UPDATES

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം’; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

വടയമ്പാടി ഭജനമഠത്ത് തങ്ങള്‍ ജാതിമതില്‍ നിര്‍മ്മിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് എന്‍.എസ്.എസ് 1676 നമ്പര്‍ കരയോഗം ഭാരവാഹികള്‍ പറയുന്നത്.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ പുത്തന്‍കുരിശ് ചൂണ്ടിയില്‍ നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ദൂരമുണ്ട് വടയമ്പാടി ഭജനമഠത്തേക്ക്. ഐക്കരനാട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പെട്ട ഇവിടെ ഭജനമഠം കോളനി, ലക്ഷം വീട് കോളനി, സെറ്റില്‍മെന്റ് കോളനി, ബലിമുഗള്‍ കോളനി എന്നിങ്ങനെ വിവിധ കോളനികളിലായി നൂറ്റമ്പതോളം പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി ജാതിമതിലിനെതിരായ സമരത്തിലാണ് ഈ കോളനി നിവാസികള്‍. നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) നിര്‍മ്മിച്ച ജാതി മതിലിനെതിരായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും പിന്‍ബലമില്ലാതെ കോളനിയിലെ ആബാലവൃദ്ധം ജനങ്ങള്‍ നടത്തുന്ന സമരം നൂറ് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. സമരമെന്നത് കേട്ടുകേള്‍വി മാത്രമുളള സാധാരണക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. പകലന്തിയോളം പണിയെടുത്ത് അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തുന്നവര്‍. ഇവരാണ് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഉപേക്ഷിച്ച് സമരമുഖത്ത് സജീവമായിരിക്കുന്നത്.

എന്‍.എസ്.എസ് വടയമ്പാടി കരയോഗത്തിന് കീഴിലുളള ഭജനമഠം ദേവീ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോളനിവാസികള്‍ പതിറ്റാണ്ടുകളോളം സര്‍വ സ്വാതന്ത്യത്തോടെ ഉപയോഗിച്ചിരുന്ന ഒരേക്കറോളം വരുന്ന റവന്യൂ പുറമ്പോക്ക് ഭൂമി ഒരു സുപ്രഭാതത്തില്‍ മതില്‍ കെട്ടി തിരിച്ച നടപടി അവരെ ഞെട്ടിച്ചു. പ്രതിഷേധവുമായി അവര്‍ രംഗത്തിറങ്ങി. ഈ 93 സെന്റ് ഭൂമി റവന്യൂ പുറമ്പോക്കാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ഈ ഭൂമി തങ്ങളുടേതാണെന്നും 1981ല്‍ പട്ടയം ലഭിച്ചതാണെന്നും രേഖകളുയര്‍ത്തി എന്‍.എസ്.എസും രംഗത്ത് വന്നു. ഒരു പടി കൂടി കടന്ന് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയും മതില്‍ നിര്‍മാണത്തിന് പോലീസ് സംരക്ഷണം നേടുകയും ചെയ്തു. കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ച് ആറിന് രാവിലെ മതില്‍ നിര്‍മാണം ആരംഭിച്ചു. തടയാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളും അടങ്ങുന്ന മുപ്പതോളം പേരെ പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം അവഗണിച്ച് ഗ്രൗണ്ടിന് ചുറ്റും ഒരാള്‍ പൊക്കത്തില്‍ മതില്‍ നിര്‍മാണവും പൂര്‍ത്തിയാക്കി. ഇതോടെ തങ്ങള്‍ സ്വന്തമെന്ന് കരുതി ഉപയോഗിച്ചിരുന്ന മൈതാനിയില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടു. കോളനിയിലെ തലമുറകള്‍ പതിറ്റാണ്ടുകളോളം കളിച്ചു വളര്‍ന്ന, വിവാഹവും മറ്റ് പൊതുപരിപാടികളും നടത്തിയിരുന്ന മൈതാനം അവര്‍ക്ക് അന്യമായി. ഫലത്തില്‍ ജയിലിനുളളില്‍ പെട്ട അവസ്ഥയിലായി ഓരോ കോളനിവാസിയും.

