UPDATES

ജാതി, മതങ്ങളില്ലാത്ത കുട്ടികള്‍; കണക്കുകളിലെ അസ്വാഭാവികത കാണാത്തതോ കണ്ടില്ലെന്ന് നടിച്ചതോ?

സ്‌കൂളുകാര്‍ക്ക് സംഭവിച്ച പാകപ്പിഴ ന്യായമാക്കി നിലവിലുണ്ടായിരിക്കുന്ന വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമെന്നും ആരോപണമുണ്ട്

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ജാതിയും മതവും രേഖപ്പെടുത്താത്ത എത്രപേര്‍? അതിന്റെ ഉത്തരം 258 പേജുകളില്‍ നിറയുന്ന വിവരങ്ങളും പ്രസിദ്ധപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു- 1,23,630 പേര്‍. ഹയര്‍ സെക്കന്‍ഡറിയില്‍ 517 കുട്ടികള്‍ വേറെയും. പക്ഷെ യഥാര്‍ഥ കണക്കെന്താണ്? അത് ഇപ്പോഴും സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനോ, വിദ്യാഭ്യാസ മന്ത്രിക്കോ അറിയില്ല. മന്ത്രി പ്രഖ്യാപിച്ച ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികളില്‍ തങ്ങളുടെ സ്‌കൂളിലെ കുട്ടികള്‍ ഉള്‍പ്പെടില്ലെന്ന് പരസ്യമായി പറഞ്ഞുകൊണ്ട് പല സ്‌കൂളുകളിലേയും മേലധികാരികള്‍ എത്തിയതോടെ വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത കൂടിയാണ് വെളിവാകുന്നത്.

വിദ്യാഭ്യാസ വകുപ്പിലെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഉത്തരവ് പ്രകാരം വിദ്യാര്‍ഥികളുടെ ജാതിയും മതവും സ്‌കൂള്‍ പ്രവേശന സമയത്ത് രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധിതമായ കാര്യമല്ല. കണക്കവതരണം വിവാദമായതോടെ ഈ ന്യായം പറഞ്ഞ് തടിതപ്പാനാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ജാതിയും മതവും രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധിതമല്ല എന്ന് ഉത്തരവുള്ളതിനാല്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ അപ് ലോഡ് ചെയ്യുമ്പോള്‍ അത് സ്‌കൂള്‍ അധികൃതര്‍ സൗകര്യപൂര്‍വം ഒഴിവാക്കിയതാവാം ഈ ആശയക്കുഴപ്പത്തിന് കാരണമായിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ദാസ് അഴിമുഖത്തോട് പറഞ്ഞത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള ആധികാരിക രേഖയെന്ന നിലയില്‍ പൂര്‍ണമായും കൃത്യതയോടെയും വ്യക്തതയോടെയും തയ്യാറാക്കേണ്ട ലിസ്റ്റില്‍ അവ്യക്തത നിലനില്‍ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് പലയിടങ്ങളില്‍ നിന്നുമുണ്ടായിരിക്കുന്നത്.

ബുധനാഴ്ചയാണ് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ ഡി.കെ മുരളി എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയായി ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന ജാതി, മതരഹിത വിദ്യാര്‍ഥികളുടെ കണക്ക് മന്ത്രി അവതരിപ്പിച്ചത്. 9209സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് മന്ത്രി പുറത്തുവിട്ടത്. മന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞയുന്‍ ഇക്കാര്യം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ജാതി, മതരഹിത കേരളത്തെ കുറിച്ചുള്ള അവകാശവാദങ്ങള്‍ ആഘോഷമാവുകയും ചെയ്തു. ചിലര്‍ ഈ കണക്കുകളില്‍ അവിശ്വാസ്യത പ്രകടിപ്പിച്ചെങ്കിലും സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ട മന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുന്ന കണക്കുകളില്‍ പാളിച്ചകളുണ്ടാവാനിടയില്ലെന്ന് തന്നെയായിരുന്നു പലരുടേയും വിശ്വാസം. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ മലപ്പുറം അല്‍ഹിദായത്ത് സ്‌കൂളിലെ അധ്യാപകനായ അഷ്‌കര്‍ തങ്ങളുടെ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളുടേയും ജാതിയും മതവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന തുറന്നുപറച്ചിലോടെയാണ് ചര്‍ച്ച ആ വഴിക്ക് നീളുന്നത്.

