ഹംസയ്ക്കും ഹമീലയ്ക്കും ആറ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ്. ദാരിദ്ര്യത്തിനിടയിലും ഹംസ മക്കള്‍ക്ക് നല്‍കിയത് ചിന്തിക്കാനും വായിക്കാനും പഠിക്കാനുമുള്ള അവസരങ്ങളാണ്.
പാണ്ടിക്കാട് വലര്‍കാട് ചെറുക്കപ്പള്ളി വീട്. നാല് സെന്റില്‍ രണ്ട് മുറികളും അടുക്കളയുമുള്ള ചെറിയ പുര. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ഹംസയുടെ വീടാണ്. ഹംസ ഇന്ന് ജീവിച്ചിരിപ്പില്ല. ആറ് കൊല്ലം മുമ്പ് മരിച്ചു. ഹംസയും ഭാര്യ ഹലീമയും ഒമ്പതും മക്കളുമുണ്ടായിരുന്ന ഈ വീട് പാണ്ടിക്കാട്ടുകാര്‍ക്ക് സുപരിചിതമാണ്. ‘വിപ്ലവ’ കുടുംബമെന്ന് ചിലര്‍ പരിഹസിച്ചും മറ്റുചിലര്‍ അഭിമാനത്തോടെയും വിളിക്കുന്ന ചെറുക്കപ്പള്ളി വീട്. ഈ വീടിന്റെ തറയോട് ചേര്‍ന്നെടുത്ത കുഴിയിലാണ് മാവോയിസ്റ്റ് സി പി ജലീല്‍ ഇപ്പോള്‍ അന്ത്യവിശ്രമംകൊള്ളുന്നത്.
ഹംസയ്ക്കും ഹമീലയ്ക്കും ആറ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ്. ദാരിദ്ര്യത്തിനിടയിലും ഹംസ മക്കള്‍ക്ക് നല്‍കിയത് ചിന്തിക്കാനും വായിക്കാനും പഠിക്കാനുമുള്ള അവസരങ്ങളാണ്. പാര്‍ട്ടി ജാഥകളിലും പ്രകടനങ്ങളിലും ഇരു കൈകളിലും മക്കളുടെ കൈകള്‍ പിടിച്ചെത്തി അവരെ രാഷ്ട്രീയം പരിചിതമാക്കിയത് ഹംസ തന്നെയാണ്. ഹംസയുടെ രാഷ്ട്രീയം കണ്ട് വളര്‍ന്ന മക്കളെല്ലാം ആദ്യം നടന്നത് ആ വഴിയെ തന്നെ. സിപിഎം രാഷ്ട്രീയത്തില്‍ ഉറച്ച് വിശ്വസിച്ചിരുന്ന ഹംസയുടെ ആറ് ആണ്‍മക്കളും രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് എസ്എഫ്‌ഐയിലൂടെ. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്ന അവരുടെ രാഷ്ട്രീയം പിന്നീട് പല വഴിക്കായി.
