UPDATES

കോളനിക്കാരായതു കൊണ്ട് ഇത്രയൊക്കെ വേഗം മതി; കല്ലുത്താന്‍ കടവിലെ ദളിതര്‍ക്കുള്ള മറുപടിയാണിത്‌

മഴക്കാലത്ത് ഇവിടെ വീടിനകത്തും പുറത്തും ഒരു പോലെ വെള്ളം നില്‍ക്കും. കൊതുകിന്റെ ശല്യവും രൂക്ഷമാണിവിടെ. ഇവിടെയുള്ളവര്‍ പലര്‍ക്കും സ്വന്തമായി കുളിമുറിയുണ്ട്. എന്നാല്‍ കക്കൂസ് സംവിധാനമില്ല

മഴ വീണ്ടും തിമിര്‍ത്തുപെയ്യുകയാണ്. മുട്ടോളം വെള്ളത്തില്‍ നിന്നും കൈയകലെ വര്‍ഷങ്ങളായി സര്‍ക്കാര്‍ കാണിച്ച സ്വപ്‌നം നോക്കി കണ്ണ് നിറയ്ക്കുകയാണവര്‍. കോഴിക്കോട്ടെ ജയില്‍ റോഡിനടുത്തുള്ള കല്ലുത്താന്‍ കടവ് ദളിത് കോളനിക്കാര്‍ കെട്ടുറുപ്പുള്ള കൂര സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറേയായി. 2005 മുതല്‍ കല്ലുത്താന്‍ കടവുകാര്‍ കാണാന്‍  തുടങ്ങിയതാണ് ഈ സ്വപ്‌നം. ഇന്ന്, നാളെയെന്ന അധികാരികളുടെ വാക്ക് വിശ്വസിച്ച് ചതുപ്പില്‍ തങ്ങളുടെ ചോരുന്ന കൂരകളിലിരിപ്പാണവര്‍.

”ഇത്തവണത്തെ മഴയ്ക്ക് മുന്നെയായി എന്തായാലും മാറ്റി പാര്‍പ്പിക്കുമെന്ന് അവര്‍ വാക്ക് തന്നതാണ്, അത് വിശ്വസിച്ച് ഞങ്ങള്‍ കൂര പോലും പണിതില്ല. പെയ്ന്റടി കഴിഞ്ഞെന്നും, ഡോറ് വെച്ചന്നും പറഞ്ഞ് ആശ്വസിപ്പിച്ച് ഉറപ്പ് തന്നത് കൊണ്ടാണ് ഇത്തവണത്തെ മഴയ്ക്ക് കൂര മേയാഞ്ഞത്, വെറുതെ അയ്യായിരം രൂപ കളയണ്ടല്ലോയെന്നാണ് ഓര്‍ത്തു”, മഴ കുറഞ്ഞപ്പോള്‍ അകത്ത് കയറിയ വെള്ളം തുടച്ച് കളയവെ ലീലാവതി പറഞ്ഞു.

കല്ലുത്താന്‍ ദളിത് കോളനിയില്‍ 86-ഓളം വീടുകളാണ് നിലവിലുള്ളത്. ഒന്നും രണ്ടും മൂന്നും വരെ കുടുബങ്ങള്‍ അതിലോരോന്നിലും താമസിക്കുന്നുണ്ട്. മഴയും വെയിലും ശക്തമായി തന്നെ അകത്തു കടക്കാന്‍ പാകത്തിലുള്ള കൂരകള്‍. പല വീടുകളുടെയും മേല്‍ക്കൂര പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ടും ഫ്ലക്‌സ് ബോര്‍ഡുകള്‍ കൊണ്ടുമാണ് മറച്ചിട്ടുള്ളത്. കോളനിയില്‍ മുഴുവന്‍ ചളിവെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ മഴക്കാലമായാലും വേനല്‍ക്കാലമായാലും ഇവിടെ വെള്ളം കെട്ടികിടക്കും. മഴക്കാലത്ത് നഗരമധ്യത്തിലെ താഴ്ന്ന നിലമായത് കൊണ്ട് തന്നെ കെട്ടി നില്‍ക്കുന്ന മാലിന്യം മുഴുവന്‍ കോളനിയില്‍ ഒഴുകിയെത്തും. നിലവില്‍ വീടുകളുടെ ഇടയിലും ഉള്ളിലുമൊക്കെ തന്നെ കെട്ടി നില്‍ക്കുന്ന വെള്ളത്തിന് മൂക്കു പൊത്തി പോകുന്ന അത്രയും ദുര്‍ഗന്ധമുണ്ട്.

