UPDATES

കേരളം

അതിരൂപതയെ വെട്ടിമുറിക്കണം, അല്ലെങ്കില്‍ റോമിലേക്ക് വിടണം; ആലഞ്ചേരിയുടെ തന്ത്രങ്ങള്‍ മറികടക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് എന്ന ആവശ്യവുമായി എറണാകുളം അതിരൂപത

കാര്യങ്ങള്‍ തനിക്ക് അനുകൂലമായല്ല നീങ്ങുന്നതെന്നു മനസിലാക്കി, അവസാന ഒത്തുതീര്‍പ്പെന്ന നിലയില്‍ മാര്‍ ആലഞ്ചേരി സിനഡിനു മുന്നില്‍ അവതരിപ്പിക്കുന്ന ആവശ്യമാണ് ഓറിയന്റല്‍ കോണ്‍ഗ്രിയേഷന്റെ പ്രീ ഫെക്ട് സ്ഥാനം

സിറോ മലബാര്‍ സഭ ആസ്ഥാനമായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് വേണമെന്ന് ആവശ്യം. സിനഡിലാണ് ഇങ്ങനെയൊരു ആവശ്യം എറണാകുളം അതിരൂപതയില്‍പ്പെട്ട മെത്രാന്മാരും വൈദികരും മുന്നോട്ടുവച്ചിരിക്കുന്നത്. കോടികളുടെ ഭൂമി കുംഭകോണത്തില്‍ ആരോപണവിധേയനായി നില്‍ക്കുന്ന ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തനിക്കെതിരേ ഉണ്ടാകാനിടയുള്ള നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ മുന്നോട്ടുവയ്ക്കുന്ന ചില തന്ത്രങ്ങളെ പ്രതിരോധിക്കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് എന്ന ആവശ്യം ഉയര്‍ത്താന്‍ എറണാകുളം അതിരൂപതയിലുള്ളവര്‍ നിര്‍ബന്ധിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ വേണമെന്ന വൈദികരുടെ കൂട്ടായ തീരുമാനപ്രകാരമാണ് എറണാകുളം അതിരൂപത ആദ്യമായി ഇങ്ങനെയൊരാവശ്യം സിനഡിനെ അറിയിച്ചിരിക്കുന്നത്. എറണാകുളം അതിരൂപതയ്ക്ക് അവകാശപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒരു അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് വന്നാല്‍ നഷ്ടപ്പെട്ടു പോകുമെന്ന ഭയവും സിറോ മലബാര്‍ സഭയുടെ ആസ്ഥാനം എന്ന സ്ഥാനം എറണാകുളം അതിരൂപതയ്ക്ക് നഷ്ടപ്പെട്ടുപോകുമെന്ന ആശങ്കയും കാരണം വൈദികരും വിശ്വാസികളും ഇത്രയും കാലം ഉയര്‍ത്താന്‍ മടിച്ചിരുന്നൊരാവശ്യമാണ് ഇപ്പോഴവര്‍ സിനഡിനു മുന്നില്‍ വച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കര്‍ദിനാള്‍ ആലഞ്ചേരി നടത്തുന്ന ചില നീക്കങ്ങളാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നും അറിയാന്‍ കഴിയുന്നു. ഇക്കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് സിനഡില്‍ മൃഗീയമായ ഭൂരിപക്ഷം കര്‍ദിനാള്‍ ആലഞ്ചേരി നേടിയെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആലഞ്ചേരിയുടെ പിന്‍ഗാമിയായി അടുത്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് വന്നാലും അത് എറണാകുളം അതിരൂപതക്കാരന്‍ ആയിരിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് വൈദിക കൂട്ടായ്മയും വിശ്വാസികളും ഒരു അപ്പസ്‌തോലിക് ആര്‍ച്ച് ബിഷപ്പിനെ എറണാകുളം അതിരൂപതയുടെ കാര്യങ്ങള്‍ മാത്രമായി നോക്കുന്നതിന് നിയമിക്കണമെന്ന് സിനഡിനോട് ആവശ്യപ്പെട്ടതെന്നാണ് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അഴിമുഖത്തോട് പറയുന്നത്. അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് എന്ന ആവശ്യം സിനഡ് തത്വത്തില്‍ അംഗീകരിച്ചതായും വിവരമുണ്ട്.

