UPDATES

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ബ്ലോഗ്

ഉപതിരഞ്ഞെടുപ്പുകളിലെ മുന്നണികളുടെ മോഹങ്ങൾ

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തുമാണ് ബിജെപിയുടെ മോഹം

കെ എ ആന്റണി

പാലാ ഉപ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം ആ സീറ്റ് കേരള കോണ്‍ഗ്രസ് നിലനിര്‍ത്തുമോ എന്നതായിരുന്നുവെങ്കില്‍ തൊട്ടു പിന്നാലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഉയരുന്ന ചോദ്യം മഞ്ചേശ്വരത്തും വട്ടിയൂര്‍കാവിലും ബിജെപി അട്ടിമറി വിജയം നേടുമോ എന്നതാണ്. ഇതോടൊപ്പം തന്നെ ഏറെ സജീവമാണ് വട്ടിയൂര്‍ക്കാവില്‍ വീണ്ടും കുമ്മനം രാജശേഖരനും മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനും ബിജെപിക്കുവേണ്ടി പടനയിക്കുമോ എന്ന ചോദ്യവും.

വീണ്ടും മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ പറയുന്നുണ്ടെങ്കിലും കുമ്മനം ഇനിയും മനസ്സ് തുറന്നിട്ടില്ല. ബിജെപിക്കു ഏറെ വിജയ സാധ്യത കല്പിക്കപ്പെടുന്ന മണ്ഡലങ്ങളാണ് മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും എന്നതുകൊണ്ട് തന്നെ മറ്റു ചില നേതാക്കള്‍ സീറ്റിനുവേണ്ടിയുള്ള ചരടുവലികള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടുതാനും. എങ്കിലും കൂടുതല്‍ വിജയ സാധ്യതയുള്ളവര്‍ മത്സരിക്കട്ടെ എന്നൊരു തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്ന പക്ഷം കുമ്മനത്തെയും സുരേന്ദ്രന്റെയും വീണ്ടും പ്രതീക്ഷിക്കാം.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ മുരളീധരനോട് പരാജയപ്പെട്ടെങ്കിലും സി പി എമ്മിലെ ടി എന്‍ സീമയെ പിന്തള്ളി വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ ആദ്യമായി രണ്ടാം സ്ഥാനത്തെത്തിച്ചതിന്റെ ക്രെഡിറ്റ് കുമ്മനത്തിനുകൂടി അവകാശപ്പെട്ടതാണ്. അതേസമയം തന്നെ ഇക്കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു തിരുവനന്തപുരം മണ്ഡലത്തില്‍ വന്നു മത്സരിച്ചു കോണ്‍ഗ്രസിലെ ശശി തരൂരിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ നാണക്കേട് ബാക്കിനില്‍ക്കുന്നു. കുമ്മനത്തെപോലെ മുതിര്‍ന്ന ഒരു നേതാവിനെ വീണ്ടും പരീക്ഷിച്ചു നാണം കെടണമോ എന്ന ചോദ്യം പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ഉയര്‍ത്തുന്നുമുണ്ട്. ആര്‍ എസ് എസും ബി ജെ കേന്ദ്ര നേതൃത്വവും ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം.

എന്നാല്‍, കെ സുരേന്ദ്രന്റെ കാര്യം അങ്ങനെയല്ല. രണ്ടാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര മന്ത്രിയായ വി മുരളീധരന്റെ വിശ്വസ്തന്‍ എന്ന നിലക്ക് സമ്മതം മൂളുക മാത്രമേ വേണ്ടൂ. അതേസമയം സുരേന്ദ്രനെ മത്സര രംഗത്തുനിന്നും മാറ്റി നിറുത്തി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം മുരളീധരന്‍ നടത്തുവെന്നൊരു വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ടു ബി ജെ പി യില്‍ ചേക്കേറിയ എ പി അബ്ദുള്ളക്കുട്ടിയെ മഞ്ചേശ്വരം മണ്ഡലത്തില്‍ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ടാരി, കഴിഞ്ഞ തവണ കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ച രവീശതന്ത്രി കുണ്ടാര്‍ എന്നിവരുടെ പേരുകളൂം പരിഗണയിലുണ്ട്.

മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങള്‍ കൂടാതെ ബിജെപി ഇത്തവണ ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് രണ്ടു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് പ്രതിനിധാനം ചെയ്തുവന്നിരുന്ന കോന്നി. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍പ്പെട്ട ഈ മണ്ഡലത്തില്‍ ശബരിമല വിഷയം വീണ്ടും ആളിക്കത്തിച്ചു വോട്ടുപിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബി ജെ പി. കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പില്‍ കോന്നി നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതും അവരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്നുണ്ട്. ശബരിമല പ്രക്ഷോഭ നായകന്‍ എന്ന നിലയില്‍ കെ സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞു.