മഴക്കാലങ്ങള്‍ പൊതുവെ തന്നെ ഇവരുടെ പേടിസ്വപ്നമാണ്, അപ്പോള്‍ ഇത്ര തിമിര്‍ത്ത് പെയ്യുന്ന പേമാരിക്കാലത്ത് കോളനിയുടെ നിലനില്‍പ്പ് തന്നെ അങ്ങേയറ്റം ഭീഷണിയിലും.
“ഞങ്ങള്‍ക്കിവിടെ നിന്ന് പോകാന്‍ ഒരിടമില്ല, അയ്യായിരവും ആറായിരവും കൊടുത്ത് വാടകയ്ക്ക് പോകാന്‍ മാത്രം വരുമാനമില്ലെ“ന്നും ലീലാവതി പറയുന്നു.

”കഴിഞ്ഞ മഴക്കാലത്താണ് എന്റെ മൂപ്പര് മരിച്ചത്. വെള്ളം നിറഞ്ഞ് നില്‍ക്കുന്ന പുരയുടെ ഉള്ളില്‍ കിടത്താന്‍ കഴിയാതെ മൂപ്പരെ എന്റെ അനിയത്തിയുടെ വീട്ടിലാണ് കിടത്തിയത്, അന്നിവിടെ വന്നപ്പോഴും കൗണ്‍സിലര്‍ വാക്ക് തന്നതാണ്, അടുത്ത മഴയ്ക്ക് മുന്നെ എന്തായാലും വീട് തരുമെന്ന്’‘, തന്റെ ഭര്‍ത്താവിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടിയാണ് ലീലാവതി അത് മുഴുമിപ്പിച്ചത്.

മഴക്കാലത്ത് ഇവിടെ വീടിനകത്തും പുറത്തും ഒരു പോലെ വെള്ളം നില്‍ക്കും. കൊതുകിന്റെ ശല്യവും രൂക്ഷമാണിവിടെ. ഇവിടെയുള്ളവര്‍ പലര്‍ക്കും സ്വന്തമായി കുളിമുറിയുണ്ട്. എന്നാല്‍ കക്കൂസ് സംവിധാനമില്ല. എല്ലാവര്‍ക്കും ഉപയോഗിക്കുന്ന പൊതു കക്കൂസ് മാത്രമാണുള്ളത്. ഇത്രയും അധികം പേര്‍ ഒരേ കക്കൂസ് ഉപയോഗിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. പലപ്പോഴും കക്കൂസ് ടാങ്കുകള്‍ പെട്ടെന്ന് നിറഞ്ഞൊഴുകും. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇവിടെ വന്ന് ഇത് വൃത്തിയാക്കുള്ളതെന്നും കോളനിക്കാര്‍ പറയുന്നു. വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ വിഭാഗം പരിശോധിക്കാനായെത്തും.

1936 മുതല്‍ കോളനിയില്‍ താമസമുണ്ട്. അന്ന് 13 കുടുംബങ്ങള്‍ മാത്രമാണിവിടെ ഉണ്ടായിരുന്നത്. പിന്നീടത് 113-ഓളം കുടംബങ്ങളായി. പിന്നീട് അവരില്‍ പലരും ഭട്ട് റോഡ് ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള കോളനിയിലേക്ക് മാറി. ഇപ്പോള്‍ 86 കുടുംബങ്ങളാണ് അവിടെയുള്ളത്.