ഗ്രൗണ്ടിന് ചുറ്റും ഉയര്‍ന്ന കൂറ്റന്‍ മതില്‍ തങ്ങളുടെ അഭിമാനത്തിനേറ്റ ക്ഷതമായി കോളനിവാസികള്‍ കണ്ടു. ഇതോടെ പ്രതിഷേധമല്ലാതെ മറ്റൊരു വഴിയും കോളനിക്കാര്‍ക്കു മുന്നിലില്ലാതായി. മുഖ്യധാരാ പാര്‍ട്ടികള്‍ കാര്യമായി സഹകരിച്ചില്ലെങ്കിലും കോളനിവാസികള്‍ ദളിത് ഭൂ അവകാശ സമരമുണി രൂപീകരിച്ച് സമരരംഗത്തിറങ്ങി. മതില്‍ കെട്ടി മറച്ച മൈതാനത്തിന് മുന്നില്‍ കുടില്‍ കെട്ടി സമരമാരംഭിച്ചു. കോളനിയിലെ ഏറ്റവും പ്രായം ചെന്ന മാക്കോത പാപ്പുവിന്റെ നേതൃത്വത്തില്‍ റിലേ നിരാഹാരത്തിന് തുടക്കമിട്ടു. ഇതിനിടെ സമരത്തിന് പിന്തുണയുമായി വിവിധ കോണുകളില്‍ നിന്നും ആളുകളെത്തുകയും ഏപ്രില്‍ ഒമ്പതിന് ചേര്‍ന്ന വാര്‍ഡ് ഗ്രാമസഭയില്‍ പ്രശ്‌നം ചര്‍ച്ചയാകുകയും ചെയ്തു. മൈതാനം പെതുജനങ്ങള്‍ക്കായി വിട്ടുനല്‍കാനും മതില്‍ പൊളിച്ചു നീക്കാനും ഗ്രാമസഭ ഐകകണ്‌ഠ്യേന പഞ്ചായത്തിനോടാവശ്യപ്പെട്ടു. എന്നാല്‍ ഫലമുണ്ടായില്ല.

ഇതിന് ശേഷമാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സമരഭൂമിയില്‍ ഏപ്രില്‍ 14ന് അംബേദ്കര്‍ ജന്മദിന സമ്മേളനം സംഘടിപ്പിച്ചത്. സി.ആര്‍. നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം തുടങ്ങി നിരവധി പേര്‍ അന്നവിടെയെത്തി. പരിപാടിക്ക് ശേഷം സംഘടിച്ചെത്തിയ ആബാലവൃദ്ധം കോളനിവാസികള്‍ ചേര്‍ന്ന് മതില്‍ പെളിച്ചു നീക്കി. സമരത്തിന്റെ മുപ്പത്താറാം ദിനമാണ് തങ്ങള്‍ക്കുമേല്‍ തീര്‍ത്ത മതില്‍കെട്ട് കോളനിക്കാര്‍ നിമിഷനേരം കൊണ്ട് പൊളിച്ചെറിഞ്ഞത്. ഇതോടെ സമരം കൂടുതല്‍ ചര്‍ച്ചയായി. മാധ്യമങ്ങളില്‍ നിറഞ്ഞതോടെ കൂടുതല്‍ പിന്തുണയുമായി സംഘടനകളെത്തി. അതുവരെ തിരിഞ്ഞു നോക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ചക്കായി കോളനി നിവാസികളെ സമീപിച്ചു. ആര്‍.ഡി.ഒയും കളക്ടറും ചീഫ് സെക്രട്ടറിയും വകുപ്പ് മന്ത്രിമാരും മുഖ്യമന്ത്രിയും ഇവരുടെ പരാതി കേട്ടത് അങ്ങനെയാണ്. പ്രശ്‌ന പരിഹാരത്തിനായി ഇടപെടാന്‍ റവന്യൂ സെക്രട്ടറി എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറുടെ നിര്‍ദേശ പ്രകാരം ഡപ്യൂട്ടി കളക്ടര്‍ സ്ഥലത്തെത്തി. എന്നാല്‍ എന്‍.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ് ഡപ്യൂട്ടി കളക്ടര്‍ സ്വീകരിച്ചതെന്നാണ് സമരസമിതിയുടെ ആരോപണം. കൂടാതെ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ആയിരുന്ന രാമചന്ദ്രന്‍ നായരുടെ പക്ഷപാതപരമായ നിലപാടും ഗ്രൗണ്ട് സ്വകാര്യവത്കരിക്കാന്‍ കാരണമായെന്ന പരാതിയും സമരസമിതിക്കുണ്ട്. ആര്‍.ഡി.ഒക്കെതിരെ നടപടിയാവശ്യപ്പെട്ട് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സമരസമിതി സമരം നൂറ് ദിനം പിന്നിട്ടതിന്റെ ഭാഗമായി കുന്നത്തുനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണയാത്രയും നടത്തി.

