UPDATES

ഒരു സമുദായം സ്വന്തം തലമുറയുടെ ചരിത്രം തേടുകയാണ്; നിഷേധിക്കപ്പെട്ട നീതി നേടിയെടുക്കാന്‍

1950-നു മുമ്പ് കേരളത്തില്‍ താമസമാക്കിയവര്‍ക്കു മാത്രമേ എസ്‌സി/എസ്ടി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുളളൂ

അവകാശപ്പെട്ട ജാതി സര്‍ട്ടിഫിക്കറ്റ് പോലും നിഷേധിക്കപ്പെട്ട് കോഴിക്കോട്ടെ ചക്കിലിയര്‍ സമൂഹം. പതിറ്റാണ്ടുകളായി ജീവിക്കുന്നതും വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും എല്ലാം തന്നെ കേരളത്തിലാണ്, എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റിന് തമിഴ് നാട്ടില്‍ പോകണമെന്ന അവസ്ഥയിലാണ് കോഴിക്കോട്ടെ രണ്ടായിരത്തോളം വരുന്ന ചക്കിലിയര്‍ കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ഗതി.

തലമുറകള്‍ക്ക് മുന്നെ തമിഴ്നാട്ടില്‍ നിന്ന് മലബാറിലേക്ക് തോട്ടിപ്പണിക്ക് ആളെ കിട്ടാതായപ്പോള്‍ കൊണ്ട് വന്നതാണ് ഇവരുടെ പൂര്‍വികരെ. എന്നാല്‍ തമിഴ് നാട്ടിലെ ബന്ധങ്ങളൊക്കെ കാലങ്ങള്‍ക്ക് മുന്നെ വേരറ്റ് പോയ ഇപ്പോഴത്തെ ചക്കിലിയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റിനായി പോയാല്‍ അത് ലഭിക്കില്ല.

1948-49 കാലത്ത് ശൗചാലയങ്ങളില്‍ നിന്നുളള മലം കോരുന്ന ജോലിക്കായി കോഴിക്കോട്ടേക്ക് പറിച്ച്‌ നടപെട്ടവരാണിവര്‍. ഇപ്പോഴത്തെ തലമുറയിലും ഇവരില്‍ പലരും കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴില്‍ ശുചീകരണ തൊഴിലാളികള്‍ തന്നെയാണ്. എന്നിട്ടും ജാതീയ സംവരണത്തിനും ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരല്ല. കാരണം ആവശ്യപ്പെട്ടാല്‍ കാണിക്കാന്‍ ഇവരുടെ പക്കല്‍ ജാതിസര്‍ട്ടിഫിക്കറ്റുകളില്ല. ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തത് കാരണം സംവരണ വിഭാഗത്തില്‍ വരുന്ന ആനുകൂല്യങ്ങള്‍, വിഭ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ തുടങ്ങി പലതും വര്‍ഷങ്ങളായി ഇവര്‍ക്ക് അന്യമാണ്. ജില്ലയില്‍ മാത്രം കോര്‍പ്പറേഷന്‍, കുറ്റ്യാടി, വടകര, കൊയിലാണ്ടി, കുറ്റിക്കാട്ടൂര്‍ എന്നിവിടങ്ങളിലായി 2000-ത്തിലധികം വരും ഈ വിഭാഗം.

ഓരോ അധ്യായന വര്‍ഷത്തിലും ജാതി സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്കൊരു കിട്ടാക്കനിയാണ്. പ്രാഥമിക വിഭ്യാഭ്യാസത്തെക്കാളും ഉന്നത വിഭ്യാഭ്യാസത്തിനാണ് ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. പ്ലസ് ടൂ നല്ല മാര്‍ക്കാടു കൂടി പാസായാലും അര്‍ഹിക്കുന്ന സംവരണം ലഭിക്കാതെ പലര്‍ക്കും തുടര്‍ന്നു പഠിക്കാനുള്ള അവസരം നഷ്ടപ്പെടുന്നുണ്ടെന്നാണ് ചക്കിലിയന്‍ മഹാസഭ ജില്ലാ സെക്രട്ടറി എ. ശേഖരന്‍ പറയുന്നത്. പട്ടിക ജാതിയില്‍പ്പെട്ട ചക്കിലിയന്മാര്‍ക്ക് 1975 വരെ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 1990 മുതല്‍ കുടിയേറ്റക്കാരാണെന്ന കാരണത്താല്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. എന്നാല്‍ 2006 വരെ 70 വയസിന് മുകളിലുളള രണ്ട് പേരുടെ ജാമ്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വന്നു. 2006ന് ശേഷം ഇതും നിര്‍ത്തിവെക്കുകയായിരുന്നു.

