UPDATES

കോഴിക്കോട് നന്തി-ചെങ്ങോട്ടുകാവ് ബൈപാസ്; നിരാലംബരായ കുറെ മനുഷ്യരുടെ ജീവിതത്തിനു മുകളിലൂടെ ആരു വരച്ച പ്ലാനാണിത്

ബൈപ്പാസ് നിര്‍മാണം ഇപ്പോഴത്തെ പ്ലാന്‍ അനുസരിച്ചു തന്നെ നടപ്പായാല്‍ ആശാനികേതന്‍ പൊളിച്ചു മാറ്റേണ്ടി വരും

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കോഴിക്കോട് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മാണം പ്രദേശത്തെ മാനസികാരോഗ്യ കേന്ദ്രമായ ആശാനികേതനിലെ അന്‍പത്തഞ്ചോളം വരുന്ന അന്തേവാസികളെ പെരുവഴിയിലേക്കിറക്കുന്നു. ബൈപ്പാസ് നിര്‍മാണം ഇപ്പോഴത്തെ പ്ലാന്‍ അനുസരിച്ചു തന്നെ നടപ്പായാല്‍ ആശാനികേതന്‍ പൊളിച്ചു മാറ്റേണ്ടി വരും. അങ്ങനെ വന്നാല്‍ തിരിച്ചു ചെല്ലാന്‍ വീടോ ഏറ്റെടുക്കാന്‍ ബന്ധുക്കളോ ഇല്ലാത്ത ഇവിടുത്തെ അന്തോവാസികളില്‍ ഭൂരിഭാഗത്തേയും ആരു സംരക്ഷിക്കുമെന്നുമുള്ള ആശങ്കയിലാണ് ഇവിടുത്തെ ഡോക്ടര്‍മാരും സ്റ്റാഫും. എന്നാല്‍, പ്രസ്തുത പ്രദേശത്ത് മാനസികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ടെന്ന വിവരം സര്‍വ്വേ റിപ്പോര്‍ട്ടില്‍ ലഭിച്ചിരുന്നില്ലെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വ്യക്തമാക്കുന്നത്.

നാല്പതുവര്‍ഷം മുന്‍പ് വിദേശിയായ ക്രിസ് സാഡ്‌ലറാണ് ലോകം ചുറ്റിക്കാണുന്ന തന്റെ യാത്രക്കിടയില്‍ കേരളത്തിലെത്തുന്നതും ഇത് സ്ഥാപിക്കുന്നതും. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനായി ഫ്രാന്‍സില്‍ നിലകൊള്ളുന്ന ഇന്റര്‍നാഷണല്‍ സംഘടനായ ‘ലാഷി’ന്റെ കേരളത്തിലെ ശാഖ എന്ന നിലയ്ക്കാണ് സ്‌കോട്‌ലാന്റുകാരിയായ ക്രിസ് ആശാനികേതന് തുടക്കമിടുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ബാംഗ്ലൂര്‍ തുടങ്ങി ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളിലും ലാഷിന്റെ തന്നെ സമാന കെയര്‍ വെല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിത്രന്‍ എന്ന രോഗിക്ക് ചികിത്സ നല്‍കി ആരംഭിച്ച ആശാനികേതന്‍ ഇന്ന് നാല്‍പ്പതാം വര്‍ഷത്തിലെത്തി നില്‍ക്കുന്നു. മിത്രന്‍ എന്ന ആദ്യ രോഗി ഇപ്പോഴും ഇവിടുത്തെ അന്തേവാസികളിലൊരാള്‍ തന്നെയാണ്. പത്ത് ഏക്കറിലായാണ് ആശാനികേതന്‍ വ്യാപിച്ചുകിടക്കുന്നത്. ഈ കേന്ദ്രവും ഇവിടുത്തെ സഹവാസികളും, മറ്റാരും തുണയില്ലാത്ത ഓരോ അന്തേവാസികള്‍ക്കും അവരുടെ കുടുംബമാണ്. മാനസികമായും ശാരീരികമായും പരിമിതികള്‍ ഉള്ള ഇവര്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തവും, സ്വന്തം മക്കളുടെ കാര്യത്തില്‍ ഒരു പിതാവിനുള്ള എല്ലാ ആശങ്കകളും ഇവിടുത്തെ അന്തേവാസികളുടെ കാര്യത്തില്‍ തനിക്കുണ്ടെന്ന് ആശാനികേതന്‍ ഗവേര്‍ണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ അഭിപ്രായപ്പെടുന്നു.

