UPDATES

ട്രെന്‍ഡിങ്ങ്

ദുരിതാശ്വാസ ക്യാമ്പില്‍ ജാതിവിവേചനം നടന്നിട്ടില്ല; ഹിന്ദു ഐക്യവേദി, ഡിഎച്ച്ആര്‍എം മുതലെടുപ്പെന്ന് ആരോപണം

ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ പുലയ സമുദായക്കാരോട് അയിത്തം കാണിച്ച് ക്യാമ്പ് വിട്ടു പോയെന്ന വാര്‍ത്ത ചില തത്പരകക്ഷികള്‍ പ്രചരിപ്പിച്ച നുണയാണെന്ന് ക്യാമ്പ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ മെംബറും പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി കെ സുജാത. പുലയര്‍ക്കൊപ്പം ഭക്ഷണം പങ്കിടാനോ താമസിക്കാനോ തയ്യാറല്ലെന്നും ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നും ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കെതിരേ നടക്കുന്ന പ്രചാരണങ്ങളില്‍ യാതൊരു കഴമ്പും ഇല്ലെന്നും ചില ദളിത് സംഘടനകളും ഹിന്ദു ഐക്യവേദി പോലുള്ള ഹിന്ദുത്വ സംഘടനകളുമാണ് ഇത്തരം പ്രചാരണങ്ങള്‍ സമൂഹത്തില്‍ അപകടകരമാം വിധം നടത്തുന്നതെന്നുമാണ് സുജാത അഴിമുഖത്തോട് പറയുന്നത്.

പള്ളിപ്പാട് ആഞ്ഞിലിമൂട് എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്ന് സുജാത അഴിമുഖത്തോട് പറയുന്നു;

കനത്ത മഴയില്‍ അച്ചന്‍കോവില്‍ ആറില്‍ വെള്ളം കരകവിഞ്ഞ് ഉണ്ടായ ദുരിതം കനത്തതായിരുന്നു. ആറിന്റ കരയോട് ചേര്‍ന്ന് താമസിക്കുന്ന ദളിത് കുടുംബങ്ങളെ വെള്ളപ്പൊക്കം ശരിക്കും ബാധിച്ചു. അവര്‍ക്ക് വീടുകളില്‍ കഴിയാന്‍ പറ്റാത്ത അവസ്ഥയായി. ഇതോടൊപ്പം തന്നെയാണ് ഇപ്പോള്‍ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് പരിസരത്തുള്ളവര്‍ക്കും വെള്ളത്തിന്റെ പ്രശ്‌നം ബാധകമായത്. ഇവരുടെ വീടുകളുടെ അകത്ത് വെള്ളം കയറിയില്ലെങ്കിലും മുറ്റത്തൊക്കെ വെളളക്കെട്ടായി. സ്‌കൂള്‍ പരിസരത്ത് ക്രിസ്ത്യന്‍ സമുദായംഗങ്ങളാണ് കൂടുതലായി ഉള്ളത്. വെള്ളം ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചപ്പോള്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജാതിയോ മതമോ നോക്കാതെയാണ് ഞാന്‍ പ്രവര്‍ത്തനത്തിനിറങ്ങിയത്. പ്രസ്തുത പ്രദേശങ്ങളില്‍ വില്ലേജ് ഓഫിസറെ കൊണ്ടു വന്നു കാണിക്കുകയും ആളുകളെ എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ അതിനുള്ള ഏര്‍പ്പാടുകള്‍ കൈക്കൊള്ളുമെന്ന് വില്ലേജ് ഓഫിസര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ക്യാമ്പ് തുറക്കാമെന്ന് തീരുമാനമായത്. ആ പ്രദേശത്ത് ആകെയുള്ള ഒരു സ്‌കൂളാണ് ആഞ്ഞിലിമൂട് എല്‍ പി സ്‌കൂള്‍. എല്ലാവരേയും കൂടി ഒന്നിച്ച് അവിടെ താമസിക്കാന്‍ പറ്റാത്ത കൊണ്ട് ഈ ക്യാമ്പിനോട് അനുബന്ധിച്ച് തന്നെ മറ്റ് ഏഴു സബ് ക്യാമ്പുകള്‍ കൂടി തുറക്കാന്‍ ഇടപെടല്‍ നടത്തി. ഡി ഇ ഒ യോട് ആവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് അവധിയും പ്രഖ്യാപിച്ചു. വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരെ വിളിപ്പിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് എത്രയും വേഗം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു രണ്ടര മണിക്കൂര്‍ കൊണ്ട് ലിസ്റ്റ് തയ്യാറാക്കി. ആകെ 51 കുടുംബങ്ങള്‍. ഇതില്‍ എസ് സി വിഭാഗത്തില്‍ പെട്ടവരും ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരുമൊക്കെയുണ്ട്. അന്ന് എല്ലാം കഴിഞ്ഞപ്പോള്‍ വൈകുന്നേരം മൂന്നര മണിയായതുകൊണ്ട് അന്നേ ദിവസം ക്യാമ്പ് തുറക്കാന്‍ സാധിച്ചില്ല.

