UPDATES

ട്രെന്‍ഡിങ്ങ്

2014 ല്‍ നാണക്കേട്, 2019ല്‍ പാര്‍ട്ടിക്കുള്ളില്‍ വിജയിച്ച് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി; സി ദിവാകരന്റെ കളിക്കളങ്ങള്‍

2014 ല്‍ പാര്‍ട്ടിക്ക് നാണക്കേടായി മാറിയ പേയ്‌മെന്റ് സീറ്റ് വിവാദത്തിലെ പ്രധാന കഥാപാത്രമായിരുന്ന ദിവാകരന്‍, 2019 ആകുമ്പോള്‍ അതേ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകുന്നു

2014 ല്‍ പാര്‍ട്ടിക്ക് നാണക്കേടായി മാറിയ പേയ്‌മെന്റ് സീറ്റ് വിവാദത്തിലെ പ്രധാന കഥാപാത്രമായിരുന്ന ദിവാകരന്‍, 2019 ആകുമ്പോള്‍ അതേ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകുന്നു! വിജയം ഉറപ്പില്ല, ഒരു സാധ്യത മാത്രമാണെങ്കിലും കേരളത്തിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ ലോക്‌സഭ മണ്ഡലമായ തിരുവനന്തപുരത്ത് സി ദിവാകരന്‍ മത്സരിക്കുന്നത് ഒരു എം പി സ്ഥാനം മാത്രം ലക്ഷ്യം വച്ചല്ല. തനിക്ക് നേരിട്ട തിരിച്ചടികള്‍ക്ക് മറുപടി കൊടുക്കണം, കൂടാതെ, സ്വയം കൂടുതല്‍ ഒതുങ്ങിപ്പോകാതെ നോക്കുകയും വേണം.

2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമില്‍ നിന്നും പണം വാങ്ങി തിരുവനന്തപുരം സീറ്റ് നല്‍കി, ഇതിനു ചുക്കാന്‍ പിടിച്ചത് അന്ന് ദേശിയ നിര്‍വാഹക സമിതി അംഗമായിരുന്ന ദിവാകരന്‍ ആയിരുന്നു എന്നതായിരുന്നു പേയ്‌മെന്റ് സീറ്റ് വിവാദം. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി അന്വേഷണം നടത്തുകയും സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം പി രാമചന്ദ്രന്‍ നായരെയും തിരുവനന്തപുരം ജില്ല സെക്രട്ടറി വെഞ്ഞാറമൂട് ശശിയേയും പുറത്താക്കുകയും സി ദിവാകരനെ സംസ്ഥാന എക്‌സിക്യുട്ടിവിലേക്ക് തരം താഴ്ത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങളും, ആരോപണങ്ങളുമാണ് ദിവാകരന് നേരിടേണ്ടി വന്നത്. അങ്ങനെയൊരു തെറ്റ് താന്‍ ചെയ്തിട്ടില്ലെന്ന് ദിവാകരന്‍ ആണയിടുന്നുണ്ടെങ്കിലും അവസരം പലരും ശരിക്കും മുതലെടുത്തു. ദിവാകരന് അതിന്റെ പേരില്‍ പലതും നഷ്ടപ്പെടുകയും ചെയ്തു. പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ സ്ഥാനത്തിന് തന്നെ ഇളക്കം തട്ടി. ദേശീയ നിര്‍വാഹക സമിതിയിംഗത്വം നഷ്ടപ്പെട്ടതൊക്കെ വലിയ തിരിച്ചടിയായി. ദിവാകരനെതിരേ നിന്നിരുന്നവര്‍ക്ക് വലിയൊരു ആയുധമായിരുന്നു ‘പേയ്‌മെന്റ് സീറ്റ്’. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുവരെ പ്രതീക്ഷിച്ചിരുന്ന നേതാവായിരുന്നു ദിവാകരന്‍. സികെ ചന്ദ്രപ്പന്റെ സംസ്ഥാന നേതൃത്വത്തിലേക്കുള്ള അപ്രതീക്ഷിത വരവ്, ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ പന്ന്യന്‍ രവീന്ദ്രന്റെ ഊഴം കിട്ടിയത്, കാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് എല്ലാം ദിവാകരന്‍ നിനച്ചിരിക്കാതെ കിട്ടിയ അടിയായിരുന്നു. കാനം പാര്‍ട്ടിക്കുള്ളില്‍ നടത്തിയ വെട്ടി നിരത്തലില്‍ കെ ഇ ഇസ്മായിലിനു മാത്രമല്ല, ദിവാകരനും അടിതെറ്റിയിരുന്നു. അതിനു പിന്നാലെയായിരുന്നു പേയ്‌മെന്റ് വിവാദവും.

