UPDATES

ട്രെന്‍ഡിങ്ങ്

കോഴിക്കോടിന് ഇനി അങ്ങനെയൊരു ചരിത്രമില്ല; 150 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കി

കുട്ടികളുടെ സുരക്ഷയ്ക്കും സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉണ്ടാക്കാനുമായാണ് പുതിയ കെട്ടിടം പണിയുന്നതെന്ന് സ്കൂള്‍ അധികൃതര്‍

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട് നഗരത്തിലെ തീരദേശമേഖലയിലേക്ക് അപ്പോസ്തലിക് കാര്‍മല്‍ സഭാംഗമായ മദര്‍ വെറോണിക്ക എത്തിച്ചേരുന്നത് 1862-ലാണ്. മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ തന്നെ ഗതിമാറ്റിയ പാരമ്പര്യമുണ്ട് ആ വര്‍ഷത്തിനും മദര്‍ വെറോണിക്കയുടെ കടന്നുവരവിനും. പെണ്‍കുട്ടികള്‍ക്കായുള്ള മലബാറിലെ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍ കടലോരത്ത് ഒരുങ്ങുന്നത് മദര്‍ വെറോണിക്കയുടെ നേതൃത്വത്തില്‍, 1862-ലാണ്. സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച പെണ്‍പള്ളിക്കൂടം, തീരദേശ മേഖലയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരുക തന്നെ ചെയ്തു.

ദൂരദേശത്തു നിന്നും യാത്ര ചെയ്ത് എത്തിച്ചേരാന്‍ സാധിക്കാതിരുന്ന പെണ്‍കുട്ടികള്‍ക്കായി ബോര്‍ഡിംഗ് സൗകര്യം ഏര്‍പ്പെടുത്തിയ മലബാറിലെ ആദ്യ സ്‌കൂള്‍ എന്ന ഖ്യാതിയും സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ നേടി. ആദ്യം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രവേശിപ്പിച്ചിരുന്ന സ്‌കൂള്‍ പെണ്‍പള്ളിക്കൂടമായി മാറിയതും, യൂറോപ്പുകാര്‍ക്ക് മാത്രം പ്രവേശനമനുവദിച്ചിരുന്ന കാലഘട്ടമുണ്ടായതുമെല്ലാം സ്‌കൂളിന്റെ നൂറ്റിയമ്പതിലധികം വര്‍ഷങ്ങള്‍ നീളുന്ന ചരിത്രത്തിലെ ചില ഏടുകള്‍ മാത്രം.

എന്നാല്‍ കേരളത്തില്‍ സംരക്ഷിത സ്മാരകമായി പരിഗണിക്കപ്പെടുന്ന ആദ്യത്തെ സ്‌കൂള്‍ എന്ന നേട്ടം കൂടി കൈവരിക്കാനുള്ള ഇന്നത്തെ സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളിന്റെ സാധ്യത കഴിഞ്ഞ ദിവസം പൂര്‍ണമായി ഇല്ലാതായി. സ്‌കൂളിന്റെയും മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെയും നാള്‍വഴികള്‍ക്ക് സാക്ഷ്യം വഹിച്ച പൈതൃക കെട്ടിടം കഴിഞ്ഞ ദിവസം സ്‌കൂളിനു മുന്നില്‍ നിന്നും പൊളിച്ചു നീക്കി.

