടിച്ചേര്‍ത്ത് പ്രതികരിച്ചത്. അതൊരു സൂചനയാണ്, കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ നടന്ന തെരഞ്ഞെടുപ്പ് പോലെയല്ല ഇത്തവണ കാര്യങ്ങള്‍ എന്ന് വ്യക്തമാക്കുന്നതാണ് ആ ‘ഒരുപക്ഷേ’. ഒരു രാഷ്ട്രീയ നിരീക്ഷണം നടത്തുകയാണെങ്കില്‍ ഒന്നുറപ്പിച്ച് പറയാം, ഇത്തവണ പാലായില്‍ വിജയപരാജയങ്ങള്‍ പ്രവചനാതീതമാണ്.

കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് (എമ്മി)ല്‍, പാര്‍ട്ടിയാര്‍ക്ക് എന്ന പോരില്‍ ജോസ് കെ. മാണിയും പി.ജെ ജോസഫും തമ്മില്‍ നടക്കുന്ന അധികാര വടംവലിയില്‍ പിടഞ്ഞു വീഴാന്‍ പോകുന്നത് പാലായിലെ അപ്രതീക്ഷിത യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആയിരിക്കുന്നമെന്ന രാഷ്ട്രീയ വിശകലനം അടിസ്ഥാനമാക്കി മാത്രമല്ല, ഇത്തവണ പ്രചനാതീതമായ മത്സരമാണ് മണ്ഡലത്തില്‍ നടക്കുകയെന്നു പറയുന്നത്. രാഷ്ട്രീയം, സാമുദായികം, പരിസ്ഥിതി, വികസനം ഇവയെല്ലാം അടങ്ങുന്ന പൊതുവികാരം കൂടി മനസിലാക്കിയാണ്.

നഗരസഭ

നമ്മള്‍ ഈ യാത്ര തുടങ്ങുന്നത് പാലാ ടൗണില്‍ നിന്നാണെന്നു കരുതുക. കെ.എം മാണി പാലായ്ക്ക് വേണ്ടി എന്തൊക്കെ ചെയ്തു എന്നതിന്റെ അടയാളമായി മിക്കവാറും പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രമാണ് പാല ടൗണ്‍. മാണിയുടെ മൊത്തം ഭൂരിപക്ഷം മീനച്ചലാറ്റിലെ വെള്ളം പോലെ ഏറിയും കുറഞ്ഞുമൊക്കെ വരുമ്പോഴും പാല മുന്‍സിപ്പാലിറ്റിയില്‍ മാണിക്ക് ഇറക്കം ഉണ്ടായിട്ടില്ല. പക്ഷേ, പാലായെന്നു പറഞ്ഞാല്‍ ഇക്കാണുന്നതു മാത്രമല്ല. അതവിടെ നില്‍ക്കട്ടെ, ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് പാലാ മുന്‍സിപ്പാലിറ്റി പ്രദേശങ്ങളിലാണ്. ഇവിടെ രണ്ടു ചോദ്യങ്ങളാണ് നമ്മുടെ കൈവശമുള്ളത്; ആര് ജയിക്കും? പാര്‍ട്ടിയിലെ വഴക്കില്‍ ആരുടെ ഭാഗത്താണ് ന്യായം? തിരക്കിട്ടു പായുന്ന പട്ടണമാണ്. പറഞ്ഞു നില്‍ക്കാന്‍ സമയമില്ലാത്തവരാണ് കൂടുതലും. എങ്കിലും നമ്മുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറില്ല. ആരു ജയിക്കും എന്ന ചോദ്യത്തിന് ജോസ് ടോം എന്ന വ്യക്തമായ ഉത്തരവും, ആരൂടെ ഭാഗത്താണ് ന്യായമെന്ന ചോദ്യത്തിന് അവ്യക്തമായ പല ഉത്തരങ്ങളുമാണ് ഉള്ളത്. അതിനൊരുദാഹരണമാണ് പ്ലാത്താനത്തുകാരന്‍ ജോസഫ് വര്‍ഗീസ്. റിട്ടയേര്‍ഡ് അധ്യാപകനാണ്. കൈത്തണ്ടയിലെ നരച്ച രോമങ്ങള്‍ നനച്ചു പടര്‍ന്ന വിയര്‍പ്പും റിസ്റ്റ് വാച്ചിന്റെ ഡയലും തുടച്ചശേഷം മുണ്ടിന്റെ കോന്തലയൊന്നു തട്ടിക്കൊടഞ്ഞുകൊണ്ട് ജോസഫ് സാര്‍ പറഞ്ഞു; “ജോസ് ടോം തന്നെ ജയിക്കും, ഞാനതില്‍ സംശയിക്കുന്നില്ല. മറിച്ച് സംഭവിക്കാനുള്ള ട്രെന്‍ഡ് ഒന്നും കാണുന്നില്ല. പാര്‍ട്ടിയില്‍ ജോസ് കെ. മാണിയും ജോസഫ് സാറും തമ്മിലുള്ള പ്രശ്നങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് തടസമുണ്ടാക്കുമെന്നും കരുതുന്നില്ല. അതിപ്പം എന്നാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലാത്തത്, മാണി സാര്‍ ഉള്ളപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലേ… അതൊക്കെയീ പാര്‍ട്ടിയുടെ രീതിയാണ്. കോണ്‍ഗ്രസിലും ഉണ്ടാകാറില്ലേ. പക്ഷേ, തെരഞ്ഞെടുപ്പ് ദിവസത്തേക്ക് എല്ലാം മാറും. ഇവിടെയിപ്പം രണ്ടുപേരും ഒന്നയഞ്ഞാല്‍ തീരുന്ന കാര്യങ്ങളേയുള്ളൂ. മാണി സാറ് ഇല്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പല്ലേ, അപ്പം അവരും ചിന്തിക്കണായിരുന്നു. രണ്ടു പേരുടെയടുത്തും തെറ്റുണ്ട്. വാശിയും പിടിവാശിയും രാഷ്ട്രീയത്തീ മാത്രമല്ല, എല്ലായിടത്തും കുഴപ്പമാകും. പാര്‍ട്ടിയിലെ പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ഇനിയും സമയമുണ്ട്, അതുപോലല്ലോ, ബാലറ്റില്‍ കുത്തിയാല്‍ പിന്നെയത് തിരുത്താന്‍ പറ്റില്ലല്ലോ. അതൊക്കെ മനസിലാക്കി തന്നെയായിരിക്കുമെന്നേ എല്ലാവരും പോണത്”.

നഗരപ്രദേശത്തെ കണക്കെടുപ്പില്‍ മാണി സി. കാപ്പന് വിജയം പറയുന്നവരേക്കാള്‍ പതിന്മടങ്ങുണ്ട് ജോസ് ടോമിനെ ഇപ്പോഴേ എംഎല്‍എ ആക്കിയവര്‍. “പുള്ളിയെന്നാ തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കേറണതെന്നു നോക്കിയാമതീ”ന്നു പറയുന്ന ഓട്ടോക്കാരന്‍ ബെഞ്ചമിനും ഹാര്‍ഡ് വെയറിംഗ് കടയിലെ ജോണ്‍ തോമസുമൊക്കെ ആ കൂട്ടത്തില്‍പ്പെട്ടവരാണ്. പാല ഇന്നത്തെ പാലയാക്കിയത് അങ്ങേരല്ലേ, അതിന്റെയൊരു സ്മരണ ഉണ്ടാവാണ്ടിരിക്കുമോ? എന്നു ചോദിക്കുന്ന എബ്രഹാമിനും ജോസ് ടോം തന്നെയാണ് പാലായുടെ അടുത്ത എംഎല്‍എ.