സിപിഎമ്മിലെ പോലെ പരസ്യമായ വിഭാഗീയതയില്ലെങ്കിലും വിഭാഗീയതയുടെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല സിപിഐയും. കാനം രാജേന്ദ്രന്‍ നയിക്കുന്ന പക്ഷവും കെഇ ഇസ്മായില്‍ നയിക്കുന്ന പക്ഷവുമാണ് സജീവമായി രംഗത്തുള്ളത്. ഇസ്മായില്‍ വെളിയം ഭാര്‍ഗവന്റെ ശിഷ്യനും, കാനം സികെ ചന്ദ്രപ്പന്റെ ശിഷ്യനും ആയിരുന്നു. പ്രത്യക്ഷമായി സി ദിവാകരന്‍ ഈ രണ്ടു ഗ്രൂപ്പിലും ഉള്‍പ്പെടില്ല എങ്കിലും സിപിഐഎമ്മിനോടുള്ള അടുപ്പം ഇസ്മയില്‍ പക്ഷത്തിന് സി ദിവാകരനോടുള്ള സ്‌നേഹം കൂട്ടുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നൊരു ഏറ്റുമട്ടലിനു ദിവാകരനോട് തയ്യാറാകാത്തതിനു കാരണവും ഇത് തന്നെയാണ്. പാര്‍ട്ടി ദിവാകരനോട് വിധേയത്വം കാട്ടുന്നതിന്റെ മറ്റൊരു കാരണം മുഖപത്രമായ ജനയുഗം പുനരുജ്ജീവിപ്പിക്കാന്‍ സി ദിവാകരന്‍ കാഴ്ചവച്ച ആത്മാര്‍ത്ഥതയും മിടുക്കുമാണ്. തകര്‍ന്നു കൊണ്ടിരുന്ന പത്രത്തിനു ആവശ്യത്തിനു ഫണ്ട് സമാഹരിച്ചതിലും ഇപ്പോള്‍ കാണുന്ന തരത്തില്‍ അതിനെ മാറ്റിയെടുക്കുന്നതിലും സി ദിവാകരന്‍ വഹിച്ച പങ്ക് പാര്‍ട്ടിയ്ക്ക് വിസമരിക്കാന്‍ കഴിയാത്തതാണ്.

എങ്കില്‍ തന്നെയും ദിവാകരനെ ഒതുക്കാന്‍ തരം നോക്കിയിരുന്നവര്‍ പേയ്‌മെന്റ് സീറ്റ് വിവാദവും കൂടി ഉപയോഗപ്പെടുത്തി 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു കളി കളിച്ചിരുന്നു. രണ്ടു തവണ മത്സരിച്ചവരാരും മത്സരിക്കേണ്ട, മന്ത്രിയാകേണ്ട എന്ന സിപിഐയുടെ സ്ഥിരം ആയുധങ്ങള്‍ ഇറക്കി ഔദ്യോഗിക പക്ഷം വെട്ടാന്‍ ശ്രമിച്ചിട്ടും പാര്‍ട്ടിയിലെ തന്റെ വ്യക്തമായ സ്വാധീനം ഉപയോഗിച്ചു സീറ്റ് തരപ്പെടുത്തുകയും തോല്‍ക്കുമെന്നു ഉറപ്പുണ്ടായിരുന്ന മണ്ഡലത്തില്‍ കഠിനമായ മത്സരത്തിലൂടെ പൊരുതി ജയിച്ചതും സി ദിവാകരനിലെ രാഷ്ട്രീയക്കാരന്റെ ബുദ്ധി സാമര്‍ത്ഥ്യവും സ്വാധീന ശക്തിയുമാണ് വെളിപ്പെടുത്തുന്നത്. പേയ്‌മെന്റ്‌റ് സീറ്റ് വിവാദത്തില്‍ പെട്ട് പാര്‍ട്ടിക്കകത്തും പുറത്തും പ്രതിച്ഛായ നഷ്ടപ്പെട്ടു നിന്ന സി ദിവാകരനെയല്ല കേരളം 2016 നിയമസഭാതെരഞ്ഞെടുപ്പില്‍ കണ്ടത്. കരുനാഗപ്പള്ളി എന്ന സ്വന്തം തട്ടകത്തില്‍ മത്സരിപ്പിക്കാതെ, രണ്ടു തവണയായി എന്ന കാരണം ചൂണ്ടിക്കാട്ടി കൊല്ലം ജില്ലാ നേതൃത്വം ഒഴിച്ച് നിര്‍ത്തിയപ്പോള്‍, തനിക്ക് വ്യക്തമായ സ്വാധീനം ഉള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലൂടെ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി നെടുമങ്ങാട് സ്ഥാനാര്‍ഥിത്വം നേടിയെടുക്കുകയും, മാങ്കോട് രാധാകൃഷ്ണന്റെ കയ്യില്‍ നിന്നും പാലോട് രവി പിടിച്ചെടുത്ത മണ്ഡലം തിരിച്ചു പിടിക്കുകയുമായിരുന്നു സി ദിവാകരന്‍.