വലിയങ്ങാടിയും കോമണ്‍വെല്‍ത്ത് നെയ്ത്തു കേന്ദ്രവും കുറ്റിച്ചിറ മിശ്കാല്‍ പള്ളിയും പോലെ, കോഴിക്കോടിന്റേതായ അടയാളങ്ങളിലൊന്നായിരുന്നു ദിവസങ്ങള്‍ക്കു മുന്നെ പൊളിച്ചു നീക്കപ്പെട്ട മദര്‍ ഓഫ് ഗോഡ് പള്ളിക്ക് സമീപത്തുള്ള സ്‌കൂള്‍ കെട്ടിടം. പരമ്പരാഗത ഇന്‍ഡോ-യൂറോപ്യന്‍ വാസ്തുശില്പ ശൈലിയുടെ ഭംഗിയേക്കാള്‍, കെട്ടിടം പ്രതിനിധാനം ചെയ്യുന്ന ചരിത്രത്തെയാണ് ഒരു വിഭാഗം പൂര്‍വവിദ്യാര്‍ത്ഥികള്‍ ചേര്‍ത്തു പിടിച്ചിരുന്നത്. കാലപ്പഴക്കം കാരണം കെട്ടിടം അപകടാവസ്ഥയിലായിരിക്കുകയാണെന്നും, കൂടുതല്‍ സ്ഥലസൗകര്യങ്ങള്‍ നല്‍കുന്ന മറ്റൊരു കെട്ടിടം ആ സ്ഥാനത്ത് പണിയണമെന്നും സ്‌കൂളധികൃതര്‍ തീരുമാനമെടുത്തിട്ട് പത്തു വര്‍ഷത്തിലേറെയായിരുന്നു എന്നതാണ് വാസ്തവം. സ്‌കൂള്‍ കെട്ടിടത്തിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ ഒരു വിഭാഗം പൂര്‍വവിദ്യാര്‍ത്ഥികളുടെ എതിര്‍പ്പുകാരണമാണ് പൊളിച്ചുമാറ്റല്‍ ഇത്രയേറെ നീണ്ടുപോയത്. കെട്ടിടം നിലനിര്‍ത്തണോ പൊളിച്ചുമാറ്റണോ എന്ന വിഷയത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ മാനേജ്‌മെന്റും പൂര്‍വവിദ്യാര്‍ത്ഥികളും തമ്മില്‍ നടന്നിട്ടുമുണ്ട്.

നൂറു വര്‍ഷത്തിനടുത്ത് പഴക്കമുള്ള കെട്ടിടമാണെന്നും, ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും, കുട്ടികള്‍ നടക്കുമ്പോള്‍ കുമ്മായവും സിമന്റും പൊളിഞ്ഞിളകി വീഴുന്നത് പതിവായിരിക്കുകയാണെന്നും സ്‌കൂളധികൃതര്‍ ഏറെക്കാലമായി ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇടുങ്ങിയ ക്ലാസ്മുറികളില്‍ കുട്ടികള്‍ക്ക് സൗകര്യമായി ഇരുന്നു പഠിക്കാന്‍ സാധിക്കുന്നില്ലെന്നും, സ്മാര്‍ട്ട് ക്ലാസ്‌റൂം പോലുള്ള ആധുനിക സങ്കേതങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കണമെങ്കില്‍ പുതിയ കെട്ടിടം തന്നെ വേണമെന്നുമായിരുന്നു പ്രധാനാധ്യാപികമാരുടെയും മാനേജ്‌മെന്റിന്റെയാകെയും വാദം. സ്‌കൂളിലെ ഈ ഭാഗത്തുള്ള പത്തൊന്‍പത് ക്ലാസ് മുറികളും കടുത്ത അസൗകര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഓടുമ്പോള്‍ കുമ്മായം ഇളകി വീഴാറുണ്ടായിരുന്നെന്നും സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നുണ്ട്. കെട്ടിടത്തില്‍ സൂക്ഷിച്ചാണ് പ്രവേശിച്ചിരുന്നതെന്നും, രക്ഷിതാക്കള്‍ക്കും വലിയ ആശങ്കയുണ്ടായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍, സ്‌കൂളില്‍ പുതിയ കെട്ടിടം പണിയണം എന്ന മാനേജ്‌മെന്റിന്റെ ആവശ്യം നിറവേറ്റാനായി കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണുണ്ടായതെന്നാണ് പൂര്‍വവിദ്യാര്‍ത്ഥികളില്‍ ചിലരുടെ പക്ഷം. കെട്ടിടം പൊളിക്കാതെ തന്നെ സ്‌കൂളിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള പദ്ധതി ശാസ്ത്രീയമായ അടിത്തറയോടെ തങ്ങള്‍ സമര്‍പ്പിച്ചിരുന്നെന്നും, എന്നാല്‍ ആ പഠന റിപ്പോര്‍ട്ട് പരിഗണിച്ചില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പൊളിക്കുന്നതിന് മുമ്പ്

