UPDATES

മഠം ‘അതിന്’ പറ്റുന്ന ഇടമായി മാറി; സമരം ചെയ്ത കന്യാസ്ത്രീകളെ പുറന്തള്ളാനുള്ള സമരനീക്കവുമായി സഭാസംഘടന

കന്യാസ്ത്രീകളെ കുറുവിലങ്ങാട് മഠത്തില്‍ നിന്ന് പുറത്താക്കണമെന്നും മഠം അടച്ചുപൂട്ടണമെന്നും കാത്തലിക് ഫെഡറേഷന്‍

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെയും അവരുടെ നീതിക്കായി സമരം ചെയ്ത അഞ്ച് കന്യാസ്ത്രീകളേയും കുറുവിലങ്ങാട് മഠത്തില്‍ നിന്ന് പുറത്താക്കണമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. സ്ഥലംമാറ്റം ലഭിച്ച ആറ് കന്യാസ്ത്രീകളും അനധികൃതമായി മഠത്തില്‍ കഴിയുകയാണെന്നാണ് ആരോപണം. സേവ് അവര്‍ സിസ്റ്റേഴ്സ് (എസ് ഒ എസ്) ആക്ഷന്‍ കൗണ്‍സില്‍ രണ്ടാംഘട്ട സമരത്തിന് തയ്യാറെടുത്താല്‍ കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് പുറന്തള്ളണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങുമെന്നാണ് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികളുടെ ഭീഷണി.

സമരത്തിനുള്ള തീരുമാനം അറിയിക്കുന്നതിനൊപ്പം കന്യാസ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച് ഫെഡറേഷന്‍ ഭാരവാഹി. കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് പുറത്താക്കണമെന്നും മഠം അടച്ചുപൂട്ടണമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് പി പി ജോസഫ് അഴിമുഖത്തോട് പറഞ്ഞു. കന്യാസ്ത്രീകള്‍ സഭയ്ക്ക് അപമാനമാണെന്നും മഠം ‘അതിന്’ പറ്റുന്ന സ്ഥലമായി മാറിയെന്നും ജോസഫ് പ്രതികരിക്കുന്നു.

‘കന്യാസ്ത്രീകളുടെ സമരം ഞങ്ങള്‍ അംഗീകരിക്കുന്നു. കുറ്റാരോപിതനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം, ജയിലിലിടണം എന്നായിരുന്നു കന്യാസ്ത്രീകളുടെ സമരം. ആ സമരത്തിന്റെ ഉദ്ദേശം നടന്നു. പിന്നെ എന്തിനാണ് രണ്ടാമത്തെ സമരം എന്ന് അറിയില്ല. എസ് ഒ എസ് രണ്ടാംഘട്ട സമരം തുടങ്ങിയാല്‍ കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് പുറന്തള്ളാന്‍ കാത്തലിക് ഫെഡറേഷന്‍ സമരത്തിനിറങ്ങും. പീഡനത്തിനിരയായ കന്യാസ്ത്രീയെയും സമരം ചെയ്ത അഞ്ച് കന്യാസ്ത്രീകളേയും നേരത്തെ തന്നെ സ്ഥലം മാറ്റിയതാണ്. എന്നാല്‍ അവര്‍ സ്ഥലംമാറ്റ ഉത്തരവ് സ്വീകരിക്കാതെ കുറുവിലങ്ങാട് മഠത്തില്‍ തുടരുകയാണ്. യഥാര്‍ഥത്തില്‍ മഠം സഭാവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. സാധാരണ കന്യാസ്ത്രീകളുടെ ജോലി എന്ന് പറയുന്നത് കുഷ്ഠരോഗികളെ പരിരക്ഷിക്കുക, പാവങ്ങള്‍ക്കായി സേവനം ചെയ്യുക എന്നതൊക്കെയാണ്. ഇവര്‍ അതൊന്നും ചെയ്യാതെ സഭയ്ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. സമൂഹത്തിനും സഭയ്ക്കും ഒരുപകാരവുമില്ലാത്ത ഒരു മഠം സഭയ്ക്ക് ആവശ്യമില്ല. അതുകൊണ്ട് തന്നെ മഠം അടച്ചുപൂട്ടണമെന്നാണ് ഞങ്ങളുടെ ആവശ്യം. വെളുപ്പിന് രണ്ട് മണി വരെയൊക്കെ പോലീസുകാര്‍ അന്വേഷണത്തിനും പരിശോധനക്കുമായി എത്തുന്നുണ്ടെന്നാണ് മദര്‍ സുപ്പീരിയര്‍ വരെ പറഞ്ഞത്. ‘അതിന്’ പറ്റിയ സ്ഥലമായി മഠം മാറിയിരിക്കുന്നു. ഇത് പലരും പറയുന്നുമുണ്ട്. സോഷ്യല്‍ മീഡിയയിലൊക്കെ അത്തരത്തിലുള്ള കാര്യങ്ങളാണ് ആളുകള്‍ പറയുന്നത്. ഇത്തരത്തില്‍ സഭയ്ക്ക് അപമാനമുണ്ടാക്കിയ കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടത്.

