UPDATES

ട്രെന്‍ഡിങ്ങ്

തന്ത്രിയെ മാറ്റാൻ സർക്കാരിന് കഴിയുമോ? വസ്തുതാവിരുദ്ധ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വീഴരുത്

തന്ത്രത്തെ സംബന്ധിച്ച അടിസ്ഥാനധാരണ പോലും അദ്ദേഹത്തിനില്ല. കേരള ക്ഷേത്രചരിത്ര ജ്ഞാനവും കഷ്ടി തന്നെ. ആരെ വിഡ്ഢിയാക്കാനാണ് ഇത്തരം ലേഖനങ്ങൾ പടച്ചുവിടുന്നത്?

‘തന്ത്രിയെ മാറ്റാനാവുമോ’ എന്ന തലക്കെട്ടിൽ ജനുവരി പത്താം തിയ്യതിയിലെ മാതൃഭൂമി ദിനപ്പത്രത്തിൽ അഡ്വ. എസ്. സനൽകുമാർ ഒരു ലേഖനമെഴുതിയിരുന്നു. പ്രസ്തുത ലേഖനത്തിലെ വസ്തുതാരഹിതമായ വാദങ്ങളെ ചൂണ്ടിക്കാണിച്ച് ഖണ്ഡിക്കുകയാണ് തന്ത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായ ടിഎസ് ശ്യാംകുമാർ ഈ ലേഖനത്തിൽ.

അഡ്വ. സനൽ കുമാറിന്റെ വാദങ്ങൾ ഓരോന്നായി പരിശോധിക്കാം. (പരിശോധിക്കാനാണെങ്കിൽ അദ്ദേഹത്തിന്റെ ലേഖനത്തിലെ ഓരോ വരിയും അതിന് വിധേയമാക്കേണ്ടതാണ്. തത്കാലം അതിനു മുതിരുന്നില്ല. ചിലതു മാത്രം സൂചിപ്പിക്കാം)

അഡ്വ. സനൽകുമാറിന്റെ വാദം 1. “പ്രധാനമായും മൂന്ന് ആചാരക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രസങ്കല്പവും ക്ഷേത്രാരാധനാ സമ്പ്രദായവും രൂപപ്പെട്ടു വന്നിട്ടുള്ളത്. ആഗമം (ശൈവം), സംഹിതകൾ (വൈഷ്ണവം), താന്ത്രികം (ശാക്തേയം) എന്നിവയാണ് ഈ സമ്പ്രദായങ്ങൾ. കേരളത്തിലും തെക്കൻ കർണ്ണാടകത്തിലും ക്ഷേത്ര നിർമ്മാണവും ക്ഷേത്രാരാധനയും താന്ത്രിക സമ്പ്രദായത്തിൽ അധിഷ്ഠിതമാണ്”.

മറുപടി: ഇവിടെ കേരളവും തെക്കൻ കർണ്ണാടകവും പിന്തുടരുന്നത് താന്ത്രിക സമ്പ്രദായമാണെന്നാണ് വക്കീലിന്റെ വാദം. താന്ത്രികം എന്നതു കൊണ്ട് ശാക്തേയം എന്നാണ് അദ്ദേഹം വിവക്ഷിക്കുന്നത്. ഇതു തികച്ചും തെറ്റായ വാദമാണ്. 14ാം നൂറ്റാണ്ടിന് മുൻപുള്ള പ്രയോഗമഞ്ജരി, ശൈവാമഗമനിബന്ധനം (ശൈവം), വിഷ്ണുസംഹിത (വൈഷ്ണവം) എന്നിങ്ങനെ ആഗമങ്ങൾ എന്നും സംഹിതയെന്നും തിരിക്കാമെങ്കിലും തന്ത്രസമുച്ചയത്തിന്റെ കടന്നുവരവോടെ ഈ ഭേദങ്ങൾ അവസാനിക്കുകയാണുണ്ടായത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ പിന്തുടരുന്നത് തന്ത്രസമുച്ചയമാണെന്ന കാര്യം സനൽകുമാർ സൂചിപ്പിക്കുന്നുമുണ്ട്. തന്ത്രസമുച്ചയമാണ് പാലിക്കുന്നതെങ്കിൽ അദ്ദേഹം സൂചിപ്പിച്ച ശൈവ വൈഷണവ ശാക്ത ഭേദങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. എന്തെന്നാൽ തന്ത്രസമുച്ചയം ആഗമ സംഹിതാ ശാക്ത നിർവചനങ്ങളിൽ പെടുന്ന ഒരു ഗ്രന്ഥമല്ല. അതുകൊണ്ട് തന്നെ താന്ത്രികം എന്ന് ലേഖകൻ വിവക്ഷിച്ച ശാക്തതന്ത്രമല്ല തന്ത്രസമുച്ചയത്തിന്റെ അടിസ്ഥാനം.

