UPDATES

ഏഴുമാസംകൊണ്ട് എഴുതിത്തള്ളിയത് 1,622 കേസുകള്‍; മജിസ്‌ട്രേറ്റിന് ഇത്രയും ‘മനഃസാക്ഷി’ വേണ്ടെന്ന് ഹൈക്കോടതി

കേരളത്തിലെ കോടതികളില്‍ ഇത്തരത്തിലെ എഴുതിത്തള്ളലുകള്‍ നടക്കുന്നത് ആദ്യമായല്ല. പക്ഷെ ഇത്രയധികം കേസുകള്‍ ഒന്നിച്ച് എഴുതിത്തള്ളിയ സംഭവം ഇത് ആദ്യമായാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്

1,622 കേസുകള്‍ അതിവേഗം എഴുതിത്തള്ളിയ മജിസ്‌ട്രേറ്റിന് ഹൈക്കോടതി പൂട്ടിട്ടു. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയിലെ 1,622 കേസുകള്‍ ഏഴുമാസംകൊണ്ട് എഴുതി തള്ളിയ മജിസ്‌ട്രേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി നിരീക്ഷണം. 2016 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏഴു മാസത്തിനിടെ മജിസ്‌ട്രേറ്റ് ആര്‍.രാകേഷ് ക്രിമിനല്‍ നടപടി നിയമത്തിലെ 258ാം വകുപ്പ്(ആപ്ലിക്കേഷന്‍ ഓഫ് മൈന്‍ഡ്) പ്രകാരം എഴുതി തള്ളിയ കേസുകളുടെ എണ്ണം തന്നെയാണ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനിടയാക്കിയത്. ഇതില്‍ അബ്ക്കാരി നിയമം, മോട്ടോര്‍ വാഹന നിയമം, ലഹരി മരുന്നുതടയല്‍ നിയമം തുടങ്ങിയ കേസുകളാണ് ഉള്‍പ്പെടുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത്തരത്തില്‍ കേസുകള്‍ എഴുതിത്തള്ളാന്‍ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ മജിസ്‌ട്രേറ്റ് എഴുതി തള്ളിയ കേസുകള്‍ വ്യക്തമായി അന്വേഷിക്കാതെയാണ് അവസാനിപ്പിച്ചതെന്നും ക്രിമിനല്‍ നടപടി നിയമത്തിലെ വകുപ്പ് 258 ദുരുപയോഗം ചെയ്‌തെന്നും പറയുന്നു.

മജിസ്‌ട്രേറ്റ് ആര്‍.രാകേഷിന്റെ നടപടികള്‍ ഹൈക്കോടതി ചോദ്യംചെയ്‌തെന്ന വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണ് കൊല്ലം ജുഡീഷ്യല്‍ കോടതിയിലെത്തിയത്.

ഇത്രയും കേസുകള്‍ എഴുതിത്തള്ളാനുള്ള കാരണം മജിസ്‌ട്രേറ്റില്‍ നിന്ന് തന്നെ ലഭിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹത്തെ കാണാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ കഴിയില്ല എന്ന മറുപടിയാണ് കോടതി ഉദ്യോഗസ്ഥരില്‍ നിന്ന് കിട്ടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മജിസ്‌ട്രേറ്റിനെ കാണാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരെയും കാണാന്‍ അദ്ദേഹം കൂട്ടാക്കിയില്ല എന്നും അറിഞ്ഞു. എന്താണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാത്തത് എന്ന ചോദ്യത്തിന് ഓഫീസ് സ്റ്റാഫുകളും, മറ്റ് വക്കീലന്മാരും മറുപടി തന്നതുമില്ല.

പിന്നീട് ഇക്കാര്യത്തെക്കുറിച്ച് കോടതിയിലെ മറ്റ് അഭിഭാഷകരോടും കേസുകളുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിവരങ്ങളും കൈവശം വക്കുന്ന ഗുമസ്തന്‍മാരോടും കോടതി ഉദ്യോഗസ്ഥരോടും അന്വേഷിച്ചു. കോടതിവളപ്പില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് കിട്ടിയത്. വിഷയം മജിസ്‌ട്രേറ്റിനെ സംബന്ധിച്ചായതുകൊണ്ടും പരാമര്‍ശം ഹൈക്കോടതിയുടേതായതുകൊണ്ടും പേരു വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശത്തോടെയാണ് എല്ലാവരും സംസാരിച്ചുതുടങ്ങിയത്. വാര്‍ത്തയെഴുതാം പറയുന്നത് ചേര്‍ക്കാം എന്നാല്‍ പേര് വരരുത് എന്ന് മാത്രമായിരുന്നു എല്ലാവരുടേയും നിര്‍ദ്ദേശം.

കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയില്‍ മാത്രം കെട്ടിക്കിടക്കുന്നത് 32,000 ഓളം കേസുകളാണെന്ന വിവരമാണ് ഹൈക്കോടതി പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ കോടതി ഉദ്യോഗസ്ഥര്‍ ഒരു മുന്‍കൂര്‍ ജാമ്യം കണക്ക് പ്രാഥമികമായി പറഞ്ഞകാര്യം. ദിവസംപ്രതി മുന്നൂറോളം കേസുകള്‍ പരിഗണനക്കെടുക്കുന്നുണ്ടെങ്കിലും നൂറോളം കേസുകള്‍ മാത്രമാണ് നടപ്പാകുന്നതെന്നതെന്നും അവര്‍ പറയുന്നു. ‘കേസുകള്‍ എഴുതിത്തള്ളിയെന്ന് പറയുന്നത് സത്യം തന്നെയാണ്. പക്ഷെ അതിലുള്ള വസ്തുതയാണ് മനസ്സിലാക്കേണ്ടത്. മജിസ്‌ട്രേറ്റ് ആര്‍.രാകേഷിന്റെ കോടതിയില്‍ മാത്രം തീര്‍പ്പാകാതെ കിടക്കുന്ന 32,000 കേസുകളാണുള്ളത്. വാര്‍ത്തയില്‍ പറയുന്നത്രയും ഭീകരമായ അവസ്ഥയല്ല എഴുതി തള്ളിയ കേസുകള്‍ക്കുള്ളത്. വാര്‍ത്തകള്‍ വരുന്നത് പീനല്‍കോഡ് വകുപ്പ് 258 മോട്ടോര്‍ വാഹനനിയമം, 15സി പ്രകാരമുള്ള അബ്കാരി നിയമങ്ങള്‍ എന്നിവയെ കൂടുതല്‍ പ്രൊജക്ട് ചെയ്തുകൊണ്ടാണ്. പൊതുജനത്തെ കുഴക്കുന്ന നിയമങ്ങള്‍ ആണിത്. ഐപിസി 258 പ്രകാരമുള്ള മോട്ടോര്‍ വാഹനനിയമത്തില്‍ പറയുന്നത് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുക, ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുക, നാല്‍ചക്ര വാഹനങ്ങളില്‍ സീറ്റ്‌ബെല്‍ട്ട് ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ്. അബ്കാരി നിയമപ്രകാരമുള്ള കേസുകളെന്നത് പൊതു സ്ഥലത്ത് മദ്യപിക്കുക, പുക വലിക്കുക, മദ്യപിച്ച് ആളുകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയിട്ടുള്ളവയാണ്. ഇത്തരത്തിലെ പെറ്റിക്കേസുകള്‍ പോലീസ് കോടതിയിലേക്ക് വിടുന്നത് അവര്‍ക്ക് കിട്ടുന്ന ഓര്‍ഡറനുസരിച്ചാണ്. സര്‍ക്കാരിലേക്കുള്ള ഫൈന്‍ നികുതിയുടെ ഭാഗമാണ് ടാര്‍ഗറ്റ് കേസുകള്‍. ഇത്തരത്തിലെ കേസുകള്‍ കാരണം കോടതിയിലെ മറ്റു കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് പ്രശ്‌നം നേരിടേണ്ടിവരുന്നത്. കൂടാതെ സമന്‍സ് പുറപ്പെടുവിച്ചിട്ടും പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരിക്കുന്നതും, കേസ് ഉണ്ടാക്കി ടാര്‍ഗറ്റ് തികയ്ക്കാന്‍ ശ്രമിക്കുന്ന പോലീസ് പ്രതികളെ കോടതിയിലെത്തിക്കാന്‍ ശ്രമിക്കാത്തതുമാണ് മറ്റൊരു പ്രശ്‌നം. ക്രിമിനല്‍ നടപടി നിയമത്തിലെ വകുപ്പ് 258 പ്രകാരം മജിസ്‌ട്രേറ്റിന് കേസുകള്‍ മനഃസാക്ഷിപ്രകാരം ചിന്തിച്ച് തള്ളിക്കളയാനുള്ള അനുവാദമുണ്ട്. അത് പ്രയോഗിച്ചാണ് അദ്ദേഹം 1622 കേസുകള്‍ തള്ളിക്കളഞ്ഞിട്ടുള്ളത്. അദ്ദേഹം കരുതിയത് പെറ്റി കേസുകള്‍ക്കിടയില്‍ കിടന്ന് മറ്റ് സത്തയുള്ള കേസുകള്‍ നീതി കിട്ടാതെയാകരുത് എന്നായിരിക്കണം. അത് അദ്ദേഹത്തിന്റെ ആപ്ലിക്കേഷന്‍ ഓഫ് മൈന്‍ഡ് എന്ന അവകാശത്തില്‍പ്പെടുന്നതാണെന്നാണ് കരുതുന്നത്. മജിസ്‌ട്രേറ്റ് ആര്‍.രാകേഷ് എത്തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗങ്ങളും നടത്തിയെന്ന് ഇവിടെയാരും തന്നെ വിശ്വസിക്കുന്നില്ല. എങ്കിലും ഹൈക്കോടതിയുടെ അഭിപ്രായത്തെ മാനിക്കുന്നു. കേസ് വീണ്ടും പരിഗണിക്കണമെന്നാണ് ഹൈക്കോടതിയുടെ തീരുമാനം.’

