UPDATES

ട്രെന്‍ഡിങ്ങ്

ചര്‍ച്ച് ആക്ട് ആ നവോത്ഥാനത്തില്‍ പെടില്ലേ? മെത്രാന്മാര്‍ പറയുന്നിടത്ത് കുഞ്ഞാടുകള്‍ വോട്ട് കുത്തുന്ന കാലം കഴിഞ്ഞെന്ന് വിശ്വാസികള്‍

ശബരിമലയില്‍ സ്വീകരിച്ച നിലപാട് ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നു തിരിച്ചറിഞ്ഞിരിക്കുന്ന സിപിഎം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ എതിര്‍പ്പ് കൂടി സമ്പാദിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് ചര്‍ച്ച് ആക്ടിലെ അവരുടെ നിലപാട് വ്യക്തമാക്കുന്നത്

ശബരിമല വിഷയത്തില്‍ ഹൈന്ദവ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭീതിയാണോ ക്രൈസ്തവ സഭ മേലധ്യക്ഷന്മാരെ പിണക്കേണ്ടതില്ലെന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ നിലപാടിന്റെ പിന്നില്‍? എങ്കില്‍ സിപിഎമ്മിന്റെ ഗെയിം പ്ലാന്‍ തെറ്റിപ്പോകുമെന്നാണ് സഭ വിശ്വാസികള്‍ മുന്നറിയിപ്പ് തരുന്നത്. നിയമപരിഷ്‌കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യവുമില്ലെന്നും വിവിധ സഭ തലവന്മാര്‍ക്ക് ഉറപ്പ് കൊടുത്തതിലൂടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടം കിട്ടുമെന്നാണെങ്കില്‍ സര്‍ക്കാരിന് തിരിച്ചടിയേ ഉണ്ടാകൂ എന്നാണ് വിശ്വാസികളുടെ താക്കീത്.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ, കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, യൂജിന്‍ എച്ച് പെരേര തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചര്‍ച്ച് ആക്ട് നടപ്പിലാക്കില്ലെന്നു സര്‍ക്കാര്‍ ഉറപ്പ് കൊടുത്തത്. ജ. കെ ടി തോമസ് ചെയര്‍മാനായ നിയമപരിഷ്‌കരണ കമ്മിഷന്‍ 2006ലെ ജ. വീ ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ചര്‍ച്ച് ആക്ട് പരിഷ്‌കരിച്ച് കരട് രൂപം സര്‍ക്കാരിന് സമര്‍പ്പിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സഭ തലത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സര്‍ക്കാരിനെതിരേ ശക്തമായി പ്രക്ഷോഭം ആരംഭിക്കുമെന്ന വെല്ലുവിളിയും സഭ ഉയര്‍ത്തി. പള്ളികളില്‍ ഇടയലേഖനങ്ങളും വിശ്വാസികള്‍ക്കിടയില്‍ കാമ്പയനിംഗുകളും നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഉയര്‍ന്ന ഈ പ്രതിഷേധത്തെ ശമിപ്പിക്കാന്‍ സിപിഎം ഉടന്‍ തന്നെ രംഗത്തിറങ്ങുകയും ചെയ്തു. ചര്‍ച്ച് ആക്ട് നടപ്പിലാകില്ലെന്നും അതുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന ഊഹാപോഹങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദ്യം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സഭ തലവന്മാര്‍ക്ക് മുഖ്യമന്ത്രി നേരിട്ട് ഉറപ്പ് നല്‍കിയിരിക്കുന്നത്.

ശബരിമലയില്‍ സ്വീകരിച്ച നിലപാട് ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നു തിരിച്ചറിഞ്ഞിരിക്കുന്ന സിപിഎം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ എതിര്‍പ്പ് കൂടി സമ്പാദിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് ചര്‍ച്ച് ആക്ടിലെ അവരുടെ നിലപാട് വ്യക്തമാക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാണ്. ഇത് തങ്ങള്‍ക്ക് അനുകൂലമാക്കണമെ ചിന്ത സിപിഎമ്മിനുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ കിട്ടിയ സഹായം വലിയ ഗുണം ചെയ്തതുമാണ്.

