UPDATES

ഓഫ് ബീറ്റ്

റിസള്‍ട്ട് ഒരു വര്‍ഷം കഴിഞ്ഞ്, റിവാലുവേഷനും സപ്ലിമെന്‍ററിക്കും തീവില; വിദ്യാര്‍ത്ഥികളെ ‘കൊല്ലുന്ന’ കാലിക്കറ്റ് യൂണിവേഴ്സിറ്റി

10,000 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ അനാസ്ഥ മൂലം പല അക്കാദമിക് ആനുകൂല്യങ്ങളുടെയും ജോലി സാധ്യതകളുടെയും വാതില്‍ അടക്കപ്പെട്ടിരിക്കുകയാണ്; കാലിക്കറ്റ് സര്‍വ്വകലാശാല എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിന് ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള എഞ്ചിനീയറിങ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുന്നു. കൃത്യമായ ഘടനയില്ലാതെ നടപ്പിലാക്കുന്ന പരീക്ഷാ മൂല്യനിര്‍ണയവും, വൈകിയെത്തുന്ന ഫലപ്രഖ്യാപനവും ലഭിക്കാതെ പോകുന്ന ഇന്റര്‍ണല്‍ മാര്‍ക്കുകളിലെ ആനുകൂല്യങ്ങളുമെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് സമരം നടത്താന്‍ പോകുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിവിധ എഞ്ചിനിയറിങ് കോളേജുകളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികളെ അണിനിരത്തിയാണ് തിങ്കളാഴ്ച്ച സമരം നടത്താനൊരുങ്ങുന്നത്. 2009 സ്‌കീമിലുള്ള വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് സമരം.

യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ജോതി എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥിയായിരുന്ന അഭിജിത്ത് മാണി പറയുന്നു;

ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടുപിടിക്കാതെ ഞങ്ങള്‍ 2009 സ്‌കീമിലുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധ സമരമാണിത്. വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ഞങ്ങള്‍ അര്‍ഹിക്കുന്ന അക്കാദമിക് അവകാശങ്ങളുണ്ട്. അത് നേടിയെടുക്കാന്‍ വേണ്ടിയാണിത്. 35 കോളേജുകളിലായി ഏകദേശം 70,000 എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുണ്ട്. ഇതില്‍ 10,000 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ അനാസ്ഥ മൂലം പല അക്കാദമിക് ആനുകൂല്യങ്ങളുടെയും ജോലി സാധ്യതകളുടെയും വാതില്‍ അടക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ പരീക്ഷകള്‍ നടത്തുന്നതിലും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിലുമൊന്നും കൃത്യമായ മുന്നൊരുക്കങ്ങള്‍ ഇല്ല. ഒരു സെമസ്റ്ററില്‍ പരീക്ഷ നടന്നു കഴിഞ്ഞാല്‍ ഏകദേശം ഒരു വര്‍ഷം കാലതാമസമെടുത്താണ് റിസള്‍ട്ട് വരുന്നത്. എന്നാല്‍ വൈകിയെത്തുന്ന ഇത്തരം റിസള്‍ട്ടുകളിലെ മാര്‍ക്കുകള്‍ പ്രതീക്ഷകള്‍ക്ക് വിപരീതമാണ്. ഭൂരിഭാഗം പേര്‍ക്കും പ്രതീക്ഷിക്കുന്ന മാര്‍ക്കുകള്‍ ലഭിക്കുന്നില്ല.100 ശതമാനം മാര്‍ക്ക് പ്രതീക്ഷിച്ച വിഷയങ്ങള്‍ക്ക് കേവലം 16 മാര്‍ക്ക് മാത്രം കിട്ടി തൃപ്തരാകേണ്ട അനുഭവമുണ്ടെനിക്ക്. എന്നെപോലെ തന്നെ നിരവധി വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റിയുടെ നോട്ടപിശകുകളുടെ ഇരകളാണ്. മാര്‍ക്കുകളില്‍ ഇത്തരം പ്രകടമായ കുറവുകള്‍ ഉള്ളതുകൊണ്ട് തന്നെ, 90 ശതമാനം വിദ്യാര്‍ഥികളും പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഒരു വിഷയത്തില്‍ റീവാലുവേഷന് 650 രൂപയാണ് ചാര്‍ജ്. ഇത്രയുമധികം വിദ്യാര്‍ഥികള്‍ ഇത്ര ഉയര്‍ന്ന ചാര്‍ജില്‍ റീവാലുവേഷന് അപേക്ഷിക്കുന്നത് യൂണിവേഴ്‌സിറ്റിക്ക് നല്ല സാമ്പത്തിക നേട്ടമാണുണ്ടാക്കുന്നത്.ഇനി അത്തരമൊരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് മനഃപൂര്‍വം മാര്‍ക്കുകള്‍ കുറക്കുന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മറ്റൊരു കാര്യം, റീവാലുവേഷന് അപേക്ഷിച്ചാല്‍ വീണ്ടും ഒരു വര്‍ഷം കഴിഞ്ഞാണ് അതിന്റെ റിസള്‍റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത്. അതിനിടയ്ക്ക് തന്നെ മാര്‍ക്ക് കുറഞ്ഞവര്‍ക്കും തോറ്റവര്‍ക്കുമുളള സപ്പ്‌ലിമെന്ററി പരീക്ഷകള്‍ നടത്തുന്നു. തന്മൂലം റീവാലുവേഷന്റെ റിസള്‍ട്ട് അറിയുന്നതിന് മുന്‍പ് തന്നെ അതേ വിദ്യാര്‍ഥികള്‍ സപ്ലിമെന്ററി എക്സാമുകളും എഴുതേണ്ടി വരുന്നു. 250 രൂപയാണ് ഒരു സബ്‌ജെക്റ്റിന്റെ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഈടാക്കുന്നത്. അതായത്, ഒരു സെമസ്റ്ററില്‍ ഒരു സബ്‌ജെക്റ്റിന് റീവാലുവേഷനും സപ്ലിമെന്ററിയും ചേര്‍ത്ത് 900 രൂപയോളം നഷ്ടമാകുന്നു. ഇതേ പോലെ എത്ര സബ്‌ജെക്റ്റുകള്‍…എത്ര സെമസ്റ്ററുകള്‍…