ജോസ് ടോം വിജയിക്കും എന്നു പറയാന്‍ പാല നഗരസഭയ്ക്ക് ചരിത്രത്തിന്റെ പിന്‍ബലമാണ് ഉളളത്. 1949 ല്‍ നഗരസഭ രൂപീകൃതമായത് തൊട്ട് യുഡിഎഫിന് കീഴിലാണ്. ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നതെങ്കില്‍ വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് (എമ്മി)ന്റെ കുത്തകയാണ് പാലാ നഗരസഭ. ആകെയുള്ള 26 വാര്‍ഡുകളില്‍ പതിനേഴും കേരള കോണ്‍ഗ്രസ് (എമ്മി)ന്റെ കൈയിലാണ്. കോണ്‍ഗ്രസ് അതിനു പുറമെയാണ് വരുന്നത്. പാലായില്‍ മത്സരിക്കാന്‍ ഇറങ്ങിയ കാലം തൊട്ട് 2016-ലെ അദ്ദേഹത്തിന്റെ അവസാന തെരഞ്ഞെടുപ്പ് വരെ മാണി സാറിനെ ഓരോ തവണയും ഭൂരിപക്ഷം കൂട്ടിനല്‍കിയിട്ടേയുള്ളൂ തങ്ങളെന്നാണ് നഗരസഭ നിവാസികള്‍ പറയുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ മാണി മത്സരിക്കാന്‍ വരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിട്ടായിരുന്നു. ബാര്‍ കോഴക്കേസും അതിനു പിന്നാലെയുള്ള മന്ത്രിസ്ഥാനം രാജിവയ്ക്കലും എല്ലാം മാണിയുടെ ജൈത്രയാത്ര പാലായില്‍ അവസാനിപ്പിക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ആ തെരഞ്ഞെടുപ്പിലും ജയിച്ചു കയറുമ്പോള്‍ നഗരസഭയിലെ ഇരുപത്തിരണ്ടായിരത്തോളം വോട്ടര്‍മാര്‍ 1200 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മാണിക്ക് നല്‍കിയത്. മാണിയില്ലെങ്കിലും നഗരസഭ പരിധിയില്‍ വരുന്ന 18 ബൂത്തുകളില്‍ ഓരോന്നിലും ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ വോട്ടുകളുടെ ഭൂരിപക്ഷം നല്‍കി ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നാണ് പറയുന്നത്. പി.ജെ ജോസഫിന്റെ എതിര്‍പ്പും കാര്യമായി ഏശില്ല. ജോസഫിന് വേരുകളുള്ള സ്ഥലമാണെങ്കിലും ജോസ് ടോമിന് വേരിളക്കം ഉണ്ടാക്കാന്‍ മാത്രം ആഴമതിനില്ല. “ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാര്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുത്തുക എന്നത് ചിന്തിക്കുകപോലും വേണ്ടാത്ത കാര്യമാണ്. വര്‍ഷങ്ങളായി അതിലൊരു മാറ്റം വന്നിട്ടില്ല. സ്ഥാനാര്‍ത്ഥിയായി ആരു വരുന്നുവെന്നതിനെക്കാള്‍ അവര്‍ പാര്‍ട്ടിയാണ് നോക്കുക. മാണി സാറിന് കിട്ടിയ വോട്ടുകള്‍ ജോസ് ടോമിനും കിട്ടും. എല്‍ഡിഎഫിന് പാല നഗരസഭയില്‍ അഞ്ചില്‍ കൂടുതല്‍ അംഗങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അതും സ്വതന്ത്രരായി ജയിച്ചു വരുന്നവരെക്കൂടി കൂട്ടി. മാണി സി. കാപ്പന്റെ പിതാവ് ചെറിയാന്‍ ജെ. കാപ്പന്‍ നഗസഭയുടെ മുന്‍ ചെയര്‍മാനൊക്കെ ആയി ഇരുന്നിട്ടുള്ളയാളാണെങ്കിലും അതൊന്നും ഒരു ചലനവും ഉണ്ടാക്കില്ല. എപ്പോഴും തോല്‍ക്കുന്നൊരാളെ തന്നെ വീണ്ടും കൊണ്ടുവന്നിടുന്നതിനെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുകയേയുള്ളൂ. ബിജെപിക്കോ ബിഡിജെഎസ്സിനോ ഇവിടെ കാര്യമായ സ്വാധീനമൊന്നും ഇല്ല. കത്തോലിക്ക വോട്ടുകളും ഹിന്ദു വോട്ടുകളുമാണ് ഭൂരിഭാഗവും. അതെല്ലാം കാലങ്ങളായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് പോകുന്നത്. മാണി വികാരം വേണമെന്നില്ല, അല്ലാതെ തന്നെ പരമ്പരാഗത വോട്ടുകള്‍ കിട്ടും. യുഡിഎഫിന്റെ ഉരുക്കു കോട്ടയാണ് പാല നഗരസഭ. അവിടെ എന്ത് മറിമായം മറ്റുള്ളവര്‍ കാണിക്കാനാണ്. അതുകൊണ്ട് ഇത്തവണയും പാല നരഗസഭ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ ജോസ് ടോമിന്റെ വിജയം ഉറപ്പിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട”, കോണ്‍ഗ്രസ് നേതാവായ മുരളിയുടെ അഭിപ്രായം പങ്കുവയ്ക്കുന്നവര്‍ വേറെയുമുണ്ട്.

മത്സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ കഴിയുന്നതാണ് നഗരസഭ പരിധിയിലെ വോട്ടുകള്‍. അതില്‍ മുന്‍തൂക്കം കേരള കോണ്‍ഗ്രസ് (എമ്മി)ന് ആണുതാനും. എന്നാല്‍ ചരിത്രം ആവര്‍ത്തിക്കുമെന്നതില്‍ അത്ര ഉറപ്പ് പറയാനും കഴിയില്ല. വര്‍ഷങ്ങളായി കെ.എം മാണിക്ക് വോട്ട് ചെയ്യുന്ന ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (പേര് പറയാന്‍ താത്പര്യപ്പെട്ടില്ല) പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ അതിന്റെ കാരണം മനസിലാകും; “ആരൊക്കെ ഇടഞ്ഞു നിന്നാലും അവരെയൊക്കെ മെരുക്കി കൊണ്ടുപോകാന്‍ കെ.എം മാണി സാറിന് കഴിവുണ്ടായിരുന്നു. ആ കഴിവ് മോനില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. എത്രയൊക്കെ വന്നാലും പി.ജെ ജോസഫ് സാര്‍ സീനിയര്‍ നേതാവാണ്. പാര്‍ട്ടിയില്‍ മാത്രമല്ല, കേരള രാഷ്ട്രീയത്തില്‍ തന്നെ അദ്ദേഹത്തിനൊരു സ്ഥാനമുണ്ട്. ആ ബഹുമാനം അദ്ദേഹത്തിന് കൊടുക്കണമായിരുന്നു. ശരിക്കും ജോസഫ് സാറിനെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തില്‍ എവിടെ നിന്നോ കൊണ്ടുവന്നവരെക്കൊണ്ട് അദ്ദേഹത്തെ കൂവിപ്പിക്കുകയൊക്കെ ചെയ്തത് ശരിയായ നടപടിയല്ല. ഒരുപാട് പേര്‍ക്ക് അക്കാര്യത്തിലൊക്കെ വിഷമമുണ്ട്. ജോസഫ് സാറിനോട് ചെയ്തത് അനീതി തന്നെയാണ്. സാറിന്റെ അമ്മവീട് പാലാ ടൗണിലാണ്. അങ്ങനെ കുറേ ബന്ധം ഉണ്ടാകുമല്ലോ. അവരൊക്കെ ഇത്തവണ വോട്ട് ചെയ്യാന്‍ സാധ്യതയില്ല. മറ്റേ പാര്‍ട്ടിക്കും കുത്തില്ല, ജോസ് ടോമിനും കുത്തില്ല. ഇതൊക്കെ ഉണ്ടാക്കി വച്ചതാണ്. ഇപ്പഴീ പറയുന്ന നേതാവ് ജനിക്കുന്നതിനും മുന്നേ രാഷ്ട്രീയത്തില്‍ ഉള്ളവരെയാണ് അപമാനിച്ചും ആക്രമിച്ചും ഓടിക്കാന്‍ നോക്കുന്നത്. ജനമിതെല്ലാം കണ്ടോണ്ടിരുക്കുന്നതല്ലേ, മറുപടി കൊടുക്കാതിരിക്കുമോ?” ഇത്തരം അമര്‍ഷങ്ങള്‍ ജോസ് ടോമിന് എതിരായി പാല നഗരസഭയില്‍ പലയിടത്തും ഉണ്ടാകുന്നുണ്ട്. ഗണ്യമായൊരു കുറവ് ഉണ്ടാക്കില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ പത്തു വോട്ട് കുറഞ്ഞാല്‍പ്പോലും ജയസാധ്യതയെ ബാധിക്കുമെന്നതിനാല്‍ ജോസ് ടോമും ജോസ് കെ. മാണിയും ഭയക്കേണ്ട വികാരം തന്നെയാണ് പി.ജെ ജോസഫിന് അനുകൂലമായി ചിന്തിക്കുന്നവരുടേത്.