വാദം 2. “ഉത്തരേന്ത്യയിൽ ക്ഷേത്ര നിർമ്മാണത്തിനോ ക്ഷേത്രാചാരങ്ങൾക്കോ മതഗ്രന്ഥങ്ങളിൽ അധിഷ്ഠിതമായ നിയതവും ശാസ്ത്രീയവുമായ അടിത്തറയില്ല.”

മറുപടി: തന്ത്രത്തെ പറ്റി അടിസ്ഥാനധാരണ പോലും ഇല്ലാത്ത ഒന്നാണീ പ്രസ്താവന. ഉത്തരേന്ത്യയിൽ ക്ഷേത്രനിർമ്മാണത്തെ പറ്റിയും ക്ഷേത്രാചാരങ്ങളെ പറ്റിയും വിവരിക്കുന്ന നിരവധി ആഗമങ്ങളും പദ്ധതി ഗ്രന്ഥങ്ങളുമുണ്ട്. യാമളങ്ങളും ആഗമങ്ങളും വൈഷ്ണവ പദ്ധതികളും അനുസരിക്കുന്ന നിരവധി ക്ഷേത്രങ്ങൾ ഉത്തരേന്ത്യയിലുണ്ട്. കൂടാതെ ആഗമപദ്ധതി ഗ്രന്ഥങ്ങൾ ഉത്തരേന്ത്യൻ ക്ഷേത്രങ്ങൾ പിന്തുടർന്നിരുന്നതിനെ പറ്റിയുള്ള Alexis Sandersonനെ പോലുള്ള താന്ത്രിക പണ്ഡിതരുടെ നിരവധി പഠനങ്ങളും ലഭ്യമാണ്. കാര്യമിങ്ങനെയിരിക്കെ ഉത്തരേന്ത്യയിൽ ക്ഷേത്ര നിർമ്മാണത്തിനോ ക്ഷേത്രാചാരങ്ങൾക്കോ മത ഗ്രന്ഥങ്ങളിൽ അധിഷ്ഠിതമായ നിയതവും ശാസ്ത്രീയവുമായ അടിത്തറയില്ലെന്ന വാദം പരിഹാസ്യമാണ്.

വാദം 3. “ആചാര്യന്റെ കാലശേഷം അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർക്ക് അവകാശപ്പെട്ടതാണ് തന്ത്രിസ്ഥാനം”.

മറുപടി: തന്ത്രിയുടെ യോഗ്യതകളെ പറ്റി ചില കാര്യങ്ങൾ തന്ത്രസമുച്ചയം ഉൾപ്പെടെയുള്ള തന്ത്രഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. കേരളത്തിലെഴുതപ്പെട്ട തന്ത്രഗ്രന്ഥങ്ങളിലൊന്നും തന്നെ പ്രതിഷ്ഠ നടത്തിയ ആചാര്യന്റെ കാലശേഷം അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർക്ക് അവകാശപ്പെട്ടതാണ് തന്ത്രിസ്ഥാനം എന്ന് പറഞ്ഞിട്ടേയില്ല. സാധനയും ഉപാസനയും ആഗമങ്ങളിലും വേദങ്ങളിലും സംസ്കൃതത്തിലും പൂജാദികർമ്മങ്ങളിലുമുള്ള പാണ്ഡിത്യമാണ് തന്ത്രിയുടെ യോഗ്യത എന്ന് തന്ത്രഗ്രന്ഥങ്ങൾ സംശലേശമെന്യേ പറയുന്നുണ്ട്. തന്നെയുമല്ല കേരളത്തിലെ മധ്യകാലത്തെ മതിലകം ഗ്രന്ഥവരി, തിരുവല്ലാ ഗ്രന്ഥവരി മുതലായവ പരിശോധിച്ചാൽ തന്ത്രിയെ മാറ്റിയത് സംബന്ധിച്ച പരാമർശങ്ങൾ കാണാം. തന്ത്രിസ്ഥാനം പരമ്പരാഗതമല്ല എന്നാണിതെല്ലാം കാണിക്കുന്നത്.

വാദം 3. “തന്ത്രിസ്ഥാനം നിയമനമല്ല, അവരോധിക്കപ്പെടലാണ്”.

മറുപടി: ബഹു. വക്കിലേ, താങ്കൾ കുറഞ്ഞപക്ഷം കേരളചരിത്രം പഠിക്കാൻ തയ്യാറാകണം. പുതുശ്ശേരി രാമചന്ദ്രൻ ‘കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ’ എന്ന ഗ്രന്ഥത്തിൽ നിരവധി ക്ഷേത്ര രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്ത്രിയെയും ശാന്തിയെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിവരണങ്ങൾ ഇതിൽ കാണാം. ശമ്പളത്തിന് തുല്യമായ വിരുത്തിയായി ഭൂമിയാണ് തന്ത്രിക്കും ശാന്തിക്കും നൽകിയിരുന്നതും. കൂടാതെ അവരോധിച്ചിരുന്നത് തന്ത്രിമാരെയല്ല യോഗികളായ സ്വാമിയാർമാരെയായിരുന്നു താനും. വടക്കുംനാഥ ക്ഷേത്രത്തിലെയും പദ്മനാഭസ്വാമി ക്ഷേത്രത്തിലെയും രേഖകളിൽ യോഗിയാർമാരെ അവരോധിച്ചിരുന്നതിനെപ്പറ്റി കാണാം. തന്ത്രിമാരെ ഇതുപോലെ അവരോധിച്ചിരുന്നില്ല.

