UPDATES

ട്രെന്‍ഡിങ്ങ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാര്‍ അധ്യാപകരെയടക്കം കൂട്ടത്തോടെ പിരിച്ചു വിടുന്നു; 410 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

പിരിച്ചു വിടല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ്

കാലിക്കറ്റ് സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന എല്ലാ സ്വാശ്രയ കോളേജുകളിലേയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ ഉത്തരവ്. സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ കോളേജുകളില്‍ ആകെയുളളത് 500 ജീവനക്കാരാണ്. ഇതില്‍ 410 പേരെയാണ് മാര്‍ച്ച് 31 നകം പിരിച്ചുവിട്ട് പകരം പുതിയ ജീവനക്കാരെ നിയമിക്കാനുളള തിരുമാനത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ കെ മുഹമ്മദ് ബഷീര്‍ ശനിയാഴ്ച്ച ഒപ്പ് വെച്ചത്. ജനുവരി 27 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് പിരിച്ചുവിടാനുളള തിരുമാനം. 30-12-2017 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനുട്‌സിലാണ് വിഷയം ഉള്‍പ്പെടുത്തിയത്. ഉത്തരവിന്റെ കോപ്പി താഴെ.

ഈ ഉത്തരവ് പ്രകാരം കാലിക്കറ്റ് സര്‍വ്വകാലശാല നേരിട്ട് നടത്തുന്ന 11 ബിഎഡ് കോളേജ് ഉള്‍പ്പടെ മലബാറിലെ അഞ്ച് ജില്ലകളിലുളള സ്വാശ്രയകോളേജുകളിലെ അധ്യാപകരടക്കം 410 ജീവനക്കാരെ പിരിച്ചുവിടും. ഹെല്‍ത്ത് സയന്‍സ്, എഞ്ചിനിയറിങ് കോളേജ്, എംബിഎ, ബിഎഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ 15 വര്‍ഷം വരെ സര്‍വ്വീസുളള അധ്യാപകര്‍ ഉള്‍പ്പടെ ക്ലാര്‍ക്ക്, പ്യൂണ്‍, ഡ്രൈവര്‍, വാച്ച്മാന്‍ തസ്തികളിലെ ജീവനക്കാരെയാണ് മാര്‍ച്ച് 31 ന് മുമ്പ് പിരിച്ചുവിടാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ബിഎഡ് കോളേജുകളിലെ കണക്ക് മാത്രം എടുത്താല്‍ 11 പ്രിന്‍സിപ്പല്‍മാരും 85 അധ്യാപകരുടേയും ജോലി നഷ്ടപെടും. 2016 ഫെബ്രുവരി 26-ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരുമാനം എന്നാണ് സിന്‍ഡിക്കേറ്റിന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചാണ് സര്‍വ്വകലാശാല ഈ നടപടി സ്വീകരിച്ചെതെന്നാണ് ജീവനക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ ഉത്തരവില്‍ സ്വാശ്രയകോളേജിലെ കരാര്‍ ജീവനക്കാര്‍ എന്ന് പറഞ്ഞിട്ടില്ലെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