ക്യാമ്പായി തെരഞ്ഞെടുത്ത സ്‌കൂളിലും വെള്ളം കയറിയിരുന്നു. സ്‌കൂള്‍ മുറ്റം നിറച്ച് വെള്ളമായിരുന്നു. അവിടെ ആകെ ഒരു കക്കൂസ് ആണ് ഉള്ളത്. അത് വെള്ളം കയറി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായ അവസ്ഥയിലായിരുന്നു. ഭക്ഷണം പാകം ചെയ്യാന്‍ തീപിടിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നതിനാല്‍ ഗ്യാസ് ലഭ്യമാക്കണമെന്ന് വില്ലേജ് ഓഫിസറോട് ആവശ്യപ്പെട്ടതനുസരിച്ച് ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള രണ്ട് സിലണ്ടറുകള്‍ അദ്ദേഹം ക്യാമ്പിലേക്ക് ഏര്‍പ്പാട് ചെയ്തു. സ്‌കൂള്‍ പാചകപ്പുരയില്‍ ഉപയോഗിച്ചു വന്നിരുന്ന വലിയ സ്റ്റൗ ക്യാമ്പിലുള്ളവര്‍ക്ക് ഉപയോഗിക്കാനായി സ്്കൂള്‍ എച്ച് എം നല്‍കി. ഇത് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു എല്‍പി സ്‌കൂള്‍ ആണ്. ഒരു വലിയ ഹാള്‍ പലക തിരിച്ചാണ് ക്ലാസ് മുറികളാക്കിയിരിക്കുന്നത്. ഈ പലകകള്‍ മാറ്റി ഒറ്റ ഹാളാക്കി. വടക്കു വശത്ത് പാചക പുരയും ബാക്കി താമസസ്ഥലവുമായി സജ്ജീകരിച്ചു.

51 കുടുംബങ്ങളില്‍ നിന്നുമായി 210 ഓളം അംഗങ്ങളാണുണ്ടായിരുന്നത്. നൂറ്റമ്പത് പേര്‍ക്കുപോലും താമസിക്കാനുള്ള സൗകര്യം അവിടെ തികയില്ല. പോരാത്തതിന് ആകെയുള്ളത് ഒരു കക്കൂസ് മാത്രം, അതും വെള്ളം നിറഞ്ഞ കാരണം ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് ഉള്ളത്.