പരിസ്ഥിതി

പാല നഗരസഭയില്‍ ഒരുവിധം കാര്യങ്ങള്‍ അനുകൂലമാണെന്നു പറയാമെങ്കിലും, പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് വരുമ്പോഴാണ് ഇത്തവണ എന്തുകൊണ്ട് പാലായില്‍ ഒരു പ്രവചനാതീത മത്സരമാണ് നടക്കുന്നതെന്നതില്‍ കൂടുതല്‍ വ്യക്തത വരുന്നത്. ഒരു തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന ഗൗരവമായ വിഷയങ്ങള്‍ കിടക്കുന്നത് നഗരത്തിന് പുറത്താണ്. ആദ്യം പറഞ്ഞതുപോലെ, വികസനം, വികാരം, പരിസ്ഥിതി, സാമ്പത്തികം തുടങ്ങിയ വിഷയങ്ങള്‍ അനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ ഉയര്‍ത്തുന്നത് ഇവിടെ നിന്നാണ് കേള്‍ക്കാന്‍ കഴിയുന്നത്. ഒരുപക്ഷേ, നിങ്ങള്‍ക്ക് തോന്നിയിരിക്കുന്ന ഒരു സംശയം, എന്താണ് പാല ഉപതെരഞ്ഞെടുപ്പും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എന്നല്ലേ? അതേ, ഇത്തവണ പരിസ്ഥിതി പ്രശ്‌നം ഉപതെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഘകടം തന്നെയാണ്.

പാലായില്‍ വിവിധ പഞ്ചായത്തുകളിലായി നൂറിലേറെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയുമാണ്. ഒന്നിനെതിരേ ജനം പോരാടുമ്പോള്‍ അടുത്ത രണ്ടെണ്ണം പുതുതായി വരുന്ന അവസ്ഥയുണ്ട് പഞ്ചായത്തുകളില്‍. കടനാട്, രാമപുരം, ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, തലപ്പാലം, തലനാട് എന്നീ പഞ്ചായത്തുകളിലൊക്കെ ക്വാറികള്‍ മൂലം ജനം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. വന്‍കിട ക്വാറി മാഫിയകള്‍ പാലായെ കൈവശപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരേ പ്രതികരിക്കാതെ, ജനങ്ങളെ കേള്‍ക്കാതെ പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകായിരുന്നു അധികാരമുള്ളവരെന്ന വിമര്‍ശനം കെ.എം മാണിയെക്കൂടി ചേര്‍ത്താണ് മേല്‍പ്പറഞ്ഞ പഞ്ചായത്തുകളിലെ വോട്ടര്‍മാര്‍ ഉയര്‍ത്തുന്നത്. ഈ വിഷയങ്ങള്‍ ഉയര്‍ത്തി ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത് മീനച്ചല്‍ ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ഒരു സ്ഥനാര്‍ത്ഥിയും ഉണ്ട്. കടനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ മജു പുത്തന്‍കണ്ടം. ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്കോ പാര്‍ട്ടിക്കോ എതിരായല്ല തങ്ങള്‍ മത്സരിക്കുന്നതെന്നു പറയുമ്പോഴും ജനകീയ മുന്നണിയുടെ മത്സരം ഏറ്റവുമധികം ബാധിക്കുക ജോസ് ടോം എന്ന കേരള കോണ്‍ഗ്രസ് (എം) സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തന്നെയായിരിക്കും. ആറോളം പഞ്ചായത്തുകളില്‍ നിന്നായി മോശമല്ലാത്ത വോട്ടുകള്‍ മജു പുത്തന്‍കണ്ടം പിടിക്കുകയാണെങ്കില്‍ ജോസ് ടോമിന് അതുണ്ടാക്കുന്ന തിരിച്ചടി ചെറുതല്ല.

ഒരു തെരഞ്ഞെടുപ്പ് വിഷയത്തെക്കാള്‍, ജനജീവത്തെ സാരമായി ബാധിക്കുന്ന ഗുരുതരമായ ഒന്നാണ് പാറമടകളും മീനച്ചിലാര്‍ ചൂഷണവും എന്ന് ഇവിടുത്തെ ജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. “ഇത്രകാലമായിട്ടും ഈ പ്രശ്‌നങ്ങളൊന്നും പാലായ്ക്ക് പുറത്തേക്ക് എത്തിക്കാതെ നോക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞിരുന്നു. അവര്‍ പുറത്ത് പ്രചരിപ്പിച്ചത് പാലായുടെ വികസനം മാത്രമായിരുന്നു. ചില റോഡുകള്‍ ചൂണ്ടിക്കാട്ടി ഇതാണ് പാലായുടെ വികസനം എന്നു പറഞ്ഞു. മാധ്യമങ്ങള്‍ അതേറ്റു പറഞ്ഞപ്പോള്‍ പൊതുവില്‍ തന്നെ പാലാ ഒരു സ്വര്‍ഗരാജ്യമാണെന്ന തോന്നല്‍ ഉണ്ടായി. എന്നാല്‍ അതല്ല, യാഥാര്‍ത്ഥ്യം. വികസനത്തിന്റെ അടയാളമായി പറയുന്ന റോഡുകള്‍ പോലും ക്വാറി മാഫിയക്കാര്‍ക്കും നദി കയ്യേറ്റക്കാര്‍ക്കും വേണ്ടി ചെയ്തുകൊടുത്ത സൗകര്യങ്ങള്‍ മാത്രമായിരുന്നു. ഇവിടുത്തെ പ്രധാന റോഡുകളിലൂടെ സഞ്ചരിക്കൂ, അതിന്റെ ഏതെങ്കിലും അറ്റത്ത് ഒരു പാറമട കാണാം. ഇവിടുത്തെ നിര്‍മാണങ്ങള്‍ നോക്കൂ, അതെല്ലാം പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുണ്ടായിരിക്കുന്നതാണ്. വലിയ കെട്ടിടങ്ങളാണ് ഒരു നാടിന്റെ വളര്‍ച്ചയായി നാം കരുതുന്നത്. യഥാര്‍ത്ഥത്തില്‍ വളര്‍ച്ചയല്ല, ആ ഉയര്‍ന്നു നില്‍ക്കുന്നത് നമ്മുടെ തകര്‍ച്ചയാണ്. മീനച്ചലാറില്‍ 155 പില്ലറുകള്‍ താഴ്ത്തി ഒരു പാരലല്‍ റോഡ് ഉണ്ടാക്കിയിട്ടുണ്ട്. എന്താണതിന്റെ ആവശ്യമെന്ന് മനസിലാകുന്നില്ല. മൂന്നോളം ബൈപ്പാസുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. തോടും ആറും കയ്യേറിയാണ് അവയൊക്കെ നിര്‍മിക്കുന്നത്. റോഡുകള്‍ വികസനത്തിന്റെ നാഡീഞരമ്പുകള്‍ ആണെന്നാണ് പറയുന്നത്. ഇവിടെയുള്ള ജനങ്ങളില്‍ ഒരു വിഭാഗത്തിനു റോഡ് വന്നാല്‍ എല്ലാം ആയി എന്ന വിചാരവുമുണ്ട്. അവരാണ് പാലായെ പാലാഴിയാക്കിയെന്നു പറഞ്ഞു നടക്കുന്നവര്‍. സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതിന് ഈ റോഡുകള്‍ എത്ര കണ്ട് ഉപകാരപ്പെടുന്നുണ്ടെന്ന് അന്വേഷിക്കൂ, വികസനം എന്നത് സാമ്പത്തികമായി ഉണ്ടാകേണ്ടതല്ലേ. അങ്ങനെയൊരു സാമ്പത്തിക വികസനം പാലായില്‍ നടക്കുന്നുണ്ടോ?”, അഡ്വ. ജോസഫ് മൈക്കിള്‍ ചോദിക്കുന്ന ചോദ്യമാണിത്.