‘നാഷണല്‍ ഹൈവേ പോലൊരു പ്രോജക്റ്റ് തയ്യാറാക്കുമ്പോള്‍ കൃത്യമായ സര്‍വ്വേ നടത്തേണ്ടത് അത്യാവശ്യമാണ്. ഏറ്റവും രസരമായ കാര്യം നന്തി-ചെങ്ങോട്ടുകാവ് ബൈപാസ്സ് പ്ലാനിനായുള്ള സര്‍വ്വേ നടത്താന്‍ ഇതുവരെ ആരും വന്നിരുന്നില്ല എന്നതാണ്. ഹൈവേ കടന്നുപോകുന്ന പ്രദേശത്തിന്റെ സ്വഭാവവും സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളും ജനസാന്ദ്രതയുമെല്ലാം സര്‍വ്വേ റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തപ്പെടേണ്ടതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വന്ന് സര്‍വ്വേ നടത്താത്ത പക്ഷം ഇവിടെ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെയും ജനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകള്‍ എങ്ങനെയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്? ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യത്വമില്ലായെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രോജക്റ്റ്. പരാതിയുമായി ഞാന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ അവര്‍ നല്‍കിയ ന്യായീകരണം, സര്‍വ്വേയില്‍ ഇത്തരമൊരു മാനസികാരോഗ്യ കേന്ദ്രം ഉള്‍പ്പെടുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടില്ല എന്നതാണ്. പ്രദേശത്ത് നേരിട്ട് വന്ന് സര്‍വ്വേ നടത്താത്ത കാലത്തോളം എങ്ങനെയാണ് ഇതെല്ലാം ലഭ്യമാകുന്നത്.?

ഏരിയല്‍ സര്‍വ്വേ പോലെ മറ്റേതെങ്കിലും മാര്‍ഗമാണ് സ്വീകരിച്ചതെന്നുവേണം മനസ്സിലാക്കാന്‍. ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യത്തിന് അവരെ സന്ദര്‍ശിക്കാതെ എങ്ങനെയാണ് ഒരു പഠനം നടത്താന്‍ കഴിയുക എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

പത്തു മുതല്‍ എഴുപത്തിയഞ്ച് വയസ്സുവരെ പ്രായം ചെന്ന അന്തേവാസികളാണ് ഇവിടെയുള്ളത്. കിടപ്പിലയവരും വീല്‍ ചെയര്‍ ഉപയോഗിക്കുന്നവരുമെല്ലാം ഇതിലുണ്ട്. മാത്രമല്ല, ഭൂരിഭാഗം പേരും അനാഥരാണ്. മാനസിക വൈകല്യമുള്ളതിനാല്‍ തന്നെ മറ്റു അനാഥാലയങ്ങള്‍ ഇവരെ ഏറ്റെടുക്കാന്‍ മുന്നോട്ട് വരില്ല. തന്റെ പ്രായം പോലും തിരിച്ചറിയാന്‍ വകതിരിവില്ലാത്ത ഈ സാധുക്കള്‍ എങ്ങോട്ട് പോകുമെന്നതിന് ഉത്തരമില്ല.

പുതിയ അലൈന്‍മെന്റ് പ്രകാരം ഞങ്ങളുടെ വൊക്കേഷണല്‍ ട്രെയിനിങ് സെന്ററും ഓഫീസും അന്തേവാസികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും താമസസ്ഥലവും നഷ്ടപ്പെടും. അതിനെല്ലാമുപരി, വെള്ളത്തിന് ക്ഷാമമുള്ള ഈ കുന്നിന്‍ പ്രദേശത്ത് ആശാനികേതന്റെ മൂന്ന് കിണറുകളും നഷ്ടമാകും.

കൊയിലാണ്ടി പോലെ ട്രാഫിക് തിരക്ക് വളരെ കൂടുതല്‍ ഉള്ള ഒരു പ്രദേശത്ത് ഒരു ബൈപ്പാസ് കടന്നുപോകുന്നത് ഏറെ പ്രയോജനപ്രദമാണ്. നാഷണല്‍ ഹൈവേ പ്രോജെക്റ്റിന് ഞങ്ങള്‍ ഒരിക്കലും എതിരല്ല. ഞങ്ങളുടെ കെട്ടിടങ്ങളും കിണറും സംരക്ഷിച്ചുകൊണ്ടുള്ള നാഷണല്‍ ഹൈവേ പ്ലാനിനോട് എതിര്‍പ്പുമില്ല. മാനസിക വളര്‍ച്ചയില്ലാത്ത ഇവിടുത്തെ അന്തേവാസികള്‍ക്കിടയിലൂടെ, അല്ലെങ്കില്‍ തൊട്ട് മുന്‍പിലൂടെ ഹൈവേ പോലെ തിരക്കുപിടിച്ച റോഡുകള്‍ കടന്നുപോകുന്നതിലുണ്ടാകുന്ന അപ്രായോഗികതകളും ബുദ്ധിമുട്ടുകളും അപ്പോഴും ബാക്കി’ – ശ്രീധരന്‍ പറയുന്നു.