പെണ്‍മക്കള്‍ മൂന്ന് പേരും വിവാഹം കഴിച്ച് ഭര്‍തൃവീടുകളില്‍. ആണ്‍മക്കള്‍ ആറ് പേര്‍. സി പി മൊയ്തീന്‍, സി പി റഷീദ്, സി പി ഇസ്മയില്‍, സി പി അന്‍സാര്‍, സി പി ജലീല്‍, സി പി ജിഷാദ്. മൊയ്തീന്‍ മാവോയിസ്റ്റാണ്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന പിടികിട്ടാപ്പുള്ളി. കബനീദളത്തില്‍ സജീവ പ്രവര്‍ത്തകനാണ് മൊയ്തീന്‍ എന്ന് പോലീസ്. റഷീദ് മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. പോരാട്ടം സംഘനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ആദ്യം എത്തുന്നത് റഷീദാണ്. ഇസ്മയില്‍ പൂനെ യേര്‍വാഡ ജയിലില്‍ തടവിലാണ്. മുരളി കണ്ണമ്പള്ളിക്കൊപ്പം മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ഇസ്മയിലിന് ഇതേവരെ ജാമ്യം ലഭിച്ചിട്ടില്ല. കേരളത്തിലുള്ള കേസുകളെല്ലാം തള്ളിപ്പോയെങ്കിലും, മുരളി കണ്ണമ്പള്ളിക്ക് ജാമ്യം ലഭിച്ചപ്പോഴും ഇസ്മയില്‍ തടങ്കലില്‍ തുടരുകയാണ്. സി പി അന്‍സാര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമല്ല. വിദേശത്ത് ജോലിയും കുടുംബവുമായി കഴിയുന്നു. സി പി ജലീല്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മൂന്ന് ദിവസം മുമ്പ് വയനാട് വൈത്തിരി ഉപവന്‍ റിസോര്‍ട്ടിലുണ്ടായ പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കബനീദളത്തില്‍ ജനകീയ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ജലീലിനായിരുന്നു എന്ന് പോലീസ് പറയുന്നു. 2014 മുതല്‍ ഇയാള്‍ ഒളിവിലാണെന്ന് പോലീസും സിനിമ, നാടകം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളിലും ഇക്കാലമത്രയും സജീവമായിരുന്നു എന്ന് സുഹൃത്തുക്കളും പറയുന്നു. ജലീലിന്റേത് ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നും ഏറ്റുമുട്ടല്‍ വാദം പുകമറ മാത്രമാണെന്നും ആരോപണം നിലനില്‍ക്കുന്നു. ഏറ്റവും ഇളയവനാണ് ജിഷാദ്. മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതുവിഷയങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ജിഷാദ് തീവ്ര രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയല്ല. എന്നാല്‍ പോലീസ് ജിഷാദിന് വേണ്ടിയും വലയം തീര്‍ത്തിരിക്കുകയാണിപ്പോള്‍. ഇതിനോടകം രണ്ട് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടു. വരാപ്പുഴയില്‍ പോലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത് കൊല്ലപ്പെട്ടപ്പോള്‍ ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ലഘുലേഖകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഒരു കേസ്. വയനാട്ടിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ചെറുക്കപ്പള്ളി വീടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ നാട്ടുകാരില്‍ പലര്‍ക്കും നൂറ് നാവാണ്. എന്നാല്‍ ഭയത്താല്‍ ആരും അത് തുറന്നുപറയില്ല. അഭിപ്രായം പറഞ്ഞാല്‍ പോലീസ് എത്തുമോ എന്ന ഭയമാണ്. ഒടുവില്‍ ഒരാള്‍ പേര് പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പ് ലഭിച്ചപ്പോള്‍ ചിലതെല്ലാം പറയാന്‍ തയ്യാറായി, “നല്ലോരു മനുഷ്യനായിരുന്നു ഹംസക്ക. എല്ലോരോടും സ്‌നേഹവും എല്ലോര്‍ക്കും സഹായോം. മക്കളാണെങ്കില്‍ അതിനേക്കാട്ടിലും ആണ്. നല്ല മക്കളായിരുന്നു. നാട്ടുകാര്‍ക്ക് എന്തേലും ആവശ്യം വന്നാലും അവരെല്ലാം ഉണ്ടാവും. പക്ഷെ രാഷ്ട്രീയം ഇതായിപ്പോയി. മൂത്തതിങ്ങള് രാഷ്ട്രീയപ്രവര്‍ത്തനവുമായിട്ട് പോയപ്പഴും ഇളയതിങ്ങളെല്ലാം നല്ലപോലെ കഴിഞ്ഞിരുന്നതാ. പക്ഷെ അവര്‍ക്കും കൂടിയുള്ള വഴിയടച്ച് കളഞ്ഞത് പോലീസുകാരാണ്. ജ്യേഷ്ഠന്‍മാര്‍ ഒരു പ്രസ്ഥാനത്തില്‍ ഉണ്ടെന്ന് കരുതി ഈ മക്കള്‍ടെ പിന്നാലെ തന്നെ പോലീസ് കൂടി. ആ വീട്ടില്‍ കയറിയത്രയും പോലീസ് ഈ നാട്ടിലെങ്ങും കയറീട്ട്ണ്ടാവില്ല. അതുപോലെ ബുദ്ധിമുട്ടാക്കീട്ടുണ്ട്. രാത്രീം പകലും ഒക്കെ പോലീസുകാര് കയറിയിറങ്ങി കയറിയിറങ്ങി ഒരു വഴിക്കാക്കി അവരെ. പാവം ആ ഉമ്മന്റ അവസ്ഥ ആലോചിക്കുമ്പഴാണ്. മക്കളെ എപ്പഴാ പോലീസ് പിടിച്ചോണ്ട് പോണതെന്നും, മരിക്കണതെന്നും ഒക്കെ ഓര്‍ത്ത് അവരാകെ വല്ലാത്ത അവസ്ഥയിലാണ്. പാര്‍ട്ടി പ്രവര്‍ത്തനമൊക്കെയായി ചെറുപ്പം മുതല്‍ ഇവിടേക്കെ അവരുണ്ടായിരുന്നു. പക്ഷെ എന്തിനാണ് ഇപ്പോ ഈ കൊലയും മരണോമുള്ള രാഷ്ട്രീയം തെരഞ്ഞെടുത്തതെന്ന് ആര്‍ക്കറിയാം. ഓര്‍ക്കുമ്പം സങ്കടം തോന്നും. പക്ഷെ ചിലപ്പോ അവരുടെ രാഷ്ട്രീയമായിരിക്കും ശരി. നമുക്ക് അത് മനസ്സിലാവില്ലാത്തതായിരിക്കും.”
സി പി മൊയ്തീന്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു. സഹോദരങ്ങളില്‍ ഏറ്റവും വിദ്യാഭ്യാസവും വായനയും ഉള്ളയാളും മൊയ്തീനാണ്. മറ്റുള്ളവര്‍ പ്രീഡിഗ്രിയും ബിരുദവും കൊണ്ട് പഠനമവസാനിപ്പിച്ചു. റഷീദ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായതോടെ പഠനമുപേക്ഷിച്ചു. കൊല്ലപ്പെട്ട സി പി ജലീല്‍ പ്ലസ്ടു വിദ്യാഭ്യാസത്തോടെ പഠനം നിര്‍ത്തി. പത്താം ക്ലാസ് കഴിഞ്ഞത് മുതല്‍ കെട്ടിട നിര്‍മ്മാണ തൊഴിലെടുത്താണ് ജലീല്‍ കുടുംബം പോറ്റിയിരുന്നത്. മൂത്ത