മന്ത്രി അവതരിപ്പിച്ച ലിസ്റ്റില്‍ ജാതിയും മതവും രേഖപ്പെടുത്താത്ത ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഒന്നാണ് മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ അല്‍ഹിദായത്ത് ഇ.എം സ്‌കൂള്‍. ഈ സ്‌കൂളിലെ 1011 വിദ്യാര്‍ഥികളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ സ്‌കൂളിലെ ഒരു വിദ്യാര്‍ഥി പോലും ജാതിയും മതവും രേഖപ്പെടുത്താത്തതായില്ലെന്നാണ് പ്രധാനാധ്യാപകനായ ബീരാന്‍കുട്ടിയും പറയുന്നത്: “അല്‍-ഹിദായത്ത് സ്‌കൂളിലെ ആയിരത്തിലധികം കുട്ടികള്‍ക്ക് ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് നിയമസഭയില്‍ മന്ത്രി വച്ച കണക്ക്. എന്നാല്‍ അത് അവാസ്തവമാണ്. ഈ സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ജാതിയും മതവും ഉള്ളതാണ്. അങ്ങനെയൊരു കണക്ക് എവിടേയും കൊടുത്തിട്ടില്ല. സാങ്കേതിക പിഴവ് സംഭവിച്ചിരിക്കാനാണ് വഴി. സ്‌കൂളിലെ അഡ്മിഷന്‍ രജിസ്റ്ററില്‍ എല്ലാ കുട്ടികളുടേയും അമ്മയുടേയും അച്ഛന്റേയും മതവും ജാതിയും എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.”

ഇതിന് സമാനമായ കാര്യങ്ങള്‍ തന്നെയാണ് മാനന്തവാടി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യപികയായ സിസ്റ്റര്‍ എലിസബത്തും, എറണാകുളം ചാലയ്ക്കല്‍ ദാറുസ്സലാം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഫാഹിമും പങ്കുവച്ചത്. സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ പഠിക്കുന്നത് 279 വിദ്യാര്‍ഥികളാണ്. ഇതില്‍ 150 പേരും ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ രേഖകളിലുള്ളത്. എന്നാല്‍ “ജാതിയും മതവും രേഖപ്പെടുത്താത്തതായി ഈ സ്‌കൂളില്‍ ഒരു കുട്ടി പോലുമില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. കഴിഞ്ഞ നാല് വര്‍ഷമായി അഡ്മിഷന്‍ എടുക്കുന്നത് ഞാന്‍ തന്നെയാണ്. എല്ലാ കുട്ടികള്‍ക്കും ജാതിയും മതവുമുണ്ട്. ഇതില്‍ 59 കുട്ടികള്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്നും, 137 പേര്‍ മുസ്ലിം വിദ്യാര്‍ഥികളുമാണ്. പട്ടികജാതിയും ഒബിസിയുമായ വിദ്യാര്‍ഥികളുണ്ട്. കുറച്ചു കുട്ടികള്‍ ജനറല്‍ വിഭാഗത്തിലും. എല്ലാത്തിന്റേയും വിശദവിവരങ്ങള്‍ ഡിഇഒ ഓഫീസിലേക്ക് കൊടുത്തിട്ടുള്ളതുമാണ്” എന്നാണ് സിസ്റ്റര്‍ എലിസബത്ത് പ്രതികരിച്ചത്. ചാലക്കല്‍ ദാറുസ്സലാം സ്‌കൂളിലെ 137 കുട്ടികള്‍ ജാതിയും മതവും രേഖപ്പെടുത്താത്തതായി ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂളില്‍ ഒരു കുട്ടിപോലും ചേര്‍ന്നിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ഫാഹിം പറയുന്നു: “വളരെ കൃത്യമായ കണക്കുകള്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിട്ടുള്ളതാണ്. ഒരു കുട്ടിപോലും ജാതിയോ മതമോ രേഖപ്പെടുത്താത്തതായില്ല. ഒരുപക്ഷേ ഇത് സമ്പൂര്‍ണ സോഫ്റ്റ് വെയറിലേക്ക് ചേര്‍ത്തപ്പോള്‍ സംഭവിച്ച തെറ്റായിരിക്കാം. സ്‌കൂളില്‍ നിന്ന് എന്ത് പിഴവാണ് സംഭവിച്ചതെന്ന കാര്യം പരിശോധിക്കും.”

