കര്‍ദിനാള്‍ ആലഞ്ചേരി അതിരൂപത ഭരണതലവനായി തിരിച്ചെത്തിയതും സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍ വീട്ടിലിനെയും പുറത്താക്കിയതും സിറോ മലബാര്‍ സഭയില്‍ ചരിത്രത്തിലില്ലാത്ത വിധം ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് കാരണമായത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികള്‍ക്ക് അയവ് വരുത്താന്‍ അനുനയ നീക്കം നടക്കുന്നതായി സൂചന. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയുടെ ഭരണതലവനായി തിരിച്ചെത്തിയതും സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍ വീട്ടിലിനെയും പുറത്താക്കിയതും സിറോ മലബാര്‍ സഭയില്‍ ചരിത്രത്തില്‍ തന്നെ മുന്‍പില്ലാത്ത വിധം ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് കാരണമായത്. ബഹുഭൂരിപക്ഷം വൈദികരും ഈ പ്രതിഷേധത്തിന്റെ ഭാഗമാവുകയും കര്‍ദിനാളിനും സഭ നേതൃത്വത്തിനും എതിരേ പരസ്യമായ ഏറ്റുമുട്ടലിനും തയ്യാറാവുകയും ചെയ്തു.
വൈദികര്‍ക്ക് ഒപ്പം വിശ്വാസികളും വലിയ തോതില്‍ കൂടിയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങി തുടങ്ങി. ഇതോടെയാണ് അനുനയ നീക്ക സാധ്യതകള്‍ക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ അതിരൂപത ചുമതലകളില്‍ നിന്നും മാറ്റിയ സഹായമെത്രാന്മായിരുന്ന എടയന്ത്രത്തിനെയും പുത്തന്‍വീട്ടിലിനെയും ഇപ്പോഴത്തെ നിലപാടുകളില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇരുവരെയും ഏതെങ്കിലും വഴി സമാധാനിപ്പിച്ചാല്‍ ഇപ്പോഴുള്ള പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാനാകുമെന്നും സഭ നേതൃത്വം കരുതുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്ഥിരം സിനഡിലാണ് വിട്ടുവീഴ്ച്ചകള്‍ കൊണ്ടേ ഇപ്പോഴത്തെ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയൂ എന്ന നിലപാട് ഉരുത്തിരിഞ്ഞത്. സമവായമോ അനുനയമോ ഉണ്ടാകാത്ത പക്ഷം വൈദികരും വിശ്വാസികളും സംഘടിതമായി ആരംഭിച്ചിരിക്കുന്ന പ്രതിഷേധങ്ങള്‍ ഇടവകകളിലേക്ക് വ്യാപിക്കുകയും ഇത് കര്‍ദിനാള്‍ പക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്നും മുന്നില്‍ കണ്ടാണ് പുതിയ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്.
പ്രതിഷേധം തടയാനുള്ള ആദ്യശ്രമമെന്ന നിലയില്‍ ഫെറോന പള്ളി വികാരമാരുടെ യോഗം ചേരാനാണ് ധാരണ. വികാരി ജനറാള്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാകും ചര്‍ച്ചയില്‍ വരികയെന്നാണ് വിവരം. എന്നാല്‍ ചര്‍ച്ച എത്രത്തോളം വിജയമാകുമെന്നതിലാണ് സംശയം. കാരണം, കഴിഞ്ഞ ദിവസം റിന്യൂവല്‍ സെന്ററില്‍ കൂടിയ വൈദികരുടെ പ്രതിഷേധ യോഗത്തില്‍ ഫെറോന വികാരിമാരില്‍ ഭൂരിപക്ഷവും പങ്കെടുത്തവരാണ്. അന്നത്തെ യോഗത്തിലെ പ്രധാനതീരുമാനങ്ങളിലൊന്ന് ഇടവകകളിലും പാരിഷ് കൗണ്‍സിലുകളിലും കര്‍ദിനാളിന് അതിരൂപത ഭരണം തിരികെ നല്‍കിയതിനും സഹായമെത്രാന്മാരെ പുറത്താക്കിയതിനും എതിരെ വൈദിക യോഗം പാസാക്കിയ പ്രമേയം അവതരിപ്പിച്ച് അംഗീകരം വാങ്ങുക എന്നത്. ഇത് നടന്നുവരുന്നുമുണ്ട്. നിരവധി ഇടവകകളില്‍ പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്. പാരീഷ് കൗണ്‍സിലുകളിലും പ്രമേയം പാസാക്കി വരികയാണ്.