കാര്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും പല ബുദ്ധിമുട്ടുകളും ബാക്കി നിന്നിരുന്നു. പല പ്രായത്തിലുള്ള സ്ത്രീകളും കുട്ടികളുമൊക്കെ ക്യാമ്പില്‍ ഉണ്ട്. പുരുഷന്മാരും ഉണ്ട്. എല്ലാവര്‍ക്കും കൂടി താമസിക്കാനുള്ള ബുദ്ധിമുട്ടുകളൊക്കെ കൊണ്ട് ക്യാമ്പിന്റെ സമീപത്ത് താമസിച്ചിരുന്നവര്‍, അവരവരുടെ കക്കൂസുകളും വീടുകളും തന്നെ ഉപയോഗിക്കാമെന്നൊരു നിര്‍ദേശം മുന്നോട്ടുവച്ചു. അവരുടെ വീട്ടുമുറ്റമൊക്കെ വെള്ളം കയറിയെങ്കിലും അകത്തേക്ക് കയറിയിരുന്നില്ല. ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍. ആ സമുദായമാണ് സ്‌കൂളിനോട് ചേര്‍ന്ന് കൂടുതലും ഉള്ളതും. എന്നാല്‍ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ ആറിനോട് ചേര്‍ന്നായിരുന്നു താമസിച്ചിരുന്നതിനാല്‍ അവര്‍ക്ക് വീടുകളില്‍ താമസിക്കാന്‍ യാതൊരു വഴിയുമില്ലായിരുന്നു. അങ്ങനെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ എല്ലാവര്‍ക്കുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രം അവരവരുടെ വീടുകളിലേക്ക് പോയി വരാമെന്നും പറയുകയും തങ്ങള്‍ക്കുള്ള ആഹാര സാധാനങ്ങള്‍ പ്രത്യേകമായി തരാമോ എന്നു എന്നോട് ചോദിക്കുകയും ചെയ്തു. ഞാനത് സമ്മതിക്കുകയും ആരെങ്കിലും ക്യാമ്പ് സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ ഇങ്ങോട്ട് വരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

ക്യാമ്പിന്റെ ആദ്യ ദിവസം 51 കുടുംബംഗങ്ങള്‍ക്കുമായി 50 കിലോ അരിയും ബാക്കി ആഹാരസാധനങ്ങളുമാണ് ക്യാമ്പില്‍ എത്തിച്ചത്. അതില്‍ നിന്നും പത്തുകിലോ അരി ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കു കൊടുക്കുകയും ചെയ്തു. ബാക്കി മുഴുവന്‍ എസ് സി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് നല്‍കിയത്. രണ്ടാം ദിവസം എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പേറഷന്‍) വക