എന്‍.എസ്.എസ് നേതൃത്വത്തിന്റെ തെറ്റായ നിലപാടാണ് പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളാക്കിയതൊണ് സമരക്കാര്‍ പറയുന്നത്. ‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ഈ ക്ഷേത്രം. കീഴാളര്‍ കയറുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിഘ്‌നമാകും എന്നതടക്കമുളള കാര്യങ്ങള്‍ പരസ്യമായി തന്നെ പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നെല്ലാം കീഴാളരായ ദളിതുകളെ ഒഴിവാക്കുകയും ചെയ്തു. ഈ സാഹചര്യം നിലനില്‍ക്കെയാണ് മതില്‍കെട്ടിയതും. ഞങ്ങള്‍ പൊളിച്ച ജാതിമതില്‍ അധികാര പിന്‍ബലത്തോടെ വീണ്ടും നിര്‍മ്മിക്കാന്‍ എന്‍.എസ്.എസ് ശ്രമിക്കുമെന്ന ആശങ്കയിലാണ് സമരപന്തലില്‍ കോളനിക്കാര്‍ റിലേ നിരാഹാര സമരം ആരംഭിച്ചത്. കോളനിയിലെ വയോധികരായ മാക്കോത പാപ്പുവും കുറുമ്പന്‍ കുറുമ്പനും കൊച്ചുകാളിയുമെല്ലാമാണ് ആദ്യ ദിനങ്ങളില്‍ നിരാഹാരമിരുന്നത്. പതിറ്റാണ്ടുകളായി ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന അവകാശങ്ങള്‍ ഞങ്ങളുടെ പിന്‍തലമുറക്ക് നഷ്ടമാകുമോയെന്ന ആശങ്കയാണ് വാര്‍ധക്യത്തിന്റെ അസ്വസ്ഥതകള്‍ക്കിടയിലും ഇവരെ സമരപന്തലിലേക്കെത്തിച്ചത്. സ്വാതന്ത്യത്തിനുമേല്‍ ഉയര്‍ത്തിയ മതിലിനെതിരെ ആരുടേയും ആഹ്വാനമില്ലാതെയാണ് ഇവിടത്തുകാര്‍ സംഘടിച്ചത്. കൂലിപ്പണിക്കാര്‍ മാത്രമുളള ഈ കോളനികളില്‍ സ്വന്തം ജോലി പോലും ഉപേക്ഷിച്ചാണ് പുരുഷന്മാര്‍ സമരമുഖത്തിറങ്ങിയത്. സമരത്തിന്റെ ചെലവുകള്‍ക്കും നിയമനടപടികള്‍ക്കുമായി സ്വന്തം പോക്കറ്റില്‍ നിന്നാണ് പണം കണ്ടെത്തുന്നത്.

ആംആദ്മി പാര്‍ട്ടി, പി.ഡി.പി, വെല്‍ഫയര്‍പാര്‍ട്ടി, സി.പി.ഐ, ദളിത് മഹാസഭ, കെ.പി.എം.എസ്, സി.പി.എം (എല്‍), ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, എന്‍.ഡി.എല്‍.എഫ്, പോക്‌സോ വിരുദ്ധ സമിതി, സ്ത്രീ കൂട്ടായ്മ, ദളിത് സര്‍വീസ് സൊസൈറ്റി, അംബേദ്കര്‍ സാംസ്‌കാരിക വേദി, വി.പി.ജെ.എസ് തുടങ്ങിയ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വടയമ്പാടിയിലെ മതില്‍ നിര്‍മാണത്തിനെതിരായ നിലപാടാണ് സി.പി.എം ആദ്യം മുതലേ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് മതില്‍ നിര്‍മാണത്തിന് അനുമതി നല്‍കരുതെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വത്തിലുളള ഐക്കരനാട് പഞ്ചായത്ത് ഭരണ സമിതിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം മറികടന്ന് പഞ്ചായത്ത് സെക്രട്ടറി മതില്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയായിരുന്നു. ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അതിജീവന സമരമാണ് വടയമ്പാടിയിലെ ദളിത് സമൂഹം നടത്തുന്നത്. ദളിത് ഭൂ അവകാശ സമരമുണി ജനറല്‍ കണ്‍വീനര്‍ എം.പി.അയ്യപ്പന്‍കുട്ടി പറയുന്നു.