എന്റെ അനുഭവത്തില്‍, ഹാജരായിരുന്ന പല എക്സാമുകളുടെയും റിസള്‍ട്ടില്‍ ആബ്‌സെന്റ് മാര്‍ക്ക് ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരീക്ഷാഹാളില്‍ ഹാജരായെന്നും പരീക്ഷയെഴുതിയെന്നുമുള്ള തെളിവുകള്‍ എന്റെ പക്കലുണ്ട്. എന്നിട്ടും റിസള്‍ട്ടില്‍ ഞാന്‍ ആബ്‌സെന്‍റാണ്. വീണ്ടും ഒരു ചാന്‍സ് കൂടി നഷ്ടമാവുകയാണ്. ഇതേ പരാതി മറ്റു കോളേജുകളിലെ വിദ്യാര്‍ഥികളും പറഞ്ഞിട്ടുണ്ട്. ഒരുകൂട്ടം വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് ആബ്സെന്റ് മാര്‍ക്ക് ചെയ്യുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്.

ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണം എന്നൊരു സംവിധാനം എല്ലാ യൂണിവേഴ്‌സിറ്റികളിലുമുള്ളതാണ്. 50 രൂപയടച്ചാല്‍ ഇത് ലഭിക്കണം. എന്നാല്‍ പണമടച്ച ഞങ്ങള്‍ക്ക് ആര്‍ക്കും ഇതുവരെ ഉത്തരക്കടലാസിന്റെ പകര്‍പ്പ് അയച്ചുതന്നിട്ടില്ല. 5 പേപ്പറുകള്‍ അപേക്ഷിച്ചവര്‍ക്ക് ഒരു പേപ്പറിന്റെ പകര്‍പ്പ് മാത്രമാണ് ലഭിച്ചത്. അതും ഒട്ടും വ്യക്തമല്ലാത്തത്. ബാക്കി പേപ്പറുകളെല്ലാം എവിടെപ്പോയി?

മറ്റൊന്നാണ് ഇന്‍റേണല്‍ ഇംപ്രൂവ്‌മെന്റ് സംവിധാനം. 100 ല്‍ 30 ആണ് ഒരു വിഷയത്തിന്റെ ഇന്റര്‍ണല്‍ മാര്‍ക്ക്. ഇതില്‍ 21 മാര്‍ക്കാണ് മിനിമം ബൗണ്ടറിയായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ താഴെ കിട്ടുന്ന മാര്‍ക്കുകളിലുള്ളവര്‍ അയോഗ്യരാണ്. അത്തരം അയോഗ്യത മറികടക്കുവാന്‍ വേണ്ടി സര്‍വ്വകലാശാലയില്‍ നിന്നും ലഭിക്കുന്ന ഒരു ആനുകൂല്യം തന്നെയാണ് ഇന്‍റേണല്‍ ഇംപ്രൂവ്‌മെന്റ്. 1500 രൂപ പണമടച്ചാല്‍ ഇന്‍റേണല്‍ മാര്‍ക്കുകളിലെ കുറവ് യൂണിവേഴ്‌സിറ്റി നികത്തി, മാര്‍ക്കുകള്‍ കൂട്ടി റിസള്‍ട്ടുകള്‍ തരണം. എന്നാല്‍ അന്ന് പണമടച്ച ഞങ്ങള്‍ക്കാര്‍ക്കും ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് ഉണ്ടായിട്ടില്ല. ചുരുങ്ങിയ പക്ഷം, ഒരു വര്‍ഷത്തേക്കെന്ന് പറഞ്ഞ് നടപ്പിലാക്കിയ ഈ പദ്ധതി ആ ബാച്ചിലുള്ള, പണമടച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച് തരേണ്ടതാണ്.

