സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്നും അപമാനകരമായ പ്രവര്‍ത്തി തങ്ങള്‍ക്കു നേരെ ഉണ്ടായെന്നും ക്യാമ്പില്‍ കഴിയുന്നവര്‍ ആരോപിക്കുന്നുണ്ട്
മഴക്കാല കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ ജാതിവിവേചനം എന്ന് ആരോപണം. ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ മൂന്നാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ആഞ്ഞിലിമൂട് എല്‍പി സ്‌കൂളില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ തങ്ങള്‍ക്കൊപ്പം ഇതേ ക്യാമ്പില്‍ താമസ സൗകര്യം കിട്ടിയിരിക്കുന്ന പുലയ സമുദായത്തിലുള്ളവര്‍ക്കൊപ്പം കഴിയാനോ ഭക്ഷണം പങ്കുവയ്ക്കാനോ തയ്യാറായില്ലെന്നും ഇവരുടെ ആവശ്യപ്രകാരം മറ്റൊരു ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയുമാണെന്നാണ് ആഞ്ഞിലിമൂട് എല്‍പി സ്‌കൂള്‍ ക്യാമ്പില്‍ കഴിയുന്ന പുലയ സമുദായാംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ജാതി പ്രശ്‌നമല്ല, ക്യാമ്പില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ പ്രശ്‌നം ഉണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ എത്തുന്നതിന് തടയാന്‍ വേണ്ടിയാണ് സമീപത്ത് തന്നെയുള്ള മറ്റൊരു സ്‌കൂളിലേക്ക് ഒരു വിഭാഗത്തെ മാറ്റിയതെന്നുമാണ് പള്ളിപ്പാട് വില്ലേജ് ഓഫിസര്‍ അഴിമുഖത്തോട് പറഞ്ഞത്. തങ്ങള്‍ ആരോടും ജാതി വിവേചനം കാണിച്ചിട്ടില്ലെന്നും ചില മോശം പ്രവര്‍ത്തികള്‍ ഉണ്ടായപ്പോള്‍ അത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും ക്രിസത്യന്‍ സമുദായംഗങ്ങളും പറയുന്നു.
പുലയനൊപ്പം ഉണ്ണാനും ഉറങ്ങാനും പറ്റില്ല
എന്നാല്‍ ഈ വിശദീകരണങ്ങള്‍ തെറ്റാണെന്നും കടുത്ത ജാതിവിവേചനത്തിനാണ് തങ്ങള്‍ ഇരകളായതെന്നും ഉറപ്പിച്ചു പറയുകയാണ് ക്യാമ്പിലുള്ള പുലയ സമുദായാംഗങ്ങള്‍. രാഷ്ട്രീയമായ വേര്‍തിരിവ് പോലും തങ്ങളോട് കാണിച്ചിട്ടുണ്ടെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇതേ ക്യാമ്പില്‍ താമസിക്കുന്ന പുലയ സമുദായാംഗമായ ടിനു അഴിമുഖത്തോട് പറഞ്ഞ കാര്യങ്ങള്‍ ഇതാണ്; “ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള പ്രദേശമാണ് മൂന്നാം വാര്‍ഡായ കൊടുംതാര്‍. ഇവരില്‍ നിന്ന് കാലങ്ങളായി ഞങ്ങള്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ നേരിടുന്നതാണ്. അച്ചന്‍കോവില്‍ ആറിനോട് ചേര്‍ന്ന പ്രദേശമാണ് ഇത്. ആറില്‍ വെള്ളം പൊങ്ങുമ്പോള്‍ അതിന്റെ ദുരിതം ഏറെ ബാധിക്കുന്നത് ഞങ്ങള്‍ പുലയ സമുദായംഗങ്ങളുടെ കുടുംബത്തിനാണ്. എല്ലാ വര്‍ഷകാലത്തും ഇത്തരത്തില്‍ വെള്ളത്തിന്റെ പ്രശ്‌നം നേരിടുന്നവരാണ് ഞങ്ങള്‍. ഈ മാസം 18 ആം തീയതിയാണ് പള്ളിപ്പാട് വില്ലേജ് ഓഫിസറുടെ നിര്‍ദേശ പ്രകാരം ആഞ്ഞിലിമൂട് എല്‍ പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നത്. ഈ പ്രധാന ക്യാമ്പ് കൂടാതെ ഇതേ വാര്‍ഡില്‍ തന്നെ വെള്ളപ്പൊക്ക കെടുതി നേരിട്ട മറ്റു കുടുംബങ്ങളെ പാര്‍പ്പിക്കാനായി ഏഴ് സബ് ക്യാമ്പുകളും തുറന്നിരുന്നു. പ്രധാന ക്യാമ്പ് തുറന്ന ദിവസം തന്നെ ഞങ്ങളൊടൊത്ത് താമസിക്കാനുള്ള വിമുഖത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കാണിച്ചിരുന്നു. ഞങ്ങളോട് ഒരുമിച്ച് കഴിയാനോ ഭക്ഷണം പങ്കുവയ്ക്കാനോ അവര്‍ തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. ആദ്യ ദിവസം തന്നെ ക്യാമ്പില്‍ വിതരണം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ തങ്ങളുടെ വിഹിതം വേറെ വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ വാങ്ങിയിരുന്നു. പിന്നീട് ഞങ്ങള്‍ ഈ വിവരം അറിഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ചില സംസാരങ്ങളൊക്കെയുണ്ടായി. ക്യാമ്പില്‍ വിതരണം ചെയ്യുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് പാകം ചെയ്ത് ഒരുപോലെ കഴിക്കണമെന്നാണ് നിര്‍ദേശം. ഇത് അവര്‍ തെറ്റിച്ചു. തുടര്‍ന്ന് ഈ വിവരം ഞങ്ങള്‍ വില്ലേജ് ഓഫിസറെ അറിയിച്ചു. അദ്ദേഹം ക്യാമ്പില്‍ വരികയും ഇത്തരത്തില്‍ പ്രത്യേകം പ്രത്യേകം വിവിതം വാങ്ങുന്ന പരിപാടി അനുവദിക്കില്ലെന്നും അറിയിച്ചു.”
“എന്നാല്‍ ഞങ്ങള്‍ക്കെതിരേ വളരെ ക്രൂരമായ രീതിയിലുള്ള ജാതിയാക്ഷേപങ്ങളാണ് തുടര്‍ന്നും ഉണ്ടായത്. നീചമായ രീതിയിലാണ് ഞങ്ങളുടെ ജാതി എടുത്ത് പറഞ്ഞ് അവര്‍ ആക്ഷേപിച്ചിരുന്നത്. ക്യാമ്പ് തുറന്നതിന്റെ പിറ്റേ ദിവസം എട്ട് ക്യാമ്പുകളിലേക്കുമുള്ള ആഹാരസാധനങ്ങള്‍ എന്‍ടിപിസിയുടെ നേതൃത്വത്തില്‍ എത്തിച്ചപ്പോഴും ഈ ക്യാമ്പില്‍ തങ്ങള്‍ക്കുള്ളത് പ്രത്യേകം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു ക്രിസ്ത്യന്‍ സമുദായത്തിലുള്ളവര്‍. പുലയര്‍ക്കൊപ്പം താമസിക്കാനോ ഭക്ഷണം കഴിക്കാനോ അവര്‍ക്ക് കഴിയില്ലെന്നു പറഞ്ഞാണ് രണ്ടായി ആഹാരസാധനങ്ങള്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടത്. പുലയ സ്ത്രീകള്‍ ഞങ്ങളുടെ വീട്ടിലെ എച്ചില്‍ പാത്രം കഴുകുകയും മുറ്റം അടിക്കുകയും തുടങ്ങിയ വീട്ടുജോലികള്‍ ചെയ്യുന്നവരാണെന്നും അവര്‍ വയ്ക്കുന്ന ആഹാരം കഴിക്കാനോ ഒരുമിച്ച് താമസിക്കാനോ സാധ്യമല്ലെന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ നികൃഷ്ടരായ ആളുകള്‍ ആണെന്നു വരെ അപമാനിച്ചു.