എന്തുകൊണ്ട് താന്‍ മത്സരത്തിന് ഇറങ്ങുന്നുവെന്നതിനെക്കുറിച്ച് മജു പുത്തന്‍കണ്ടത്തിനും പറയാനുണ്ട്; “രാമപുരം, ഭരണങ്ങാനം, മേലുകാവ്, കടനാട് തുടങ്ങി പഞ്ചായത്തുകളില്‍ നൂറു കണക്കിന് ഏക്കര്‍ സ്ഥലമാണ് പാറമട മാഫിയ വാങ്ങിക്കൂട്ടുന്നത്. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനത്തെ മുഴുവന്‍ മലകളും മാഫിയകളുടെ കൈകളിലാണ്. ജനകീയ പ്രതിഷേധം ഒന്നും കണക്കിലെടുക്കാതെ എല്ലാത്തിനും അനുമതി കൊടുക്കുകയാണ് അധികാരികളും ഉദ്യോഗസ്ഥരും ചെയ്തത്. വയനാടും നിലമ്പൂരുമൊക്കെ സംഭവിച്ച ദുരന്തങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുമോയെന്ന ഭയമുണ്ട് ജനത്തിന്. ഈ കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയ്ക്ക് എത്തിക്കാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. പിന്നീടാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഞാന്‍ വരുന്നത്. ഇങ്ങനെയൊരു തീരുമാനം ഉണ്ടെന്ന് അറിഞ്ഞ് മീനച്ചലാര്‍ നദീ സംരക്ഷണ സമിതി പിന്തുണയുമായി എത്തി. ഖനനം വ്യാപിച്ചാല്‍ ഇപ്പോള്‍ തന്നെ മൃതപ്രായമായ മീനച്ചിലാറിന്റെ മരണം പൂര്‍ണമാകും. കെട്ടിവയ്ക്കാനുള്ള കാശ് തന്നതും മീനച്ചലാര്‍ നദീ സംരക്ഷണ സമിതിയാണ്. ഇവിടെയൊരു രാഷ്ട്രീയബദല്‍ വേണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു ജനവിഭാഗം തന്നെയുണ്ട്. അവര്‍ക്ക് മുന്നോട്ടു വരാന്‍ ഇതുവരെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴതിനുള്ള സാഹചര്യം വന്നിരിക്കുകയാണ്. അതിന്റെ പ്രതിഫലനം എന്തായാലും ഈ തെരഞ്ഞെടുപ്പല്‍ ഉണ്ടാകും. പാലായുടെ യഥാര്‍ത്ഥ സാഹചര്യം എന്താണെന്ന് ഇത്തവണ തുറന്നു കാട്ടപ്പെടും.”

“മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മീനച്ചില്‍ താലൂക്കിന്റെ ആസ്ഥാനമായ പാലയില്‍ രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന ജനങ്ങളുടെ പരാതികളും വിഷമങ്ങളും ഇനിയുമുണ്ട്. വലിയ പ്രതിഷേധങ്ങള്‍ ഇവിടെ നടന്നിരുന്നു. കോട്ടമലയിലെ പാറമടയ്‌ക്കെതിരേ വലിയ ജനകീയ പ്രതിരോധമാണ് നടന്നത്. അന്നാ സമരം നടക്കുമ്പോള്‍ കെ.എം മാണി തങ്ങളെ തിരിഞ്ഞുപോലും നോക്കിയില്ലെന്ന ആക്ഷേപവും ജനങ്ങള്‍ക്കുണ്ട്. കോട്ടമല സമരത്തിന് നേതൃത്വം കൊടുത്ത കുറുഞ്ഞി പള്ളി മുന്‍ വികാരി ഫാ. തോമസ് അയിലുകുന്നേല്‍ (കുറിഞ്ഞിയച്ചന്‍) 14 ദിവസം പാല സബ് ജയിലില്‍ റിമാന്‍ഡില്‍ കിടക്കേണ്ടി വന്നിരുന്നു. സമരത്തിനിറങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍, അതിലൊരു പുരോഹിതനും ഉള്‍പ്പെട്ടിട്ടുപോലും മാണി ഒന്നും ചെയ്തില്ലെന്ന രോഷം ഇത്തവണ കേരള കോണ്‍ഗ്രസ് (എമ്മി)ന് തിരിച്ചടിയാകാനാണ് സാധ്യത. ഈ സമരവും അറസ്റ്റും എല്ലാം നടന്നതിനു ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