1950-നു മുമ്പ് കേരളത്തില്‍ താമസമാക്കിയവര്‍ക്കു മാത്രമേ എസ്‌സി/എസ്ടി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുളളൂ. അതിന് മുന്നെ വന്നവരാണെന്ന തെളിവുമായി വന്നാല്‍ ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാമൊന്നാണ് അധികൃതരുടെ വാദം. “ഞങ്ങളുടെ മുന്‍തലമുറക്കാര്‍ക്ക് വായിക്കാനോ, എഴുതാനൊ ഒന്നും അറിയില്ല. അന്നന്നത്തെ ജോലിയെടുത്ത് കിട്ടുന്ന കൂലിക്ക് ജീവിക്കുന്നവരാണ്. അന്ന് കൊടുത്ത കടലാസുകള്‍ സൂക്ഷിച്ച് വെക്കേണ്ടതാണെന്ന അറിവൊന്നും അവര്‍ക്കില്ലായിരുന്നു. ഇപ്പോള്‍ ഇവരാവശ്യപെടുന്ന തെളിവുകള്‍ ഞങ്ങളെവിടുന്നു നല്‍കുമെന്നാണ്?” ശേഖരന്‍ ചോദിക്കുന്നു.

കഥയും സിനിമയും ഒക്കെയായി; പക്ഷേ ഇപ്പോഴും ‘മാന്‍ഹോളി’ല്‍ തുടരുന്ന കോളനി ജീവിതം

മലബാറിലെത്തിയ ഇവരുടെ പൂര്‍വികര്‍ക്ക് വിഭ്യാഭ്യാസമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലായിരുന്നു. അതിനാല്‍ ഇത്തരം രേഖകള്‍ ആവശ്യമുണ്ടെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. 1949ല്‍ ഇവിടെ എത്തിയവരില്‍ പലര്‍ക്കും 90-കളോടെയാണ് കോര്‍പ്പറേഷനില്‍ ജോലി സ്ഥിരമായത്. ഇതില്‍ പലര്‍ക്കും പെന്‍ഷനും ലഭിച്ചിരുന്നു. എന്നിട്ടും ജോലി സ്ഥിരമായതിനു ശേഷമുളള സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നാണ് അധികൃതരുടെ പക്ഷം.

1999 ഡിസംബര്‍ 31ന് ഞങ്ങള്‍ സമരം സംഘടിപ്പിച്ചു, പ്രകടനമായി കലക്ട്രറേറ്റിലെത്തിയപ്പോള്‍ അന്നത്തെ എഡിഎം ആയ ഭാസ്‌കരന്‍ സാര്‍ തങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ഞങ്ങളുടെ അവസ്ഥയെ കുറിച്ച് ബോധിപ്പിച്ചപ്പോള്‍ 70 വയസ്സുള്ള രണ്ട് പേരുടെ ആള്‍ജാമ്യവും, കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നതിന്റെ സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ ജാതിസര്‍ട്ടിഫിക്കറ്റ് തരാമെന്ന തീരുമാനത്തിലെത്തി. ഏകദേശം 2006 വരെ അത് കിട്ടിക്കൊണ്ടിരുന്നു, എന്നാല്‍ അതിന് ശേഷം അതും നിര്‍ത്തലാക്കി. തഹസീല്‍ദാര്‍മാര്‍ മാറിക്കൊണ്ടിരിക്കുകയല്ലേ; പിന്നീട് വന്നവര്‍ അത് അങ്ങനെയൊന്നും തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. പിന്നീട് 2009 ഒക്ടോബര്‍ രണ്ടാം തീയ്യതി വീണ്ടും ഞങ്ങള്‍ ഒരു സമരത്തിലേക്ക് തിരിഞ്ഞു. ഞങ്ങള്‍ കലക്ടേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ധര്‍ണയിരിക്കുകയും ചെയ്തു. അവിടെ നിന്നും ഒരാഴ്ച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നിന്നും വന്ന എസ്‌സി-എസ്ടി കമ്മീഷന്റെ ആളുകള്‍ ഞങ്ങളെ കലക്ട്രേറ്റിലേക്ക് വിളിപ്പിക്കുകയും സംസാരിക്കുകയും ചെയ്തു. അവരോടും ഞങ്ങളുടെ അവസ്ഥ ബോധിപ്പിച്ചു. നടപടിയെടുക്കാമെന്ന വാഗ്ദാനം ചെയ്‌തെങ്കിലും ഞങ്ങള്‍ക്കിത് വരെ അവരുടെ പക്കല്‍ നിന്ന് വിവരങ്ങളൊന്നും തന്നെ കിട്ടിയിട്ടില്ല. ഇത്തവണയും അധ്യയന വര്‍ഷം തുടങ്ങി. പതിവ് പോലെ പല കുട്ടികളുടെയും അവസരങ്ങള്‍ നഷ്ടപെടുന്നു” ശേഖരന്‍ പറയുന്നു.

