UPDATES

ട്രെന്‍ഡിങ്ങ്

പത്തനംതിട്ടയില്‍ പിടിമുറുക്കാന്‍ ബിജെപി, ആന്റോ ആന്റണിക്കും സിപിഎമ്മിനും മരണപ്പോരാട്ടം

ശബരിമലയാണ് പത്തനംതിട്ട മണ്ഡലത്തിലെ ഹൈലൈറ്റ്‌

സിപിഐയുടെ നാല് മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സിപിഎം തന്നെ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മൂന്ന് മുന്നണികളും ഒരേപോലെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. കോണ്‍ഗ്രസിന് ഇത് സിറ്റിംഗ് സീറ്റാണെങ്കില്‍ ബിജെപിക്കും സിപിഎമ്മിനും ഇത് അഭിമാന പ്രശ്‌നമാണ്. ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമലയുടെ പേരില്‍ സംസ്ഥാന വ്യാപകമായും ചിലപ്പോഴൊക്കെ കേരളത്തിന് പുറത്തും നടത്തിയ സമരങ്ങള്‍ രാഷ്ട്രീയ നേട്ടത്തിന് സഹായിക്കുമോയെന്നാണ് ബിജെപി നോക്കുന്നത്. ഇത്തവണയില്ലെങ്കില്‍ ഇനിയൊരിക്കലും നോക്കേണ്ടെന്ന പ്രശ്‌നം കൂടി ബിജെപിയെ ഇവിടെ കാത്തിരിക്കുന്നുണ്ട്.

അതിനാല്‍ തന്നെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് ബിജെപി ഇവിടെ കളത്തിലിറക്കാന്‍ സാധ്യതയുള്ളത്. ഇതിനിടയിലാണ് കെ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. പരിവര്‍ത്തന്‍ യാത്ര തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന വേദിയിലാണ് പിള്ള ഇക്കാര്യം പറഞ്ഞത്. തെക്കന്‍ മേഖലാ യാത്രയുടെ ക്യാപ്റ്റനാണ് സുരേന്ദ്രന്‍ എന്നതുകൂടി ഇവിടെ ചേര്‍ത്ത് വായിക്കണം. തെക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ ആണ് സുരേന്ദ്രന്റെ സാധ്യതകള്‍. ശബരിമല സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന സുരേന്ദ്രനെ ഇവിടെ മത്സരിപ്പിക്കുന്നത് ശബരിമലയെ രാഷ്ട്രീയമായി കൂടി ഉപയോഗിക്കാന്‍ ബിജെപിയെ സഹായിച്ചേക്കും. വിജയപ്രതീക്ഷ ഏറ്റവുമധികമുള്ള എ പ്ലസ് കാറ്റഗറിയിലുള്ള അഞ്ച് മണ്ഡലങ്ങളില്‍ അവര്‍ ഏറ്റവുമധികം കണ്ണ് വയ്ക്കുന്നതും പത്തനംതിട്ടയ്ക്കാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ജനകീയ വികാരമുണര്‍ന്നത് ക്ഷേത്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലാണ്. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചതും ഇവിടെ തന്നെ. ബിജെപിയുടെ കണ്ണും അതിലാണ്. ശബരിമലയെ തെരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറയുന്നുണ്ടെങ്കിലും അയ്യപ്പന്റെ അനുഗ്രഹം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടാകുമെന്ന് പറയുന്നതില്‍ തന്നെ ശബരിമലയെ അവര്‍ ഏത് രീതിയില്‍ ഉപയോഗിക്കുമെന്ന് വ്യക്തമാണ്.

Also Read: ഇത്തവണയും കോട്ടയത്തിനും അഡ്വ. പികെ ഹരികുമാറിനും ഇടയില്‍ ഒരു സര്‍പ്രൈസ് എന്‍ട്രി ഉണ്ടാകുമോ? ആരാണ് സിപിഎം സാധ്യതാ ലിസ്റ്റിലുള്ള ഡോ.സിന്ധുമോള്‍ ജേക്കബ്?

