UPDATES

ട്രെന്‍ഡിങ്ങ്

അന്തര്‍സംസ്ഥാന സര്‍വീസുകള്‍; ഇരുട്ടിന്റെ മറവില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന് കഴിയുമോ?

വ്യാപകമായ രീതിയിലുള്ള നിയമലംഘനങ്ങള്‍ ഇവിടുത്തെ ദീര്‍ഘദൂര സര്‍വീസുകളില്‍ നടക്കുന്നുണ്ട്

കല്ലട ഗ്രൂപ്പിന്റെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം അന്തര്‍സംസ്ഥാന ദീര്‍ഘദൂര സര്‍വീസുകളെ കുറിച്ചുള്ള പരാതികളുമായി നൂറുകണക്കിന് യാത്രക്കാരാണ് രംഗത്തെത്തിയത്.  ഏതെങ്കിലും ഒരു ഗ്രൂപ്പിനെ മാത്രമല്ല, എല്ലാ അന്തര്‍സംസ്ഥാന സര്‍വീസുകളെയും കൃത്യമായി നിമയനിരീക്ഷണത്തിന്റെ കീഴില്‍ കൊണ്ടുവരണം എന്നു തന്നെയാണ് കല്ലട സംഭവം ഓര്‍മിപ്പിക്കുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമങ്ങള്‍ ഉണ്ടായിട്ടും അത് ലംഘിക്കുകയും, എന്നാല്‍ അതിനെതിരേ നടപടികളൊന്നും കാര്യമായി ഉണ്ടാകാതിരിക്കുകയും ചെയ്തിന്റെ ഫലമാണ് യാത്രക്കാര്‍ നേരിടേണ്ടി വരുന്നത് എന്നുമുള്ള പരാതികളും വ്യാപകമാണ്. ഇനിയും ഇതുപോലൊരു പരാതി ഉണ്ടാകാതിരിക്കണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരും പിഴവുകളില്ലാത്ത വിധം സജ്ജരായി രംഗത്തിറങ്ങണമെന്നും യാത്രക്കരടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

2006 ല്‍ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ള എറണാകുളം വഴി കടന്നു പോകുന്ന ദീര്‍ഘദൂര അന്തര്‍ഃസംസ്ഥാന സര്‍വീസുകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കുകയുണ്ടായി. രണ്ടു ദിവസം കൊണ്ട് 18 സര്‍വീസുകളിലാണ് എറണാകുളം ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള സ്വകാഡ് പരിശോധന നടത്തിയത്. അങ്കമാലി മുതല്‍ എറണാകുളം വരെ വിവിധ ഭാഗങ്ങളില്‍ സ്‌ക്വാഡുകള്‍ നിന്നുള്ള പരിശോധനയില്‍ മിക്ക സര്‍വീസുകളിലും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കല്ലട സര്‍വീസ് ഉള്‍പ്പെടെ അന്നത്തെ പരിശോധനയ്ക്ക് വിധേയമായതാണ്. എന്നാല്‍ ഇത്തരം പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ല എന്നതാണ് നിയമംഘനങ്ങള്‍ നടത്താനും ആരെയും കൂസാത്തെ തങ്ങളുടെ ഇഷ്ടപ്രകാരം സര്‍വീസുകള്‍ നടത്താന്‍ ബസ് ജീവനക്കാരെ പ്രേരിപ്പിക്കുന്നത് എന്നാണ് ഈ മേഖലയുമായി ബന്ധമുള്ളവര്‍ പറയുന്നത്.

അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് സാധാരണ നല്‍കുന്നത് കോണ്‍ട്രാക്റ്റ് കാര്യേജ്‌
പെര്‍മിറ്റുകളാണ്. ഒരു സ്ഥലത്തു നിന്നും എല്ലാ യാത്രക്കാരെയും കയറ്റി മറ്റൊരിടത്ത് എത്തിക്കുകയാണ് കോണ്‍ട്രാക്റ്റ് കാര്യേജ്‌ പെര്‍മിറ്റുകള്‍ ചെയ്യേണ്ടത് (ടൂറിസ്റ്റ് ബസുകള്‍ക്കെല്ലാം ഈ പെര്‍മിറ്റ് ആണ് നല്‍കുന്നത്). രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള എഗ്രിമെന്റുകളുടെ അടിസ്ഥാനത്തിലാണ് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ അനുവദിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും നികുതി അടയ്ക്കുകയും വേണം. എന്നാല്‍ ഇപ്പോള്‍ നിരത്തിലോടുന്ന മിക്ക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കുമെതിരേയുള്ള പരാതി ഇവ കോണ്‍ട്രാക്റ്റ് കാര്യേജ്‌
സര്‍വീസ് എന്ന പേരില്‍ സ്‌റ്റേജ്‌ കാര്യേജ്‌ പെര്‍മിറ്റുകളിലാണ് ഓടുന്നതെന്നാണ്. സ്‌റ്റേജ്‌ ഗ്യാരേജ് പെര്‍മിറ്റിന് ഇടയ്ക്ക് നിര്‍ത്താം, ആളെ കയറ്റാം. കല്ലട പോലുള്ള സര്‍വീസുകള്‍ ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുക, യാത്രക്കാരുടേതല്ലാത്ത ലഗേജുകള്‍ കൊണ്ടു പോവുക, അനുവദനീയമായതിലും വേഗതയില്‍ ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നതും. ഇതെല്ലാം വ്യാപകമായ രീതിയില്‍ ഇവിടുത്തെ ദീര്‍ഘദൂര സര്‍വീസുകളില്‍ നടക്കുന്നുണ്ട്. അതിനു കാരണം പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ല എന്നതാണ്.