വര്‍ഷങ്ങളായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. 2017 മെയ് 18-ന് ഇവര്‍ വീണ്ടും സമരം ചെയ്തിരുന്നു. നടപടിയുണ്ടായില്ല. തുടര്‍ന്ന് തിരുവനന്തപുരത്തെ എസ് സി- എസ് ടി കമ്മീഷനെയും ഇവര്‍ കണ്ടിരുന്നു. പിന്നീട് എല്ലാ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിവേദനങ്ങള്‍ നല്‍കി. കോഴിക്കോട് എംഎല്‍എ പ്രദീപ് കുമാര്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അത് കേന്ദ്രത്തിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നാണ് മറുപടി ലഭിച്ചത്. തങ്ങള്‍ അനുഭവിച്ച ഈ അയിത്തം പുതിയ തലമുറയും നേരിടാതിരിക്കാന്‍ അര്‍ഹതപ്പെട്ടത് നേടിയെടുക്കാനായി പല സമരങ്ങളും നടത്തിയിരുന്നു.

ശേഖരന്‍, വലര്‍മതി

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാട്, മൂന്നാര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉളള ചക്കിലിയന്മാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ച് നല്‍കുന്നുണ്ട്. ഇത് കൂടാതെ കോട്ടയത്ത് കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍, സ്പെഷല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിച്ചത് വഴി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിവരുന്നു.

ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറ്റാത്തതിന്റെ പേരില്‍ ഉന്നത പഠനത്തിന് അവസരം നഷ്ടപ്പെട്ടവരും പരീക്ഷാഫലം പോലും തടയപ്പെട്ടവരും നിരവധിയാണ്. കുണ്ടുപറമ്പ് മുരുകന്റെ മകള്‍ സ്വപ്ന, വെസ്റ്റ് ഹില്‍ കന്തസ്വാമിയുടെ മകള്‍ ആതിര എന്നിവരുടെ ബി.എഡ് അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റില്ലാത്തതിന്റെ പേരില്‍ തള്ളപ്പെട്ടു. കുണ്ടുപറമ്പ് തന്നെയെുളള കറുപ്പന്‍ സ്വാമിയുടെ മകന്‍ ശിവ എന്‍ജിനീയറിങില്‍ എന്‍ട്രന്‍സിന് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. വിനീതാ രാമന്‍, വിഷ്ണു പ്രസാദ് തുടങ്ങി പിന്നെയും ഒരുപാട് പേര്‍ പരീക്ഷ ഫലം വാരാത്തവരും, അവസരം നഷ്ടപ്പെട്ടവരുമായി ഇവരുടെ ഇടയിലുണ്ട്. പലരും പഠിക്കണമെന്ന ആഗ്രഹത്താല്‍ സ്വകാര്യ കോളേജുകളെ ആശ്രയിക്കേണ്ടിവരുമ്പോള്‍ പണം കൊടുത്ത് പഠിക്കാനുളള സാഹചര്യം ഇല്ലാത്തവരുടെ ഭാവിയാണ് ഇവിടെ ഇരുട്ടിലാവുന്നത്.

