UPDATES

കേരളത്തില്‍ അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 21ന്, 24ന് വോട്ടെണ്ണൽ, നാമനിർദ്ദേശ പത്രിക നാലാം തീയതി വരെ

പെരുമാറ്റച്ചട്ടം ഇന്ന് നിലവിൽ വന്നു

കേരളത്തില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. അടുത്ത മാസം 21നാണ് വോട്ടെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഡൽഹിയിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു.

വോട്ടെണ്ണൽ  അടുത്ത മാസം 24 നാണ്  മഹാരാഷ്ട്രയിലും ഹരിയാനയിലും ഇതേ ദിവസമാണ് വോട്ടെണ്ണല്‍. 64 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ചവര്‍ രാജിവെച്ച ഒഴിവിലും മഞ്ചേശ്വരത്ത് എംഎല്‍എയായിരുന്ന പി ബി അബ്ദുള്‍ റസാഖ് അന്തരിച്ച ഒഴിവിലുമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എംഎല്‍എമാരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  ഹൈബി ഈഡൻ, എ എം ആരിഫ്, അടുർ പ്രകാശ്, കെ മുരളീധരൻ എന്നിവരാണ് ലോക് സഭയിലേക്ക് വിജയിച്ചതിനെ തുടർന്ന് എം എൽ എസ്ഥാനം രാജിവെച്ചത്.

അരൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളും യുഡിഎഫിന്റെ കൈയിലാണ്. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുള്‍ റസാഖ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രനെ കേവലം 89 വോട്ടിനാണ് തോല്‍പ്പിച്ചത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് ഏറ്റവും പ്രധാനം മഞ്ചേശ്വരമാണ്.

വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ 7622 വോട്ടുകള്‍ക്കാണ് ബിജെപിയിലെ കുമ്മനം രാജശേഖരനെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ തോല്‍പ്പിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയെന്നത് കൊണ്ടുതന്നെ വട്ടിയൂര്‍ക്കാവില്‍ ശക്തമായ മല്‍സരത്തിന് ബിജെപി തയ്യാറെടുക്കുമെന്ന കാര്യം ഉറപ്പാണ്.

എറണാകുളം യുഡിഎഫ് ശക്തികേന്ദ്രമാണ്. 21,949 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ച ഏറ്റവും നല്ല ഭൂരിപക്ഷം അരൂരിലായിരുന്നു. എ എം ആരിഫ് 38519 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോന്നിയും പരമ്പരാഗതമായി യുഡിഎഫ് മണ്ഡലമാണ്. 20,748 വോട്ടുകള്‍ക്കാണ് അടൂര്‍ പ്രകാശ് വിജയിച്ചത്.

കേരളത്തില്‍ ഇത്രയധികം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് സാധാരണമല്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയ രംഗം വീണ്ടും സജീവമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