കൃത്യമായ പരിശോധനകള്‍ നടക്കാറില്ലെന്ന് വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ചില പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇതിനവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍. രാത്രികാലങ്ങളിലാണ് ഈ സര്‍വീസുകള്‍ നടക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവരായിരിക്കും മിക്ക യാത്രക്കാരും. കൃത്യസമയത്ത് സ്ഥലത്ത് എത്തിച്ചേരുകയും വേണം. രാത്രി സര്‍വീസുകള്‍ ആയതുകൊണ്ട് തന്നെ പരിശോധന നടത്തേണ്ട സമയവും അപ്പോഴായിരിക്കും. പലപ്പോഴും പാതിരാത്രികളില്‍. ഈ സമയം യാത്രക്കാര്‍ എല്ലാവരും തന്നെ ഉറക്കത്തിലുമായിരിക്കും. ബസ് നിര്‍ത്തിച്ച് പരിശോധന നടക്കുമ്പോള്‍ ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും. എത്തിച്ചേരാനുള്ള സമയത്തില്‍ മാറ്റവും ഉണ്ടാകും. ഇത് യാത്രക്കാരുടെ തന്നെ എതിര്‍പ്പുകള്‍ക്ക് വഴി വയ്ക്കും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ആ സര്‍വീസ് അവിടെ വച്ച് നിര്‍ത്തിക്കണം. തുടര്‍ നടപടികള്‍ എടുക്കണം. അങ്ങനെ വന്നാല്‍ യാത്രക്കാര്‍ക്ക് മറ്റ് സൗകര്യം ഒരുക്കണം. മറ്റൊരു ബസ് അവര്‍ക്ക് എത്തിച്ചു നല്‍കണം. ഇതിനു പ്രായോഗിക ബുദ്ധിമുട്ടുകള്‍ വരും. മറ്റൊരിടത്ത് നിന്നും ബസ് എത്തിച്ചാല്‍ തന്നെ സമയമെടുക്കും. ഇത്തരം സാഹചര്യങ്ങളാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതെന്നാണ് ആര്‍ ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഡ്യൂട്ടി ചെയ്യണമെങ്കില്‍ മുകളില്‍ നിന്നുള്ള പിന്തുണ കിട്ടേണ്ടതുണ്ടെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. ബസ് ഉടമകള്‍ക്ക് രാഷ്ട്രീമായും ഭരണപരമായും സ്വാധീനങ്ങള്‍ ഉണ്ടാകും. അവരത് ഉപയോഗിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സമ്മര്‍ദ്ദം ഉണ്ടാകും. ഇത് പലരെയും നിശബ്ദരാക്കാന്‍ കാരണമാകും. “2006-ല്‍ ഞാന്‍ എറണാകുളം ആര്‍ടിഒ ആയിരിക്കുമ്പോഴാണ് ഗതാഗതമന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ള സാര്‍ എറണാകുളം വഴി പോകുന്ന ദീര്‍ഘദൂര ബസുകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം തരുന്നത്. മന്ത്രിയുടെത് ഉറച്ച നിലപാട് ആയിരുന്നതിനാല്‍ തന്നെ നമുക്ക് മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്കമാലി മുതല്‍ എറണാകുളം വരെ പല സ്‌ക്വാഡുകളായി നിന്നു ഞങ്ങള്‍ അന്ന് എല്ല ദീര്‍ഘദൂര ബസുകളിലും പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. അതിനുശേഷവും അത്തരം ഓപ്പറേഷനുകള്‍ ഞങ്ങള്‍ നടത്തിയിരുന്നു. ഇപ്പോഴും ഇത്തരം ഓപ്പറേഷനുകള്‍ നടക്കുന്നുണ്ടോയെന്നു സംശയമാണ്“; റിട്ടയേര്‍ഡ് ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ റോസമ്മ പറയുന്നു. ആ പരിശോധനകളുടെ പേരില്‍ തനിക്കും പലവിധ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റോസമ്മയും പറയുന്നത്. “ബാലകൃഷ്ണ പിള്ള സാറിന്റെ പിന്തുണ ഉണ്ടായിരുന്നതാണ് സമ്മര്‍ദ്ദങ്ങളെ അതിജീവക്കാന്‍ സഹായിച്ചത്. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചതുകൊണ്ട് കാര്യമല്ല, ഭരണനേതൃത്വത്തിലുള്ളവര്‍ കൂടി ഒപ്പം നില്‍ക്കണം”; റോസമ്മ ചൂണ്ടിക്കാട്ടുന്നു. സ്റ്റേറ്റ് പെര്‍മിറ്റുകള്‍ കൊണ്ട് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്നതുമാത്രമല്ല, ഇപ്പോള്‍ നടന്നതുപോലുള്ള ഗുണ്ടായിസങ്ങള്‍ തടയാനും പരിശോധനകള്‍ കൃത്യമാക്കണം എന്നാണ് റിട്ടയേര്‍ഡ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറയുന്നത്.