എട്ടു ക്യാമ്പുകളിലേക്കുമായുള്ള വിവിധ ആഹാരസാധനങ്ങള്‍ വിതരണം ചെയ്യാനായി കൊണ്ടുവന്നു. അവര്‍ അറിയിച്ചതിനനുസരിച്ച് പ്രധാന ക്യാമ്പില്‍ ഞാനുമെത്തി. ഇവരുടെ വണ്ടി വരുമ്പോള്‍ എല്ലാവരും റോഡില്‍ ഉണ്ടായിരുന്നു. എല്ലാവരും കൂടി സാധനങ്ങള്‍ ഇറക്കി കൊണ്ടുവയ്ക്കാന്‍ പറഞ്ഞതിന്‍ പ്രകാരം അപ്രകാരം ചെയ്യുകയും ചെയ്തു. ഈ സാധനങ്ങള്‍ കൊണ്ടുവന്ന സമയം ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ എന്നെ സമീപിച്ച് ഞങ്ങള്‍ക്കുള്ള സാധനം പ്രത്യേകം തരണമെന്നും ഞങ്ങളുടെ കൂടെ കാര്‍ഡ് ഉപയോഗിച്ചല്ലേ സാധനങ്ങള്‍ വാങ്ങുന്നത്, ഞങ്ങളും തൊഴിലുറപ്പിനും മറ്റും പോകുന്നവരാണ്, പാവങ്ങളാണ് എന്നൊക്കെ പറഞ്ഞു. എന്നാല്‍ റവന്യു വകുപ്പിന്റെ സാധനങ്ങള്‍ മാത്രമെ അങ്ങനെ വീതം വച്ചു തരാന്‍ കഴിയൂ എന്നും ഇത് മറ്റുള്ളവര്‍ തന്നതല്ലേ, അതുകൊണ്ട് വേറെ വേറെ തരാന്‍ നിര്‍വാഹമില്ലെന്നുമാണ് ഞാന്‍ മറുപടി പറഞ്ഞത്. എന്നിട്ടും അവര്‍ നിര്‍ബന്ധിച്ച പ്രകാരം മറ്റുള്ളവരോട് ഇവര്‍ക്കുള്ള വിഹിതം വേറെ നല്‍കാന്‍ കഴിയുമോ എന്ന് ചോദിച്ചു. അതോടെ അന്തരീക്ഷം മാറി. എസ് സി വിഭാഗത്തില്‍പ്പെട്ടവര്‍ എതിര്‍ത്തു. അവര്‍ക്ക് വേണമെങ്കില്‍ ഇവിടെ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കാമെന്നും വേറെ കൊടുത്തുവിടാന്‍ കഴിയില്ലെന്നുമൊക്കെയായി വാദങ്ങള്‍. ഇവിടെയുള്ള ബുദ്ധിമുട്ടുകള്‍ സഹിതം ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ കാരണങ്ങള്‍ പറഞ്ഞെങ്കിലും മറ്റേ വിഭാഗം സമ്മതിച്ചില്ല. ചെറിയ വഴക്കിലേക്കൊക്കെ കാര്യങ്ങള്‍ എത്തി. എസ് സി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഇതെല്ലാം വീഡിയോ എടുത്ത് ഫെയ്‌സ്ബുക്കില്‍ ഇടുകയുമൊക്കെ ചെയ്തു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരോട് പിന്തിരിഞ്ഞു പോകാന്‍ പറഞ്ഞ് ഒരുവിധത്തില്‍ കാര്യങ്ങള്‍ സമാധാനത്തില്‍ കൊണ്ടെത്തിച്ചു.