"</p

ഭിന്നശേഷിക്കാരായ ഒരുവിഭാഗം ആളുകള്‍ക്ക് താമസം നല്‍കുന്നു എന്നതിലപ്പുറം ഓരോ വ്യക്തിയുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള വൊക്കേഷണല്‍ എജ്യുക്കേഷനും കാലങ്ങളായി ആശാനികേതനില്‍ നടത്തിവരാറുണ്ട്. ഗാര്‍ഡന്‍, ഡേകെയര്‍, വൊക്കേഷണല്‍ ട്രെയിനിങ് എന്നിങ്ങനെ മൂന്നുതരം പ്രോഗ്രാമുകളാണുള്ളത്. പച്ചക്കറികള്‍, കശുവണ്ടി, തേങ്ങ തുടങ്ങി വിളകള്‍ നടുന്നത് മുതല്‍ കായ്ഫലം ലഭിക്കുന്നത് വരെയുള്ള സംരക്ഷണമാണ് ഗാര്‍ഡന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നത്. വിദ്യാഭ്യാസം പ്രധാനം ചെയ്യുന്ന ഡേകെയര്‍, ഔദ്യോഗികമായി പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ളതാണെങ്കിലും അതിന് മുകളില്‍ പ്രായമുള്ളവരും മധ്യവയസ്‌കരുമെല്ലാം പഠനത്തിനായി ഇരിക്കാറുണ്ട്. ഓരോരുത്തരും ചെയ്യുന്ന ജോലികള്‍ക്കനുയോജ്യമായ പണം നല്‍കുകയും, നിശ്ചിത സമയത്തിന് ശേഷം സാമ്പത്തിക വരുമാനം ലഭ്യമാക്കുന്ന തൊഴിലുകള്‍ അവസരപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. സമാനമായി, വൊക്കേഷണല്‍ ട്രെയിനിംഗ് പ്രോഗ്രാമുകളും അന്തേവാസികള്‍ക്കുള്ള വരുമാന മാര്‍ഗങ്ങളാണ്. ഹെര്‍ബല്‍ ഡ്രിങ്‌സ്, സോപ്പ്, കുട, ഗ്രീറ്റിംഗ് കാര്‍ഡ്‌സ്, ഫിനോയില്‍ തുടങ്ങി പലതരം നിത്യോപയോഗ സാധനങ്ങളുടെ നിര്‍മാണവും നടത്തുന്നുണ്ട്. രാവിലെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ യോഗയും മത പഠനവും നടത്തുന്നു. എല്ലാ വെള്ളിയാഴ്ച്ചകളിലും ഖുറാന്‍, ബൈബിള്‍, ഭാഗവത് ഗീത എന്നീ മതഗ്രന്ഥങ്ങള്‍ അന്തേവാസികള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. മത സൗഹാര്‍ദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണിതെന്ന് ആശാനികേതനിലെ സ്റ്റാഫ് അംഗങ്ങള്‍ ഒരേസ്വരത്തില്‍ പറയുന്നു.

