UPDATES

ട്രെന്‍ഡിങ്ങ്

പൊളിച്ചു നീക്കിയ സമരപന്തലിന്റെ സ്ഥാനത്ത് ക്ഷേത്രകമാനം; എന്‍എസ്എസിന് പോലീസിന്റെ പിന്തുണ; ഉത്സവം ബഹിഷ്ക്കരിക്കുമെന്ന് ദളിതര്‍

വടയമ്പാടി ജാതിമതില്‍; അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് ആവര്‍ത്തിച്ചു പോലീസ്

സമരപ്പന്തല്‍ പൊളിച്ചു നീക്കിയിടത്ത് ക്ഷേത്രത്തിന്റെ പേരിലുള്ള കമാനം സ്ഥാപിച്ച് എന്‍എസ്എസ്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് കോലഞ്ചേരി വടയമ്പാടിയില്‍ എന്‍എസ്എസ് ജാതിമതില്‍ തീര്‍ത്തതിനെതിരെ സമരം ചെയ്തിരുന്ന ദളിത് ഭൂ അവകാശ മുന്നണിയുടെ സമരപ്പന്തല്‍ പൊളിച്ചത്‌. വടയമ്പാടി എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള ഭജനമഠം ദേവീ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചാണ് റവന്യൂ അധികൃതര്‍ സമരപ്പന്തല്‍ പൊളിച്ചുനീക്കിയത്. സമരപ്പന്തല്‍ നിന്നയിടത്ത് മറ്റൊന്നും സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ സ്ഥലത്ത് ഇന്നലെ വൈകിട്ടോടെ ക്ഷേത്രസമിതി ക്ഷേത്രത്തിന്റെ പേരിലുള്ള വലിയ കമാനം സ്ഥാപിക്കുകയായിരുന്നു. നടപടികളില്‍ പ്രതിഷേധിച്ച് ദളിതരും ആദിവാസികളും ഉത്സവം ബഹിഷ്‌കരിക്കും.

പോലീസിന്റെ വാക്ക് മറികടന്ന് സ്ഥാപിച്ച് കമാനം തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സമരക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സമരസമിതി നേതാവ് ജോയ് പാവേല്‍ പറയുന്നു; ‘എന്‍എസ്എസ് ജാതിമതില്‍ ഉയര്‍ത്തിയതിനെതിരെയാണ് ഞങ്ങള്‍ സമരം ചെയ്തത്. അത് ഏത് സമയവും വീണ്ടും നിര്‍മ്മിക്കപ്പെട്ടേക്കാം എന്ന ആശങ്ക ഇവിടെയുള്ള ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കുണ്ട്. ജില്ല കളക്ടര്‍ സ്റ്റാറ്റസ്‌കോ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് പോലീസിന്റെയും റവന്യൂ അധികൃതരും ചേര്‍ന്ന് സമരക്കാരോട് അതിക്രമം കാണിച്ചിരിക്കുന്നത്. ഇപ്പോള്‍ എന്‍എസ്എസ് ക്ഷേത്രത്തിന്റെ ഒരു വലിയ ബോര്‍ഡും കൊണ്ടുവച്ചിരിക്കുന്നു. സമരപ്പന്തല്‍ പൊളിച്ചുനീക്കിയതിനെതിരെ പ്രതിഷേധിച്ച് സമരക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പന്തല്‍ പൊളിച്ചു നീക്കുമ്പോള്‍ അവിടെ വേറെ ഒന്നും സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ അത് ലംഘിക്കപ്പെട്ടു. ബോര്‍ഡ് മാറ്റണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമ്പോള്‍ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. എന്‍എസ്എസിനെ സഹായിക്കാനുള്ള ശ്രമമാണ് എല്ലാ വിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടാവുന്നത്. പക്ഷെ തത്കാലം ഞങ്ങള്‍ ഒരു പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ന് ഉത്സവം തുടങ്ങി. ഉത്സവം കഴിഞ്ഞാല്‍ ആ ബോര്‍ഡ് മാറ്റാന്‍ ഞങ്ങള്‍ ആവശ്യപ്പെടും. അതിന് തയ്യാറായില്ലെങ്കില്‍ ഞങ്ങളത് എടുത്ത് മാറ്റും. പക്ഷെ എന്‍എസ്എസിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികളുണ്ടായതിനാല്‍ പ്രദേശത്തെ ദളിതരും ആദിവാസികളും ഉത്സവം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.’

എന്‍ എസ് എസിന്റെ ജാതിമതിലിനെതിരെ സമരം ചെയ്യുന്ന ദളിത് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം

ഇന്നലെ സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ്, ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന അനന്തു എന്നിവര്‍ക്കെതിരെയും, സമരസമിതി നേതാവും കെപിഎംഎസ് താലൂക്ക് സെക്രട്ടറിയുമായ ശശിധരനെതിരെയും പോലീസ് കേസ് ചാര്‍ജ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മാവോയിസ്റ്റ് ബന്ധവും അനുഭാവവും ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പുത്തന്‍കുരിശ് സിഐ പറഞ്ഞു. ‘മാധ്യമപ്രവര്‍ത്തകരെയല്ല ഞങ്ങള്‍ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധവും മാവോയിസ്റ്റ് അനുഭാവമുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ്. അഭിലാഷ് നീറ്റ ജലാറ്റിന്‍ കേസ് ആക്രമണത്തില്‍ പ്രതിയാണ്. പയ്യന്നൂര്‍ സ്വദേശിയായ അയാള്‍ എന്തിന് വടയമ്പാടിയിലെ സമരപ്പന്തലില്‍ വന്നു? അനന്തു എന്നയാള്‍ മാവോയിസ്റ്റ് അനുഭാവമുള്ള ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ഇവരെ രണ്ടുപേരേയും സമരസ്ഥലത്തേക്ക് കൊണ്ടുവന്നത് മുന്‍ നക്‌സല്‍ അനുഭാവിയായിരുന്ന ശശിധരനാണ്. അതിനാലാണ് ഇവര്‍ മൂന്ന് പേരേയും അറസ്റ്റ് ചെയ്ത് കേസ് ചാര്‍ജ് ചെയ്തത്.’

ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച നായന്മാരുടെ ജാതി മതില്‍ ഭൂഅവകാശ സമരമുന്നണി പൊളിച്ചു

മാവോയിസ്റ്റ് അനുഭാവമുണ്ടെന്ന കാരണത്താല്‍ ഒരു വ്യക്തിയേയും അറസ്റ്റ് ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീകോടതി നിര്‍ദ്ദേശമുണ്ട്. എന്നാല്‍ അത് കണക്കാക്കാതെയാണ് മൂവരേയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ ‘വടയമ്പാടിയിലെ സമരവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്‍ലിജന്റ്‌സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരാണെന്ന് തെളിയിക്കാനുള്ള ഐഡന്റിറ്റി കാര്‍ഡ് അഭിലാഷിന്റേയും അനന്തുവിന്റേയും പക്കലുണ്ടായിരുന്നില്ല. ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തവരെ മാധ്യമപ്രവര്‍ത്തകരാണെന്ന് കണക്കാക്കാനാവില്ല’ എന്നാണ് പുത്തന്‍കുരിശ് സിഐ മറുപടി നല്‍കിയത്. സമരപ്പന്തല്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്തതിനാലാണ് ശശിധരനെ അറസ്റ്റ് ചെയ്തതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

കേരള സര്‍ക്കാരിന് ഫാഷിസ്റ്റ്‌ മനോഭാവം, വടയമ്പാടി സമരക്കാരെ വിട്ടയക്കണം: ജിഗ്നേഷ് മേവാനി

പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