“കണ്ട പുലയര്‍ക്കൊപ്പമൊന്നും വച്ചുവിളമ്പാന്‍ പറ്റില്ല”; ദുരിതാശ്വാസ ക്യാമ്പിലും നിറയുന്ന ജാതിവെറിയുടെ കേരളം

അന്നവര്‍ പോയെങ്കിലും പിറ്റേ ദിവസം അവര്‍ വീണ്ടും എന്നെ സമീപിക്കുകയും അവര്‍ക്കുള്ള ആഹാര സാധാനങ്ങള്‍ പ്രത്യേകം തന്നെ കൊടുക്കണമെന്നും വേറെ പാകം ചെയ്തു കഴിച്ചോളാമെന്ന് പറയുകയും ചെയ്തു. ഞാന്‍ ക്യാമ്പ് ലീഡറെ വിളിക്കുകയും അവര്‍ക്കുള്ള 10 കിലോ അരി പ്രത്യേകം നല്‍കണമെന്ന് പറയുകയും ചെയ്തു. അങ്ങനെ കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇത് വീണ്ടും പ്രശ്‌നമാക്കി. അരി കുറവുണ്ട്, ആര്‍ക്ക് കൊടുത്തു, തുടങ്ങി ചോദ്യങ്ങളായി. ഹോര്‍ട്ടി കോര്‍പ്പില്‍ നിന്നും പച്ചക്കറി കൊണ്ടു വന്നപ്പോഴും ഇതേ പ്രശ്‌നം ഉണ്ടായി. എട്ട് ക്യാമ്പുകളിലേക്കുമായി പച്ചക്കറി വിതരണം നടത്തിയത് പ്രധാന ക്യാമ്പില്‍വച്ചായിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് അവരുടെ ഒരു പങ്ക് കൊടുക്കാന്‍ വിസമ്മതം കാണിച്ചതോടെ ഏറ്റവും അവസാനം വരെ കാത്തിരുന്നശേഷം രണ്ട് ക്യാമ്പുകളിലേക്കുള്ള പച്ചക്കറി മൂന്നു വിഹിതമാക്കി അതിലൊരു പങ്ക് ആ കുടുംബങ്ങള്‍ കൊടുക്കുകയാണ് ഞാന്‍ ചെയ്തത്. ഇത്തരത്തില്‍ പോവുകയാണെങ്കില്‍ കാര്യങ്ങള്‍ വീണ്ടും വഷളാകുമെന്ന് മനസിലായതോടെ വിഷയം തഹസില്‍ദാറെ അറിയിച്ചു. ആഹാരസാധനങ്ങള്‍ രണ്ട് വീതമായി നല്‍കിയാലോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്യാമെന്നു പറയുകയും തുടര്‍ന്ന് ഡപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, മെംബറായ ഞാന്‍, ഇരുവിഭാഗത്തില്‍പ്പെടവരുടെയും പ്രതിനിധികള്‍ എന്നിവരെയെല്ലാം ചേര്‍ത്ത് ഒരു യോഗം നടത്തി, ആര്‍ക്കും ആര്‍ക്കും പരാതിയില്ലാത്ത വിധം സാധനങ്ങള്‍ വീതം വച്ച് നല്‍കാമെന്ന ധാരണയില്‍ എത്തുകയുമാണ് ഉണ്ടായത്. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. അല്ലാതെ ജാതീയമായി വിവേചനം കാണിക്കുകയോ പുലയര്‍ക്കൊപ്പം ആഹാരം കഴിക്കാനോ താമസിക്കാനോ സമ്മതമല്ലെന്ന് ആരും പറയുകയോ ഒന്നും ഉണ്ടായിട്ടില്ല. ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ഒരാള്‍ പോലും പുലയന്‍ എന്ന വാക്ക് പോലും ഉപയോഗിച്ച് ആരെയും അപമാനിച്ചിട്ടില്ല. സാധ്യമായ എല്ലാ സൗകര്യങ്ങളും ക്യാമ്പില്‍ ഉള്ളവര്‍ക്ക് ഏര്‍പ്പാടാക്കുകയാണ് ചെയ്തത്. രാവിലെ മുതല്‍ വൈകിട്ടുവരെ ക്യാമ്പുകളില്‍ ചെലവഴിച്ച് അവര്‍ക്കാവശ്യമായതെല്ലാം ചെയ്തുകൊടുത്ത് അവരുടെ പ്രശ്‌നങ്ങളെല്ലാം കേട്ട് അവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരാളാണ് ഞാന്‍. എന്നിട്ടും എനിക്കെതിരേയും ആക്ഷേപങ്ങളാണ്. ഞാനും ഒരു എസ് സി വിഭാഗക്കാരിയാണ്. പക്ഷേ, ജനപ്രതിനിധി എന്ന നിലയില്‍ എനിക്ക് എല്ലാ മതസ്ഥരുടെയും ജാതിക്കാരുടെയും പ്രശ്‌നങ്ങളില്‍ ഇടപെടണം. എല്ലാവര്‍ക്കും തുല്യ നീതിയില്‍ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കണം. അതില്‍ പക്ഷപാതം കാണിക്കാന്‍ കഴിയില്ല. ഞാന്‍ എല്ലാവരുടെയും വോട്ട് നേടിയാണ് ജയിച്ചത്.

ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില പ്രത്യേക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. കൊടുംതാര്‍ വാര്‍ഡ് സംഘപരിവാര്‍ നോട്ടമിട്ടിരിക്കുകയാണ്. അവിടെയവര്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ പല വഴികളും നോക്കുന്നുണ്ട്. ക്യാമ്പില്‍ മതവൈരം കാണിച്ചെന്നു പറഞ്ഞ് ഊതിപ്പെരുപ്പിക്കാന്‍ അവര്‍ മുന്നിലുണ്ട്. ഹിന്ദു ഐക്യവേദിക്കാര്‍ ക്യാമ്പില്‍ എത്തുന്നു, ബിജെപിക്കാര്‍ വരുന്നു, ബിജെപിയിലെ നമ്പൂതിരി വിഭാഗത്തില്‍പ്പെട്ടവര്‍ ക്യാമ്പില്‍ എത്തി ദളിത് കുടുംബങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു, ഇതെല്ലാം പാവപ്പെട്ട ആ കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെക്കൊണ്ട് ഇല്ലാക്കഥകള്‍ക്ക് പ്രചാരം കൂട്ടാനാണ്. ഇവരുടെ ഈ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ദളിതരായിട്ടുള്ളവര്‍ പലതരത്തില്‍ തെറ്റിദ്ധരിക്കപ്പെടുകയും തങ്ങള്‍ വിവേചനത്തിന് ഇരകളാണെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ അപകര്‍ഷതാബോധം ഉണര്‍ത്തുകയുമാണ്.

ഇതിനോടൊപ്പമാണ് ദളിത് പാന്തേഴ്‌സ്, ഡിഎച്ച് ആര്‍ എം പോലുള്ള ദളിത് സംഘടനകളുടെ മുതലെടുപ്പും. ഇവരുടെ സംഘടനകളിലേക്ക് ആളെ കൂട്ടാനുള്ള മാര്‍ഗമായി ഈ സാഹചര്യം അവര്‍ ഉപയോഗിക്കുകയായിരുന്നു. രാത്രി സമയങ്ങളില്‍ ക്യാമ്പില്‍ എത്തി ഡിഎച്ച്ആര്‍എമ്മുകാര്‍ ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങി. സാഹചര്യം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാനാണ് അവരുടെ ശ്രമമെന്ന് മനസിലായതോടെ അത് തടയാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം തഹസില്‍ദാരെ അറിയിക്കുകയും ഡിഎച്ച്ആര്‍എമ്മുകാരെ ക്യാമ്പില്‍ രാത്രിയിലെത്തുന്നത് തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. ഇത്തരം ആള്‍ക്കാരുടെ ഭാഗത്തു നിന്നുണ്ടായ നീക്കങ്ങളാണ് ഇപ്പോള്‍ തെറ്റായൊരു വാര്‍ത്ത സമൂഹത്തില്‍ പ്രചരിക്കാന്‍ കാരണമായതും. ഇതല്ലാതെ ഒരുതരത്തിലുള്ള ജാതി വിവേചനം ഇവിടെ ഉണ്ടായിട്ടില്ല.

ദളിത് സമുദായംഗങ്ങള്‍ പഞ്ചായത്തിലും ഒരു തരത്തിലുമുള്ള വിവേചനങ്ങളോ അവഗണനകളോ നേരിടുന്നില്ല. അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനും സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം പൂര്‍ണമായി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനുമൊക്കെ ഒരു മടിയും കാണിച്ചിട്ടില്ല. മറ്റ് സമുദായങ്ങളില്‍ നിന്നും ഒരുതരത്തിലുള്ള അയിത്തവും അവര്‍ക്കു നേരെ ഉണ്ടാകുന്നുമില്ല. ഇപ്പോഴും ക്രിസ്ത്യന്‍ സമുദായംഗങ്ങളുടെ കിണറുകളില്‍ നിന്നും ദളിത് കുടുംബങ്ങള്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇതൊന്നും ആരും തടഞ്ഞിട്ടുമില്ല. സാഹചര്യങ്ങള്‍ ഇത്തരത്തില്‍ സമാധാനപരമായി പോവുകയാണെന്നിരിക്കെ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കായി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഗൂഢസംഘങ്ങളെയാണ് ജനം തിരിച്ചറിയേണ്ടതും പ്രതികരിക്കേണ്ടതും…

99-ലെ മഹാപ്രളയം മായ്ച്ചു കളഞ്ഞില്ലേ ഈ ജാതിവെറി? കഴുത്തറ്റം മൂടിക്കിടക്കുന്ന കുട്ടനാട് ചോദിക്കുന്ന വലിയ ചോദ്യം

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