എന്നാല്‍ സിനഡ് ഈ ആവശ്യം അംഗീകരിച്ചെങ്കിലും ആരായാരിക്കണം അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് എന്ന കാര്യത്തില്‍ ആലഞ്ചേരിക്ക് സ്വാധീനമുള്ള സിനഡില്‍ ഉണ്ടായ തീരുമാനത്തില്‍ എറണാകുളം അതിരൂപതക്കാര്‍ തൃപ്തരല്ലെന്നും വിവരമുണ്ട്. സിഎംഐ സഭാംഗവും എറണാകുളം അതിരൂപതക്കാരനുമായ മാണ്ഡ്യ ബിഷപ്പ് ആന്റണി കരിയിലിനെയാണ് സിനഡ് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പായി നിര്‍ദേശിച്ചത്. ചങ്ങനാശ്ശേരി കല്‍ദായ ലോബിയുടെ ആളായി അറിയപ്പെടുന്ന വ്യക്തിയാണ് കരിയില്‍ പിതാവ്. നിലവില്‍ സിനഡിന്റെ സെക്രട്ടറിയാണ് ബിഷപ്പ് ആന്റണി കരിയില്‍. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കുന്ന മാര്‍ ജേക്കബ് മനത്തോടത്തിന് ഒരു അന്വേഷണ കമ്മിഷന്റെ ചുമതലയാണുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിലവിലുള്ള റോള്‍ കഴിയും. അതേസമയം ഇപ്പോഴത്തെ പദവിയില്‍ തുടരാന്‍ മനത്തോടത്തിനും ആഗ്രഹമുണ്ട്. ഇതിനെ ഇല്ലാതാക്കാനാണ് കരിയില്‍ പിതാവിനെ ചങ്ങനാശ്ശേരി ലോബി കയറ്റിക്കൊണ്ടുവന്നതെന്നാണ് ചിലകേന്ദ്രങ്ങള്‍ വിവരം നല്‍കുന്നത്. എന്നാല്‍ എറണാകുളം അതിരൂപയിലെ വിശ്രമജീവിതം നയിക്കുന്ന ചക്യത്ത് പിതാവും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവും അടങ്ങുന്ന എറണാകുളം രൂപതിയലെ മുഴുവന്‍ പിതാക്കന്മാരും ഏകകണ്ഠമായി എതിര്‍ത്തതിന്റെ ഭാഗമായി കരിയിലിന്റെ പേര് ഒഴിവാക്കപ്പെട്ടെന്നും അറിയിപ്പ് കിട്ടുന്നുണ്ട്. എറണാകുളം രൂപതക്കാരനായിട്ടും സ്വന്തം രൂപതയോടല്ല കരിയില്‍ പിതാവിന് കൂറെന്നും ചങ്ങനാശ്ശേരി ലോബിയുടെ ആളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കരിയിലിനെതിരേ എറണാകുളത്തുകാരുടെ പരാതിയുണ്ട്. എറണാകുളം അതിരൂപതയിലെ വൈദികര്‍ക്ക് അതിന്റെപേരില്‍ കരിയിലിനോട് കടുത്ത നീരസവും ഉണ്ട്. അതിനാല്‍ തന്നെയാണ് അപ്പസ്‌തോലിക് ആര്‍ച്ച് ബിഷപ്പ് ആയി ബിഷപ്പ് ആന്റണി കരിയില്‍ വരുന്നത് ശക്തമായ രീതിയില്‍ എതിര്‍ക്കപ്പെട്ടതും.1992 മുതല്‍ എറണാകുളം അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ എന്നു പേര് മാറിയിട്ടുപോലും അത് അംഗീകരിക്കാനോ ഉപയോഗിക്കാനോ ഇപ്പോഴും കല്‍ദായ ആരാധന ക്രമം പിന്തുടരുന്ന രൂപതകള്‍ തയ്യാറാകുന്നില്ലെന്നും കത്തോലിക്കാ സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സീറോ മലബാര്‍ സഭ എന്നൊരു പേര് പോലും ഇല്ലാതിരുന്നിട്ടും അത് തന്നെ ഇപ്പോഴും ഉപയോഗിക്കുന്നത് എറണാകുളം അതിരൂപതയോടുള്ള എതിര്‍പ്പുകൊണ്ടാണെന്നും എറണാകുളത്തുകാര്‍ക്ക് കടുത്ത ആക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരി കല്‍ദായ പിന്തുണയോടെ വരുന്ന കരിയിലിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാകില്ല.