സഹോദരങ്ങളെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ ദാരിദ്ര്യം നിറഞ്ഞ കുടുംബം മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത് ജലീലിന്റെ ജോലിയാണ്. തൊഴിലെടുത്തുകൊണ്ടാണ് പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആദ്യം കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നെങ്കില്‍ പിന്നീട് ചെറിയ നിര്‍മ്മാണ ജോലികള്‍ കരാര്‍ എടുത്ത് ചെയ്ത് കൊടുക്കുകയും ചെയ്തു. വീട്ടുചെലവിനുള്ളത് മാറ്റിവച്ച് കിട്ടുന്ന ലാഭം തൊഴിലാളികള്‍ക്കെല്ലാമായി വീതിച്ച് നല്‍കിയിരുന്ന ജലീലിനെ നാട്ടുകാര്‍ ഓര്‍മ്മിക്കുന്നു. ജലീലിന്റെ നാട്ടിലെ ഒരു സുഹൃത്ത് പറയുന്നു, “നല്ലോണം പണിയെടുത്ത് കുടുംബം പോറ്റിയിരുന്നവനാണ് ജലീല്‍. രാഷ്ട്രീയം ഉണ്ടെങ്കിലും കുടുംബം നോക്കണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു. പക്ഷെ അതിന് സമ്മതിച്ചില്ല. രാത്രിയില്‍ പുറത്തിറങ്ങി കൂട്ടുകൂടി നടന്നാല്‍, ഒരു സിനിമ കാണാന്‍ പോയി വൈകി വന്നാല്‍ വഴിക്ക് പോലീസുകാരുണ്ടാവും തടഞ്ഞ് നിര്‍ത്താന്‍. നീ മൊയ്തീന്റെ അനുജനല്ലേ, ഇസ്മയിലിന്റെ അനുജനല്ലേ എന്നെല്ലാം അവനെ ചോദ്യം ചെയ്ത് തടഞ്ഞുനിര്‍ത്തും. നീയും മാവോയിസ്റ്റാണോടാ എന്ന് ചോദിക്കും. ആ ചോദ്യം അവനെത്ര കേട്ടിട്ടുണ്ട്. ഇവനേം മാവോയിസ്റ്റാക്കണമെന്നായിരുന്നു. അത് അവസാനം നടന്നു. അവന്‍ ആ ആശയത്തിലേക്ക് പോയി. അതിന്റെ പ്രവര്‍ത്തകനായി. സഹോദരങ്ങള്‍ മാവോയിസ്റ്റുകളായതുകൊണ്ട് ഏതൊക്കെയോ കേസുകളില്‍ ജലീലിന് പിന്നാലെയും അന്വേഷണം വന്നിട്ടുണ്ട്. പോലീസ് പിടിക്കും എന്നുറപ്പായപ്പഴാണ് അവന്‍ നാടുവിട്ടത്. മാവോയിസ്റ്റാണോ എന്ന് ചോദിച്ച് അവനെ ചോദ്യം ചെയ്തവര്‍ തന്നെ കൊന്നും കളഞ്ഞു.”
പോലീസുകാര്‍ ഒഴിയാത്ത, നിരന്തരം ചോദ്യം ചെയ്യപ്പെട്ടിരുന്ന കുടുംബത്തെക്കുറിച്ചാണ് സി പി റഷീദിന് പറയാനുണ്ടായിരുന്നത്. “ജലീല്‍ കൊല്ലപ്പെട്ട് കഴിഞ്ഞപ്പോള്‍ എന്നോട് പലരും ചോദിച്ചു റഷീദിന് സഹോദരങ്ങളെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ലായിരുന്നോ എന്ന്. ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ പോലീസുകാര്‍ നിരന്തരം കയറിയിറങ്ങുന്ന വീടാണ് ഞങ്ങളുടേത്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും പരിശോധനയ്‌ക്കെത്തും. രാത്രിയിലുമൊക്കെ വന്ന് തട്ടിവിളിച്ച് പരിശോധന. ഉമ്മയെയും ഉപ്പയെയും ചോദ്യം ചെയ്യല്‍. ഒരു നോമ്പു കാലത്ത് വീട്ടിലെത്തി ഖുര്‍-ആന്‍ വരെ അവര്‍ വലിച്ചെറിഞ്ഞു. ഖുര്‍-ആന്‍ വലിച്ചെറിയണമെന്ന ഉദ്ദേശത്തോടെ ചെയ്തതല്ല പോലീസ്. പരിശോധനയ്ക്കിടെ ചെയ്തതാണ്. ഭരണകൂടത്തിന്റെ ഇത്തരം ഭീകരതകള്‍ പുസ്തകത്തില്‍ വായിച്ചിട്ടല്ല കുടുംബത്തിലുള്ളവര്‍ക്ക് അറിവ്. അത് നേരിട്ടനുഭവിച്ചതാണ്. നേര്‍ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന ജനാധിപത്യ ബോധത്തില്‍ നിന്ന് ഒരു രാഷ്ട്രീയ ആശയം ഉയര്‍ത്തിപ്പിടിച്ചാല്‍ അതില്‍ എങ്ങനെയാണ് തെറ്റ് പറയാന്‍ കഴിയുക? ഇസ്മയിലിനെ മഹാരാഷ്ട്ര പോലീസ് എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലും അറിയില്ല. കേരളത്തിലാണ് കേസുകള്‍. ഇസ്മയിലിനെ ഇതിനിടെ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു. പോലീസ് ആരോടും പറഞ്ഞില്ല. ഞങ്ങള്‍ അറിഞ്ഞുമില്ല. വിയ്യൂര്‍ ജയിലിലേക്കാണ് കൊണ്ടുവന്നത്. ജയിലില്‍ കൂടെ തടവിലുണ്ടായിരുന്നയാള്‍ അയാളുടെ ബന്ധുവിനോട് വിളിച്ച് പറഞ്ഞപ്പോഴാണ് അയാള്‍ വഴി ഞാന്‍ ആ വിവരമറിയുന്നത്. പിന്നീട് ജയിലിലെത്തി ഞാന്‍ ഇസ്മയിലിനെ കണ്ടിരുന്നു. ചാക്കിലാക്കി തല മാത്രം പുറത്തിട്ട് ബര്‍ത്തിനോട് ചേര്‍ത്ത് കെട്ടിയിട്ടാണ് ഇസ്മയിലിനെ ട്രെയിനില്‍ എത്തിച്ചത്. ഇക്കാര്യം പറയുന്ന അവനോട് ഞാനെന്ത് ജനാധിപത്യമാണ് പറഞ്ഞാണ് മനസ്സിലാക്കേണ്ടത്? എനിക്കെങ്ങനെയാണ് പറയാന്‍ കഴിയുക? ഇത്തരം അനുഭവങ്ങളാണ് താഴെയുള്ളവരെയും ആ വഴിയിലേക്കെത്തിച്ചത്. ഇവിടെ പോലീസിന്റെ അധികാര നടത്തിപ്പ് ജനസൗഹാര്‍ദ്ദപരമല്ല. മാതൃകാ പോലീസ് സ്‌റ്റേഷന്‍ എന്നെഴുതി വച്ചിട്ടുണ്ടെങ്കിലും പഴയ കുട്ടന്‍പുള്ള പോലീസാണ് ഇന്നും.
ഞങ്ങളുടെ ഉപ്പ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. മൂന്നും നാലും വയസ്സുള്ളപ്പോള്‍ മുതല്‍ ഞാനും മൊയ്തീനും ഉപ്പയുടെ ഇരുവശത്തും കൈവിരലുകളില്‍ തൂങ്ങി ജാഥയ്ക്ക് പോയിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരും രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് എസ്എഫ്ഐ, ഡിവൈഎഫ്‌ഐയിലൊക്കെ പ്രവര്‍ത്തിച്ചുകൊണ്ടാണ്. പക്ഷെ വലതുപക്ഷവത്കരിക്കപ്പെടുന്നതാണ് ഇവിടുത്തെ ഇടതുപക്ഷം എന്ന് മനസ്സിലാക്കി അതില്‍ നിന്ന് മാറിയതാണ്. ഇടതു ഭരണകൂടം ചെയ്യുന്നതും വ്യത്യസ്തമല്ലല്ലോ. സ്വേച്ഛാധിപതികള്‍ ഭരിച്ച രാജ്യങ്ങളില്‍ പോലും വിപ്ലവമുണ്ടാക്കാന്‍ പുറപ്പെട്ടവരെയും അക്രമകാരികളായവരെയും വെറുതെ വിട്ടിട്ടുണ്ട് അല്ലെങ്കില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അതുപോലും ജനാധിപത്യ സംവിധാനത്തിലെ ഇടതുപക്ഷം ചെയ്യുന്നില്ല എന്നുള്ളതാണ്.