2005 ലാണ് ആദ്യമായി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പദ്ധതിക്ക് തുടക്കമിടുന്നത്. പല കാരണങ്ങളാല്‍ പദ്ധതി വൈകി. പിന്നീട് 2009ല്‍ പദ്ധതി പുനരാരംഭിക്കുകയും ആ വര്‍ഷം തന്നെ ശിലാസ്ഥാപനവും നടത്തി. വീണ്ടും അഞ്ച് വര്‍ഷത്തേക്കു പദ്ധതി ഫയലില്‍ തന്നെ കിടന്നു. പിന്നീട് 2014-ലാണ് ഫ്ലാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായിരുന്നു. അതിനിടയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി. നിയമം പാസാക്കുന്നത്. ഇതേ തുടര്‍ന്ന് പണികള്‍ വീണ്ടും മുടങ്ങി. ഇപ്പോള്‍ വീണ്ടും ഇവിടെ പണി നടക്കുന്നുണ്ട്. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന പോലെ പണികള്‍ നടക്കുന്നില്ലെന്നാണ് കോളനിക്കാര്‍ പറയുന്നത്.

“പലിശയക്കെടുത്താണ് എല്ലാ മഴക്കാലത്തും കൂര മേയാറ്, ഇക്കൊല്ലം കൗണ്‍സിലറുടെ വാക്ക് വിശ്വസിച്ച് അതും ഉണ്ടായില്ല. കുറെ കാലം നിര്‍ത്തിയിട്ട് പണി തുടങ്ങിയപ്പോള്‍ 15 മാസം കൊണ്ട് പണി തീര്‍ത്ത് തരുമെന്നാണ് അധികാരികള്‍ പറഞ്ഞത്. ഇപ്പോള്‍ കൊല്ലം രണ്ടായി”, കോളനിനിവാസിയായ മിനി പറയുന്നു. മഴക്കാലമായില്‍ പിന്നെ കോര്‍പറേഷനില്‍ നിന്നു ആരും തിരിഞ്ഞ് നോക്കിയിട്ടുപോലുമില്ലെന്ന് മിനി കൂട്ടിച്ചേര്‍ത്തു.

കല്ലുത്താന്‍ കടവ് കോളനിയുടെ നേരെ മുമ്പിലായി കോളനി നിവാസികള്‍ക്ക് വേണ്ടി ഉയരുന്ന ഫ്ലാറ്റിലേക്ക് മാറുന്നത് സ്വപ്‌നം കാണുന്ന സരസ്വതിക്കും എന്നെങ്കിലും തനിക്കും കൂടുംബത്തിനും അവിടേക്ക് മാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എട്ട് കൊല്ലമായി ഫ്ലാറ്റിന്റെ വളര്‍ച്ച നോക്കി അവര്‍ സ്വപ്നം കാണുകയായിരുന്നു. സുരക്ഷിതമല്ലാത്ത ഇടത്തില്‍ നിന്നും വളര്‍ന്നു വന്ന തന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും സുരക്ഷിതമായൊരിടം. അതായിരുന്നു അവര്‍ക്ക് ആ ഫ്ലാറ്റിലെ ഏറ്റവും വലിയ പ്രതീക്ഷ. 50 കൊല്ലം മുമ്പാണ് സരസ്വതി ഇവിടേക്ക് വരുന്നത്. കോളനിക്കാരുടെ മുഴുവന്‍ പ്രതീക്ഷകള്‍, സംസാരിക്കുമ്പോള്‍ അവരുടെ മുഖത്തുണ്ട്.

