UPDATES

കുത്തഴിഞ്ഞ് കിര്‍താഡ്‌സ്; അനധികൃത നിയമനം മാത്രമല്ല, ജാതിനിര്‍ണയത്തിനായി കെട്ടിക്കിടക്കുന്നത് അയ്യായിരത്തിലധികം കേസുകള്‍

ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് കേസുകള്‍ തീര്‍പ്പാക്കുന്നതിനടക്കമുള്ള താമസം വരുന്നതില്‍ ദളിത് ആദിവാസി സമുദായാംഗങ്ങളില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്

സംസ്ഥാനത്തെ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപീകരിച്ച സ്ഥാപനമാണ്‌ കിര്‍താഡ്‌സ് (Kerala Institute for Research Training and Development Studies of Scheduled Castes and Scheduled Tribes). ഈ വിഭാഗങ്ങളുടെ ജാതി നിര്‍ണയവുമായി ബന്ധപ്പെട്ട് തീരുമനമെടുക്കുന്നതില്‍ അവസാന വാക്കും കിര്‍താഡ്‌സാണ്. എന്നാല്‍ അവിടെ നടക്കുന്നത് അനധികൃത നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകളാണ് എന്ന വിവരം വിവിധ റിപ്പോര്‍ട്ടുകളിലൂടെ അഴിമുഖം പുറത്തുകൊണ്ടുവന്നിരുന്നു. മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ അനധികൃത നിയമനം നേടിയവരില്‍ ഉള്‍പ്പെടുന്നു.

ഭാഗം 3: കിര്‍താഡ്‌സ് അനധികൃത നിയമനം: യോഗ്യതയുണ്ടെന്ന മന്ത്രി എ.കെ ബാലന്റെ വാദം പൊളിയുന്നു; യോഗ്യതയില്ലെന്ന് സര്‍ക്കാരിന്റെ തന്നെ ഉത്തരവ് പുറത്ത്

ഭാഗം 2: Exclusive: കിര്‍താഡ്‌സില്‍ മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ നിയമനം അനധികൃതമായി സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്കും നീക്കം നടന്നു

ഭാഗം 1: Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

ജാതിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് അയ്യായിരത്തിലധികം കേസുകളാണ് കിര്‍താഡ്‌സില്‍ കെട്ടിക്കിടക്കുന്നത് എന്നാണ് ഇതു സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. പല കാലങ്ങളിലായി സമര്‍പ്പിക്കപ്പെട്ട 5305 കേസുകളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല എന്നതടക്കമുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. അതിനെക്കുറിച്ച്.

ഭാഗം – 4

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മാത്രം കണക്കെടുക്കുമ്പോള്‍ 2855 കേസുകളാണ് ജാതി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇനിയും തീര്‍പ്പാക്കാനുള്ളത്. സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2012 മുതല്‍ 2017 വരെ ലഭിച്ച 9480 കേസുകളില്‍ 2855 കേസുകള്‍ ഇപ്പോഴും തീര്‍പ്പായിയിട്ടില്ല. 2012 ന് മുമ്പ് സമര്‍പ്പിച്ച 2450 കേസുകളും തീര്‍പ്പാക്കിയിട്ടില്ല.

2012-13ല്‍ 564, 13-14ല്‍ 470, 14-15ല്‍ 517, 15-16ല്‍ 497, 16-17ല്‍ 807 എന്നിങ്ങനെയാണ് കേസുകളില്‍ അന്വേഷണം പൂര്‍ത്തീകരിക്കാനായി കാത്ത് കിടക്കുന്നത്. സാമുദായിക നിര്‍ണയ പഠനങ്ങള്‍ നടത്തുന്നതിനുള്ള കേരളത്തിലെ ഏക ഏജന്‍സിയാണ് കിര്‍താഡ്‌സ്. ജാതി നിര്‍ണയ പഠനങ്ങള്‍ നടത്താനും സംശയാസ്പദമായതും മറ്റുമുള്ള പട്ടികജാതി, പട്ടികവര്‍ഗ സമുദായ അവകാശ വാദങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനുമുള്ള വിദഗ്ദ്ധ ഏജന്‍സിയായാണ് സര്‍ക്കാര്‍ കിര്‍താഡ്‌സ് രൂപീകരിച്ചത്. ഇതിന് പുറമെ ദളിത്, ആദിവാസി ഉന്നമനത്തിനായുള്ള പഠനങ്ങളും പ്രോജക്ടുകളും സര്‍ക്കാരിന് മുന്നില്‍ വയ്ക്കുക എന്നത് കൂടി കിര്‍താഡ്‌സിന്റെ ജോലിയാണ്. എന്നാല്‍ അത്തരത്തില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് കേസുകള്‍ തീര്‍പ്പാക്കുന്നതിനടക്കമുള്ള താമസം വരുന്നതില്‍ ദളിത്, ആദിവാസി സമുദായാംഗങ്ങളില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്.