ജലീലിനെയൊക്കെ കുട്ടിക്കാലം മുതലെ ഓരോരുത്തരും ചോദ്യം ചെയ്യാനും ഹരാസ് ചെയ്യാനും തുടങ്ങിയതാണ്. അവന് രാത്രി പുറത്തിറങ്ങി നടക്കാന്‍ പോലും ആവില്ലായിരുന്നു. അപ്പോള്‍ വരും നീയും മാവോയിസ്റ്റാണോ എന്ന പോലീസുകാരുടെ ചോദ്യം. അവന്‍ സ്‌കൂളില്‍ ചെറിയ ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഒരു സംഭവമുണ്ടായത്. ഞങ്ങളെയൊക്കെ പഠിപ്പിച്ച ഒരു മാഷ് തീരെ കുട്ടിയായ ഇവനോട് നീ യുക്തിവാദിയല്ലേടാ, യുക്തിവാദി? എന്ന് ചോദിച്ചു. അവന്‍ കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് കയറിവന്നത്. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോള്‍ മാഷ് യുക്തിവാദി എന്ന് വിളിച്ചു എന്ന് അവന്‍ പറഞ്ഞു. യുക്തിവാദി എന്ന് വിളിക്കുന്നതിന് കരയണ്ട, അത് ഇന്നതാണ് എന്ന് ഞാന്‍ പറഞ്ഞുകൊടുത്തു. അത്രയും നന്നേ ചെറുപ്പത്തില്‍ തന്നെ ഇങ്ങനെയാണ് പലരും അവനോട് പെരുമാറിക്കൊണ്ടിരുന്നത്. ഇപ്പോള്‍ ജിഷാദിന് നേരെയും തിരിഞ്ഞിരിക്കുകയാണ്. പോലീസ് അതിക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ പ്രതിഷേധിച്ച് നോട്ടീസ് വിതരണം ചെയ്തതാണ് ഭീകരപ്രശ്‌നമാക്കി കേസ് എടുത്തിരിക്കുന്നത്. പോലീസ് ഇതെല്ലാം അടിച്ചമര്‍ത്തലിനായി ഉപയോഗിക്കുകയാണ്.
ഞങ്ങളുടേത് ദരിദ്ര കുടുംബമാണ്. ആകെ നാല് സെന്റുള്ളതില്‍ ആണ് വീടിനോട് ചേര്‍ന്ന് ജലീലിനെ അടക്കിയത്. ശവസംസ്‌ക്കാര ചടങ്ങുകള്‍ നടത്താന്‍ നിഷ്‌കര്‍ഷകളും ഉപാധികളും വച്ചിരുന്നു. പോലീസും തണ്ടര്‍ബോള്‍ട്ടും എല്ലാം നിരീക്ഷിക്കാനുണ്ടായിരുന്നു. എന്നിട്ട് പോലും എവിടെ നിന്നൊക്കെയോ പതിനായിരക്കണക്കിന് പേരാണ് സംസ്‌ക്കാര ചടങ്ങില്‍ എത്തിയത്. നിയന്ത്രണങ്ങളില്ലായിരുന്നുവെങ്കില്‍ ഇത് ലക്ഷത്തോളം ആയേനെ. അതെന്തുകൊണ്ടാണ്? അതാലോചിച്ചാല്‍ മാത്രം മതി. അപ്പോള്‍ മനസ്സിലാവും എനിക്കെന്തുകൊണ്ടാണ് സഹോദരങ്ങളെ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റാത്തതെന്നും ഞാന്‍ എന്തുകൊണ്ടാണ് പറയാത്തതെന്നും.”
ജിഷാദും റഷീദുമാണ് ഹലീമയ്ക്ക് ഇപ്പോള്‍ കൂട്ട്. ജലീലിന്റെ മരണത്തിന്റെ വിങ്ങല്‍ ഹലീമയില്‍ അടങ്ങിയിട്ടുമില്ല. ജലീല്‍ ചെയ്തത് നല്ല കാര്യമാണെന്നും നല്ലതായ എന്തോ ഒന്നിന് വേണ്ടിയാണ് മരിച്ചതെന്നും ഹലീമയെ ബോധ്യപ്പെടുത്താന്‍ ബന്ധുക്കള്‍ ശ്രമിക്കുകയാണ്. ഭരണകൂട ഭീകരത നേരില്‍ കണ്ടതും അനുഭവിച്ചതുമാണ് സഹോദരങ്ങളെ മാവോയിസ്റ്റുകളാക്കിയതെങ്കില്‍ ആരാണ് അതിന് ഉത്തരവാദി? -ഒരു പൊതുപ്രവര്‍ത്തകന്റെ ചോദ്യം ഇങ്ങനെയായിരുന്നു.