“എന്റെ മകളടക്കം ഇപ്പോള്‍ സ്വകാര്യസ്ഥാപനത്തിലാണ് പഠിക്കുന്നത്. ജനറല്‍ സീറ്റില്‍ ഞങ്ങളെ പരിഗണിക്കില്ല, എസ്ടി ആയി പരിഗണിച്ചാല്‍ ഹജരാക്കാന്‍ സര്‍ട്ടിഫിക്കറ്റും ഇല്ല, ഭീമമായ സംഖ്യ ഫീസ് കൊടുക്കുന്നത് പണമുണ്ടായിട്ടല്ല. ഞങ്ങള്‍ക്കൊ ആവശ്യത്തിന് വിദ്യാഭ്യാസമില്ലാതെ പോയി, മക്കള്‍ക്ക് ആ ഗതി വരരുത് എന്നോര്‍ത്താ”ണെന്നും ശേഖരന്‍ പറയുന്നു.

രേഖകളില്‍ പട്ടികജാതി, ജോലി കക്കൂസ് വൃത്തിയാക്കല്‍; ജാതി സര്‍ട്ടിഫിക്കറ്റിന് അര്‍ഹരല്ല, എന്നിട്ടും

വോട്ടേഴ്സ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് മുതലായവയുളളവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് കിര്‍താര്‍ഡ്‌സുമായി ബന്ധപ്പെടാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ കിര്‍താര്‍ഡ്‌സിലെത്തിയപ്പോള്‍ ഇവരുടെ പൂര്‍വികരക്കമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ട് വരാനാണ് അവിടെ നിന്നും ആവശ്യപെട്ടത്. അതനുസരിച്ച് ഒരു ലിസ്റ്റ് ഇവര്‍ തയ്യാറാക്കിയെങ്കിലും ലിസ്റ്റ് അപൂര്‍ണമാണെന്നും വീണ്ടും തയാറാക്കി നല്‍കാന്‍ ഇവരോട് ആവശ്യപ്പെട്ടിരിക്കുകയുമാണ്. അതായത്, ഒരു സമുദായം തങ്ങളുടെ പൂര്‍വികരുടെ ചരിത്രം സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നു; അര്‍ഹതപ്പെട്ട സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍.

അതേസമയം റിപ്പോര്‍ട്ട് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ഫീല്‍ഡില്‍ നിന്നുള്ള ക്രോസ്‌ചെക്ക് കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് സൂക്ഷ്മ നിരീക്ഷണത്തിനായി സമര്‍പ്പിക്കുമെന്നും കിര്‍താര്‍ഡ്‌സ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ തെളിവുകള്‍ കണ്ടു പിടിക്കേണ്ടത് കൃത്യമായും റവന്യൂ ഉദ്യോഗസഥരുടെ ചുമതലയാണെന്നുമാണ് കിര്‍താര്‍ഡ്‌സ് അധികൃതരുടെ വാദം.

കഴിഞ്ഞ ദിവസമാണ് ഈ സമുദായത്തില്‍പ്പെട്ട നാഗരാജ് എന്നയാള്‍ മകളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനില്‍ പോയതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുന്നത്. ഇപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് നാഗരാജിനെയെന്ന് കമ്മിറ്റി അംഗമായ വലര്‍മതി പറയുന്നു. തന്റെ സഹോദരന്റെ പുത്രിയുടെ പഠനം പ്ലസ്ടു കഴിഞ്ഞ് നിന്നു പോയതും ഇതേ കാരണം കൊണ്ടാണെന്നും വലര്‍മതി പറയുന്നു. കോര്‍പറേഷന്‍ കോളനിയില്‍ ഒരുപാട് കുട്ടികളുടെ ഭാവിയാണ് ഇത്തരത്തില്‍ അധികാരികളുടെയും സര്‍ക്കാരിന്റെയും ഇടയിലുള്ള തര്‍ക്കങ്ങളും അലംഭാവവും കാരണം ഇല്ലാതായത്. ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതയും അവകാശവുമുണ്ടായിരുന്നിട്ടും സാമ്പത്തിക പരാധിനതകള്‍ കാരണം പഠിക്കാന്‍ പറ്റാതെ, സംവരണത്തിന് അര്‍ഹരായിട്ട് പോലും അത് ലഭിക്കാതെ പോയവര്‍…

ദിവ്യ ഭാരതി/അഭിമുഖം; ആദ്യം തകര്‍ക്കേണ്ടത് വീടിനുള്ളിലേയും പാര്‍ട്ടിക്കുള്ളിലേയും ഹിന്ദുത്വയെയാണ്

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