ഇത്തരം അപമാന പ്രവര്‍ത്തികള്‍ അവരുടെ ഭാഗത്തു നിന്നും തുടരെ ഉണ്ടായപ്പോള്‍ ഇതെല്ലാം മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തി പുറം ലോകത്തെ അറിയിക്കാന്‍ ഞങ്ങളും തീരുമാനിച്ചു. ഇതനുസരിച്ച് ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തപ്പോള്‍ അവരത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ച് വ്യാജപ്രചാരണം നടത്തി. അവരുടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയാണെന്നായിരുന്നു പറഞ്ഞത്. നിങ്ങളുടെ പ്രവര്‍ത്തികള്‍ മാധ്യമങ്ങളെ അറിയിക്കാനാണെന്നു പറഞ്ഞപ്പോള്‍ ഇതെങ്ങാനും ഏതെങ്കിലും മാധ്യമത്തില്‍ വന്നാല്‍ നിന്റെ കാല് വെട്ടിക്കളയും എന്നായിരുന്നു വീഡിയോ പകര്‍ത്തിയ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാളെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്നാണ് ഈ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ ഞങ്ങള്‍ അറിയിക്കുന്നത്. ഇതേ തുടര്‍ന്ന് വീണ്ടും അവര്‍ ഞങ്ങള്‍ക്കെതിരേ വ്യാജ പ്രചാരണങ്ങള്‍ നടത്തി. ഞങ്ങള്‍ക്കിടയിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രണയിക്കുകയാണ് ഇവിടെ ചെയ്യുന്നതെന്നും ആണുങ്ങള്‍ എല്ലാവരും മദ്യപിച്ച് ലെക്ക് കെട്ടാണ് ക്യാമ്പില്‍ കഴിയുന്നതെന്നുമൊക്കെ അവര്‍ പറഞ്ഞു. ഈ ക്യാമ്പില്‍ ഞങ്ങള്‍ക്കൊപ്പം ഒന്നര മണിക്കൂര്‍ പോലും തികച്ചു കഴിയാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നോര്‍ക്കണം.
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പള്ളിപ്പാട്. കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്കാണ് ഇവിടുത്തെ ക്രിസ്ത്യന്‍ സമുദായം. അതുകൊണ്ട് പഞ്ചായത്തും ഞങ്ങളുടെ വാര്‍ഡ് മെംബറും (അവര്‍ ദലിത് സമുദായത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ വ്യക്തിയാണ്) ഞങ്ങള്‍ക്കൊപ്പമല്ല നിന്നത്. ഞങ്ങളുടെ പരാതികള്‍ അവര്‍ ചെവിക്കൊണ്ടതേയില്ല. ഇത്തരത്തില്‍ അവര്‍ക്ക് സ്വാധീനം ഉണ്ടാവുകയും അതുപയോഗിച്ച് അവര്‍ക്ക് മാത്രമായി ഒരു പ്രത്യേക ക്യാമ്പ് രൂപീകരിച്ച് അങ്ങോട്ട് മാറുകയുമാണ് ചെയ്തിരിക്കുന്നത്. ഈ ക്യാമ്പില്‍ നിന്നും മുപ്പത് മീറ്റര്‍ പോലും ദൂരമില്ല, ഒരു റോഡിന്റെ വ്യത്യാസം മാത്രമാണ് രണ്ടു ക്യാമ്പിനും ഇടയില്‍. ഇത്തരത്തില്‍ ജാതിയത പറഞ്ഞ്, ഞങ്ങളെ അപമാനിച്ച് വേറെ മാറുമ്പോള്‍ അത് ഞങ്ങളോട് കാണിക്കുന്ന ഏറ്റവും ക്രൂരമായ നടപടിയാണ്. ഇതുകൊണ്ടാണ് മുഖ്യമന്ത്രിക്കും ജില്ല കളക്ടര്‍ക്കും പട്ടികജാതി കമ്മിഷനുമെല്ലാം ഞങ്ങള്‍ പരാതി കൊടുത്തിരിക്കുന്നത്.”