എന്നാല്‍ ശബരിമല പ്രശ്‌നം കഴിഞ്ഞ തവണ കൂടുതല്‍ ഉപകരിച്ചത് കോണ്‍ഗ്രസിനും യു ഡി എഫിനും ആണെന്നത് ബിജെ പിയും കാണാതിരിക്കുന്നില്ല. എങ്കിലും ഇക്കഴിഞ്ഞ ലോക്സഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി പച്ച തൊട്ടില്ലെങ്കിലും കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല പ്രഭാവത്തോടെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നുവെന്നത് ഈ ഉപതെരെഞ്ഞെടുപ്പിലെങ്കിലും തങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. വലിയ പ്രതീക്ഷകളുമായി ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ ലോക്‌സഭ തിരെഞ്ഞെടുപ്പില്‍ ഉണ്ടായ വലിയ വിജയം ഉപതെരെഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലില്‍ തന്നെയായാണ് കോണ്‍ഗ്രസ്സും യുഡിഎഫും.

ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ അരൂര്‍ ഒഴികെ നാലും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇതില്‍ മുസ്ലിം ലീഗിന്റെ മഞ്ചേശ്വരം ഒഴികെ മൂന്നെണ്ണവും കോണ്‍ഗ്രസിന്റെ സീറ്റുകള്‍. പതിവുപോലെ സീറ്റു മോഹികളുടെ ഒരു വലിയ പട തന്നെ രംഗത്തുണ്ട്. ഇത് തന്നെയാണ് നേതൃത്വത്തെ വലക്കുന്ന പ്രധാന പ്രശ്‌നവും. വട്ടിയൂര്‍ കാവിലും കോന്നിയിലും എറണാകുളത്തും യഥാക്രമം കെ മുരളീധാരന്റെയും അടൂര്‍ പ്രകാശിന്റെയും ഹൈബി ഈഡന്റെയും പിന്‍ഗാമികള്‍ അവര്‍ തന്നെ തീരുമാനിക്കുന്ന സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി പി എമ്മിലെ എ എം ആരിഫിനോട് പരാജയപ്പെട്ടെങ്കിലും ആരിഫിന്റെ സ്വന്തം മണ്ഡലമായ അരൂരില്‍ മേല്‍കൈ നേടാന്‍ കഴിഞ്ഞ തനിക്കു തന്നെ സീറ്റു കിട്ടിയാല്‍ കൊള്ളാമെന്ന മോഹം ഷാനിമോള്‍ ഉസ്മാന്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഇതേ സീറ്റിനുവേണ്ടി മുന്‍ എം എല്‍ എ യും ഡി സി സി പ്രസിഡന്റുമായിരുന്ന എ എ ഷുക്കൂറും രംഗത്തുണ്ട്. മത്സരിക്കാനില്ലെന്ന് ഡി സി സി പ്രസിഡണ്ട് എം ലിജു പറയുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ ഈഴവ സമുദായത്തിനുള്ള മേല്‍കൈ പരിഗണിച്ചു അതേ സമുദായക്കാരനായ ലിജുവിന് തന്നെ ഒടുവില്‍ നറുക്കു വീണുകൂടാതെയുമില്ല.

ടിക്കറ്റ് മോഹികളാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെങ്കില്‍ കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടി എങ്ങനെ മറികടക്കും എന്നതാണ് സി പി എമ്മിനെ അലട്ടുന്നത്. ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ അഞ്ചു സീറ്റും നിലവില്‍ സി പി എം മത്സരിക്കുന്നവയാണ്. ഇതില്‍ സിറ്റിംഗ് സീറ്റായ അരൂര്‍ എങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ നാണക്കേടാവും. അതുപോലെ തന്നെ തങ്ങള്‍ മുന്‍പ് ജയിച്ചിട്ടുള്ള വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം സീറ്റുകളില്‍ ചുരുങ്ങിയ പക്ഷം ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണത്തിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് സര്‍ക്കാരിന്റെ ഭരണ മികവിനുള്ള അംഗീകാരമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും എന്നതും സി പി എം നേതൃത്വത്തിന് നന്നായി അറിയാം. ലോക് സഭ തിരഞ്ഞെടുപ്പിലെ കനത്ത പാരായജയം ശബരിമല എന്ന ഒറ്റ വിഷയം കൊണ്ട് സംഭവിച്ചതല്ലെന്നു ജനത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും സി പി എമ്മിനുമേല്‍ വന്നു ചേര്‍ന്നിരിക്കുന്നു.

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