എന്നാല്‍ സ്‌കൂളുകളില്‍ നിന്ന് സമ്പൂര്‍ണ വഴി അപ് ലോഡ് ചെയ്യുന്ന വിവരങ്ങള്‍ നേരിട്ട് ഐടി @സ്‌കൂളിലേക്കാണ് എത്തിച്ചേരുന്നതെന്നും അത് കണക്കുകൂട്ടിയെടുക്കുക മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തിട്ടുള്ളതെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍ദാസ് പറഞ്ഞു. കണക്കുകള്‍ നിഷേധിക്കുന്ന സ്‌കൂളുകള്‍ അവരുടെ തെറ്റുകള്‍ സ്വയം തിരുത്തുകയാണ് വേണ്ടതെന്നും ഡയറക്ടര്‍ പറഞ്ഞു: “പൊതുവിദ്യാഭ്യാസ വകുപ്പ് സമ്പൂര്‍ണ എന്ന സോഫ്ട് വെയര്‍ ഉപയോഗിച്ചാണ് കുട്ടികളുടെ സ്റ്റാറ്റിസ്റ്റിക്‌സ് എടുക്കുന്നത്. ഓരോ സ്‌കൂളിലും അവരുടെ കമ്പ്യൂട്ടറില്‍ നിന്നും ഈ സോഫ്ട് വെയറിലേക്ക് പറഞ്ഞിരിക്കുന്ന ഫീല്‍ഡുകള്‍ പൂരിപ്പിച്ച് പ്രധാനാധ്യാപകര്‍ ഞങ്ങള്‍ക്ക് ഫീഡ് ചെയ്യും. പ്രധാനാധ്യാപകര്‍ പലപ്പോഴും ഏതെങ്കിലും അധ്യാപകരെയായിരിക്കും ഇത് ഏല്‍പ്പിക്കുക. അതില്‍ കുട്ടികളെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. അതില്‍ ചിലത് നിര്‍ബന്ധമായും നല്‍കേണ്ടതാണ്, മറ്റുചിലവ നിര്‍ബന്ധമല്ല. നിര്‍ബന്ധമില്ലാത്ത ഫീല്‍ഡാണ് ജാതിയും മതവും. സര്‍ക്കാര്‍ പതിനൊന്ന് വര്‍ഷം മുമ്പ് ജാതിയും മതവും നിര്‍ബന്ധമായി ചേദിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തതിന് ഉത്തരവുണ്ട്. രക്ഷിതാക്കള്‍ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ നേരത്ത് മാന്വല്‍ ആപ്ലിക്കേഷന്‍ ഫോമില്‍ ഇത് പൂരിപ്പിച്ച് നല്‍കിയിട്ടുണ്ടാവും. പക്ഷെ ടീച്ചര്‍ ഇത് കമ്പ്യൂട്ടറിലേക്ക് എന്റര്‍ ചെയ്യാന്‍ നേരം, അഞ്ഞൂറിലധികം കുട്ടികളുടെയൊക്കെ വിവരങ്ങള്‍ ഫീഡ് ചെയ്യേണ്ടി വരുമ്പോള്‍ മാന്‍ഡേറ്ററി അല്ലാത്ത ഫീല്‍ഡ് അവര്‍ ചിലപ്പോള്‍ ഒഴിവാക്കും. സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ലല്ലോ, പിന്നെ എന്തിന് ചെയ്യണം എന്ന് കരുതി അധ്യാപകര്‍ അത് പലപ്പോഴും ഒഴിവാക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മാന്വല്‍ പ്രോസസ് അല്ല. സമ്പൂര്‍ണ സോഫ്ട് വെയര്‍ ഐടി@സ്‌കൂളുമായി ലിങ്ക് ചെയ്തിരിക്കുകയാണ്. ഏത് സ്‌കൂളില്‍ നിന്നും ഡാറ്റാ ട്രാന്‍സ്ഫര്‍ ചെയ്താലും അത് ഞങ്ങളുടെ സര്‍വറിലേക്ക് വരും. അതില്‍ നിന്ന് ഇന്‍പുട്‌സ് എടുക്കുമ്പോള്‍ ഞങ്ങള്‍ കമ്പ്യൂട്ടറിനോടാണ് ചോദിക്കുന്നത്. ജാതിയും മതവും രേഖപ്പെടുത്താത്ത എത്ര കുട്ടികളുണ്ടെന്ന് കമ്പ്യൂട്ടറിനോട് ചോദിക്കുമ്പോള്‍ കിട്ടുന്ന കണക്കാണ് 1,24,147 എന്നത്. ഈ കണക്ക് ഫാക്ച്വലി ശരിയാണ്. കാരണം കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്ത കണക്കില്‍ തെറ്റുപറ്റില്ല. അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ച് ഈ കണക്ക് കൃത്യമാണ്. സ്‌കൂളുകളില്‍ നിന്ന് മാന്‍ഡേറ്ററിയല്ലാത്ത വിവരങ്ങള്‍ ഫീഡ് ചെയ്യാന്‍ വിട്ടുപോയിക്കാണും. അതാണ് സംഭവിച്ചിരിക്കുക. സ്‌കൂളുകളില്‍ അധ്യാപകര്‍ ധൃതിയിലായിരിക്കും ഇത് ചെയ്യുന്നത്. അവര് പലപ്പോഴും മാന്‍ഡേറ്ററിയല്ലാത്തത് മാത്രം ഫില്ല് ചെയ്ത് അയക്കും. 31-ന് ഞങ്ങളുടെ കയ്യിലുള്ള ഡാറ്റയിലെ സമ്പൂര്‍ണ സോഫ്ട് വെയറിലെ ജാതിയും മതവും രേഖപ്പെടുത്താത്തത് തിരിച്ച് ഞങ്ങള്‍ വീണ്ടും കണക്കെടുക്കുന്നുണ്ട്. എന്നാല്‍ സ്‌കൂളുകളില്‍ നിന്ന് വീണ്ടും കണക്ക് ആവശ്യപ്പെടുന്നില്ല. ആവശ്യം വന്നാല്‍ മാത്രമേ അത് ചോദിക്കുകയുള്ളൂ. സ്‌കൂളുകാര്‍ ഈ കണക്ക് നിഷേധിക്കുന്നതിന് മുമ്പ് അവരുടെ കമ്പ്യൂട്ടറില്‍ ഒന്നു നോക്കണം. സമ്പൂര്‍ണയില്‍ എങ്ങനെ അവര്‍ ഫീഡ് ചെയ്തു എന്ന് പരിശോധിക്കണം. അത് നോക്കാതെ അവര്‍ നിഷേധിച്ചിട്ട് കാര്യമില്ല.”