അടുത്ത ദിവസങ്ങളില്‍ തന്നെ എല്ലായിടത്തു നിന്നും പ്രമേയത്തിന് അംഗീകരം നേടിയ ശേഷം സിനഡിനും മാര്‍പാപ്പയ്ക്കും സമര്‍പ്പിക്കാനും വൈദികര്‍ തീരുമാനിച്ചിരിക്കുകയാണ്. അങ്ങനെ സംഭവിക്കുന്നത് കര്‍ദിനാള്‍ പക്ഷത്തിന് വലിയ തിരിച്ചടിയുണ്ടാക്കും. അതൊഴിവാക്കുകയെന്നതാണ് അവരുടെ ഉദ്യമം. വൈദികരുടെ മാത്രം എതിര്‍പ്പല്ല നേരിടേണ്ടി വരുന്നതെന്നും കര്‍ദിനാള്‍ പക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. വിശ്വാസികളും കടുത്ത എതിര്‍പ്പിലാണ്. വിവിധ അല്‍മായ സംഘടനകള്‍ വൈദികര്‍ക്കൊപ്പം നിന്നുകൊണ്ട് കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ ശക്തമായ പ്രതിഷേധത്തിന് തയ്യാറാവുകയാണ്. നാളെ(ഞായറാഴ്ച്ച) വിവിധ അല്‍മായ സംഘടനകള്‍ എറണാകുളത്ത് യോഗം ചേരുന്നുണ്ട്. അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ഈ പ്രതിഷേധങ്ങളെല്ലാം തണുപ്പിക്കണമെങ്കില്‍ പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചു കൊണ്ടുവരികയെന്നതാണ് വഴിയെന്നും സിനഡ് ചര്‍ച്ച ചെയ്തതായി വിവരമുണ്ട്. ആലഞ്ചേരിയുടെ മടങ്ങി വരവിനെക്കാള്‍ വൈദികരെ അസ്വസ്ഥരാക്കിയിരിക്കുന്നത് തങ്ങളുടെ കൂടെയുണ്ടായിരുന്ന രണ്ടു മെത്രാന്മാരെ അതിരൂപ ആസ്ഥാനത്ത് നിന്നും പുറത്താക്കിയ രീതിയാണ്. ആലഞ്ചേരിയുടെ പ്രതികാര നടപടിയായാണ് അവരിതിനെ കാണുന്നത്. വത്തിക്കാനില്‍ നിന്നും തനിക്ക് അതിരൂപത ഭരണ ചുമതല തിരികെ നല്‍കി കൊണ്ടുള്ള ഉത്തരവ് കിട്ടിയെന്നു പറഞ്ഞ് രാത്രിയില്‍ തന്നെ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ എത്തുകയും ആ രാത്രി തന്നെ സഹായമെത്രാന്മാരെ ചുമതലയില്‍ നിന്നും ഒഴിവാക്കിയാതായി അറിയിച്ച് പുറത്താക്കിയതും വൈദികരെ രോഷാകുലരാക്കിയിരുന്നു. ഭൂമികുംഭകോണ കേസിലും വ്യാജരേഖ കേസിലും കര്‍ദിനാളിനെതിരേ നിലപാട് എടുത്തവരായിരുന്നു സഹായമെത്രാന്മാരായിരുന്ന സെബാസറ്റിയന്‍ എടയന്ത്രത്തും ജോസ് പുത്തന്‍വീട്ടിലും.