’26/02/16 ന് സംസ്ഥാന ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ കരാര്‍ പ്രകാരം ജോലി ചെയ്യുന്നവരേയും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരേയുമാണ് ഉദ്ദേശിച്ചത്. അത് സ്വാശ്രയകോളേജുകളെ ബാധിക്കില്ല. കാരണം സ്വാശ്രയകോളേജുകള്‍ക്ക് വേറെ നിയമവും റെഗുലേഷനുമാണ്. സ്വാശ്രയകോളേജുകള്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ അല്ല. വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസിനത്തില്‍ നിന്നാണ് ഞങ്ങള്‍ക്ക് ശമ്പളം തരുന്നത്. ഇവിടെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഈ ഉത്തരവ് ബാധകമാകുകയുളളു. ഈ ഉത്തരവിന്റെ ഒന്നാം ഷെഡ്യൂളില്‍ തന്നെ പറയുന്നത് ‘സര്‍ക്കാര്‍-സര്‍ക്കാര്‍ എയിഡഡ്/ ഗ്രാന്‍ഡഡ് സ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാര്‍ എന്നാണ്. അവിടെ ജോലി ചെയ്യുന്നവര്‍ക്ക് 45ഉം 55ഉം ശമ്പളമുണ്ട്. ഈ ഉത്തരവിന്റെ മറവില്‍ അഴിമതി നടത്താനുളള രാഷ്ട്രീയക്കാരുടെ ശ്രമമാണിത്. നിലവിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുമ്പോള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങാന്‍ സാധിക്കും. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളൊന്നും ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വാശ്രയകോളേജുകളിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല’, അധ്യാപകരുടെ മറുവാദം ഇതാണ്.

സര്‍വ്വകലാശാലയുടെ പുതിയ ഉത്തരവ് വന്നതോടെ കരാര്‍ ജീവനക്കാരായി കയറിയവരുടെ ജീവിതം വഴിയാധാരമായിരിക്കുകയാണെന്നാണ് പരാതി. യുജിസി യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തിയാണ് ഞങ്ങളെ നിയമിച്ചത്. കരാര്‍ പ്രകാരം 365 ദിവസത്തെ പ്രവര്‍ത്തി ദിവസങ്ങള്‍ അവസാനിക്കുമ്പോള്‍ മൂന്ന് ദിവസം ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തും. പിന്നീട് വീണ്ടും നിയമിക്കും. അങ്ങനെ 15 വര്‍ഷം വരെ ജോലി ചെയ്ത മുതിര്‍ന്ന ആളുകള്‍ ഇവിടെയുണ്ട്. അവരുടെ ജീവിതം അവതാളത്തിലായിരിക്കുകയാണ്; സ്വാശ്രയ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി അധ്യാപനം നടത്തിവരുന്ന ഗോപാലന്‍ മാസ്റ്റര്‍ അഴിമുഖത്തോട് പറയുന്നത്.