കഴിഞ്ഞ 25 വര്‍ഷങ്ങളോളമായി എതിര്‍ത്തിരുന്ന അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് എന്ന ആവശ്യത്തിന് ഇപ്പോള്‍ സ്വയം തയ്യറാകാന്‍ ആലഞ്ചേരിയാല്‍ എറണാകുളം അതിരൂപത നിര്‍ബന്ധിതരായെങ്കിലും അതിന്റെ തിരിച്ചടി ആര്‍ച്ച് ബിഷപ്പായ ആലഞ്ചേരിക്കും കൂടിയാണ് ഏല്‍ക്കേണ്ടി വരിക. അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് നിയമിതനായാല്‍ എറണാകുളം ആര്‍ച്ച് ബിഷപ്പിനും മറ്റു രൂപത ആര്‍ച്ച് ബിഷപ്പുമാരുടെ സ്ഥാനം തന്നെയായിരിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഒരു രൂപതയിലും നേരിട്ട് ഇടപെടാന്‍ സാധിക്കാതെ വരും. രൂപതകളുടെ അനുവാദം ഇല്ലാതെ ഒന്നിനും കഴിയില്ല. പ്രത്യേകിച്ച് ഒരു റോളും ഇല്ലാതാകും. സഭ തലവന്‍ ആയി ഇരിക്കാമെന്നു മാത്രം. അതുകൊണ്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഒരു അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ഉണ്ടാകുമെന്ന ഉറപ്പായതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മറ്റു ചില നീക്കങ്ങളുമായി സിനഡിന്റെ മുന്നിലെത്തിയത്. തനിക്ക് ഇനിയൊരിക്കലും എറണാകുളം അതിരൂപതയിലേക്ക് തിരിച്ചുപോകാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ ഒരു സ്ഥാനിക മെത്രാന്‍ ആയെങ്കിലും തുടരണമെങ്കില്‍ ഒരു ചെറിയ രൂപതയെങ്കിലും വേണം എന്ന ചിന്ത ആലഞ്ചേരിയില്‍ ഉടലെടുത്തെതിന്റെ ഭാഗമായി അഞ്ച് ഇടവകകള്‍ കൂട്ടിച്ചേര്‍ത്ത് കാക്കനാട് കേന്ദ്രമായി ഒരു സ്ഥാനീക മെത്രാന്‍ മന്ദിരം എന്ന ആവശ്യം കര്‍ദിനാള്‍ സിനഡില്‍ ഉന്നയിച്ചത്.

പക്ഷേ, ഈ ആവശ്യം എറണാകുളം അതിരൂപത അംഗീകരിക്കുന്നില്ല. എറണാകുളം അതിരൂപതയെ വെട്ടിമുറിക്കാന്‍ സമ്മതിക്കില്ലെന്നാണ് ഇവിടുത്തെ പിതാക്കന്മാര്‍ പറയുന്നത്. ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപത ഇപ്പോള്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി അഡ്മിനിസ്‌ട്രേറ്റ് ഭരണത്തിന്റെ കീഴിലാണ് അതിരൂപ നിലവില്‍. അതുകൊണ്ട് എറണാകുളം അതിരൂപതയില്‍ ഒരു വെട്ടിമുറിക്കല്‍ യാതൊരു കാരണവശാലും അംഗീകരിക്കില്ല എന്നാണ് മുഴുവന്‍ മെത്രാന്മാരും ഏകകണ്ഠമായി എറണാകുളം അതിരൂപതയുടെ ഭാഗത്ത് നിന്നും സിനഡിനെ അറിയിച്ചത്.

മാര്‍ ആലഞ്ചേരിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കം ഉണ്ടാകുമെന്നും കരിയില്‍ പിതാവിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് പദവിയിലേക്ക് നിര്‍ദേശിക്കപ്പെടുമെന്നും വിവരം കിട്ടയതിനെ തുടര്‍ന്ന് എറണാകുളത്തെ മെത്രാന്മാരുടെ നേതൃത്വത്തില്‍ സിനഡിനു മുമ്പായി ഒരു രഹസ്യയോഗം ചേര്‍ന്നിരുന്നു. തൃക്കാക്കരയിലുള്ള എറണാകുളം അതിരൂപത മൈനര്‍ സെമിനാരിയിലാണ്  എറണാകുളം അതിരൂപതക്കാരായ അഞ്ച് പിതാക്കന്മാര്‍ ഒന്നിച്ചുകൂടിയത്. അതിരൂപത സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് മറ്റൊരു പരിപാടി ഉള്ളതുകൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. രൂപതയെ വെട്ടിമുറിക്കുന്നതിന് എതിരേയും അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ആരായിരിക്കണമെന്ന കാര്യത്തിലും ഒരു തീരുമാനം എടുക്കാനായിരുന്നു ഈ യോഗം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനഡില്‍ അഭിപ്രായം വ്യക്തമാക്കിയതും.