ജാതി വിവേചനം കാണിച്ചെന്നത് തെറ്റായ വാര്‍ത്ത
എന്നാല്‍ തങ്ങള്‍ പുലയ സമുദായത്തില്‍പ്പെട്ടവരോട് ജാതി വിവേചനം കാണിച്ചെന്ന ആരോപണം ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ നിഷേധിക്കുകയാണ്. ക്യാമ്പില്‍ ഉള്ള ചിലര്‍ തങ്ങളുടെ സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോയും വീഡിയോയും എടുത്തത് ചോദ്യം ചെയ്തതും അതുമായി ഉണ്ടായ പ്രശ്‌നങ്ങളുമാണ് മറ്റൊരു തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
പള്ളിപ്പാട് വില്ലേജ് ഓഫിസറും ജാതി വിവേചനം ക്യാമ്പില്‍ ഉണ്ടായെന്ന വാര്‍ത്ത നിഷേധിച്ചാണ് അഴിമുഖത്തോട് പ്രതികരിച്ചത്. ക്യാമ്പില്‍ ജാതിവിവേചനം മൂലമുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും വേറെ ചില പ്രശ്‌നങ്ങള്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടാവുകയും ഇത് സംഘര്‍ഷത്തിലേക്ക് എത്തിച്ചേരുമെന്ന ഘട്ടത്തിലാണ് 21-ആം തീയതി ഒരു വിഭാഗത്തെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റിയതെന്നുമാണ് വില്ലേജ് ഓഫിസര്‍ പറയുന്നത്. ക്യാമ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വില്ലേജ് ഓഫിസര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് ജാതി വിവേചനവുമായി ബന്ധപ്പെട്ടതല്ലെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഈ പ്രശ്‌നം ചിലര്‍ ജാതി പ്രശ്‌നമായി പുറത്തെത്തിച്ചതെന്നാണ് വില്ലേജ് ഓഫിസറുടെ ഭാഷ്യം. പ്രശ്‌നങ്ങള്‍ ഇപ്പോള്‍ രണ്ടുകൂട്ടരുമായി സംസാരിച്ച് തീര്‍ക്കുകയാണെന്നും അദ്ദേഹം പറയുന്നു.
രമേശ് ചെന്നിത്തലയും ഞങ്ങളെ അപമാനിച്ചു
സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്നും അപമാനകരമായ പ്രവര്‍ത്തി തങ്ങള്‍ക്കു നേരെ ഉണ്ടായെന്ന് ടിനു ആരോപിക്കുന്നുണ്ട്. “20-ആം തീയതിയാണ് ഞങ്ങളുടെ എംഎല്‍എ ആയ രമേശ് ചെന്നിത്തല ക്യാമ്പില്‍ എത്തുന്നത്. അദ്ദേഹം പ്രധാന ക്യാമ്പിലേക്ക് ആദ്യം വരികയായിരുന്നില്ല ചെയ്തത്. ക്രിസ്ത്യന്‍ സമുദായത്തിലുള്ളവര്‍ അവരുടെ കൂട്ടത്തിലൊരാളുടെ വീട്ടില്‍ കേന്ദ്രീകരിച്ച് കഴിയുന്നിടത്തേക്കാണ് അദ്ദേഹം ആദ്യം ചെന്നത്. അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടാണ് ഞങ്ങള്‍ ഉള്ള ക്യാമ്പിലേക്ക് വന്നത്. ജാതി വിവേചനത്തിന്റെ പരാതി പറയാന്‍ ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ അത് കേള്‍ക്കാതെ ഞാന്‍ കുറച്ച് ഭക്ഷണസാധനങ്ങള്‍ ഇങ്ങോട്ട് കൊടുത്തു വിടാം എന്നു പറഞ്ഞ് ഞങ്ങള്‍ക്കെന്തോ ഭിക്ഷ തരുന്നതുപോലെ സംസാരിച്ച് പോവുകയാണ് ചെയ്തത്. അദ്ദേഹം വന്നുപോയതിന്റെ പിറ്റേ ദിവസമാണ് ഞങ്ങള്‍ക്കൊപ്പം കഴിയാന്‍ പറ്റില്ലെന്നു പറഞ്ഞവരെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുന്നതും”; ടിനു പറയുന്നു.