എന്നാല്‍ ഒരു പ്രമുഖ വക്കീലിന്റെ ഗുമസ്തന്റെ അഭിപ്രായത്തില്‍ മജിസ്‌ട്രേറ്റും പോലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് കേസുകള്‍ എഴുതിതള്ളിയത്. ‘മജിസ്‌ട്രേറ്റിനെപ്പറ്റി ഇവിടെ എല്ലാവര്‍ക്കുമറിയാം, അദ്ദേഹം തീര്‍ത്തും പോലീസിന്റെ ഭാഗത്തുനില്‍ക്കുന്ന ആളാണ്. പോലീസ് കേസിന്റെ എണ്ണം തികയ്ക്കാന്‍ കേസ് ഉണ്ടാക്കും, മജിസ്‌ട്രേറ്റ് അത് എഴുതിത്തള്ളും. ഇത്തരത്തിലാണ് ഇവിടെ സംസാരം നടക്കുന്നത്. ഇവിടെ കുറെയധികം കേസുകള്‍ തീര്‍പ്പാക്കാനുണ്ടെന്നും അതുകൊണ്ടാണ് പെറ്റി കേസുകള്‍ ഒഴിവാക്കുന്നതെന്നുമാണ് മജിസ്‌ട്രേറ്റിന്റെ വാദം. ഇത്തരത്തില്‍ കേസുകള്‍ എഴുതി തള്ളിയതുമൂലം സര്‍ക്കാരിനുണ്ടായ നഷ്ടം ഭീമമാണ്. അതിന്റെ ഉത്തരവാദി ഏതായാലും മജിസ്‌ട്രേറ്റ് തന്നെയാണ്. മജിസ്‌ട്രേറ്റ് സമന്‍സ് പുറപ്പെടുവിക്കുമെങ്കിലും പേലീസ് ആളുകളെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതില്‍ ഉത്തരവാദിത്വം കാണിക്കാറില്ല. കോടതി ഇതുവരെ അതിനെ ചോദ്യം ചെയ്യുകയോ, പോലീസിനെ ശാസിക്കയോ ചെയ്തതായി അറിവില്ല. കോടതി സമന്‍സ് പുറപ്പെടുവിച്ചത് പോലീസ് എന്തുകൊണ്ട് നടപ്പാക്കാന്‍ തുനിയുന്നില്ല എന്ന് അന്വേഷണങ്ങളും ഇവിടെ നടക്കുന്നില്ല എന്നതാണ് സത്യം’.

