UPDATES

ട്രെന്‍ഡിങ്ങ്

ജപ്തി ചെയ്യാനുള്ള കാനറ ബാങ്കിന്റെ തിടുക്കം, മാനസികപ്രയാസം കൊണ്ടുള്ള ആത്മഹത്യ; എഡിഎമ്മിന്റെ റിപ്പോര്‍ട്ട്

ലേഖയുടെ ഭര്‍ത്താവും ഗൃഹനാഥനുമായ ചന്ദ്രന്‍ ബാങ്കിന്റെ അഭിഭാഷക കമ്മിഷന് ഒപ്പിട്ടു നല്‍കിയ കത്തില്‍ മേയ് 14 ന് 12.30 ന് മുമ്പായി അടയ്ക്കാനുള്ള തുക അടച്ചു തീര്‍ക്കാമെന്ന് സമ്മതിച്ചിരുന്നു

ജപ്തി നടപടികളില്‍ കാനറ ബാങ്ക് കാട്ടിയ തിടുക്കമാണ് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നു തിരുവനന്തപുരം എഡിഎമ്മിന്റെ റിപ്പോര്‍ട്ട്.

വായ്പ്പ് തിരിച്ചടയ്ക്കാന്‍ അല്‍പ്പം കൂടി സാവകാശം കിട്ടാനായി സ്ഥലം എംഎല്‍എ വഴി ശ്രമം നടക്കുന്നതിനിടയിലാണ് കാനറ ബാങ്ക് അധികൃതര്‍ ജപ്തി നടപടികളും കേസുമായി മുന്നോട്ടു നീങ്ങിയത്. ഇത് ലേഖയേയും മകള്‍ വൈഷ്ണവിയേയും മാനസിക പ്രയാസത്തിലാക്കി. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് എഡിഎം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് കൈമാറിയത്. സംസ്ഥാനത്താകെ വായ്പ്പകള്‍ക്ക് മൊറട്ടോറിയം നിലനില്‍ക്കുമ്പോള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയത് അംഗീകരിക്കാനാവില്ലെന്നാണ് റവന്യു മന്ത്രി സംഭവത്തില്‍ പ്രതികരിച്ചിരിക്കുന്നത്. പൊതുവായ്പ്പ മൊറട്ടോറിയം നിലനില്‍ക്കുമ്പോള്‍ തന്നെ ഒരമ്മയും മകളും ജീവന്‍ വെടിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചതു ന്യായീകരണമില്ലാത്ത തെറ്റാണെന്നും മന്ത്രി കാനറ ബാങ്ക് ജനറല്‍ മാനേജറെ അറിയിച്ചു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്നും ഭാര്യയേയും മകളെയും നഷ്ടപ്പെട്ട ഗൃഹനാഥന് നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് തയ്യാറാകണമെന്നുമാണ് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. മേയ് 23 ന് ശേഷം സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബാങ്കേഴ്‌സ് സമിതിയുടെ ലീഡ് ബാങ്ക് ആണ് കാനറ ബാങ്ക്.

അതേസമയം കൊല്ലപ്പെട്ട ലേഖയുടെ ഭര്‍ത്താവും ഗൃഹനാഥനുമായ ചന്ദ്രന്‍ ബാങ്കിന്റെ അഭിഭാഷക കമ്മിഷന് ഒപ്പിട്ടു നല്‍കിയ കത്തില്‍ മേയ് 14 ന് 12.30 ന് മുമ്പായി അടയ്ക്കാനുള്ള തുക അടച്ചു തീര്‍ക്കാമെന്ന് സമ്മതിച്ചിരുന്നു. തുക അടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകാമെന്നും കത്തില്‍ സമ്മതിക്കുന്നുണ്ട്. ചന്ദ്രനെ കൂടാതെ ലേഖയും വൈഷ്ണവിയും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

മേയ് 10 ന് ആണ് അഭിഭാഷക കമ്മിഷനും പൊലീസും ചന്ദ്രന്റെ വീട്ടില്‍ എത്തുന്നത്. അപ്പോഴാണ് ഇന്ന സമയത്തിനുള്ളില്‍ പണം അടയ്ക്കാമെന്ന് എഴുതി ഒപ്പിട്ടു നല്‍കിയത്.

വീടും വസ്തുവും വിറ്റ് തുക അടയ്ക്കാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടലെങ്കിലും വാങ്ങാന്‍ ആരുമെത്താതിരുന്നതോടെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇതോടെ ബാങ്കില്‍ അടയ്ക്കാനുള്ള പണം തങ്ങള്‍ക്ക് സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്ന മനോവിഷമം കുടുുംബത്തെ മൂടി. കിടപ്പാടം കൈവിട്ടുപോകുമെന്ന പേടി ലേഖയേയും വൈഷ്ണവിയേയും മാനസികമായി തകര്‍ത്തു. തങ്ങളുടെ വീട് പോകുമെന്ന ആശങ്ക ലേഖ അയല്‍വാസികളുമായി പങ്കുവയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച്ച ബാങ്കിന് നല്‍കിയ അവസാന ദിവസമായിരുന്നു. അന്ന് ഉച്ചവരേയും ചന്ദ്രന്‍ പണം സംഘടിപ്പിക്കാന്‍ പലവഴികളും നോക്കിയിരുന്നു. പതിനൊന്നു മണിയോടെ ബാങ്കില്‍ നിന്നും ജപ്തി നടപടി സ്വീകരിക്കുന്നതിന്റെ അറിയിപ്പ് വന്നതോടെ എല്ലാ വഴികളും അടഞ്ഞെന്ന തോന്നലില്‍ ലേഖയും വൈഷ്ണവിയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം കൊളുത്തുകയായിരുന്നു.

‘ലോൺ എഴുതിത്തള്ളണമെന്നൊന്നും ആ കുടുംബം ആവശ്യപ്പെട്ടിട്ടില്ല, അവരാകെ ആവശ്യപ്പെട്ടത് അൽപം സാവകാശമാണ്, അതും ലഭിച്ചില്ല’; കര്‍ശന നടപടിയെന്ന് തോമസ്‌ ഐസക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