കര്‍ശനമായ പരിശോധനകള്‍ നടത്തിയാല്‍ അന്തര്‍ഃസംസ്ഥാന സര്‍വീസുകാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നാണ് റോസമ്മയെ പോലുള്ള ഉദ്യേഗസ്ഥര്‍ സമ്മതിക്കുന്നത്. ഇത്തരം സര്‍വീസുകളിലെ ജീവനക്കാര്‍ ഗുണ്ടകളെ പോലെയാണ് യാത്രക്കാരോട് പെരുമാറുന്നതെന്ന് ഇപ്പോഴത്തെ സംഭവംകൊണ്ടു മാത്രമല്ല മനസിലായിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണ് ജീവനക്കാരായി കൂടുതലും. “വലിയ മത്സരമാണ് ഈ രംഗത്ത് ഉള്ളത്. അതുകൊണ്ട് തന്നെയാണ് ജീവനക്കാരെക്കാള്‍ ഗുണ്ടകളെ ഉടമകള്‍ക്ക് ആവശ്യം. കല്ലട സംഭവത്തില്‍ തന്നെ ജീവനക്കാര്‍ എന്ന പേരില്‍ എത്രപേരാണ് വന്നത്. ഇവരൊക്കെയാരാണ്? ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുപോലെ മറ്റ് ജീവനക്കാര്‍ക്കും ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. തങ്ങള്‍ ആദ്യം എത്തുമെന്നു യാത്രക്കാരെ ബോധ്യപ്പെടുത്താനാണ് മരണപ്പാച്ചില്‍ നടത്തുന്നത്. ഒരു വാഹനത്തിന് പെര്‍മിറ്റ് കൊടുക്കുന്നത് തന്നെ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പ് വരുത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയാണ്. ഇപ്പോള്‍ നമുക്കറിയാം ഈ സംഭവം തന്നെ പറഞ്ഞു തരുന്നുണ്ടല്ലോ യാത്രക്കാര്‍ക്ക് എത്രമാത്രം സുരക്ഷയും സൗകര്യവും നല്‍കുന്നുണ്ടെന്ന്. പോലീസും നിയമസംവിധാനങ്ങളും സഹായത്തിനുണ്ടെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ഒരുമിച്ച് നില്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതൊരു പരിധിവരെ അക്രമങ്ങളിലേക്ക് തിരിയുന്നതില്‍ നിന്നും ബസ് ജീവനക്കാരെ പിന്തിരിപ്പിക്കും. പിന്നീട് പോലീസിനെ വിവരം അറിയിക്കണം” റോസമ്മ പറയുന്നു.

കല്ലട ഗ്രൂപ്പിന്റെ ബെംഗളൂരു സര്‍വീസില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ നിയമം ലംഘിച്ച് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയാരംഭിച്ചിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലവനായി മൂന്നംഗ പരിശോധനാ സംഘം രൂപീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് ഗതാഗത കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ ബസ് കമ്പനികളുടെ ഓഫിസില്‍ പരിശോധന നടത്തുക, യാത്രക്കാരെ കൊണ്ടുപോകുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തുക, ബുക്കിംഗ് ഓഫീസുകള്‍ ലൈസന്‍സ് വ്യവസ്ഥ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കുക, അല്ലാത്തപക്ഷം നോട്ടീസ് നല്‍കി ഇവയുടെ പ്രവര്‍ത്തനം തടയുക, ഏതെങ്കിലും കാരണം ചൂണ്ടിക്കാട്ടി യാത്രക്കാരില്‍ നിന്നും ഉയര്‍ന്ന തുക ഈടാക്കുന്നുണ്ടെന്നു പരാതി കിട്ടിയാല്‍ അത് എഴുതി വാങ്ങി നടപടി സ്വീകരിക്കുക, നികുതി അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നുണ്ടോയെന്നു പരിശോധിച്ച് നടപടി സ്വീകരിക്കുക, സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരേ കേസുകള്‍ ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുക, യാത്രക്കാരുടെതല്ലാത്ത ലഗേജുകളോ വസ്തുക്കളോ ബസില്‍ കൊണ്ടുപോകുന്നുണ്ടോയെന്നു കണ്ടെത്തുക, സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തിപ്പിക്കാതെയാണോ സര്‍വീസുകള്‍ നടത്തുന്നതെന്നു പരിശോധിക്കുക എന്നിവയാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ചുമതലയില്‍ പെടുത്തിയിരിക്കുന്നത്. ഈ ഓപ്പറേഷന്റെ ഭാഗമായി പോലീസിന്റെ സഹായവും വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തേടാം. യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ ആ വിവരം 8281786096 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുകയും ചെയ്യാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