നെടുമങ്ങാട് മണ്ഡലത്തില്‍ സി ദിവാകരന് ഒരിക്കലും അനുകൂലമായ സാഹചര്യം പാര്‍ട്ടിയുടെ പക്കല്‍ നിന്നും ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ പാലോട് രവിയും വി വി രാജേഷും ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടക്കാനും കമ്യുണിസ്റ്റ് പാര്‍ട്ടിയിലെ പരമ്പരാഗത വോട്ടുകള്‍ വി വി രാജേഷിനു പോകും എന്ന ഭയം ഉണ്ടായിരുന്നിട്ടും വിജയിച്ചു കയറാനും ദിവാകരന് സാധിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം ഔദ്യോഗിക പക്ഷത്തിനു വിപരീതമായി സി ദിവാകരന് സിപിഐഎമ്മിനോടുള്ള അടുപ്പമാണ്. സിപിഐയിലെ മറ്റേതൊരു നേതാവിനെക്കാളും സിപിഐഎമ്മിനോട് അടുത്ത് നില്‍ക്കാന്‍ കഴിയുന്ന നേതാവായി ദിവാകരന്‍ മാറുകയുണ്ടായി.

സ്വന്തം കഴിവില്‍ ജയിക്കാമെങ്കില്‍ ആയിക്കോ എന്നായിരുന്നു നെടുമങ്ങാട് സീറ്റ് കൊടുക്കുമ്പോള്‍ ദിവാകരന് പാര്‍ട്ടിയില്‍ നിന്നുള്ള വെല്ലുവിളി. ആ വെല്ലുവിളിയില്‍ ദിവാകരന്‍ ജയിച്ചു. ഈ വിജയവും പാര്‍ട്ടിയിലെ തന്റെ സീനിയോരിറ്റിയും മുന്നില്‍ വച്ച് വീണ്ടുമൊരിക്കല്‍ കൂടി മന്ത്രിയാകാന്‍ ദിവാകരന്‍ ഒരു കളികൂടി കളിച്ചു നോക്കി. എന്നാല്‍ പാര്‍ട്ടി നേതൃത്വം വീണ്ടും പേയ്‌മെന്റ് സീറ്റ് വിവാദം സ്വമേധയ മുഖ്യധാരയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും കളങ്കിതരല്ലാത്ത മന്ത്രിമാരായിരിക്കും ഇടത് സഭയില്‍, അഴിമതി രഹിത ഭരണമാണ് കാഴ്ചവെയ്ക്കാന്‍ പോകുന്നത് തുടങ്ങിയ വാദങ്ങളുമായി എത്തുന്ന പിണറായി മന്ത്രിസഭയില്‍ ദിവാകരനെ പോലെ ആരോപണങ്ങള്‍ പേറുന്നൊരാള്‍ വേണ്ടെന്ന തീരുമാനത്തില്‍ എത്തി മന്ത്രിയാകുന്നതില്‍ നിന്നും ദിവാകരനെ വെട്ടി. ദിവാകരന് പകരം കാനം തന്റെ അടുത്തയാളായ പി തിലോത്തമനെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്നു. ദിവാകരന്‍ വഹിച്ചിരുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പ് നല്‍കുകയും ചെയ്തു. പക്ഷേ, ഇതിനു തിരിച്ചടി ദിവാകരനും കൊടുത്തു. പി തിലോത്തമന്‍ മന്ത്രിയെന്ന നിലയില്‍ പരാജയമാണെന്നു പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കിയത് ദിവാകരന്‍ ആണെന്നാണ് എതിരാളികള്‍ പറയുന്നത്. തിലോത്തമനല്ല, ദിവാകരന്റെ ലക്ഷ്യം കാനം തന്നെയാണെന്നും ഇവര്‍ പറയുന്നു. ഈസ്മായിലിനെ ഒതുക്കിയതോടെ ഇനി തനിക്ക് പേടിക്കാനില്ലെന്നു കരുതിയ കാനത്തിന് ദിവാകരന്‍ വലിയ വെല്ലുവിളിയാണ് ആകാന്‍ പോകുന്നതെന്ന് പാര്‍ട്ടിക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