വാദം 4. “സ്ഥാനത്തിന് യോജിക്കുന്ന ജീവിതക്രമമനുഷ്ഠിക്കുന്ന പ്രാണപ്രതിഷ്ഠ നടത്തിയ തന്ത്രിയെ നീക്കാൻ ആചാര്യമതങ്ങളും അനുഷ്ഠാനങ്ങളും അനുവദിക്കുന്നില്ല.”

മറുപടി: ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ഒരു തെളിവെങ്കിലും വക്കീൽ ഉദ്ധരിക്കണമെന്ന് താത്പര്യപ്പെടുന്നു. തന്ത്രിയെ നീക്കം ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ മധ്യകാല ക്ഷേത്ര ഗ്രന്ഥവരികളിൽ ഉണ്ടെന്നിരിക്കെ ഇത്തരമൊരു പ്രസ്താവന അടിസ്ഥാന രഹിതമാണ്.

വാദം 5. “ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് 1428ൽ രചിച്ച ‘തന്ത്രസമുച്ചയ’മാണ് ക്ഷേത്രകാര്യങ്ങളിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ പിന്തുടർന്നു വരുന്നത്. ശുദ്ധികലശ ക്രിയകൾ ക്ഷേത്രചൈതന്യം നിലനിർത്തുന്നതിന് ആചാര്യമതം നിഷ്കർഷിക്കുമ്പോൾ അത് നിറവേറ്റുക മാത്രമാണ് തന്ത്രി ചെയ്തിട്ടുള്ളത്.”

മറുപടി: തന്ത്രി ശുദ്ധിക്രിയകൾ ചെയ്തത് തന്ത്രസമുച്ചയ വിധി അനുസരിച്ചാണെന്നാണ് വക്കീൽ പറഞ്ഞു വെക്കുന്നത്. തികച്ചും വസ്തുതാവിരുദ്ധമാണീ വാദം. യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അശുദ്ധമാകുമെന്ന് തന്ത്രസമുച്ചയത്തിൽ എവിടെയും പരാമർശമില്ല. കൂടാതെ സമുച്ചയമനുസരിച്ച് അശുദ്ധി വന്നാൽ തന്ത്രി എത്ര അറിവുള്ളവനെങ്കിലും ആഗമജ്ഞരോടും സ്മാർത്ത ന്മാരോടും ആലോചിച്ചു മാത്രമേ പരിഹാരം ചെയ്യാവൂ എന്ന് തന്ത്രസമുച്ചയത്തിൽ പ്രായശ്ചിത്ത പടലത്തിൽ പറഞ്ഞിരിക്കുന്നു. ശബരിമലയിൽ തന്ത്രി എന്തുകൊണ് ഈ തന്ത്രസമുച്ചയ വിധി ലംഘിച്ചത്. കൂടാതെ നടയടച്ച് അശുദ്ധിക്ക് പരിഹാരം ചെയ്യരുതെന്നും തന്ത്രവിധികളുണ്ട്.

വസ്തുതാവിരുദ്ധമായ നിരവധി പ്രസ്താവനകളാണ് അഡ്വ. എസ്. സനൽ കുമാർ ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിലെ ലേഖനത്തിൽ നടത്തിയിട്ടുള്ളത്. തന്ത്രത്തെ സംബന്ധിച്ച അടിസ്ഥാനധാരണ പോലും അദ്ദേഹത്തിനില്ല. കേരള ക്ഷേത്രചരിത്ര ജ്ഞാനവും കഷ്ടി തന്നെ. ആരെ വിഡ്ഢിയാക്കാനാണ് ഇത്തരം ലേഖനങ്ങൾ പടച്ചുവിടുന്നത്? ഈ സന്ദർഭത്തിൽ കേരള തന്ത്രത്തിന്റെ സമഗ്രചരിത്രം പഠിക്കണമെന്ന് വക്കീലിനോട് അഭ്യർത്ഥിക്കുന്നു.

(NB: പൊതുജനങ്ങൾ കരുതിയിരിക്കണമെന്നും അഭ്യർത്ഥിക്കുന്നു).

ശ്യാം കുമാര്‍ ടി എസ്

ശ്യാം കുമാര്‍ ടി എസ്

അസി. പ്രൊഫസര്‍. എസ് എച്ച് കോളേജ്, കൊച്ചി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