രാമപുരം പഞ്ചായത്തിലെ കോട്ടമലയിലെ പോലെ നിരവധി പ്രദേശങ്ങളിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കയ്യൂര്‍, കുറുമണ്ണ്, ഉള്ളനാട്, ഭരണങ്ങാനം, ഇടമറുക്, മേലുകാവ് എന്നിവടങ്ങളിലെല്ലാം ഏക്കര്‍ കണക്കിന് പാറമടകളാണ് സ്ഥിതി ചെയ്യുന്നത്. ജനവാസ കേന്ദ്രത്തില്‍ നിന്നും അമ്പത് മീറ്റര്‍ ദൂരപരിധിയില്‍ വേണം പാറമടകള്‍ അനുവദിക്കാവൂ എന്ന നിയമം പോലും ഇവിടെ കാറ്റില്‍ പറത്തുകയാണെന്നാണ് വിമര്‍ശനം. വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതും ജലനിരപ്പ് താഴുന്നതും പാറമടകളുടെ അതിപ്രസരം മൂലമാണെന്ന പരാതികള്‍ ആരും ചെവിക്കൊള്ളുന്നില്ലെന്നാണ് ജനങ്ങളം പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്. ഇത്തവണത്തെ പ്രളയകാലത്തും പാലായിലും ദുരിതങ്ങള്‍ ഉണ്ടായി. ഇനിവരും വര്‍ഷങ്ങളില്‍ അതിന്റെ തീവ്രത കൂടുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വികസനമെന്ന പേരില്‍ മീനച്ചലാറിനെ കൊന്നു തീര്‍ക്കുകയാണ്. നിര്‍മണങ്ങളെല്ലാം നദി കയ്യേറിയാണ് നടക്കുന്നത്. വെള്ളമില്ല, ഉള്ളതാകട്ടെ മലിനമാണ്. നവംബര്‍ മാസത്തോടെ നദി വറ്റി വരളാനുള്ള സാഹചര്യമാണ് ഇപ്പോള്‍. വികസനം എന്നാല്‍ റോഡ് അല്ല. പാറമട മാഫിയകളില്‍ നിന്നും ബില്‍ഡേഴ്‌സ് ഗ്രൂ്പ്പുകളില്‍ നിന്നും കോടികള്‍ കൈപറ്റി അതുപയോഗിച്ച് അധികാരം നിലനിര്‍ത്തിപ്പോരുന്നവര്‍ക്ക് ഒരിക്കലും നാടിന്റെയും ജനങ്ങളുടെയും അടിസ്ഥാനപ്രശ്‌നങ്ങള്‍ മനസിലാകില്ല. എന്നാല്‍, ഈ തെറ്റ് തുടരുന്നവരെ പുറത്താക്കാന്‍ എതിര്‍പക്ഷം ശ്രമിക്കാറുണ്ടോ, അവര്‍ ചെയ്യുന്നതാകട്ടെ, മൂന്നോ നാലോ വട്ടം ജനം തിരസ്തരിച്ചവരെ തന്നെ വീണ്ടും കൊണ്ടുവരുന്നു. മുന്നണികള്‍ തമ്മിലുള്ള അഡ്‌ജെസ്റ്റ്‌മെന്റ് രാഷ്ട്രീയവും പാലായെ ഇല്ലാതാക്കുകയാണ്. അതുകൊണ്ട് തന്നെ ജനകീയ ബദല്‍ ഇവിടെ ആവശ്യമാണ്. രാമപുരം, കടനാട്, മേലുകാവ്, ഭരണങ്ങാനം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങള്‍ ഈ ആവശ്യത്തോട് അനുകൂലമായി നിലപാട് എടുത്തുകഴിഞ്ഞൂ. വികസനം എന്ന വാക്കിന്റെ മറവില്‍ നിന്നുകൊണ്ട് നാട് നശിപ്പിച്ചവര്‍ക്കും അവര്‍ക്ക് കൂട്ടു നിന്നവര്‍ക്കും പാലായിലെ ജനങ്ങള്‍ തന്നെ മറുപടി നല്‍കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണ നടക്കുന്നത്”; ജനകീയ മുന്നണി പ്രവര്‍ത്തകര്‍ പറയുന്നു.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെയാണ് പാലായുടെ സാമ്പത്തിക വളര്‍ച്ചയെന്നതും ഒരു കെട്ടുകഥയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏറ്റവും സിംപിള്‍ ആയി ഉയര്‍ത്തിക്കാണിക്കുന്ന കാര്യം, റബര്‍ ഉത്പന്നങ്ങളുടെ തകര്‍ച്ചയാണ്. റബര്‍ കൊണ്ടുള്ള പ്രഥമിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ പാലായില്‍ ഇല്ലാതായി എന്നൊരു വിമര്‍ശനം ശക്തമായി ഇവിടെയുണ്ട്. റബര്‍ അധിഷ്ഠിത വ്യവസായം നശിച്ചൂ എന്നതിന്റെ അര്‍ത്ഥം റബര്‍ കര്‍ഷകരുടെ ജീവിതം തകര്‍ന്നൂ എന്നാണ്. ഇത്രകാലമായിട്ടും അത് പരിഹരിക്കാന്‍ എന്തു ചെയ്തൂ എന്ന ചോദ്യം ജോസ് ടോമിനും മാണി സി. കാപ്പനും ഒരുപോലെ നേരിടേണ്ടി വരും. പഞ്ചായത്ത് പ്രദേശങ്ങളില്‍ ഇപ്പോഴും റബര്‍ കൊണ്ട് മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ജനങ്ങളുണ്ട്. അവരില്‍ നിന്നായിരിക്കും കടുത്ത പ്രതിഷേധം ഉണ്ടാവുക. നയ രാഷ്ട്രീയത്തിന്റെ ആചാര്യനായി അറിയപ്പെടുന്ന കെ.എം മാണിക്ക് പലതും പറഞ്ഞു ജനങ്ങളെ തന്റെ കൂടെ തന്നെ നിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും പുതിയ ആളുകള്‍ക്ക് അതിനാകുമോ എന്ന് സംശയമുണ്ട്. കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടി നേരിടുക തന്നെ വേണ്ടി വരും.

അതേസമയം, മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ അത്രകണ്ട് ബാധിക്കില്ലെന്നു കരുതുന്നവരും ഉണ്ട്. “കേരള കോണ്‍ഗ്രസ് എമ്മുകാര്‍ മാത്രമല്ലത്. പരിസ്ഥിതി സംബന്ധമായി ഉയര്‍ത്തുന്ന വിഷയങ്ങള്‍ ഗൗരവമുള്ളത് തന്നെയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ് പറയുന്നതും. പക്ഷേ, അവ തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ സാധ്യത കുറവാണ്. പാറമടകള്‍ക്കെതിരേ ഉയരുന്ന ജനകീയ പ്രതിരോധത്തില്‍ പോലും ജനപങ്കാളിത്തം കുറവാണ്. അഞ്ചോ ആറോ പഞ്ചായത്തുകളില്‍ ഈ പ്രശ്‌നം ഉണ്ടെന്നു പറയുമ്പോഴും മൂന്നൂറില്‍ കൂടുതല്‍ പേര്‍ സമരങ്ങളിലോ ജനകീയ യോഗങ്ങളിലോ പങ്കെടുത്തിട്ടില്ല. തങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണെങ്കില്‍ പോലും അവര്‍ പിന്തുടരുന്ന രാഷ്ട്രീയത്തില്‍ നിന്നും മാറി ചിന്തിക്കാന്‍ പാറമടകളോ മീനച്ചലാര്‍ നശീകരണമോ കാരണമാകുമെന്നും നമുക്ക് കരുതാനാവില്ല. ഈ വിഷയങ്ങളൊക്കെ ഇവിടെ മുന്‍പേ തന്നെയുള്ളതാണ്. അപ്പോഴൊന്നും തെരഞ്ഞെടുപ്പില്‍ അവ ബാധിച്ചില്ല. ഇത്തവണ, ഒരു സ്ഥാനാര്‍ത്ഥി ഉണ്ടെന്നതും അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ മോശമില്ലാത്ത സ്വാധീനം ഉണ്ടെന്നതും ഒരുപരിധിവരെ രണ്ടു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും എതിരായ വികാരത്തിന് കാരണമാകുമെങ്കിലും ശക്തമായ തരത്തില്‍ ആ വികാരം വളരുമെന്ന് കണക്കുകൂട്ടാന്‍ കഴിയില്ല. മറ്റൊന്നു റബറിന്റെ കാര്യത്തിലാണ്. റബറിന്റെ വിലക്കുറവും റബര്‍ വ്യവസായങ്ങളുടെ നാശവും കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഒരു നേതാവും പാര്‍ട്ടിയും തങ്ങള്‍ക്ക് ഒന്നും ചെയ്തിട്ടില്ലെന്നു ജനങ്ങള്‍ക്കറിയാം. പക്ഷേ, അവര് അതിന്റെ പ്രതികാരമൊന്നും കാണിച്ചിട്ടില്ല. കാണിച്ചിരുന്നുവെങ്കില്‍ മുന്‍കാല റിസള്‍ട്ടുകളില്‍ മാറ്റം ഉണ്ടാകുമായിരുന്നു. എല്‍ഡിഎഫിന്റെ ആളിന് വോട്ട് ചെയ്യാന്‍ വേണ്ടി ആ മുന്നണിയോ സര്‍ക്കാരോ റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടുമില്ല. തമ്മിലാര് എന്നു ചിന്തിക്കുമ്പോള്‍, തങ്ങള്‍ ചെയ്തുവന്നവര്‍ക്ക് തന്നെ വോട്ട് കുത്താനെ സ്വഭാവികമായി തീരുമാനം എടുക്കൂ. അതുകൊണ്ട് പരിസ്ഥിതി പ്രശ്‌നവും റബറും കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്നു തന്നെയാണ് വിശ്വാസം”; റബര്‍ കര്‍ഷകനും മുന്‍കാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജോര്‍ജ് പറയുന്നു.