കെട്ടിടം നിലനിര്‍ത്തണോ വേണ്ടയോ എന്ന വിഷയത്തില്‍ മാനേജ്‌മെന്റും പൂര്‍വവിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ആരംഭത്തെക്കുറിച്ച് പൂര്‍വവിദ്യാര്‍ത്ഥികളിലൊരാളായ അയിഷ മഹ്മൂദ് പറയുന്നതിങ്ങനെ: “കുട്ടികള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്‌റൂം വേണം, കൂടുതല്‍ കുട്ടികളെ ചേര്‍ക്കാന്‍ സാധിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടു വച്ചിട്ടാണ് മാനേജ്‌മെന്റ് ഈ കെട്ടിടം പൊളിച്ചു കളയണമെന്ന് വാദിച്ചത്. പൊളിക്കാതെ തന്നെ അവരുടെ എല്ലാ ആവശ്യങ്ങളും നേടാനുള്ള വഴികളുണ്ട് എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. സ്‌കൂളിന്റെ പുറകിലേക്കായി ഉപയോഗിക്കാത്ത സ്ഥലങ്ങള്‍ ഇനിയുമുണ്ട്. പക്ഷേ അവര്‍ അപ്പോഴേക്കും കുട്ടികളുടെ കൈയില്‍ നിന്നും പത്തു കോടിയോളം രൂപ ബില്‍ഡിംഗ് ഫണ്ടിലേക്ക് ശേഖരിച്ചു കഴിഞ്ഞിരുന്നുവെന്നാണ് അവര്‍ തന്നെ പറയുന്നത്. അതൊക്കെത്തന്നെയായിരിക്കണം കെട്ടിടവുമായി ബന്ധപ്പെട്ടുള്ള അവരുടെ പ്രധാന പ്രശ്‌നവും. ഏകദേശം പത്തു വര്‍ഷക്കാലമായി കെട്ടിടം പൊളിക്കാനുള്ള പദ്ധതി മാനേജ്‌മെന്റ് കൊണ്ടുവന്നിട്ട്. ഞങ്ങള്‍ സംസാരിച്ചു സംസാരിച്ചാണ് അത് ഇത്രയും നീട്ടിക്കൊണ്ടിരുന്നത്. ഒരു മൂന്നു കൊല്ലം മുന്‍പ് ഇക്കാര്യം വളരെ ഗൗരവമായി മാനേജ്‌മെന്റ് പരിഗണിക്കാന്‍ തുടങ്ങിയിരുന്നു. അതോടെ സ്‌കൂളില്‍ത്തന്നെ എല്ലാവരും പങ്കെടുത്ത ഒരു ചര്‍ച്ച സംഘടിപ്പിച്ചു. മാനേജ്‌മെന്റ് അവരുടെ ആവശ്യങ്ങളെല്ലാം ആ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചിരുന്നു. കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കുകയും പഠിക്കുകയും ചെയ്തിട്ട്, സ്‌കൂളിന്റെ ആവശ്യങ്ങള്‍ക്കെല്ലാം മറ്റു മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സാധിച്ചാല്‍ അതു പരിഗണിക്കാം എന്ന് ഞങ്ങള്‍ക്കു വാക്കും തന്നതാണ്. അങ്ങനെയാണ് അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് എല്ലാവരും പിരിയുന്നത്.”