1994ലെ സുപ്രീംകോടതി വിധിയനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കിര്‍താഡ്‌സ് രൂപീകരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ മാധുരി പാട്ടീല്‍ നല്‍കിയ കേസില്‍ വിധി പറയവെ എല്ലാ സംസ്ഥാനങ്ങളിലും സാമുദായിക നിര്‍ണയത്തിനായി പ്രത്യേകം സംവിധാനം ഒരുക്കണമെന്ന് ജസ്റ്റിസ് കെ രാമസ്വാമി അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശമനുസരിച്ച് 1996ലെ ഉത്തരവിലൂടെയാണ് സര്‍ക്കാര്‍ കിര്‍താഡ്‌സ് രൂപീകരിക്കുന്നത്. നരവംശശാസ്ത്രപരമായ പഠനങ്ങളും, ജാതി സംബന്ധിച്ച് നില്‍ക്കുന്ന പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുകയും ജാതി നിര്‍ണയം നടത്തുകയും തന്നെയാണ് കിര്‍താഡ്‌സിന്റെ മുഖ്യദൗത്യമായി സര്‍ക്കാര്‍ കണ്ടത്. ഇതിനായി വിജിലന്‍സ് ഓഫീസറേയും സര്‍ക്കാര്‍ നിയമിച്ചു. വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണ് ഇത് സംബന്ധിച്ച കേസുകളും പരാതികളും അന്വേഷിച്ച്  സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. നരവംശശാസ്ത്രപരമായ പഠനങ്ങള്‍ നടത്തേണ്ടതിനാല്‍ ആ വിഭാഗം കൈകാര്യം ചെയ്യുന്നവര്‍ക്ക് ആന്ത്രപ്പോളജിയില്‍ എംഫില്‍ വേണമെന്ന നിയമവും സര്‍ക്കാര്‍ കിര്‍താഡ്‌സ് സേവിങ് ക്ലോസിലൂടെ കൊണ്ടുവന്നു. എന്നാല്‍ സോഷ്യോളജിയില്‍ എംഎയും, ഫ്യൂച്ചര്‍ സ്റ്റഡീസില്‍ എംഫിലും ഉള്ളയാളുകള്‍ വിജിലന്‍സ് വിഭാഗത്തിന്റെ ചുമതലക്കാരായി വന്നതാണ് ജാതിനിര്‍ണയ പഠനങ്ങള്‍ക്ക് കാലതാമസം വരുന്നതിന് കാരണമായി സമുദായാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ദളിത് ആക്ടിവിസ്റ്റ് ആയ ഗീതാനന്ദന്‍ പറയുന്നത്, “സത്യത്തില്‍ കിര്‍താഡ്‌സ് എന്ന സ്ഥാപനം ഉണ്ടാക്കിയതിന്റെ ലക്ഷ്യപ്രഖ്യാപനം പോലും ഇതേവരെ ആ സ്ഥാപനം ഏറ്റെടുത്തിട്ടില്ല. ജാതിനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഒരു ഏജന്‍സി ഉണ്ടാവണമെന്നതാണ് സുപ്രീംകോടതി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കിര്‍താഡ്‌സ് രൂപീകരിക്കുന്നത് പോലും ഇക്കാര്യത്തില്‍ വേണ്ടത്ര വ്യക്തതയില്‍ എത്താതെയാണ്. എക്‌സപര്‍ട്ട് ഏജന്‍സി എന്ന് പറയുമ്പോള്‍ അത്രമാത്രം ആ സ്ഥാപനം എക്‌സപര്‍ട്ട് ആയിരിക്കണം. എന്നാല്‍ വേണ്ടത്ര യോഗ്യതയില്ലാത്തവരെ പഠനം നടത്താന്‍ ഏല്‍പ്പിച്ച്, സര്‍ക്കാര്‍ യഥാര്‍ഥ സമുദായാംഗങ്ങളെ ദ്രോഹിക്കുകയാണ്. നല്ലതിന് വേണ്ടി ചെയ്തത്, ആ ഉദ്ദേശം നടപ്പിലായതുമില്ല, ഇപ്പോഴത് സമുദായാംഗങ്ങളെ തിരിച്ചടിക്കുകയാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ യഥാര്‍ഥത്തില്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ജാതി നിര്‍ണയം സംബന്ധിച്ച് നിരവധി പിഴവുകള്‍ വരുന്നത് കൂടാതെ നിരവധി പേരുടെ കേസുകളും തീര്‍പ്പാവാതെ കിടക്കുന്നു. സര്‍ക്കാര്‍ മൊത്തത്തില്‍ കിര്‍താഡ്‌സിനെ അഴിച്ചുപണിയുകയാണ് വേണ്ടത്.”

വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ആയിരിക്കുന്ന സജിത് കുമാറും, മുമ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന, ഇപ്പോള്‍ മന്ത്രി എ കെ ബാലന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആയ മണിഭൂഷണും ഉള്‍പ്പെടെ നാല് പേരെ നിയമിച്ചത് യോഗ്യതകളില്ലാതെയാണെന്ന വാര്‍ത്ത അഴിമുഖം പുറത്തുവിട്ടിരുന്നു. യോഗ്യതകളില്ലാതെ നിയമിക്കുന്നതിന് പുറമെ, ഇവരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത് കൊടുക്കുകയും ചെയ്തു. ആവശ്യമായ യോഗ്യതകളില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ പ്രത്യേക വിവേചനാധികാരത്തിലുള്ള റൂള്‍ 39 ഉപയോഗിച്ചാണ് ഇവരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തത്. എന്നാല്‍ യോഗ്യതകളില്ലാത്തവരെ നിയമിക്കുന്നത് വഴി സ്ഥാപനമുണ്ടാക്കിയതിന്റെ ഉദ്ദേശ ലക്ഷ്യം തന്നെ നടപ്പാക്കാതെ വരികയാണെന്ന വിമര്‍ശനമാണ് ദളിത് ആദിവാസി വിഭാഗക്കാര്‍ ഉന്നയിക്കുന്നത്.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് അനുബന്ധമായി 220 കേസുകള്‍ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ 24 കേസുകള്‍ക്ക് കൌണ്ടര്‍ അഫിഡവിറ്റ്/ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്റ്റ്‌സ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവ സംബന്ധിച്ച് ആവശ്യമായ രേഖകളൊന്നും തന്നെ കിര്‍താഡ്‌സില്‍ ഇല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്യൂട്ട് രജിസ്റ്റര്‍, ഒ പി രജിസ്റ്റര്‍, നോട്ട്, ലിസ്റ്റ് ഓഫ് ലോസ് പെന്‍ഡിങ്, കേസുകളുടെ രജിസ്റ്റര്‍ എന്നിവ സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ കിര്‍താഡ്‌സിന് നിലവിലുള്ള കേസുകളുടെ വിശദവിവരങ്ങളൊന്നും അറിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതുവഴി കേസുകളുടെ നിജസ്ഥിതി ഡയറക്ടറുടേയും മറ്റും ശ്രദ്ധയില്‍ പെടുത്തുന്നതില്‍ അലംഭാവം വരുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് കിര്‍താഡ്‌സ് അധികൃതരുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല.

ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

Exclusive: കിര്‍താഡ്‌സില്‍ മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ നിയമനം അനധികൃതമായി സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്കും നീക്കം നടന്നു

കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം? ഭാഗം-2

ഒരു സമുദായം സ്വന്തം തലമുറയുടെ ചരിത്രം തേടുകയാണ്; നിഷേധിക്കപ്പെട്ട നീതി നേടിയെടുക്കാന്‍

കിര്‍ത്താഡ്സുമായി ബന്ധപ്പെട്ട് അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം

https://www.azhimukham.com/tag/kirtads/

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