140 കുടുംബങ്ങള്‍ക്ക് താമസിക്കാനായി ഏഴു നിലകളുള്ള നാല് കെട്ടിട സമുച്ചയങ്ങള്‍. 330 സ്ക്വയര്‍ ഫീറ്റില്‍ ഒരു റൂം, വിശ്രമ മുറി, അടുക്കള എന്നിവയടങ്ങിയതാണ് ഓരോ വീടുകളും. കല്ലുത്താന്‍ കടവ് ഏരിയ ഡവലപ്പ്‌മെന്റ് കമ്പനിയാണ് ഫ്ലാറ്റ് നിര്‍മിക്കുന്നത്. ഇപ്പോള്‍ ടൈലിങ്ങും, ഇലക്ട്രിഫിക്കേഷനും നടക്കുകയാണെന്നാണ് സൈറ്റ് സൂപ്പ പറയുന്നത്. എന്നാല്‍ മാസങ്ങളായി ഇത് തന്നെയാണ് അധികൃതര്‍ പറയുന്നതെന്നാണ് കോളനി നിവാസികളുടെ പരാതി.

“പണികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്, എന്ന് കൈമാറ്റം ചെയ്യുമെന്ന് എന്നറിയില്ല, അതെല്ലാം മേയറുടെ പക്കലാണ്, നിങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ അവിടെ ചോദിക്കൂ “എന്നാണ് കോര്‍പ്പറേഷനില്‍ ഈ പ്രോജക്ടിന്റെ ചാര്‍ജുള്ള കോര്‍പറേഷന്‍ എ.ഇ. ജിത്തു അഴിമുഖത്തോട് പറഞ്ഞത്.

പലതരം പണികള്‍ നടക്കാനുണ്ടവിടെ, കറന്റ്, വെള്ളം എന്നിവയുടെ കണക്ഷന്‍ കിട്ടിയിട്ടില്ല. മുന്നില്‍ അനുബന്ധമായി നടക്കുന്ന മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഭൂമി ഏറ്റെടുക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. അടുത്ത സെപ്റ്റംബറില്‍ എന്തായാലും കൈമാറ്റം ചെയ്യുമെന്നു”മാണ് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞത്. ഇത് കുറെ കാലമായി നല്‍കുന്ന വാഗ്ദാനം ആണല്ലൊ, മഴയത്ത് അവര്‍ കഷ്ടപെടുകയാണെന്നും സൂചിപ്പിച്ചപ്പോള്‍, അത് കാലാകാലങ്ങളായി തുടരുന്നതാണെന്നും അത് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, പകുതി പണി കഴിച്ച് ആളെ കയറ്റിയാല്‍ അത് പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നുമാണ് മേയര്‍ പറഞ്ഞത്. “സെപ്റ്റംബര്‍ എന്ന് ഞാന്‍ ഏകദേശ കണക്കാണ് പറഞ്ഞത്. കഴിഞ്ഞ രണ്ട് കൊല്ലമായി മാത്രമാണ് അവിടെ പണി നടക്കുന്നത്, എത്രയും പെട്ടെന്ന് തീര്‍ത്ത് കൈമാറാനാണ് തങ്ങളും ശ്രമിക്കുന്നത്’, മേയര്‍ വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ അവസ്ഥയായിരുന്നു, അന്ന് മൂന്ന് മാസം കൊണ്ട് പണി കഴിയുമെന്നാണ് അവര്‍ പറഞ്ഞത്, ഞങ്ങളുടെ കാത്തിരിപ്പിന് ഒരവസാനം ഇല്ലേയെന്നുമാണ് കോളനി നിവാസികള്‍ ചോദിക്കുന്നത്. കോര്‍പറേഷന്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ തീര്‍ക്കാവുന്ന നൂലാമാലകള്‍ കാരണമായി കാണിച്ച് എന്തിനാണ് തങ്ങളെ ഇത്തരത്തില്‍ നരകിപ്പിക്കുന്നെതെന്നും അവര്‍ ചോദിക്കുന്നു.

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