സ്‌കൂളധികൃതര്‍ക്കും പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ആര്‍ക്കിടെക്റ്റുമാര്‍, കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നുമുള്ള ഒരു സംഘം, ഇന്‍ടെക് പ്രതിനിധി, പി.ടി.എ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് യോഗത്തില്‍ കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനും തീരുമാനിച്ചിരുന്നത്. വിദഗ്ധരായ ആര്‍ക്കിടെക്റ്റുകളുടെ ഒരു സംഘം തന്നെ ഇതിനായി സ്‌കൂളിലെത്തി കെട്ടിടം വിശദമായി പരിശോധിച്ചിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പഠിച്ച ശേഷം, എങ്ങനെ ഇത് നിലനിര്‍ത്തിക്കൊണ്ട് സ്‌കൂളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാം എന്നതിനെക്കുറിച്ച് സംഘം വിശദമായ ഒരു റിപ്പോര്‍ട്ടും തയ്യാറാക്കി സമര്‍പ്പിച്ചു. സ്‌കൂളിലെ തന്നെ പൂര്‍വ വിദ്യാര്‍ത്ഥിനിയും കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്റ്റുമായ ലക്ഷ്മി മനോഹറിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂം, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള വലിപ്പമില്ലായ്മ, പൊളിഞ്ഞിളകല്‍ എന്നിങ്ങനെ സ്‌കൂള്‍ മുന്നോട്ടുവച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും മൂന്നോ നാലോ പരിഹാരങ്ങള്‍ വീതം നിര്‍ദ്ദേശിക്കാന്‍ റിപ്പോര്‍ട്ടില്‍ സാധിച്ചിരുന്നതായി അയിഷ പറയുന്നു. ഡെറാഡൂണിലെ ഡൂണ്‍ സ്‌കൂള്‍ എന്ന ചരിത്രപ്രസിദ്ധമായ ബോര്‍ഡിംഗ് സ്‌കൂളിന്റെ കെട്ടിടങ്ങളും സമാനമായ രീതിയില്‍ കാലപ്പഴക്കത്തിന്റേതായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെന്നും, അതു സംരക്ഷിച്ചു നിലനിര്‍ത്തിയ ആര്‍ക്കിടെക്റ്റ് സംഘത്തിന്റെ സഹായവും ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിന് ലഭ്യമായിരുന്നെന്നും അയിഷ ചൂണ്ടിക്കാട്ടുന്നുണ്ട്.

Also Read: 156 വര്‍ഷം പഴക്കമുള്ള ഈ ‘കെട്ടിടം’ എത്രനാളുണ്ടാകുമെന്നറിയില്ല; കുറെ മനുഷ്യര്‍ അത് സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്

“ഇതിനേക്കാള്‍ മോശപ്പെട്ട അവസ്ഥയിലായിരുന്നു ഡൂൺ സ്‌കൂളിന്റെ കെട്ടിടം. വിള്ളല്‍ വരെ വീണിരുന്നു. എന്നിട്ടും വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആ സ്‌കൂള്‍ കെട്ടിടം അവര്‍ സംരക്ഷിക്കുകയാണ് ചെയ്തത്. കുട്ടികള്‍ക്കും സ്‌കൂളിനും ഉപയോഗപ്രദമാകുന്ന രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി നിലനിര്‍ത്തുന്നതാണ് രീതി. ഡൂൺ സ്‌കൂളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടിന്റെ ഭാഗമായിരുന്നു. അത്ര വിശദമായ ഒരു റിപ്പോര്‍ട്ട് പഠനശേഷം സമര്‍പ്പിച്ചിട്ടും മാനേജ്‌മെന്റില്‍ നിന്നും ഒരു പ്രതികരണവുമുണ്ടായില്ല. അവരത് പി.ടി.എയുമായി പങ്കുവയ്ക്കുകയോ മേലധികാരികള്‍ക്ക് കൈമാറുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ പിന്നെയും മീറ്റിംഗുകള്‍ക്കു ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും കണ്ടതുമില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇതേ റിപ്പോര്‍ട്ടു വച്ച് അന്ന് സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന വേണുസാറിന് കത്തയച്ചത്. അതു പഠിച്ച ശേഷമാണ് സ്‌കൂളിനെ സംരക്ഷിത സ്മാരകമാകുന്ന കേരളത്തിലെ ആദ്യത്തെ വിദ്യാലമായി പ്രഖ്യാപിക്കാനുള്ള യോഗ്യത ചൂണിക്കാട്ടി ഗസ്റ്റില്‍ അദ്ദേഹം വിജ്ഞാപനം ചെയ്യുന്നതും. വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ പരാമര്‍ശിക്കപ്പെട്ടതടക്കമുള്ള പല കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നീക്കമുണ്ടായത്. പക്ഷേ, വിചാരിച്ചതു പോലെ സംഭവിച്ചില്ല. നൂറ്റിയമ്പത്തിയാറു വര്‍ഷങ്ങളുടെ പഴക്കം സ്‌കൂളിനും കെട്ടിടത്തിനുമുണ്ട്. പക്ഷേ അത് തെളിയിക്കാനുള്ള രേഖകളൊന്നും ഞങ്ങളുടെ പക്കലുണ്ടായിരുന്നില്ല. മാനേജ്‌മെന്റിന്റെ വാദം കെട്ടിടത്തിന് 98 വര്‍ഷത്തെ പഴക്കമാണുള്ളതെന്നായിരുന്നു. നൂറു വര്‍ഷമെങ്കിലും പഴക്കമില്ലെങ്കില്‍ സാംസ്‌കാരിക വകുപ്പിന് ഏറ്റെടുക്കാന്‍ തടസ്സങ്ങളുണ്ട്. സ്‌കൂളിന്റെ പഴക്കം നൂറ്റിയമ്പതു കൊല്ലത്തിലധികമുണ്ടെന്ന് തെളിയിക്കാന്‍ വേണ്ട രേഖകള്‍ കൈയിലില്ലാതെ പോയി എന്നതാണ് പ്രശ്‌നം. പഴക്കം നിര്‍ണ്ണയിക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങളിലേക്ക് കടക്കാന്‍ കോര്‍പ്പറേഷന്റെ അനുമതി വാങ്ങാന്‍ ശ്രമിച്ചെങ്കിലും, മാനേജ്‌മെന്റിന്റെ കൈവശമുണ്ടായിരുന്ന ചില രേഖകള്‍ വിട്ടു തരാന്‍ അവര്‍ തയ്യാറല്ലായിരുന്നു. കോര്‍പ്പറേഷനില്‍ നിന്നും ലഭ്യമായത്, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയതിന്റെ രേഖകള്‍ മാത്രമാണ്. ഈ രേഖകള്‍ വച്ചാണ് കെട്ടിടത്തിന്റെ പഴക്കം 98 വര്‍ഷമാണെന്ന് മാനേജ്‌മെന്റ് വാദിക്കുന്നത്. അങ്ങനെയാണ് സാംസ്‌കാരിക വകുപ്പിന്റെ കൈയില്‍ നിന്നും കാര്യങ്ങള്‍ വഴുതിപ്പോയതും.”