സഭയുടെ നിയമാവലി അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ് കന്യാസ്ത്രീകള്‍. അവര്‍ അതില്‍ നിന്ന് മാറിയിരിക്കുന്നു. രാവിലെ മുതല്‍ രാത്രി വരെ ഒന്നും ചെയ്യാതെ സഭാ വിരുദ്ധ പ്രവര്‍ത്തനം മാത്രം തുടരുന്ന കന്യാസ്ത്രീകളെക്കൊണ്ട് വിശ്വാസ സമൂഹത്തിന് എന്താണ് ഗുണം? ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും വിശ്വാസികളായി ഇവിടെ ജീവിക്കണം. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ ഒരിക്കല്‍ സഭാവസ്ത്രം ഊരിവച്ച് വീട്ടില്‍ പോയവരാണ്. പോയി നാലഞ്ച് ദിവസം കഴിഞ്ഞ് മാനസാന്തരമുണ്ടായി തിരിച്ചുവന്നതാണ്. എന്ത് മാനസാന്തരമാണുണ്ടായതെന്നറിയില്ല. തനിക്ക് പീഡനം സഹിക്കാന്‍ പറ്റാത്തതുകൊണ്ട് വീട്ടില്‍ പോവുകയാണെന്ന് അന്ന് പറഞ്ഞിട്ട് പോയിരുന്നെങ്കില്‍ എത്ര സുന്ദരമായേനെ കാര്യങ്ങള്‍? അത് ചെയ്തില്ലല്ലോ അവര്‍. അതുപോലെ തന്നെയാണ് സമരത്തിനിറങ്ങിയ രണ്ട് മൂന്ന് കന്യാസ്ത്രീകളും. എപ്പോ വേണമെങ്കിലും സഭാവസ്ത്രമുപേക്ഷിക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവരാണ് അവര്‍. ഇപ്പോള്‍ എന്തായാലും ഞങ്ങള്‍ അനങ്ങുന്നില്ല. പക്ഷെ സമരവുമായി അവര്‍ ഒരു ചുവടെങ്കിലും മുന്നോട്ട് വച്ചാല്‍ അനധികൃതമായി കുറുവിലങ്ങാട്ടെ മഠത്തില്‍ താമസിക്കുന്ന കന്യാസ്ത്രീകളെ പുറത്താക്കണമെന്ന് നിയമപരമായി ആവശ്യപ്പെടുന്നതിനൊപ്പം മാര്‍ച്ചും പ്രതിഷേധ സമരങ്ങളും നടത്തും. കന്യാസ്ത്രീകള്‍ മൂന്ന് വ്രതങ്ങളാണ് പാലിക്കേണ്ടത്. ഒന്ന്, അനുസരണം, രണ്ട്, സന്യാസം, മൂന്ന്, ദാരിദ്ര്യം. ഇതില്‍ ആദ്യത്തേത് തന്നെ തെറ്റിച്ചവരാണ് ആ കന്യാസ്ത്രീകള്‍’

സമരസമിതിയും വനിതാ പ്രവര്‍ത്തകരും ഞായറാഴ്ച എറണാകുളത്ത് ചേര്‍ന്ന യോഗത്തിന് ശേഷം കന്യാസ്ത്രീക്ക് പൂര്‍ണ നീതി ലഭിക്കുന്നതിനായി രണ്ടാംഘട്ട സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. പി സി ജോര്‍ജും കെ എം മാണിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സഭാ മേലധികാരികളും ബിഷപ് ഫ്രോങ്കോയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന് മുമ്പും ശേഷവും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തിലും ബിഷപ്പിനെ ന്യായീകരിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ ഇവരില്‍ നിന്നുണ്ടായത് ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിക്കുന്ന സഭാ അധികൃതരുടേയും രാഷ്ട്രീയ നേതാക്കളുടേയും നടപടികളില്‍ പ്രതിഷേധിച്ചാണ് രണ്ടാംഘട്ട സമരം ആരംഭിക്കുന്നത്. പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കാതെ പലവിധത്തിലുള്ള പ്രതിഷേധമാര്‍ഗങ്ങളിലൂടെ സമരം നയിക്കാനാണ് തീരുമാനമെന്ന് സമരസമിതി കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി പറഞ്ഞിരുന്നു.

കന്യാസ്ത്രീകളെ നേരിട്ട് സമരത്തിലിറക്കില്ലെന്നും ആവശ്യമെങ്കില്‍ മാത്രം അവര്‍ സഹകരിക്കുമെന്നുമാണ് സമരസമിതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഞായറാഴ്ച എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ കന്യാസ്ത്രീകളെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ ടീന പങ്കെടുത്തതാണ് ചങ്ങനാശേരി ആസ്ഥാനമായ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നത്.

പി സി ജോര്‍ജ്ജിനെ ഉപരോധിക്കും; ഇനി ഒരു നേതാവിനെയും ഒരു സ്ത്രീയെയും തെറി വിളിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി കന്യാസ്ത്രീ സമരം രണ്ടാം ഘട്ടത്തിലേക്ക്

കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം; മഠത്തിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കന്യാസ്ത്രീ

സഭ അന്നെന്നെ ഭ്രാന്തിയാക്കി; ഇന്ന് പിന്തുണയുമായി മറ്റ് കന്യാസ്ത്രീകള്‍; ഇത് ചരിത്രമുഹൂര്‍ത്തം

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