മാണി വികാരം

പാലാ എന്നാല്‍ കെ.എം മാണി എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലില്‍ പതിരുണ്ടോ എന്നൊരന്വേഷണവും ആവശ്യമാണ്. പാലായ്ക്ക് മാണിയോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ മരണശേഷവും നിലനില്‍ക്കുന്നുണ്ടെങ്കില്‍, രണ്ടിലയില്ലെങ്കില്‍ പോലും ജോസ് ടോം സുനിശ്ചിതമായി വിജയിക്കും. പാല നഗരസഭയില്‍ നമ്മളീ ചോദ്യം ഉയര്‍ത്തിയപ്പോള്‍ മാണി സാര്‍ ഒരാവേശമായി ഇപ്പോഴും അവിടെയുണ്ട്. എന്നാലത് പൂര്‍ണമായിട്ടുമല്ലെന്നതും കൂടി മനസിലാക്കണം. കാരണം, മാണി വികാരം എന്ന ഘടകം ഒഴിവാക്കിക്കൊണ്ട് ജോസ് ടോമിന്റെ വിജയത്തെക്കുറിച്ച് പറയുന്നവരുമുണ്ടായിരുന്നു. അവരില്‍ കേരള കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും ഉണ്ടായിരുന്നു. മാണി സാര്‍ ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ തന്നെ വേണമെന്ന തരത്തിലൊക്കെയാണ് പലരും ഈ ചോദ്യത്തിനുത്തരം പറഞ്ഞത്.

നഗരസഭയിലെ സംസാരം ഇത്തരത്തിലൊക്കെയാണെങ്കിലും അവിടെ നിന്നും പുറത്തേക്ക് വരുമ്പോള്‍, മാണി വികാരം എന്നൊന്നില്ല എന്നു സമര്‍ത്ഥിക്കുന്നവരാണ് കൂടുതല്‍. “അതൊരു മിത്തായിരുന്നു. മനഃപൂര്‍വം ഉണ്ടാക്കിയ ഒരു മിത്ത്. അതിങ്ങനെ പാടിപ്പാടി ഉറപ്പിക്കുകയാണ് ചെയ്തത്. ഗ്രാമങ്ങളിലേക്ക് ഇറങ്ങിയാല്‍ ഇതിലെ പൊള്ളത്തരം മനസിലാകും”; എന്നു പറയുന്നവര്‍ ഇപ്പോഴും കേരള കോണ്‍ഗ്രസ് (എമ്മി)ല്‍ തന്നെ നില്‍ക്കുന്നവരാണ്. അവര്‍ ചൂണ്ടിക്കാണിക്കുന്ന ചില കണക്കുകളും കാര്യങ്ങളുമാണ് ഇനി പറയുന്നത്; “മാണി വികാരം എന്നൊന്നുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ ഭൂരിപക്ഷം എത്രയായിരുന്നുവെന്നു നോക്കൂ, വെറും 4,703 വോട്ടുകള്‍. 2011 ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 5259 ആയിരുന്നു. ഭൂരിപക്ഷം കുറഞ്ഞാണ് വന്നത്. ആ കുറവ് തുടര്‍ച്ചയായി സംഭവിക്കുന്നുണ്ടായിരുന്നു. 2011 ല്‍ 61,239 വോട്ടുകളാണ് മാണിക്ക് കിട്ടിയത്, 2016 ആയപ്പോള്‍ 58,884 ആയത് മാറി, 2355 വോട്ടുകള്‍ നഷ്ടപ്പെട്ടു. 2011 ല്‍ 49 ശതമാനം വോട്ടു നേടിയയാള്‍ക്ക് 2016 ല്‍ 42 ശതമാനം വോട്ടേ നേടാന്‍ കഴിഞ്ഞുള്ളൂ. 2006 മുതല്‍ ഈ കുറവ് അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുകയാണ്. വേറൊരുദാഹരണം പറയാം, 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തു നിന്നും ജോസ് കെ മാണി ജയിക്കുന്നത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷത്തിനാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മാണിക്ക് കിട്ടിയത് വെറും നാലായിരവും. മാണിക്ക് പാലായിലും കോട്ടയത്തും സ്വാധീനമുണ്ടെങ്കില്‍ ഈ അന്തരം വരുമോ? കോണ്‍ഗ്രസിനാണ് ഇവിടെ സ്വാധീനം, അതല്ലെങ്കില്‍ യുഡിഎഫിന്. പക്ഷേ, അത് മനസിലാക്കാന്‍ കോണ്‍ഗ്രസുകാര്‍ പോലും തയ്യാറാകുന്നില്ലെന്നിടത്താണ് എല്ലാം കെ.എം മാണിയാണെന്ന പ്രചാരണത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത്.

ഇവിടെ വേറൊരു കണക്കു കൂടി നോക്കണം. 2011-ല്‍ മാണി സി കാപ്പന്‍ നേടിയത് 55,980 വോട്ടുകളായിരുന്നു. 2016 ല്‍ അത് 54,181 ആയി. 1799 വോട്ട് കാപ്പനു പോയി. മാറ്റം വന്നിരിക്കുന്ന വോട്ടുകള്‍ നോക്കൂ, മാണിയുടെ വിജയം എങ്ങനെയൊക്കെയാണ് സംഭവിച്ചതെന്നതിനുള്ള ഉത്തരം അതിലുണ്ട്. മാണി വികാരം ഉണ്ടായിരുന്നുവെങ്കില്‍ ഇത്രയും കുറഞ്ഞ വോട്ടുകളാണോ കിട്ടുക? കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതിലും വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അതുകൊണ്ട് കോട്ടയത്ത് തിരുവഞ്ചൂര്‍ വികാരം ഉണ്ടെന്നു പറയുമോ? വേറെ ഏതെങ്കിലും മണ്ഡലത്തില്‍ ഇത്തരം മിത്തുകള്‍ ഒരു രാഷ്ട്രീയക്കാരനെപ്പറ്റി പറഞ്ഞു കേള്‍ക്കുന്നുണ്ടോ? രാഷ്ട്രീയ സാമര്‍ത്ഥ്യം മാണി സാറിനോളം മറ്റാര്‍ക്കെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയമാണ്. ഒരു വോട്ട് അദ്ദേഹം ആഗ്രഹിച്ചാല്‍ അതെങ്ങനെയാണെങ്കിലും സ്വന്തമാക്കിയിരിക്കും. അതൊരു രാഷ്ട്രീയ ബുദ്ധിയാണ്. അമ്പതു വര്‍ഷത്തോളമായി ഈ മണ്ഡലത്തില്‍ മത്സരിച്ചു വരുന്നൊരാള്‍ക്ക് ഇവിടുത്തെ ജനങ്ങളെ നന്നായി അറിയാം. ആര് വോട്ട് ചെയ്യും ചെയ്യില്ല എന്നൊക്കെ പുള്ളിക്കറിയാം. വോട്ട് ചെയ്യാന്‍ സാധ്യതയില്ലാത്തവരെ തന്റെ വരുതിയിലാക്കാനും കഴിയുമായിരുന്നു. മാത്രമല്ല, കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകളിലും മാണിയുടെ എതിരാളികള്‍ ആരൊക്കെയായിരുന്നുവെന്നു കൂടി നോക്കണം. തുടക്ക കാലത്ത് എം.എം ജേക്കബിനെപ്പോലുള്ളവര്‍ നിന്നിരുന്നുവെന്നു പറയാമെങ്കിലും ഒരു ശക്തനായ സ്ഥാനാര്‍ത്ഥി പാലായില്‍ മാണിക്കെതിരേ വന്നിട്ടില്ലല്ലോ. കോണ്‍ഗ്രസിന് സ്വാധീനമുള്ളൊരു മണ്ഡലമായിരുന്നു പാലാ. എന്നിട്ടും മാണിയെങ്ങനെ അവിടെ വിജയിച്ചു വന്നൂവെന്നും ഓര്‍ക്കണം. ഇപ്പോഴും പാലാ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ എല്ലാവരും മാണിക്ക് വോട്ട് ചെയ്യുകയാണെന്നു കരുതുന്നുണ്ടോ? ഒരിക്കലുമില്ല. തന്റെ എതിര്‍ സ്ഥനാര്‍ത്ഥി ആരാകണെമെന്നു പോലും നിശ്ചയിക്കാന്‍ കഴിയുന്ന രാഷ്ട്രീയ വൈദഗ്ധ്യം ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് അര നൂറ്റാണ്ടിലേറെയായി അദ്ദേഹം ഇവിടുത്തെ സ്ഥിരം ജനപ്രതിനിധിയായത്. മാണി സര്‍വസ്സമ്മതനായിരുന്നുവെങ്കില്‍ 2004 ല്‍ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ ജോസ് കെ. മാണി തോല്‍ക്കില്ലായിരുന്നു. ജോസ് കെ മാണി പിന്നീട് കോട്ടയത്ത് ജയിച്ചു തുടങ്ങിയപ്പോള്‍ എതിരാളികള്‍ ആരൊക്കെയായിരുന്നുവെന്നു കൂടി നോക്കണം. അതാണ് മാണിയുടെ വിജയം”.