പൊളിച്ചു നീക്കുന്നു

മാനേജ്‌മെന്റുമായി ഒരു തര്‍ക്കത്തിനോ യുദ്ധത്തിനോ താല്‍പര്യമില്ലാതിരുന്നതിനാല്‍ അയിഷയും ലക്ഷ്മിയും അടക്കമുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയോ സ്‌റ്റേ വാങ്ങിക്കുകയോ ചെയ്തില്ല. സ്‌കൂളിന്റെ ആവശ്യങ്ങളും തങ്ങളുടെ ആശങ്കയും ഒന്നിച്ച് പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുപോലും മാനേജ്‌മെന്റ് അതു പരിഗണിക്കാതിരുന്നതില്‍ ഇവര്‍ക്ക് അതൃപ്തിയുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗമായ കന്യാസ്ത്രീകളുമായി സംസാരിച്ചപ്പോഴെല്ലാം തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ ഒരു തീരുമാനമെടുക്കില്ല എന്ന വാഗ്ദാനമായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നതും. കാലിക്കറ്റ് ഹെറിറ്റേജ് വാക്ക് അടക്കമുള്ള സംഘടനകള്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിനെ എതിര്‍ത്തിരുന്നവരാണ്. പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, കോഴിക്കോടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ആര്‍ക്കും ചെറിയൊരു അസ്വസ്ഥതയുണ്ടാക്കുന്ന മാറ്റമാണ് ആംഗ്ലോ ഇന്ത്യന്‍സ് ഗേള്‍സ് സ്‌കൂളില്‍ ഉണ്ടായിരിക്കുന്നതെന്ന് സാരം. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കു പക്ഷേ, കെട്ടിടം പുതുക്കിപ്പണിയണം എന്ന ആവശ്യം തന്നെയാണുണ്ടായിരുന്നത്. തങ്ങളുടെ കുട്ടികളുടെ സുരക്ഷയെക്കരുതിയും കൂടുതല്‍ സൗകര്യത്തില്‍ പഠിക്കട്ടെ എന്നു കരുതിയും മാനേജ്‌മെന്റ് തീരുമാനത്തെ അനുകൂലിച്ചവരാണ് ഭൂരിഭാഗവും. രക്ഷിതാക്കള്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതില്‍ അത്ഭുതമില്ലെന്നും പൂര്‍വവിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്.