കേസിനെപ്പറ്റിയും, കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയില്‍ മജിസ്‌ട്രേറ്റിന്റെ അധികാര ദുര്‍വിനിയോഗം നടന്നോ എന്നും അന്വേഷിക്കാന്‍ കൊല്ലത്തുള്ള മറ്റ് പല അഭിഭാഷകരേയും ബന്ധപ്പെട്ടെങ്കിലും ആരും അക്കാര്യം പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ വകുപ്പ് 258 പ്രകാരം മജിസ്‌ട്രേറ്റിന് കേസുകള്‍ തള്ളിക്കളയാന്‍ അനുവാദം ഉണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു.

‘1973ലെ കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യറില്‍(Cr.Pc) വകുപ്പ് 258 പൊതുവേ അറിയപ്പെടുന്നത് ‘ആപ്ലിക്കേഷന്‍ ഓഫ് മൈന്‍ഡ്’ എന്നാണ്. ചില കേസുകളില്‍ വാദം നിര്‍ത്തിവയ്ക്കാനുള്ള അധികാരമാണ് ഇതുവഴി ഒരു മജിസ്‌ട്രേറ്റിന് കൊടുക്കുന്നത്. കാലങ്ങളായുള്ള സാക്ഷിയുടെ അഭാവത്തില്‍ വിധി പ്രഖ്യാപിക്കാതെ തന്നെ, വാദം കേള്‍ക്കാതെതന്നെ പ്രതിയെ വെറുതെ വിടാനുള്ള അധികാരവും ജഡ്ജിയ്ക്കുണ്ട്. എന്നാല്‍ Cr.Pc 1973ല്‍ 2012 ലും 2015ലും വരുത്തിയ തിരുത്തല്‍പ്രകാരം പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമാത്രം. രണ്ടുവര്‍ഷത്തില്‍ക്കുറവ് ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കേസുകള്‍, കാലങ്ങളായി സമന്‍സയച്ചിട്ടും പ്രതികരണം ഉണ്ടാവാത്ത കേസുകള്‍ തുടങ്ങിയവ വ്യക്തമായ കാരണംകാണിച്ച് എഴുതിത്തള്ളാമെന്നാണ് നിയമം. ആപ്ലിക്കേഷന്‍ ഓഫ് മൈന്‍ഡ് എന്നാല്‍ അര്‍ത്ഥം വയ്ക്കുന്നത് ജഡ്ജ് ചെയ്യുന്നയാള് കേസ് മനസ്സിരുത്തി പഠിച്ചതിനു ശേഷം മനസാക്ഷിക്ക് ഉചിതമാണെന്നാല്‍ എഴുതി തള്ളാമെന്നാണ്. എന്നാല്‍ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയില്‍ സംഭവിച്ചത് ഇത്തരത്തില്‍ അല്ലായെന്നാണ് ഹൈക്കോടതി പരിശോധിക്കാന്‍ ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി നിയമവിരുദ്ധം എന്ന് മുദ്ര വച്ചതിനെതിരെ സംസാരിക്കുന്നത് ശരിയല്ല എന്നാണ് തോന്നുന്നത്. ഏതായാലും കേസുകള്‍ വീണ്ടും പരിഗണിക്കും എന്നാണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. ഒരു മാസത്തില്‍ ഇത്രയിത്ര കേസുകളുടെ ബാധ്യത തീര്‍ക്കുക(dispose) എന്ന് ഹൈക്കോടതി ഓരോ കോടതിയോടും പറയാറുണ്ട്. 2012 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളിലെ കേസുകളാണ് മജിസ്‌ട്രേറ്റ് എഴുതിത്തള്ളിയത്. കേസുകള്‍ കെട്ടിക്കിടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എത്ര കേസുകള്‍ തീര്‍ക്കണം എന്ന് ഹൈക്കോടതി ഓരോ കോടതിയെയും നിര്‍ദേശിക്കാറുള്ളത്. അത്തരത്തിലാണോ ഇവിടെ സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ പതിനായിരക്കണക്കിന് കേസുകള്‍ ഈ കോടതിയില്‍ കെട്ടിക്കിടക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.’