ഇപ്പോള്‍ പാലായില്‍ നിന്നും ഇല്ലാതായിരിക്കുന്നത് ആ മാണി ഫാക്ടര്‍ ആണെന്നാണ് പൊതുവിലുള്ള സംസാരം. താന്‍ ആഗ്രഹിക്കുന്ന വോട്ട് തനിക്ക് തന്നെ കിട്ടുന്ന തരത്തില്‍ രാഷ്ട്രീയം കളിക്കാനറിയാമായിരുന്ന മാണി ഇല്ലെന്നതാണ് ഇത്തവണത്തെ വ്യത്യാസമായി കാണാന്‍ കഴിയുക. ആ കഴിവ് ഒരിക്കലും ജോസ് കെ. മാണിക്ക് ഇല്ല. ജോസ് ടോമിനും ഇല്ല എന്ന വിലയിരുത്തിലില്‍ കഴമ്പില്ലെന്നു പറയാനും കഴിയില്ല.

എന്നാല്‍ ഇടതുമുന്നണിയും മാണി സി. കാപ്പനും എങ്ങനെയീ അവസരം മുതലെടുക്കുന്നു എന്നതിലാണ് സംശയം നില്‍ക്കുന്നത്. ജയിക്കാനായിരുന്നെങ്കില്‍ കാപ്പനത് കഴിഞ്ഞ തവണയേ ആകാമായിരുന്നുവെന്നു പറയുന്നവരുമുണ്ട് പാലായില്‍. മാണിയേക്കാള്‍ പാലായില്‍ വേരിറക്കമുള്ള കുടുംബമാണ് കാപ്പന്റേത്. രാഷ്ട്രീയ പരമ്പര്യവും ഉണ്ട്. എന്നിട്ടും മാണി സി. കാപ്പന്‍ തുടര്‍ച്ചയായി തോറ്റുകൊണ്ടേയിരുന്നതിനു പിന്നില്‍ രണ്ടു മാണിമാര്‍ക്കുമിടയില്‍ നിലനിന്നിരുന്ന അഡ്‌ജെസ്റ്റ്‌മെന്റായിരുന്നുവെന്ന കളിയാക്കലുകള്‍ പാല ടൗണില്‍ തൊട്ട് കേള്‍ക്കാം. ഇടതു മുന്നണി ഇത്തവണ ശക്തമായ പ്രചരണം തന്നെ നടത്തുന്നുണ്ട്. ഇതൊരവസരം എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് കരുതിയിട്ടുണ്ടെന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ശരീരഭാഷയില്‍ ഉണ്ടാക്കിയിരിക്കുന്ന ആവേശത്തില്‍ നിന്നും മനസിലാകും. സിപിഎമ്മിനു പോലും മാണിയോട് ഒരു താത്പര്യം ഉണ്ടായിരുന്നുവെന്നത് രഹസ്യമല്ല. ഇത്തവണ പക്ഷേ മാണിയില്ല, മാണി കുടുംബത്തില്‍ നിന്നുള്ളവരുമല്ല. അതുകൊണ്ട് തന്നെ മനഃസാക്ഷിക്കുത്ത് തോന്നാതെ ഇത്തവണ കാപ്പനു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫിനെക്കുറിച്ചുള്ള വര്‍ത്തമാനം.

സമുദായം

കത്തോലിക്ക വോട്ടുകളാണ് പാലായിലെ വിജയിയെ തീരുമാനിക്കുന്നത്. ആ വോട്ടുകളില്‍ അധികവും നേടിയിരുന്നത് കെ.എം മാണിയുമായിരുന്നു. ഈഴവ-നായര്‍ വോട്ടുകളും നിര്‍ണായകമാണ്. ഭൂരിപക്ഷത്തില്‍ നേരിയ വ്യത്യാസം മാത്രം വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പക്ഷേ, ഇത്തവണ ക്രിസ്ത്യന്‍ വോട്ടുകളുടെ കാര്യത്തില്‍ ജോസ് ടോമിന് ആശങ്കപ്പെടാനുള്ള കാര്യങ്ങളൊക്കെ നടന്നു കഴിഞ്ഞിട്ടുണ്ട്. ജോസഫ്- ജോസ് കെ. മാണി തര്‍ക്കത്തില്‍ പാല രൂപത ജോസ് കെ. മാണിയോട് ചെറിയ പിണക്കത്തിലാണ്. മെത്രാന്‍ വിളിച്ച പരിഹാര ചര്‍ച്ചയില്‍ ജോസ് കെ. മാണി വിഭാഗം പങ്കെടുക്കാത്തതിന്റെ നീരസം. സിനഡ് നടക്കുമ്പോള്‍ കാക്കനാട് മൗണ്ട് സെന്റ്‌ തോമസില്‍ പാലാ രൂപത മെത്രാനെ കാണാന്‍ ചെന്ന ജോസ് ടോമിനെ കല്ലറങ്ങാട്ട് പിതാവ് വേണ്ടവിധം ഗൗനിച്ചില്ലെന്നു പറഞ്ഞു തരുന്നത് ജോസഫ് ഗ്രൂപ്പ് തന്നെയാണ്. മെത്രാന്റെ പിന്തുണ തങ്ങള്‍ക്കാണെന്നാണ് ഇതുകൊണ്ട് ജോസഫ് വിഭാഗം വ്യക്തമാക്കാന്‍ ശ്രമിക്കുന്നതും. പാലായിലെ കാര്യങ്ങളില്‍ അരമന ഇടപെടാറുണ്ട്. പണ്ടത്തെയത്ര ഇല്ലെങ്കിലും അരമന വാക്ക് അനുസരിക്കുന്നവരാണ് കൂടുതലും. മാണിയോട് എന്നും താത്പര്യം കാണിച്ചിള്ളവരുമാണ് രൂപത പുരോഹിതര്‍. കള്ളന്മാര്‍ക്കും അഴിമതിക്കാര്‍ക്കും വോട്ട് ചെയ്യരുതെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കെസിബിസി ഇടയലേഖനം ഇറക്കിയിരുന്നു. പാലായിലെ പള്ളികളില്‍ അങ്ങനെയൊരു ഇടയലേഖനം എത്താതെ പോയത് പാല രൂപതയിലെ ചില കൈകടത്തലുകള്‍ കൊണ്ടായിരുന്നുവെന്ന സംസാരം ഇപ്പോഴുമുണ്ട്. കന്യാസ്ത്രീ മഠങ്ങളും ബിഷപ്പ് ഹൗസും മറ്റ് സഭ കേന്ദ്രങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്നത് പാല നഗരസഭയിലാണ്. പട്ടണത്തിലാണെങ്കില്‍ രൂപതയുടെ കീഴിലുള്ള വിവിധ കെട്ടിടങ്ങളും സ്ഥാപനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാംകൊണ്ട് ഒരു തീരുമാനം നടപ്പാക്കാന്‍ രൂപതയ്ക്ക് വലിയ പ്രയാസമൊന്നും ഇല്ല. ആ ബലം ഇത്തവണ ജോസ് ടോമിന് കിട്ടുമോയെന്നതിലാണ് സംശയം.

മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. പഴയ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ആയിരുന്ന ആറോളം പഞ്ചായത്തുകള്‍ ഇപ്പോള്‍ പാല മണ്ഡലത്തിലുണ്ട്. രാമപുരം, എലിക്കുളം, മൂന്നിലവ് തുടങ്ങിയ പഞ്ചായത്തുകളില്‍ കെ.എം മാണിക്ക് തന്നെ വലിയ പിടിയില്ലായിരുന്നു. ഇവിടങ്ങളില്‍ റോമന്‍ കത്തോലിക്കര്‍ക്കൊപ്പം സിഎസ്ഐക്കാര്‍ക്കും സ്വാധീനമുണ്ട്. സിഎസ്‌ഐ ബിഷപ്പ് ഹൗസ് ഇരിക്കുന്നത് എലിക്കുളത്താണ്. സിഎസ്ഐക്കാര്‍ക്ക് കേരള കോണ്‍ഗ്രസിനോട് അത്രകണ്ട് മതിപ്പില്ല. പാല രൂപതയില്‍ നിന്നും പറയുന്നത് അതേപോലെ അനുസരിക്കുന്ന വിശ്വാസികളുടെ കാലം കഴിഞ്ഞെന്നതും, അതേസമയം സിഎസ്ഐ സഭ ബിഷപ്പ് പറഞ്ഞാല്‍ ആ പ്രദേശത്തെ ആളുകള്‍ ഇപ്പോഴും അനുസരിക്കുമെന്നതും കാപ്പനാണ് ഗുണം ചെയ്യുക.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അവരുടെ വോട്ട് വിഹിതം കൂട്ടിയിരുന്നു. 24821 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി എന്‍. ഹരി കഴിഞ്ഞ തവണ പിടിച്ചത്. എന്‍. ഹരിയെ തന്നെയാണ് ബിജെപി ഇത്തവണയും ഇറക്കിയിരിക്കുന്നത്. പത്തനംതിട്ട കഴിഞ്ഞാല്‍ ശബരിമല വികാരം ഏറെ ആളിക്കത്തിയ ഒരു ജില്ല കൂടിയായിരുന്നു കോട്ടയം. ഇതിന്റെ ഗുണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ ശബരിമല ഇനി ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് പറയുമ്പോഴും പാലയില്‍ ഉയര്‍ന്നു വരുന്ന ഹിന്ദു വികാരം കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. സവര്‍ണ ക്രൈസ്തവ വോട്ടുകള്‍ക്കൊപ്പം നായര്‍ വോട്ടുകളും പതിവായി കിട്ടിയിരുന്നത് കെ.എം മണിക്ക് ആയിരുന്നെങ്കിലും ഇത്തവണ നായര്‍ വോട്ടുകള്‍ എങ്ങോട്ട് ചായും എന്നത് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.

ഈഴവ വോട്ടുകള്‍ ഉണ്ടെങ്കിലും ബിഡിജെഎസ് കാര്യമായ ചലനം ഉണ്ടാക്കില്ല. എന്നാല്‍  കളിയങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ കഴിവുള്ള രണ്ടായിരത്തിനു മുകളില്‍ വോട്ട് എസ്എന്‍ഡിപിയുടെ കൈയിലുണ്ട്. കഴിഞ്ഞ തവണ ആ വോട്ടുകള്‍ മുഴുവന്‍ വാങ്ങാന്‍ മാണിക്ക് കഴിഞ്ഞു. ഇത്തവണ അത് ജോസ് ടോമിനു പോകാനും പോകാതിരിക്കാനും സാധ്യതയുണ്ട്. കരിങ്ങോഴയ്ക്കല്‍ തറവാടും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലൊന്നും വന്നിട്ടില്ലാത്ത സ്ഥിതിക്ക് കഴിഞ്ഞ തവണത്തെ സാഹചര്യം തന്നെ ആവര്‍ത്തിക്കാനാണ് കൂടുതല്‍ സാധ്യത. അതേസമയം തന്നെ സിപിഎമ്മിന്റെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ മറിച്ചും സംഭവിക്കാം. മാണിക്ക് കഴിഞ്ഞ തവണ കിട്ടിയ ഭൂരിപക്ഷം വച്ച് കണക്കുകൂട്ടിയാല്‍ എസ്എന്‍ഡിപി വോട്ടുകളൊക്കെ വളരെ നിര്‍ണായകമാണ്. അതുകൊണ്ട് ഇത്തവണത്തെ സാമുദായിക-മത വോട്ടുകളുടെ കാര്യത്തില്‍ പഴയൊരു ഉറപ്പ് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല.

കേരള കോണ്‍ഗ്രസ് (എമ്മി)ലെ തമ്മിലടി മാത്രമല്ല, ഈ ഉപതെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുകയെന്നതാണ് കാണാന്‍ കഴിയുന്നത്. അവയ്‌ക്കെല്ലാം പുറമേയാണ് ഇപ്പോഴത്തെ അടി. ഇതെല്ലാം കൂടി ചേര്‍ത്ത് വച്ചു പറയുമ്പോഴാണ്, കടുത്ത കേരള കോണ്‍ഗ്രസുകാരന്‍ പോലും തന്റെ സ്ഥാനാര്‍ത്ഥിയുടെ വിജയം ഒരുപക്ഷേയില്‍ നിര്‍ത്തേണ്ടി വരുന്നത്. എന്തായാലും ഇതുവരെ കഴിഞ്ഞുപോയ തെരഞ്ഞെടുപ്പുകള്‍ പോലെയല്ല, പാലായില്‍ ഈ മാസം 29 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. ആരുടെ കണക്കുകള്‍ പിഴയ്ക്കും, ജയിക്കും എന്നതിനായി അന്നുവരെ കാത്തിരിക്കേണ്ടി വരും, അതിനു മുമ്പൊരു ഉറപ്പ് ഒരു സ്ഥാനാര്‍ഥിക്കും ഇത്തവണ ഉറപ്പിച്ചു പറയാന്‍ കഴിയില്ല എന്നതാണ് പാലായുടെ ഇതുവരെയുള്ള ചിത്രം. രണ്ടില ചിഹ്നമില്ലാതെ ഒരു കേരള കോണ്‍ഗ്രസ് (എം) എന്നതാണ് അതില്‍ പ്രധാനം.

Read Azhimukham: വെള്ളമടിയും ആഘോഷവും; ചില പാലാ-ബോണ്‍മൗത്ത് പൊരുത്തങ്ങള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