“പിടിഎ മീറ്റിംഗുകളിലെല്ലാം സ്‌കൂളിതാ പൊളിഞ്ഞു വീഴുന്നേ എന്ന തരത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചിരുന്നത്. മക്കള്‍ അവിടെ പഠിക്കുമ്പോള്‍ അങ്ങനെ കേട്ടാല്‍ രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ടാകും. അത് സ്വാഭാവികമാണല്ലോ. പക്ഷേ ഇവരിത് പറഞ്ഞു തുടങ്ങിയിട്ട് പത്തു കൊല്ലമായി എന്നതാണ് കാര്യം. നടക്കുമ്പോള്‍ പൊടിഞ്ഞു വീഴുന്നു എന്നു പറയുന്നതൊക്കെ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തതിന്റെ അശാസ്ത്രീയത കാരണമാണ്. എന്നായാലും പൊളിക്കാനുള്ളതാണ് എന്ന കണക്കുകൂട്ടലില്‍, അധികം തുക അറ്റകുറ്റപ്പണികള്‍ക്കായി മാനേജ്‌മെന്റ് ചെലവഴിച്ചിട്ടില്ലെന്ന് തോന്നുന്നു. കുമ്മായം തേച്ചിരിക്കുന്നതിനു മുകളില്‍ സിമന്റിട്ടാല്‍ അത് നില്‍ക്കില്ല. ഇളകി വന്ന ഭാഗങ്ങളില്‍ സിമന്റിട്ട് തേയ്ക്കുന്നതു കൊണ്ടാണ് വീണ്ടും വീണ്ടും ആ ഭാഗം പൊളിഞ്ഞുവരുന്നത്. ക്ലാസ്സ്‌റൂമുകള്‍ ഒന്ന് റീഡിവിഷന്‍ ചെയ്താല്‍ സ്ഥലത്തിന്റെ പ്രശ്‌നങ്ങളും പരിഹരിക്കാമായിരുന്നു. ബോര്‍ഡിംഗിന്റെ ബില്‍ഡിംഗെല്ലാം ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണിപ്പോഴും. അതെല്ലാം മാറ്റി ഉപയോഗപ്പെടുത്താമായിരുന്നു”, ആയിഷ ചൂണ്ടിക്കാട്ടുന്നു.