”ഒരു വര്‍ഷത്തേക്കാണ് ഞങ്ങളെ നിയമിക്കാറുളളത്. ഒരു വര്‍ഷം കഴിയുമ്പോള്‍ മൂന്ന് ദിവസം പുറത്ത് നില്‍ക്കും, വീണ്ടും പുതിയ കരാറില്‍ ജോലി ചെയ്യും. അങ്ങനെ കാലങ്ങളായി ഇവിടെ പഠിപ്പിച്ചുവരികയാണ്. അതിനിടയില്‍ എത്രയോ വിസിമാര്‍ മാറി വന്നു. സംസ്ഥാനത്ത് യു.ഡി.എഫും എല്‍ഡിഎഫും മാറി മാറി വന്നു. എന്നിട്ടും ഞങ്ങള്‍ ഒരോ വര്‍ഷവും കരാര്‍ പുതുക്കി ഇവിടെ തന്നെ തൊഴില്‍ ചെയ്ത് വരികയായാണ്. അതിനിടെയാണ് ഇങ്ങനെ ഒരു ഉത്തരവ് വന്നത്. 2016 ഫെബ്രുവരിയില്‍ വന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ഉത്തരവ് വി സി ഇറക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ഞങ്ങള്‍ വായിച്ചു, അതില്‍ പറയുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഗ്രാന്‍ഡ്‌സ് ആന്‍ഡ് എയ്ഡഡ് സ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാരെ കുറിച്ചാണ്. അതില്‍ തോട്ടം തൊഴിലാളികള്‍ വരെ ഉള്‍പ്പെടും. ഞങ്ങള്‍ എംസിടി നോംസ് പ്രകാരമുളള യോഗ്യതയുമായി അഭിമുഖത്തില്‍ പങ്കെടുത്ത് നിയമനം ലഭിച്ച ജീവനക്കാരാണ്. ഞങ്ങളെ ഡല്‍ഹിയിലെ എംസിടി ആസ്ഥാനത്തേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചതിനുശേഷമാണ് നിയമിച്ചത്. അത് ഒരോ വര്‍ഷവും ചെയ്തുകൊണ്ടാണ് ഇവിടെ തുടര്‍ന്ന് വരുന്നത്. ഇപ്പോള്‍, ചിലര്‍ക്ക് സ്വന്തക്കാരെ നിയമിക്കാന്‍ വേണ്ടിയിട്ട് അവര്‍ ഉത്തരവ് അട്ടിമറിച്ചിരിക്കുകയാണ്. കാരണം, ഇപ്പോള്‍ ശമ്പളം വര്‍ദ്ധിപ്പിക്കാനുളള നീക്കം നടക്കുന്നുണ്ട്. പുതിയ ആളുകളെ തിരുകി കയറ്റുമ്പോള്‍ അതിന്റെ സാമ്പത്തിക നേട്ടം അവര്‍ക്ക് ലഭിക്കുമായിരിക്കും. 500 ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ അവരില്‍ നിന്നും നല്ല ഒരു സംഖ്യ അവര്‍ക്ക് കിട്ടുമല്ലോ? പാരമെഡിക്കല്‍ കോഴ്‌സുകള്‍ അടക്കമുളള ഈ സ്വാശ്രയകോളേജുകളിലേക്ക് ആരും പിന്‍വാതില്‍ വഴി വന്നതല്ല. അതാത് വര്‍ഷം സര്‍ക്കാര്‍ ആവശ്യപ്പെടുന്ന യോഗ്യതാ അടിസ്ഥാനത്തിലാണ് എല്ലാവരേയും നിയമിച്ചിരിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന 27,000 രൂപ ശമ്പളം വര്‍ദ്ധിച്ച് 45,000 വരെ ഉയര്‍ത്താനുളള നടപടിയുണ്ട്. ഈ ഘട്ടത്തില്‍ പുതിയ ആളുകളെ നിയമിച്ച് പണം വാങ്ങാനാണ് രാഷ്ട്രീയക്കാര്‍ ഈ കളി കളിക്കുന്നത്”; ഗോപാലന്‍ മാസ്റ്റര്‍ പറയുന്നു.

അതേസമയം, ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പാലിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതുകൊണ്ടാണ് ഇത്തരത്തിലുളള നടപടി സ്വീകരിക്കുന്നതെന്നാണ് സിന്‍ഡിക്കേറ്റ് വിശദീകരണം. എന്നാല്‍, കരാറില്‍ നിയമനം നല്‍കിയ അധ്യാപകര്‍ സ്ഥിരനിയമനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാതിരിക്കാനാണ് പുതിയ ഉത്തരവിറക്കിയതെന്നാണ് വൈസ് ചാന്‍സിലര്‍ ഡോ കെ മുഹമ്മദ് ബഷീറിന്റെ വിശദീകരണം. ”രണ്ട് വര്‍ഷം കരാര്‍ പ്രകാരം ജോലി ചെയ്ത ജീവനക്കാരെ പിരിച്ച് വിട്ട് വീണ്ടും അഭിമുഖം നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. അതുപ്രകാരം രണ്ട് വര്‍ഷം കഴിഞ്ഞവരെ പിരിച്ചുവിട്ട് പുതിയ അപേക്ഷകരെ ക്ഷണിക്കും. അര്‍ഹരായവര്‍ക്ക് വീണ്ടും നിയമനം ലഭിക്കും” വി സി വിശദമാക്കി. എന്നാല്‍ വിസിയുടെ ഉത്തരവ് സിന്‍ഡിക്കേറ്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും പിന്‍വാതില്‍ നിയമനം നടത്തി കോഴവാങ്ങാനുളള രാഷ്ട്രീയക്കാരുടെ ലക്ഷ്യമാണിതിന്റെ പിന്നിലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