ആലഞ്ചേരി അനുകൂലികളുടെ ആധിക്യമുണ്ടെങ്കിലും രൂപത ഡിവിഷനെ കുറിച്ച് തീരുമാനം എടുക്കാന്‍ സിനഡിന് തത്കാലം കഴിയില്ല. കാരണം, ആതിരൂപതയി്ല്‍ ഇപ്പോള്‍ അഡ്മിനിസ്‌ട്രേഷന്‍ ഭരണമാണ്. അന്വേഷണം തീരും വരെ എറണാകുളം അങ്കമാലി അതിരൂപത സിനഡിനു കീഴിലല്ല, വത്തിക്കാന്റെ കീഴിലാണ്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടത് പോപ്പിനെയാണ് ആര്‍ച്ച് ബിഷപ്പിനെയല്ല. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാന നിയമനത്തിനൊപ്പം നല്‍കുന്ന ബോണ്ട് ഓഫ് ഇന്‍സ്ട്രക്ഷനില്‍ വ്യക്തമായി പറയുന്ന കാര്യം, ആര്‍ച്ച് ബിഷപ്പിന്റെയോ സിനഡിന്റെയോ യാതൊരു അഭിപ്രായങ്ങളും കേള്‍ക്കണ്ട ചുമതല അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇല്ല എന്നാണ്. അവരോട് വിധേയനായിരിക്കേണ്ടതില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്. പറയുന്നതത് കേള്‍ക്കാം. സ്വീകരിക്കണമെന്നില്ല. അതുപോലെ ആര്‍ച്ച് ബിഷപ്പിനോട്, എറണാകുളം അതിരൂപതയുടെ യാതൊരു ഭരണക്രമങ്ങളിലും ഇടപെടരുതെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാല്‍ നിലവില്‍ സിനഡിന് ഏകപക്ഷീയമായി ഡിവിഷന്‍ തീരുമാനത്തിലോ, അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിന്റെ കാര്യത്തിലോ നിര്‍ദേശങ്ങള്‍ വയ്ക്കുന്നതിനപ്പുറം തീരുമാനം എടുക്കാന്‍ പറ്റില്ല. സിനഡ് ഏകകണ്ഠമായി ഒരു തീരുമാനം ഇത്തരത്തില്‍ എടുത്തിട്ടുണ്ട്, അത് പരിഗണിക്കണമെന്നു വത്തിക്കാനോട് അപേക്ഷിക്കാമെന്നു മാത്രം.

കാര്യങ്ങള്‍ തനിക്ക് അനുകൂലമായല്ല നീങ്ങുന്നതെന്നു മനസിലാക്കി, അവസാന ഒത്തുതീര്‍പ്പെന്ന നിലയില്‍ മാര്‍ ആലഞ്ചേരി സിനഡിനു മുന്നില്‍ അവതരിപ്പിക്കുന്ന ആവശ്യമാണ് ഓറിയന്റല്‍ കോണ്‍ഗ്രിയേഷന്റെ പ്രീ ഫെക്ട് സ്ഥാനം.തന്റെ പേര് സിനഡ് നിര്‍ദേശിക്കുകയും അത് നടപ്പിലാവുകയും ചെയ്യുകയാണെങ്കില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിയുകയും ഇവിടെ നിന്നും റോമിലേക്ക് പോവുകയും ചെയ്തുകൊള്ളാമെന്നാണ് ആലഞ്ചേരി സിനഡിനെ അറിയിച്ചിരിക്കുന്നത്. ഈ ആവശ്യം ഔദ്യോഗികമായി സിനഡ് ഉടന്‍ തന്നെ പരിഗണിക്കുമെന്നറിയുന്നു. ഈ ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കില്‍ നാണക്കേടില്ലാതെ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിയാന്‍ കഴിയുമെന്ന കണക്കുക്കൂട്ടലാണ് കര്‍ദിനാളിന് ഉള്ളതെന്നാണ് അതിരൂപത കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. സ്ഥാനക്കയറ്റം കിട്ടി റോമിലേക്ക് പോവുകയാണെങ്കില്‍ ഇപ്പോഴുള്ള വിവാദങ്ങളിലും നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം കരുതുന്നതായും പറയുന്നു. ഈ ആവശ്യത്തിന് സിനഡില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും വിവരമുണ്ട്. നിലവിലെ ഓറിയന്റല്‍ കോണ്‍ഗ്രിയേഷന്‍ പ്രിഫെക്ട് ആയ കര്‍ദിനാള്‍ സാന്‍ഡ്രി സ്ഥാനമൊഴിയുകയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കര്‍ദിനാള്‍ ആലഞ്ചേരിയെ സിനഡ് നിര്‍ദേശിക്കുകയാണെങ്കില്‍ അതിന് അംഗീകാരം കിട്ടുമെന്നാണ് വിവരം.