അതേസമയം ബിജെപിയെ പത്തനംതിട്ടയില്‍ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ ശബരിമല വിഷയത്തില്‍ തങ്ങള്‍ക്കെതിരെ ഉണ്ടായെന്ന് പറയുന്ന ജനകീയ വികാരം ഒരു കെട്ടുകഥയാണെന്ന് തെളിയിക്കാന്‍ സിപിഎമ്മിന് സാധിക്കും. മൂന്ന് എംഎല്‍എമാരെ മത്സരിപ്പിക്കുമെന്നാണ് സിപിഎം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. എ പ്രദീപ് കുമാറും എഎം ആരിഫും രാജു എബ്രഹാമും ആയിരിക്കും അവരെന്നും ഊഹാപോഹങ്ങളുണ്ട്. അക്കൂട്ടത്തില്‍ വീണാ ജോര്‍ജ്ജിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ വീണാ ജോര്‍ജ്ജോ രാജു എബ്രഹാമോ ആയിരിക്കും പത്തനംതിട്ടയിലെ സിപിഎം സ്ഥാനാര്‍ത്ഥി. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ പത്തനംതിട്ടയില്‍ ഇവരില്‍ ആരായാലും അത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസുമായി എല്‍ഡിഎഫ് നേതൃത്വത്തിന്റെ ചര്‍ച്ചയുണ്ട്. ഈ ചര്‍ച്ചയില്‍ ധാരണയുണ്ടാക്കാന്‍ സാധിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇവിടെ മത്സരിക്കാനുള്ള സാധ്യതയും ഏറെയാണ്.

കോണ്‍ഗ്രസിന്റെ നീക്കവും മറ്റൊന്നല്ല. നിലവിലെ എംപിയായ ആന്റോ ആന്റണിയെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് അവരുടെ നീക്കം. ബിജെപി ഇറക്കുന്ന ഹിന്ദു വികാര കാര്‍ഡ് തന്നെയാണ് കോണ്‍ഗ്രസിനെയും ആശങ്കയിലാക്കുന്നത്. 2004ലെ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ച ആന്റോ ആന്റണി കെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടെങ്കിലും 2009ലും 2014ലും പത്തനംതിട്ടയില്‍ വന്‍ വിജയമാണ് ഇദ്ദേഹം നേടിയത്. പത്തനംതിട്ട മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ. അനന്തഗോപനെതിരെ ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആന്റോ ആന്റണി വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പീലിപ്പോസ് തോമസിനെയാണ് ആന്റോ പരാജയപ്പെടുത്തിയത്. അമ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് അക്കുറി നേടിയത്. ഏറെ പ്രതീക്ഷകളോടെ ബിജെപി കളത്തിലിറക്കിയ എംടി രമേശ് മൂന്നാം സ്ഥാനത്താകുകയും ചെയ്തു. ആന്റോ ആന്റണി 3.59 ലക്ഷം, ഫീലിപ്പോസ് തോമസ്‌ 3.03 ലക്ഷം, എം.ടി രമേശ്‌ 1.4 ലക്ഷം എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില.

അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ശബരിമല തന്നെയാണ് ഇപ്പോള്‍ ഇവിടുത്തെ ഹൈലൈറ്റ്. അതിനാല്‍ സ്ഥാനാര്‍ത്ഥിയാരാണെന്നതും ഇവിടെ നിര്‍ണായകമാണ്. ഏറ്റവും മികച്ചവരെ ആര് കൊണ്ടുവരുന്നുവെന്നതിലാണ് അവിടെ പ്രാധാന്യം. കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തുമോ? സിപിഎം ആദ്യമായി ഈ മണ്ഡലം പിടിച്ചെടുക്കുമോ? അതോ ബിജെപി കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അക്കൗണ്ട് തുറക്കുമോ? എല്ലാം കാത്തിരുന്ന് കാണാം.

Also Read: വീണ്ടും രജിത് കുമാര്‍; കുട്ടികള്‍ക്ക് ഓട്ടിസമുണ്ടാകുന്നത് മാതാപിതാക്കള്‍ നിഷേധികളായതിനാല്‍, ട്രാന്‍സ് യുവതിക്കും അവഹേളനം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