വത്തിക്കാന്‍ നിര്‍ദേശം അനുസരിച്ച് അടുത്ത മാസം ചേരുന്ന സിനഡില്‍ സഹായമെത്രാന്മാരുടെ പുതിയ ചുമതലകള്‍ ഏതെന്നാ കാര്യത്തില്‍ തീരുമാനം എടുക്കാനാണ് പറഞ്ഞിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അതുവരെ കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകുന്നതോ, അതല്ലെങ്കില്‍ സഹായമെത്രാന്മാര്‍ക്ക് വിരുദ്ധമായൊരു തീരുമാനം സിനഡില്‍ എടുക്കുന്നതോ സ്ഥിഗതികള്‍ കൂടുതല്‍ വഷളാക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സഹാമെത്രാന്മാരുടെ കാര്യത്തില്‍ എല്ലാവര്‍ക്കും യോജിപ്പിലെത്താവുന്നൊരു തീരുമാനം കൈക്കൊള്ളണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിനഡില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.
അതേസമയം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമവായ നീക്കങ്ങളോട് അത്രകണ്ട് അനുകൂലമായല്ല പ്രതികരിച്ചതെന്നും സൂചനയുണ്ട്. ഭൂമി വിവാദത്തിലും വ്യാജരേഖ കേസിലും തനിക്ക് എതിരെ നിന്നവര്‍ക്കെതിരേ കടുത്ത നടപടികള്‍ തന്നെ വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. എന്നാല്‍ അത്തരം പിടിവാശികള്‍ കാര്യങ്ങള്‍ വഷളാക്കുമെന്നാണ് അദ്ദേഹത്തിനൊപ്പം ഉള്ളവര്‍ തന്നെ ഉപദേശിക്കുന്നത്. ഓഗസ്റ്റിലെ സിനഡില്‍ അച്ചടക്ക നടപടി പോലുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാമെന്നു പറഞ്ഞാണ് ഇവര്‍ കര്‍ദിനാളിനെ ആശ്വസിപ്പിക്കുന്നത്.
അതേസമയം തന്നെ അതിരൂപതയ്ക്ക് ഒരു സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് വേണമെന്ന വൈദികരുടെ ആവശ്യത്തിന് അനുകൂലായി ചില ബിഷപ്പുമാരും നില്‍ക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. നിഷ്പക്ഷരായി നില്‍ക്കുന്നവരും രാജ്യത്തിനു പുറത്ത് സേവനം അനുഷ്ഠിക്കുന്നവരുമായ മുതിര്‍ന്ന ബിഷപ്പുമാരില്‍ ആരെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പായി വരുന്നതിലാണ് ഇവര്‍ താത്പര്യപ്പെടുന്നത്. കര്‍ദിനാള്‍ പക്ഷം ഇങ്ങനെയൊരു നിയമനത്തെ ശക്തമായി എതിര്‍ക്കുമെങ്കിലും ഭൂരിപക്ഷാഭിപ്രായം പരിഗണിക്കപ്പെടണമെന്നാണ് വൈദികരുടെ ആവശ്യം. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്നയാളെ സിറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി വാഴിക്കുന്നതാണ് പരമ്പരാഗത വഴക്കം. എന്നാല്‍ പുറം രൂപതയില്‍ നിന്നുള്ളവര്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി വരുന്നതിനെതിരേ അതിരൂപതയില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് കാലങ്ങളായി തുടരുന്നതാണ്. തങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ള ഒരാള്‍ തന്നെ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പാവുകയും തങ്ങളുടെ അതിരൂപതയെ സ്വതന്ത്രമാക്കി നിര്‍ത്തുകയും ചെയ്യുക എന്നാവിശ്യവും അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് എന്ന തസ്തികയിലൂടെ വൈദികര്‍ മുന്നില്‍ കാണുന്നുണ്ട്.
സിനഡ് ആണ് ഈ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ആലഞ്ചേരി പക്ഷത്തിന് സ്വാധീനമുള്ള സിനഡില്‍ മറിച്ചൊരു തീരുമാനം വരുമോ എന്നാണ് അറിയേണ്ടത്. അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് എന്ന ആവശ്യത്തില്‍ എന്തായാലും ഓഗസ്റ്റ് 19 മുതല്‍ 30 വരെ നടക്കുന്ന സിനഡില്‍ ചര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പാണ്. ഫലം എന്താകുമെന്നതില്‍ മാത്രമാണ് സംശയം.