‘പതിറ്റാണ്ടുകളായി ഞങ്ങള്‍ അനുഭവിച്ചിരുന്ന അധികാരാവകാശങ്ങള്‍ക്കുമേലുളള കടന്നുകയറ്റമാണ് ജാതിമതില്‍ നിര്‍മാണത്തിലൂടെ എന്‍.എസ്.എസ്. നടത്തിയത്. ദളിത് സമൂഹത്തിന് ആരാധനാ സ്വാതന്ത്യത്തിനും വഴി നടക്കാനുമുളള അവകാശത്തിനായി കോളനിവാസികള്‍ ഒരേ മനസോടെ നടത്തുന്ന സമരത്തിന് ലഭിക്കുന്ന ജനപിന്തുണ സ്വാഗതാര്‍ഹമാണ്. വടയമ്പാടിയിലെ റവന്യൂ ഭൂമിയുമായുളള തങ്ങളുടെ വൈകാരിക ബന്ധത്തിന്റെ തെളിവാണ് ശയ്യാവലംബികളായ വന്ദ്യവയോധികരടക്കമുളളവര്‍ സ്വയമേ നിരാഹാരമിരിക്കാനും മറ്റും തയ്യാറായി വരുന്നത്. ‘അയ്യപ്പന്‍കുട്ടി തുടര്‍ന്നു.

"</p

വടയമ്പാടി ഭജനമഠത്ത് തങ്ങള്‍ ജാതിമതില്‍ നിര്‍മ്മിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് എന്‍.എസ്.എസ് 1676 നമ്പര്‍ കരയോഗം ഭാരവാഹികള്‍ പറയുന്നത്. ഒരു നൂറ്റാണ്ടോളം പഴക്കമുളള ഭജനമഠം ക്ഷേത്രത്തിന്റെ ശുദ്ധി നിലനിര്‍ത്തുന്നതിനും ക്ഷേത്രപറമ്പ് സാമൂഹ്യ വിരുദ്ധരില്‍ നിന്ന് സംരക്ഷിക്കുതിനുമാണ് മതില്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇതിനെ തെറ്റായി ചിത്രീകരിക്കാനാണ് തീവ്രനിലപാടുകാരായ ചില സംഘടനകള്‍ ശ്രമിക്കുന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് നാലുകവാടങ്ങളുണ്ട്. ഇതിലൂടെ ക്ഷേത്ര വിശ്വാസികളായ ഏത് ജാതിയില്‍ പെട്ടവര്‍ക്കും യാതൊരു തടസവുമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവസരമുണ്ട്. വിവാദഭൂമി റവന്യൂ പുറമ്പോക്കാണെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. നിയമപ്രകാരം തങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടുളള ഈ ഭൂമി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പരിശോധിച്ച് തങ്ങളുടെ അവകാശം സമ്മതിച്ചിട്ടുളളതാണ്. ഇക്കാര്യം വ്യക്തമാക്കിയാണ് ഹൈക്കോടതി മതില്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് അനുവാദം നല്‍കിയതെന്നും എന്‍.എസ്.എസ് ഭാരവാഹികള്‍ പറയുന്നു. തീര്‍ത്തും നിയമവിരുദ്ധമായി പ്രദേശത്ത് സംഘം ചേര്‍ന്ന് ഒരു വിഭാഗം പ്രകോപനമില്ലാതെ മതില്‍ തകര്‍ക്കുകയായിരുന്നെന്നും ഇതിലൂടെ പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടം വന്നതായും അവര്‍ പറയുന്നു. പോലീസ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപടാണ് സ്വീകരിക്കുതെന്നാണ് സംഘടനയുടെ ആക്ഷേപം.

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