പൂര്‍വവിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തിനും നാട്ടുകാരില്‍ ചിലര്‍ക്കും കെട്ടിടത്തിന്റെ കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി ആദ്യം അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്നും, എന്നാല്‍ എല്ലാവര്‍ക്കും ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായതോടെ തെറ്റിദ്ധാരണകള്‍ നീങ്ങിയിട്ടുണ്ടെന്നുമാണ് പ്രധാനാധ്യാപിക സിസ്റ്റര്‍ നിധിഷയുടെ പ്രതികരണം. എല്ലാവരും മാനേജ്‌മെന്റിന്റെ വിശദീകരണം മനസ്സിലാക്കി പൂര്‍ണമായും ഒപ്പം നില്‍ക്കുകയാണെന്ന് സി. നിധിഷ പറയുന്നു. “പൂര്‍വവിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് ഇത് ഹെറിട്ടേജ് ആയി സംരക്ഷിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അവര്‍ക്കെല്ലാം ഇപ്പോള്‍ പ്രശ്‌നം മനസ്സിലായിട്ടുണ്ട്. ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു കെട്ടിടം. മുപ്പതു കുട്ടികള്‍ ഇരുന്നു പഠിച്ച ക്ലാസ്സ്മുറികളില്‍ ഇപ്പോള്‍ അറുപതും അറുപത്തിയഞ്ചും കുട്ടികളാണ് ഇരുന്ന് പഠിക്കുന്നത്. ഐ.സി.എസ്.ഇ ആയിരുന്നപ്പോള്‍ ഉപയോഗിച്ച കെട്ടിടമാണ്. ഇപ്പോള്‍ സ്‌റ്റേറ്റിലേക്ക് മാറിയപ്പോള്‍ കുട്ടികളുടെ എണ്ണവും കൂടി. പിന്നെ എല്ലാ സ്‌കൂളിലുമിപ്പോള്‍ സ്മാര്‍ട്ട് ക്ലാസ്സുകളുണ്ടല്ലോ. അതും ഒരാവശ്യമായി വന്നു”, കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ ബാഹുല്യവും സ്‌കൂളധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, ഈ വാദത്തിലെ പിഴവ് ആയിഷ ചോദ്യം ചെയ്യുന്നുണ്ട്. “നടക്കുമ്പോള്‍ പൊളിഞ്ഞിളകുന്ന അവസ്ഥയിലാണ് കെട്ടിടം എന്ന് പത്തു വര്‍ഷമായി സ്‌കൂളധികൃതര്‍ ആവര്‍ത്തിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇത്രകാലം എങ്ങനെയാണ് എല്ലാ അധ്യയനവര്‍ഷാരംഭത്തിലും സ്‌കൂളിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടിക്കൊണ്ടിരുന്നത്? അപ്പോള്‍ കോര്‍പ്പറേഷന്‍ കള്ളം പറയുകയാണോ? അതു ചൂണ്ടിക്കാട്ടിയതോടെയാണ് സ്മാര്‍ട്ട് ക്ലാസ്‌റൂമിന്റെ കാര്യമെല്ലാം പറഞ്ഞു തുടങ്ങിയത്. ക്ലാസ്സില്‍ സ്ഥലമില്ല, ബോര്‍ഡും കുട്ടികളും തമ്മില്‍ അകലമില്ല എന്നെല്ലാമാണ് പിന്നീട് പറഞ്ഞത്. ഇതിനൊക്കെ കൃത്യമായ നിയമങ്ങളുള്ളതാണ്. ഓരോ സ്‌കൂളിലും ലഭ്യമായ സ്ഥലവും പ്രവേശനം നല്‍കാവുന്ന കുട്ടികളുടെ എണ്ണവും തമ്മിലുള്ള അനുപാതം ഒക്കെ നോക്കാനുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടി കേസിനു പോകാമായിരുന്നു. പക്ഷേ അനാവശ്യമായ ശത്രുത വരേണ്ടല്ലോ എന്നാണ് കരുതിയത്.”

പുതിയ കെട്ടിടത്തിന്റെ പ്ലാന്‍

വാദപ്രതിവാദങ്ങള്‍ വര്‍ഷങ്ങളോളമായി നടക്കുന്നുണ്ടെങ്കിലും, കെട്ടിടം പൊളിച്ചു പണിയുന്ന വിഷയത്തില്‍ രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണ മാനേജ്‌മെന്റിനാണെന്ന് സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് വരുണ്‍ ഭാസ്‌കര്‍ വ്യക്തമാക്കുന്നുണ്ട്. പൂര്‍വവിദ്യാര്‍ത്ഥികളെല്ലാം കെട്ടിടം സംരക്ഷിക്കണം എന്നു വാദിക്കുന്നവരല്ലെന്നും, ഹിയറിംഗില്‍ സ്‌കൂളിന്റെ പക്ഷം സംസാരിക്കാന്‍ വേണ്ടി ഹാജരായത് പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹികള്‍ തന്നെയാണെന്നുമാണ് വരുണിന്റെ വാദം. “പൂര്‍വവിദ്യാര്‍ത്ഥികള്‍ കെട്ടിടം പൊളിക്കാന്‍ എതിരായിരുന്നു എന്നു പറയുന്നതു തന്നെ തെറ്റാണ്. രജിസ്റ്റേഡ് അസോസിയേഷനുണ്ട് പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക്. അതിലുള്ളവരെല്ലാം കെട്ടിടം പുതുതായി നിര്‍മിക്കുന്നതിനെ പിന്തുണയ്ക്കുന്നവരാണ്. രണ്ടോ മൂന്നോ പേര്‍ മാത്രമാണ് എതിരഭിപ്രായം പറഞ്ഞിട്ടുള്ളത്. നാട്ടില്‍ എന്തെങ്കിലും വികസനം വരുമ്പോള്‍ ഉണ്ടാകുന്ന സ്ഥിരം പ്രശ്‌നങ്ങളേ ഇതിലുമുള്ളൂ. തൊണ്ണൂറുകളുടെ അവസാനങ്ങളില്‍ കണ്ടിരുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ അന്തരീക്ഷത്തേക്കാള്‍ മോശമാണ് ഈ കെട്ടിടത്തിലെ ക്ലാസ്സുകളുടെ അവസ്ഥ. ഇത് പൊളിച്ചു മാറ്റിപ്പണിയുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം. വേറെ സ്ഥലമുണ്ടായിരുന്നെങ്കില്‍ അവിടെ കെട്ടിടം പണിതേനെ. പക്ഷേ അതിനുള്ള സൗകര്യവുമില്ല. 22,000 സ്‌ക്വയര്‍ ഫീറ്റുള്ളതായിരുന്നു ഈ കെട്ടിടം. അതിനു പകരം 50,000 സ്‌ക്വയര്‍ ഫീറ്റിന്റെ പുതിയ കെട്ടിടമാണ് വരുന്നത്. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ പിടിഎ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. കോഴിക്കോട് സിറ്റിയില്‍ത്തന്നെ ഹജൂര്‍ കച്ചേരിയും കോടതിയും ഒക്കെ പൊളിച്ചു കളഞ്ഞിട്ടില്ലേ. അതിനെല്ലാം ഇതേ ചരിത്രപരമായ പ്രാധാന്യമുണ്ടായിരുന്നല്ലോ. സര്‍ക്കാര്‍ മേഖലയിലുള്ള പൈതൃക കെട്ടിടങ്ങള്‍ നിലനിര്‍ത്താതെ സ്വകാര്യമേഖലയിലുള്ളത് നിലനിര്‍ത്തണം എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. കെട്ടിടം പൊളിച്ച് പകരം ഫ്‌ളാറ്റു കെട്ടാനല്ലല്ലോ. വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കു വേണ്ടിത്തന്നെയല്ലേ. കോഴിക്കോടിന്റെ മുഖഛായ തന്നെയായിരുന്നു ഈ കെട്ടിടം എന്നതില്‍ തര്‍ക്കമൊന്നുമില്ല. മറ്റു മാര്‍ഗ്ഗമില്ലെന്നു മാത്രം.”