ഇനിയും വെള്ളം പൊങ്ങും, അപ്പോള്‍ നീയൊക്കെ എങ്ങോട്ടു പോകുമെന്ന് ഭീഷണി
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഇത്തരത്തില്‍ ജാതി വിവേചനം തങ്ങള്‍ നേരിടുന്നത് ഇതാദ്യമായിട്ടല്ലെന്നാണ് ടിനു പറയുന്നത്. “1993-ല്‍ ഇതേ പോലെ ഞങ്ങള്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമൊന്നും സമ്മതമല്ലെന്നു പറഞ്ഞ് പ്രശ്‌നം ഉണ്ടായതാണ്. അന്നൊന്നും ഈ വിവരം പുറത്തു വന്നില്ല. ഇപ്പോഴും അവര്‍ പറയുന്നത് ഇപ്പോള്‍ നീയൊക്കെ പ്രശ്‌നം ഉണ്ടാക്കിയാല്‍ അടുത്ത വര്‍ഷം നിന്നെയൊന്നും ക്യാമ്പിലേക്ക് കയറ്റുക പോലുമില്ലെന്നാണ്. മലങ്കര കാതോലിക്ക സഭയുടെ മാനേജ്‌മെന്റ് സ്‌കൂളാണിത്. അതുകൊണ്ട് തന്നെ അവര്‍ ഞങ്ങള്‍ ഭീഷണിപ്പെടുത്തുകയാണ്. ഇനിയും വെള്ളം പൊങ്ങും അപ്പോള്‍ നീയൊക്കെ എവിടെ പോയി താമസിക്കുമെന്ന് കാണണം. ഇങ്ങോട്ട് കേറ്റത്തില്ലെന്നാണ് അവര്‍ ഭീഷണി മുഴക്കുന്നത്”; ടിനു പറയുന്നു.
“അതൊക്കെ ശരി, ഏതാ ജാതി?” ഗൂഗിളില്‍ ഹിമ ദാസിന്റെ ജാതി തേടി നാണംകെട്ട് കേരളം
ഈ ജാതി വിവേചനം ഞങ്ങള്‍ അനുഭവിച്ചു കൊണ്ടേയിരിക്കുന്നത്
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മാത്രമല്ല തങ്ങള്‍ക്ക് ഇത്തരത്തില്‍ വിവേചനം നേരിടുന്നതെന്നും പുറത്തും ഇത്തരം അപമാനങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും ടിനു പറയുന്നു. ഞങ്ങള്‍ പുതിയ തലമുറ നല്ല വിദ്യാഭ്യാസം നേടിയവരാണ്. ഞങ്ങള്‍ക്കിടയില്‍ നല്ല ജോലിക്കാരുണ്ട്, ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരും ഒക്കെയുണ്ട്. എന്നാലും ഇപ്പോഴും ഞങ്ങള്‍ എന്തോ നികൃഷ്ട ജീവികളാണെന്ന തരത്തിലാണ് മറ്റുള്ളവരുടെ പെരുമാറ്റം. അച്ചന്‍കോവില്‍ ആറിനോട് ചേര്‍ന്നാണ് ജീവിക്കുന്നതെങ്കിലും ഞങ്ങള്‍ അമ്പതോളം കുടുംബങ്ങള്‍ കടുത്ത കുടിവെള്ള പ്രശ്‌നം അനുഭവിച്ചിരുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരുടെ കിണറുകളായിരുന്നു ആശ്രയം. എന്നാല്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു കുടുംബവുമായി ഉണ്ടായ നിസ്സാരമായൊരു വഴക്ക് മുതലെടുത്ത് ഞങ്ങള്‍ക്കാര്‍ക്കും കുടിവെള്ളം പോലും തരാതിരിക്കാനുള്ള പ്രവര്‍ത്തി അവരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇതുപോലെ പല രീതിയില്‍ ഞങ്ങളെ അപമാനിക്കാനും മാറ്റിനിര്‍ത്താനും ശ്രമം നടക്കുന്നുണ്ട്. അതിന്റെയൊരു തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ടിനു പറയുന്നു.
ദളിതനെ കുളിപ്പിച്ച് ജാതി കളയിക്കുന്ന അയിത്തകേരളത്തിന്റെ പുരോഗമനനാട്യങ്ങള്‍
ജാതിയോ, ഇവിടെയോ? നിങ്ങളെത്ര കസവ് നേര്യതിട്ട് മറച്ചാലും അത് വെളിപ്പെടുന്നുണ്ട്