എന്നാല്‍ ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്നു ബിഷപ്പുമാര്‍ക്ക് ഉറപ്പ് കൊടുത്തത്തുകൊണ്ട് വിശ്വാസികളെല്ലാം സിപിഎമ്മിനൊപ്പം നില്‍ക്കുമെന്ന വിചാരം വേണ്ടെന്നാണ് പലമണ്ഡലങ്ങളില്‍ നിന്നുമുള്ള വിശ്വാസികളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ തീരുമാനം തിരിഞ്ഞുകൊത്തത്തേയുള്ളൂവെന്നും അവര്‍ പറയുന്നു.

ബിഷപ്പുമാരെ പിണക്കാതിരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പില്‍ ഒരു തരത്തിലും ഗുണം ചെയ്യില്ല എന്നാണ് വിശ്വാസികള്‍ പറയുന്നത്. ചര്‍ച്ച് ആക്ട് നടപ്പാക്കാതിരിക്കാന്‍ വേണ്ടി വലിയൊരു കാമ്പയിന്‍ വിശ്വാസികള്‍ക്കിടയില്‍ ബിഷപ്പുമാരുടെയും കെസിബിസിയുടെയും നേതൃത്വത്തില്‍ എല്ലാ സഭകളുടെയും പള്ളികളില്‍ നടത്തിയിരുന്നു. ഇത്തരമൊരു കാമ്പയിന്‍ നടന്നതിനുശേഷമാണ് ജ. കെടി തോമസിന്റെ വാക്കുകള്‍ പുറത്തു വരുന്നത്. അദ്ദേഹം പറഞ്ഞത്, ബില്ലിനെ അനുകൂലിച്ചു കൊണ്ടുള്ള പ്രതികരണങ്ങളാണ് കമ്മിഷനു മുന്നില്‍ വരുന്നതെന്നും ഒരു മെത്രപ്പൊലീത്ത ഉള്‍പ്പെടെ ചര്‍ച്ച് ബില്ലിനെ അനുകൂലിക്കുന്നുണ്ടെന്നുമാണ് ജ. കെ ടി തോമസ് പറയുന്നത്.

ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാണ് ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ആവശ്യം എന്നാണ് ഇത് വ്യക്തമാക്കുന്നത്. ചര്‍ച്ച് ആക്ട് നടപ്പിലാക്കണം എന്നു പറഞ്ഞ് വലിയ കാമ്പയിനുകളൊന്നും നടന്നില്ല, നടന്നതു മുഴുവന്‍ നടപ്പിലാക്കരുതെന്നു പറഞ്ഞാണ്. എന്നിട്ടും ചര്‍ച്ച് ആക്ട് നടപ്പാക്കണം എന്ന ആവശ്യത്തിനാണ് മുന്‍തൂക്കം ഉണ്ടായിരിക്കുന്നതെങ്കില്‍ സാധാരണ വിശ്വാസികളുടെ മനസ് എന്താണെന്ന് ഇതിലൂടെ മനസിലാക്കാന്‍ കഴിയും. പക്ഷേ, പിണറായി സര്‍ക്കാര്‍ കേട്ടത് ബിഷപ്പുമാരുടെ ആവശ്യമാണ്. ബിഷപ്പുമാര്‍ തീരുമാനിക്കുന്നതുപോലെ തെരഞ്ഞെടുപ്പില്‍ വോട്ട് മറിയുന്ന കാലം പോയെന്നു മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഈ തെരഞ്ഞെടുപ്പോടെ ബോധ്യപ്പെടുമെന്നും വിവിധ വിശ്വാസി സംഘടന പ്രതിനിധികള്‍ പറയുന്നു.

സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ചര്‍ച്ച് ആക്ടിന്റെ കാര്യത്തിലുള്ള ഇരട്ടത്താപ്പില്‍ തങ്ങള്‍ തീര്‍ത്തും നിരാശരാണെന്നും ഇതിനോടുള്ള എതിര്‍പ്പ് തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നും തൃശൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പറയുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ കേസില്‍ ഉള്‍പ്പെടെ ബിഷപ്പുമാരുടെ വശം ചേര്‍ന്നു നില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ചര്‍ച്ച് ബില്ലിന്റെ കാര്യത്തിലും അതേ വഴി തന്നെ സ്വീകരിച്ചതില്‍ തങ്ങള്‍ ദുഃഖിതരാണെന്നും ഇവര്‍ പറയുന്നു.

നവോത്ഥാനം എല്ലാ മേഖലകളിലും നടപ്പിലാക്കണമെന്ന് ആഗ്രഹം സര്‍ക്കാരിനുണ്ടെങ്കില്‍ കൊള്ളകളും കൊടിയ അഴിമതികളും നടക്കുന്ന സഭ സംവിധാനങ്ങളെ ശുദ്ധീകരിക്കാന്‍ ഉപകരിക്കുന്ന ചര്‍ച്ച് ബില്‍ നടപ്പില്‍ വരുത്തകയാണ് വേണ്ടതെന്നാണ് വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതുകൊണ്ട് ബിഷപ്പുമാര്‍ക്ക് അല്ലാതെ വൈദികര്‍ക്കുപോലും കുഴപ്പമില്ല. വി ആര്‍ കൃഷ്ണയ്യര്‍ എഴുതിയ ഒറിജിനല്‍ ചര്‍ച്ച് ആക്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ ഇടവകകളും ഒരു ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആ ബില്ലിന്റെ പ്രധാന നിര്‍ദേശം. അതാത് ഇടവകകളില്‍ കൂടുന്ന പൊതുയോഗത്തില്‍ നിന്നും തെരഞ്ഞെടുപ്പിലൂടെ ട്രസ്റ്റ് കമ്മിറ്റിയെ തെരഞ്ഞെടുക്കണം. ആ ട്രസ്റ്റ് കമ്മറ്റിയില്‍ നിന്നും ഒരു മനേജിംഗ് സെക്രട്ടറിയെ തിരഞ്ഞെടുക്കണം. ഇടവക വികാരിയായിരിക്കും ട്രസ്റ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ഈ ട്രസ്റ്റ് കമ്മിറ്റിയുടെ പേരിലേക്ക് ഇടവകയിലുള്ള മുഴുവന്‍ സ്വത്തുക്കളും ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. നിലവില്‍ സ്വത്തിന്റെ ഉടമസ്ഥന്‍ ബിഷപ്പ് ആണ്. ബിഷപ്പിന്റെ കൈയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിലേക്ക് സ്വത്തുക്കള്‍ മാറ്റപ്പെടുകയാണ്. ഈ ഭരണസമതിക്ക് തീരുമാനിക്കാം സ്വത്ത് വില്‍ക്കണോ വേണ്ടയോ എന്ന്. ഇത്തരമൊരു മാറ്റം വിശ്വാസികളെയും വികാരിമാരെയോ ഒരുതരത്തിലും ദോഷമായി ബാധിക്കുന്നില്ല. ഭാവിയില്‍ സര്‍ക്കാര്‍ ഈ സംവിധാനത്തില്‍ ഉള്ളില്‍ കടന്നു കൂടി അധികാരം പിടിക്കുമെന്നാണ് വിമര്‍ശനം. ഒരു സ്വകാര്യ ട്രസ്റ്റിന്റെ കാര്യത്തില്‍ സര്‍ക്കാരിന് എങ്ഹനെ ഇടപെടല്‍ നടത്താനാണ്? ഇടവക എന്നു പറഞ്ഞാല്‍ ഒരു ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. ഇതൊക്കെ മറച്ചുവച്ചുകൊണ്ട് ബിഷപ്പുമാര്‍ ചേര്‍ന്ന് വിശ്വാസികളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. വൈദികരെയും പറ്റിക്കുകയാണ്. നിലവില്‍ ഇടവ വികാരിക്ക് സ്വത്തിന്റെ കാര്യത്തില്‍ സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയില്ല. ബിഷപ്പിന്റെ അനുവാദം ചോദിക്കണം. ചര്‍ച്ച് ആക്ട് നിലവില്‍ വരുന്നതോടെ ഇടവക വികാരിക്ക് തീരുമാനം എടുക്കാം. അതും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കൂടെ അറിവോടെ. വൈദികന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനും കഴിയില്ല.