സ്റ്റാഫില്‍ ഒരാളായ ഉഷ സംസാരിക്കുന്നു ; ‘ഇതൊരു കുടുംബമാണ്. അന്തേവാസികളും സ്റ്റാഫും ഡോക്ടറുമടങ്ങുന്ന വലിയ കുടുംബം. സ്വന്തം വീട്ടിലെ ഒരാള്‍ക്ക് അപകടം പറ്റിയാലുണ്ടാകുന്ന ആശങ്കയും വിഷമവുമെല്ലാം ഇവിടുത്തെ ഓരോരുത്തര്‍ക്കും മറ്റുള്ളവരുടെ കാര്യത്തില്‍ ഉണ്ട്. സുമനസ്സുകളുടെ സഹായം ഒന്നുകൊണ്ടു മാത്രമാണ് ഈ സ്ഥാപനം മുന്നോട്ട് പോകുന്നത്. പിറന്നാള്‍, വിവാഹ വാര്‍ഷികങ്ങള്‍, ചരമ വാര്‍ഷികങ്ങള്‍ തുടങ്ങി പല അവസരങ്ങളിലും നന്മയുള്ള ഒരു വിഭാഗം, അന്തേവാസികള്‍ക്കുള്ള ഭക്ഷണം നല്‍കുന്നു. ഭക്ഷണത്തിന് പുറമെ വസ്ത്രങ്ങളും മരുന്നുകളും മിക്ക അവസരങ്ങളിലും ലഭിക്കാറുണ്ട്. ഏറ്റവും സന്തോഷത്തോടെയാണ് എല്ലാവരും ഇവിടെ ജീവിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് ഇവര്‍ക്ക് ആഴ്ച്ചയിലെ ഏറ്റവും പ്രിയപ്പെട്ട ദിവസം. വേതനം നല്‍കുന്നതും, ഓരോരുത്തരുടെയും ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതും, എല്ലാ മതങ്ങളുടെയും പഠനം നടക്കുന്നതും അന്നാണ്. ഓണവും റംസാനും ക്രിസ്മസും ഞങ്ങള്‍ ആഘോഷിക്കാറുണ്ട്. ഒരാളെയും ഒന്നിന്റെ പേരിലും ഇവിടെ വേര്‍തിരിക്കാറില്ല.

സംസ്ഥാന സര്‍ക്കാര്‍ പോലും തിരിഞ്ഞുനോക്കാത്ത ഒരു പ്രദേശത്ത് ഒരു വിദേശ വനിത തുടങ്ങിവച്ച ഈ സ്ഥാപനത്തിന് നാല്‍പത് വര്‍ഷത്തെ പ്രായമുണ്ട്. വര്‍ഷത്തില്‍ ഒന്നോ ഒന്നില്‍ക്കൂടുതല്‍ തവണയോ അവര്‍ ഇവിടെ സന്ദര്‍ശിക്കാറുണ്ട്. ഇപ്പോഴും ഗവേര്‍ണിങ് വളണ്ടിയര്‍മാറില്‍ രണ്ടുപേര്‍ വിദേശികളാണ്. നാഷണല്‍ ഹൈവേ പ്രോജക്റ്റ് അന്തേവാസികളോട് മാത്രമല്ല, ഇത് തുടങ്ങിവച്ച വിദേശ സംഘടനയില്‍ ഉള്ളവരോട് കൂടെയുള്ള ചതിയാണ്. ഹോസ്റ്റലുകള്‍ പോലെ തിങ്ങി ഞെരുങ്ങിയുള്ള താമസം പോലും അന്തേവാസികള്‍ക്ക് അനുഭവിക്കേണ്ടിവരുന്നില്ല. കട്ടിലും അലമാരയും ഉള്‍പ്പെടെ സൗകര്യമുള്ള പ്രത്യേകം മുറികളാണ് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത്. തങ്ങളുടെ പരിമിതികള്‍ അവര്‍ അറിയരുതെന്നും ഒരു കുടുംബാന്തരീക്ഷം നിലനിര്‍ത്തണമെന്നുമുള്ളത് സ്‌കോട്ടലാന്റുകാരിയായ ഞങ്ങളുടെ മാഡത്തിന്റെ നിര്‍ബന്ധമാണ്…

നടക്കാന്‍ ശേഷിയില്ലാത്തവരും ഏറ്റെടുക്കാന്‍ ആളുകളില്ലാത്തവരുമായവര്‍ ഇവിടെയുണ്ട്. ഇവരെയെല്ലാം ഞങ്ങള്‍ എവിടെ ഏല്‍പ്പിക്കും?മാനസിക സ്ഥിരതയില്ലാത്ത ഇവരെ ആരേറ്റെടുക്കും? പ്രശ്‌നങ്ങള്‍ നിരവധിയാണ്.ഓരോരുത്തരുടെയും കാര്യത്തില്‍ ആശങ്കകള്‍ ഏറെയുണ്ട്’; ഉഷ ആശങ്കപ്പെടുന്നു.

മുഖ്യമന്ത്രിക്കും സ്ഥലം എംഎല്‍എയ്ക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്ന് ഇവര്‍ക്കറിയില്ല. ഭിന്നശേഷിക്കാരായ ഒരുപറ്റം ആളുകളുടെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാക്കുന്ന ഹൈവേ പ്ലാനിനെതിരേ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനാണ് തീരുമാനമെന്ന് ഗവേര്‍ണിങ് കൗണ്‍സില്‍ അറിയിച്ചു.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