ഇതേ പോലെ നിരവധി അനാസ്ഥകള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നുണ്ട്. അക്കാദമിക് രീതികളിലെ പാകപ്പിഴകളോടൊപ്പം വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏറ്റവും നല്ല സര്‍വകലാശാലയെന്നു അവകാശപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലാണ് ഇത്തരം അനാസ്ഥകള്‍ നടക്കുന്നത് എന്നത് തികച്ചും വിരോധാഭാസം. ഞാന്‍ ഒരു റെഗുലര്‍ ബാച്ച് വിദ്യാര്‍ഥിയല്ല. അവസാന ബാച്ചില്‍ എന്റെ കോഴ്‌സ് കഴിഞ്ഞതാണ്. മുന്‍വര്‍ഷങ്ങളില്‍ ഇയര്‍ ബാക്ക് സിസ്റ്റം ഒഴിവാക്കാന്‍ ഞങ്ങള്‍ സമരം നടത്തിയിരുന്നു. അന്നത്തെ സമരങ്ങളും ചര്‍ച്ചകളും ഫലം കണ്ടു. ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള എന്‍ജിനീയറിങ് കോളേജുകളില്‍ ഇയര്‍ബാക്ക് സിസ്റ്റം ഇല്ല.

മുന്‍പ് റിസള്‍ട്ട് പബ്ലിഷ് ചെയ്യുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് ജയിച്ചോ തോറ്റോ എന്ന് അറിയാന്‍ മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായി ഇന്ന് റിസള്‍ട്ടിനൊപ്പം മാര്‍ക്കുകളും അറിയാന്‍ സാധിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല യൂണിവേഴ്‌സിറ്റിയുടെ പ്രശ്‌നങ്ങള്‍. സര്‍വ്വകലാശയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം അനാസ്ഥകള്‍ എല്ലാം മാറിക്കിട്ടണം. CUSAT പോലെയുള്ള മറ്റു യൂണിവേഴ്‌സിറ്റികളില്‍ നടപ്പിലാക്കുന്ന പോലെ പരീക്ഷ കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ റിസള്‍ട്ട് പ്രഖ്യാപിക്കുക, നിശ്ചിത ഇടവേളകളില്‍, അതായത് 6 മസത്തിനുള്ളില്‍ സെമസ്റ്റര്‍ എക്സാമുകള്‍ നടത്തുക, റീവാലുവേഷന്‍ റിസള്‍ട്ടുകള്‍ കാല താമസം കൂടാതെ സപ്ലിമെന്ററിക്ക് മുന്‍പായി പബ്ലിഷ് ചെയ്യുക, 2013-17 ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍റേണല്‍ ഇംപ്രൂവമെന്റ് അനുവദിച്ച് നല്‍കുക മുതലായ ആവശ്യങ്ങളാണ് ഈ സമരത്തിലൂടെ ഞങ്ങള്‍ ഉന്നയിക്കുന്നത്. ഇതേ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് കുറച്ചുകാലം മുന്‍പ് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് പരാതി നല്കിയിരുന്നു. അന്ന് അദ്ദേഹം യൂണിവേഴ്‌സിറ്റിക്ക് നോട്ടീസ് അയച്ചുവെന്ന് പറയപ്പെടുന്നുവെങ്കിലും ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

നവംബര്‍ 27 തിങ്കളാഴ്ച്ചയാണ് ഞങ്ങള്‍ 300 ഓളം വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. അതിനൊപ്പം പരാതികളുടെ വിശദ വിവരങ്ങള്‍ ഉള്‍കൊള്ളിച്ച ഒരു പകര്‍പ്പും വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിക്കും. അദ്ദേഹമത് അംഗീകരിച്ച് ആവശ്യ നടപടികള്‍ കൈക്കൊള്ളുന്നത് വരെ സമരം തുടരും.
മൗനമാണെങ്കിലും ഇപ്പോഴുള്ള സമരത്തിന് എല്ലാ കോളേജുകളില്‍ നിന്നുള്ള ആധ്യാപകരുടെയും പിന്തുണ ഞങ്ങള്‍ക്കുണ്ട്. യൂണിവേഴ്‌സിറ്റിയിലെ പല അധികൃതരും പരോക്ഷമായി ഞങ്ങളുടെ സമരത്തെ അനുകൂലിക്കുന്നു എന്നതും ഞങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