മതമില്ലാത്ത ജീവനുകളെ ചൊല്ലി വിജൃംഭിക്കുന്നവരേ, ‘ലജ്ജിക്കുക സാക്ഷര കേരളമേ’ എന്നു നെഞ്ചുകീറി പറയുന്ന ഈ പെണ്‍കുട്ടിയെ കേള്‍ക്കൂ…

സ്‌കൂളുകാര്‍ക്ക് സംഭവിച്ച പാകപ്പിഴ ന്യായമാക്കി നിലവിലുണ്ടായിരിക്കുന്ന വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമെന്നും ആരോപണമുണ്ട്. ജാതിയും മതവും രേഖപ്പെടുത്തേണ്ടത് മാന്‍ഡേറ്ററിയല്ല. അത് അംഗീകൃത സത്യവും നിയമവുമാണ്. എന്നാല്‍ പ്രവേശന സമയത്ത് ജാതിയും മതവും രേഖപ്പെടുത്തിയ കുട്ടികളുടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ സോഫ്ട് വെയറില്‍ അപ് ലോഡ് ചെയ്യേണ്ടതുണ്ടെന്ന് എന്തുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയില്ല? വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന സമ്പൂര്‍ണ വിവരങ്ങളടങ്ങിയ വിദ്യാഭ്യാസവകുപ്പിന്റെ ആധികാരിക രേഖയിലും കുട്ടികളോ രക്ഷിതാക്കളോ നല്‍കിയ വിവരങ്ങള്‍ ചേര്‍ക്കേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള അധികാരം അതത് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് എങ്ങനെയാണ് നല്‍കിയത്? സംവരണമോ ജാതി, മത ആനുകൂല്യങ്ങളോ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ ഒറ്റ കാരണം കൊണ്ട് അത് നിഷേധിക്കപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക? നിയമസഭയില്‍ അവതരിപ്പിച്ച കണക്ക് പുറത്തുവന്നയുടനെ സാമൂഹ്യ നിരീക്ഷകരും ആക്ടിവിസ്റ്റുകളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ നിരവധി പേര്‍ കണക്കുകളില്‍ അസ്വാഭാവികതയുള്ളതായും അവ്യക്തതയുള്ളതായും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആയിരത്തിയഞ്ഞൂറ് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ആയിരത്തിലധികം കുട്ടികള്‍ക്കും ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല എന്നു കണ്ടിട്ടും അത് പരിശോധിക്കാനോ സ്‌കൂളുകളുമായി ഇക്കാര്യം സംസാരിക്കാനോ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തയ്യാറായില്ല.

കണക്കുകളില്‍ അസ്വാഭാവികത കാണാതിരുന്നിട്ടോ അതോ കണ്ടില്ലെന്ന് നടിച്ചതോ? മാന്‍ഡേറ്ററിയല്ലാത്തതിനാല്‍ ജാതിയും മതവും ഫീഡ് ചെയ്തുകാണില്ല എന്ന് ഏകദേശ/ഉറച്ച ധാരണയുള്ള വിദ്യാഭ്യാസ ഡയറക്ടര്‍ എന്ത് ധൈര്യത്തിലാണ് ജാതിയും മതവുമില്ലാത്ത കുട്ടികളുടെ കണക്ക് ആധികാരിക രേഖയായി നിയമസഭയില്‍ അവതരിപ്പിക്കാന്‍, പൊതുജനത്തിന് മുന്നിലേക്ക് വക്കാന്‍ മന്ത്രിക്ക് തയ്യാറാക്കി നല്‍കിയത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടി പറയാന്‍ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനും അതിന്റെ ഡയറക്ടറിനും അധ്യാപകന്‍ കൂടിയായ മന്ത്രിക്കുമാണ്. കേരളം മത, ജാതിരഹിത പുരോഗമന സംസ്ഥാനമാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയില്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കണക്കുകള്‍ വെള്ളംതൊടാതെ വിഴുങ്ങി സഭയില്‍ അവതരിപ്പിച്ച് കയ്യടി നേടിയ വിദ്യാഭ്യാസ മന്ത്രിയുടെ വിശ്വാസ്യതയും കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

എന്തുകൊണ്ട് ജാതി ഉപേക്ഷിക്കരുത്

പാഠം ഒന്ന്: സംവരണം ദാരിദ്ര്യനിർമ്മാർജ്ജനത്തിനല്ല

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