നൂറ്റാണ്ടു പഴക്കം ചെന്ന കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റപ്പെട്ടുകഴിഞ്ഞു. പുതിയ കെട്ടിടത്തിന് ചൊവ്വാഴ്ച തറക്കല്ലുമിട്ടു. പണക്കൊഴുപ്പിനു മുന്നില്‍ ചരിത്രവും പൈതൃകവും തോറ്റുപോയെന്നു ദുഃഖിക്കുന്നവരും, പുതിയ കെട്ടിടം സ്‌കൂളിന്റെ പഠനനിലവാരം വര്‍ദ്ധിപ്പിക്കും എന്നു കരുതുന്നവരും തമ്മിലുള്ള വാദപ്രതിവാദങ്ങളും അവസാനിച്ചുകഴിഞ്ഞു. സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ ‘പോലും’ മെച്ചപ്പെട്ട കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, തങ്ങളെന്തിന് പഴയ കെട്ടിടങ്ങള്‍ നിലനിര്‍ത്തണം എന്ന മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും ചോദ്യത്തിന് ഉത്തരവും ലഭിച്ചു. കുട്ടികളെ കഷ്ടപ്പെടുത്തിക്കൊണ്ടുള്ള ചരിത്ര സംരക്ഷണം ശരിയായ നടപടിയല്ലെങ്കില്‍പ്പോലും, വിദഗ്ധ സംഘത്തിന്റെ നിരീക്ഷണങ്ങള്‍ പരിഗണിക്കുക പോലും ചെയ്യാതെ, കെട്ടിടത്തിന്റെ സ്ഥിതി വിലയിരുത്താന്‍ പോലും തയ്യാറാകാതിരിക്കുകയായിരുന്നോ സ്‌കൂള്‍ മാനേജ്‌മെന്റ് എന്നതാണ് ഇപ്പോഴും നിലനില്‍ക്കുന്ന ചോദ്യം. കോഴിക്കോട് നഗരത്തിന്റെ അടയാളങ്ങളിലൊന്നു തന്നെയാണ് ഇല്ലാതായിരിക്കുന്നത് എന്നതിനാല്‍ ആ ചോദ്യത്തിന് വലിയ പ്രസക്തിയുണ്ടുതാനും

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