താന്‍ പലയിടങ്ങളില്‍ നിന്നായി ഒഴിവാക്കപ്പെടുന്നതിലെ നീരസം ദിവാകരന്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. സംസ്ഥാന നേതൃത്വമണ് ഇതിനെല്ലാം പിന്നിലെന്നും ദിവാകരന്‍ പരോക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിട്ടുമുണ്ട്. സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ ദിവാകരന്‍ അതിനെതിരേ പരസ്യമായി പ്രതകരിച്ചു. തന്നെ ഒഴിവാക്കിയത് തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതിനാലാണെന്നായിരുന്നു തിരിച്ചടിച്ചത്.ആരുടെയും സഹായത്തോടെ കൗണ്‍സിലില്‍ തുടരേണ്ട കാര്യം തനിക്കില്ലെന്നും സുധാകര്‍ റെഡ്ഡിയുടെയോ മറ്റോ സഹായത്താല്‍ തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവാകരന്‍ പ്രതികരിച്ചു ‘എനിക്ക് ഗോഡ്ഫാദര്‍മാരില്ല, പാര്‍ട്ടിക്കാരനാണ്, ചിലപ്പോള്‍ കമ്മിറ്റിയില്‍ വരും ചിലപ്പോള്‍ പുറത്തുവരും. ഒരു ഗോഡ്ഫാദറിനെയും ഞാന്‍ അംഗീകരിക്കില്ല. ഒഴിവാക്കിയാലും നിര്‍ത്തിയാലും കുഴപ്പമില്ല. ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നല്ലല്ലോ ഒഴിവാക്കിയത്’. എന്ന ദിവാകരന്റെ വാക്കുകളുടെ മുന നീണ്ടത് സംസ്ഥാന നേതൃത്വത്തിനു നേരിയായിരുന്നു.

അടുത്ത തവണ കൂടി നിയമസഭയിലേക്ക് മത്സരിക്കാന്‍ കഴിയുമെന്ന് ദിവാകരന്‍ പ്രതീക്ഷിക്കുന്നില്ല. നെടുമങ്ങാട് സീറ്റ് അടുത്ത തവണ തിരുവനന്തപുരം ജില്ല സെക്രട്ടറി ജി ആര്‍ അനില്‍ നോട്ടമിട്ടിട്ടുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. ലോക്‌സഭയിലേക്ക് മത്സരിക്കുന്നവരുടെ പേരുകളില്‍ അനിലും ഉണ്ടായിരുന്നുവെങ്കിലും സ്വന്തം നിലയ്ക്ക് ഒഴിഞ്ഞതിനു കാരണവും ഇതാണെന്നു പറയുന്നു. അങ്ങനെയെങ്കില്‍ ദിവാകരന് ഇനി മുതല്‍ മുന്‍ എംഎല്‍എ ആയി തുടരേണ്ടി വരും. പക്ഷേ,തിരുവനന്തപുരത്ത് ജയിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ സ്ഥാനം കിട്ടുകയാണ്. പാര്‍ട്ടിയില്‍ തനിക്ക് എത്രമാത്രം സ്വാധീനം ഉണ്ടെന്നു കാനത്തിനു കാണിച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ദിവാകരന് കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കാര്‍ക്കിടയില്‍ വ്യക്തമായ സ്വാധീനം ദിവാകരന്‍ നേടിയെടുക്കുന്നുമുണ്ട്. പാര്‍ലമെന്ററി രംഗത്തെ അവസരം അവസാനിക്കുകയാണെങ്കില്‍ ദിവാകരന് ഇനി പാര്‍ട്ടിയില്‍ ആയിരിക്കും മ്ത്സരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