പിന്നീട് കൊല്ലം ജില്ലയ്ക്ക് പുറത്തുള്ള ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ.എസ്.സജീവിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യം ഇങ്ങനെയാണ്; ‘ ഇത്ര കേസുകള്‍ എഴുതിത്തള്ളുക എന്നത് യഥാര്‍ഥത്തില്‍ വലിയ കണക്കല്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് മജിസ്‌ട്രേറ്റിനെ മാത്രം കുറ്റം പറയാന്‍ പറ്റുകയുമില്ല. കാരണം ഹൈക്കോടതി എല്ലാ മാസവും മജിസ്‌ട്രേറ്റുമാരോട് റിപ്പോര്‍ട്ട് ചോദിക്കും. തീര്‍പ്പാക്കിയവ, തീര്‍പ്പാക്കാത്തവ, വര്‍ഷാടിസ്ഥാനത്തില്‍ എത്ര കേസുകള്‍ തീര്‍പ്പാക്കി, തീര്‍പ്പാക്കിയിട്ടില്ലെങ്കില്‍ അത് എന്തുകൊണ്ട് അങ്ങനെ നിരവധി കാര്യങ്ങള്‍ക്കാണ് മജിസ്‌ട്രേറ്റുമാര്‍ മറുപടി പറയേണ്ടത്. ഉദാഹരണത്തിന് 2010 മുതല്‍ 2012 വരെയുള്ള കേസുകളില്‍ തീര്‍പ്പാവാതെ ഇനി എത്ര കേസുകളുണ്ട്, അല്ലെങ്കില്‍ 2015 മുന്‍പ് ഫയല്‍ ചെയ്ത എത്ര കേസുകള്‍ ഇനി തീര്‍ക്കാപ്പാന്‍ ബാക്കിയുണ്ട്..അങ്ങനെയായിരിക്കും ചോദ്യം വരിക. സ്വാഭാവികമായും മജിസ്‌ട്രേറ്റിന് ഇത് സമ്മര്‍ദ്ദമുണ്ടാക്കും. അപ്പോള്‍ സാക്ഷികളില്ലാത്തതോ, അല്ലെങ്കില്‍ സമന്‍സ് അയച്ചിട്ടും നാളുകളായി ഹാജരാകത്തതോ ഒക്കെയായ കേസുകള്‍ മജിസ്‌ട്രേറ്റുമാര്‍ എഴുതി തള്ളി ടാര്‍ഗറ്റ് ഒപ്പിച്ച് ഹൈക്കോടതിക്ക് നല്‍കിയേക്കാം. ഇവിടെ അതാണ് സംഭവിച്ചതെന്നല്ല പറയുന്നത്. പക്ഷെ അത്തരത്തില്‍ മജിസ്‌ട്രേറ്റുമാര്‍ പലപ്പോഴും സമ്മര്‍ദ്ദത്തിലാവാറുണ്ട്.’

മജിസ്‌ട്രേറ്റ് എഴുതിത്തള്ളിയ കേസുകള്‍ ഏത് വകുപ്പ് പ്രകാരമുള്ളതാണെന്ന് പറഞ്ഞതല്ലാതെ അത് സംബന്ധിച്ച കേസ്ഫയലുള്‍പ്പെടെ മറ്റേതെങ്കിലും രേഖകള്‍ കൈമാറാന്‍ കോടതി ജീവനക്കാര്‍ തയ്യാറായില്ല. കേരളത്തിലെ കോടതികളില്‍ ഇത്തരത്തിലെ എഴുതിത്തള്ളലുകള്‍ നടക്കുന്നത് ആദ്യമായല്ല. പക്ഷെ ഇത്രയധികം കേസുകള്‍ ഒന്നിച്ച് എഴുതിത്തള്ളിയ സംഭവം ഇത് ആദ്യമായാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. കൂടാതെ സ്വമേധയാ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജികള്‍ രജിസ്ട്രര്‍ ചെയ്ത ഹൈക്കോടതി അതിന്മേല്‍ നടപടി തുടങ്ങുകയും ചെയ്തു. മജിസ്‌ട്രേറ്റ് ആര്‍.രാകേഷിന്റെ സ്ഥാനക്കയറ്റവും നീട്ടിവക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