അതേസമയം, എറണാകുളം-അങ്കമാലി അതിരൂപ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ സ്ഥാനചലനവുമായി ബന്ധപ്പെട്ട് സിനഡില്‍ തീരുമാനമുണ്ടായി എന്ന വാര്‍ത്ത സത്യമല്ലെന്നാണ് സഹായമെത്രാനുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. എറണാകുളം അതിരൂപത സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിന്റെ സ്ഥാനചലനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സെബാസ്‌ററ്യന്‍ എടയന്ത്രത്തിനെ മെല്‍ബണിലേക്ക് നാടുകടത്തുന്നു എന്നതായിരുന്നു വാര്‍ത്തകള്‍. എടയന്ത്രത്ത് എത്തുന്നതോടെ മെല്‍ബണിലെ ബിഷപ്പ് പാലക്കാടേക്ക് വരുമെന്നും പാലക്കാട് ബിഷപ്പ് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ആയി നിയമിതനാകുമെന്നൊക്കെയുള്ള വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്നാണ് പറയുന്നത്. ഇത്തരമൊരു ചര്‍ച്ച സിനഡില്‍ ഉണ്ടായിട്ടേയില്ലെന്നാണ് സഹായമെത്രാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. താന്‍ സഹായമെത്രാന്‍ ആയിരിക്കുന്ന സമയത്താണ് എറണാകുളം അതിരൂപത വലിയൊരു പ്രതിസന്ധി നേരിടുന്നതും കച്ചവടങ്ങള്‍ നടന്നതും കടബാധ്യതയേറുന്നതുമെല്ലാം. അതിന്റെ പേരില്‍ നടക്കുന്ന അന്വേഷണം തീര്‍ന്ന് അവസാന റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിക്കുന്നതുവരെ യാതൊരു സ്ഥാനമാറ്റത്തിനും തയ്യാറാല്ലെന്നാണ് എടയന്ത്രത്ത് പിതാവ് സിനഡിനെ അറിയിച്ചതെന്നാണ് വിവരം നല്‍കിയ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. മെത്രാനായി തുടരുന്നകാലം വരെ സഹായമെത്രാനായി തുടരണമെങ്കില്‍ അതിനും തയ്യാറാണ്. വേണെങ്കില്‍ ഒരു ഇടവക വികാരിയായി ഇരിക്കണമെങ്കിലും അതിനും തയ്യാറാണെന്നുംഎടയന്ത്രത്ത് സിനഡിനെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. എടയന്ത്രത്തിന് ഇതുവരെ ഒരു സ്ഥാനചലനവും വന്നിട്ടില്ലെന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടോ, ചര്‍ച്ചയ്ക്ക് വരികയോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നു. ഒരു വൈദികനെ മാറ്റുന്നതുപോലെ പെട്ടെന്നൊരു തീരുമാനം എടുത്ത് മെത്രന്മാരെ മാറ്റാന്‍ കഴിയില്ലെന്നും സിനഡ് ആയാലും വത്തിക്കാനായാലും മെത്രന്മാരുടെ കൂടെ അനുമതിയോടെയാണ് സ്ഥാനമാറ്റം നടത്തുന്നതെന്നും അറിയാമായിരുന്നിട്ടും കര്‍ദിനാള്‍ ആലഞ്ചേരിക്ക് വേണ്ടിയുള്ള പെയ്ഡ് ന്യൂസ് എന്ന നിലയില്‍ പുറത്തുവരുന്ന വ്യാജവാര്‍ത്തകള്‍ വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപിക്കുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