ചര്‍ച്ച് ആക്ട് നിലവില്‍ വരുന്നതോടെ ബിഷപ്പുമാര്‍ക്ക് ഇപ്പോള്‍ സ്വത്തുക്കള്‍ക്കു മേലുള്ള അധികാരം നഷ്ടപ്പെടും. ഭരണനിര്‍വഹണ ചുമതലയിലേക്ക് ഒതുങ്ങും. ഇപ്പോഴും ഇടവകകളില്‍ വികാരിയച്ചന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേ സംവിധാനം അധികാരമുള്ള ഒരു ഭരണസമിതിയായി മാറുന്നുവെന്നു മാത്രം. മൊത്തമായിട്ട് ഒരു സുതാര്യതയും അതിലൂടെ ഉണ്ടാകും. ഓരോ ഭരണസമിതിയിലും മൂന്ന് ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ ഉണ്ടായിരിക്കണം എന്നു നിയമം ആവശ്യപ്പെടുന്നുണ്ട്. ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ ഓഡിറ്റ് ചെയ്ത കണക്ക് ഒരു ചാര്‍ട്ടേഡ് അകൗണ്ടന്റിനെ കൊണ്ട് വീണ്ടും ഓഡിറ്റ് ചെയ്യിക്കണം. ഇതിലൂടെ ഇപ്പോള്‍ നടന്നു വരുന്ന സാമ്പത്തിക തടപ്പികള്‍ ഇല്ലാതാക്കാന്‍ കഴിയും. ഒരു കോടി രൂപ മാത്രം കൈയിലുള്ള ഇടവക, പത്തുകോടിയുടെ പള്ളി പണിയാന്‍ തീരുമാനിക്കില്ല. വേണണെങ്കില്‍ ഇടവക്കാര്‍ അനുവദിക്കണം. ഇപ്പോള്‍ അങ്ങനെയല്ല വികാരിയച്ചനും ചിലരും കൂടി തീരുമാനം എടുത്ത് പള്ളി പണിയാന്‍ ഇത്ര കോടി വേണം എല്ലാവരും പണം തരണമെന്നു തീരമാനിക്കുന്നു. ഈ പണം നേരെ പോകുന്നത് ബിഷപ്പിന്റെ കൈവശവുമായിരിക്കും. എത്ര പിരിച്ചു, എത്ര ചെലവാക്കിയെന്നൊന്നും ആര്‍ക്കും ചോദിക്കാന്‍ കഴിയില്ല. ചര്‍ച്ച് ബില്‍ ഈ രീതികളൊക്കെ മാറ്റും. സഭയുടെ ഓരോ വിശ്വാസിക്കും ഇത് സ്വന്തം സ്വതത്താണെന്ന തോന്നല്‍ ഉണ്ടാകും. ഇത്തരത്തില്‍ സഭയ്ക്കുണ്ടാകുന്ന വലിയ ഗുണങ്ങളെ മറച്ച് വച്ച് സ്വന്തം അധികാരം നിലനിര്‍ത്താന്‍ വേണ്ടി ബിഷപ്പുമാര്‍ കൂടി ചേര്‍ന്ന് ചര്‍ച്ച് ബില്‍ നടപ്പില്‍ വരുന്നത് തടയണമെന്നു പറയുമ്പോള്‍ സാഹചര്യങ്ങള്‍ ഒന്നും പരിശോധിക്കാതെ അവര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ സഭ വിശ്വാസികളെയും സഭയേയും ചതിക്കുകയാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ സഭ സുതാര്യ സമിതിയുടെ പ്രതിനിധി ഷൈജു ആന്റണി ചൂണ്ടിക്കാണിക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