UPDATES

ട്രെന്‍ഡിങ്ങ്

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍, കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന ഫാ. വട്ടോളി പുറത്തേക്ക്

കത്തോലിക്ക സഭയ്‌ക്കെതിരേ തിരിഞ്ഞ് വിശ്വാസികള്‍

ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പൗരോഹിത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പുറത്താക്കാന്‍ ഒരുങ്ങുകയും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആദരണീയനായി നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കത്തോലിക്ക സഭ നടപടിയില്‍ വിശ്വാസികള്‍ക്കിടയില്‍ നിന്നും രൂക്ഷപ്രതികരണങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസില്‍ നീതി കിട്ടണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്കൊപ്പം നിലകൊണ്ടതിന്റെ പേരില്‍ അഗസ്റ്റിന്‍ വട്ടോളിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നും ഉണ്ടായ ഈ നീക്കത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം രൂപംകൊള്ളുന്നതിനിടയിലാണ് തൃശൂര്‍ അതിരൂപത പുറത്തിറക്കിയ കലണ്ടറില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. സമരം ചെയ്യുന്നതും ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ ധിക്കരിക്കുന്നുവെന്നും ഫാ. വട്ടോളിക്കെതിരേ കുറ്റം കണ്ടെത്തുന്നവര്‍, ഒരു കന്യാസ്ത്രീയെ പലതവണ ബലാത്സംഗം ചെയ്യുകയും ആ കുറ്റത്തിന് അറസ്റ്റിലാവുകയും ജയില്‍വാസം അനുഭവിക്കേണ്ടിയും വന്ന ഒരു മെത്രാനെ ആഘോഷിക്കുന്നതിലെ ഔചിത്യം എന്താണെന്നാണ് ചോദ്യം.

കത്തോലിക്കസഭ എന്ന ഓണ്‍ലൈന്‍ പത്രം പുറത്തിറക്കിയ 2019 ലെ കലണ്ടറിലാണ് മാര്‍ച്ച് മാസത്തെ പേജില്‍ ഫ്രാങ്കോയുടെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം അടയാളപ്പെടുത്തിയാണ് ചിത്രം നല്‍കിയിരിക്കുന്നത്. ഫ്രാങ്കോയ്‌ക്കെതിരേ മിഷണറീസ് ജീസസ് കോണ്‍ഗ്രിഗ്രേഷനിലെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയതു മുതല്‍ സഭ മെത്രാനെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. പിന്നീട് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ തെരുവില്‍ എത്തുകയും പതിനാല് ദിവസത്തോളം സമരം നടത്തുകയും ചെയ്തതിന്റെ ഫലമായാണ് പൊലീസ് ആദ്യം സീകരിച്ച നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമാകുന്നതും ഫ്രാങ്കോയുടെ അറസ്റ്റിന് വഴി തെളിഞ്ഞതും. ഈ സമരത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഫാ. അഗസ്റ്റിന്‍ വട്ടോളി. എറണാകുളം-അങ്കമാലി അതിരൂപയില്‍ നടന്ന വിവാദമായ ഭൂമിയിടപാടിനെതിരേയും നിരന്തരം ശബ്ദം ഉയര്‍ത്തുകയും ക്രമക്കേട് നടന്ന ഭൂമിവില്‍പ്പനയില്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്ക് പങ്കുണ്ടെന്ന കാര്യം പുറത്തു കൊണ്ടുവരികയും ചെയ്ത ഫാ. വട്ടോളി സഭ നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു. ഇതിനു പിന്നാലെയാണ് കന്യാസ്ത്രീ സമരത്തില്‍ പങ്കാളിയായതും. പ്രസ്തുത വിഷയത്തില്‍ ഫാ. വട്ടോളി സഭ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു കണ്ടെത്തിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരേ നീക്കം തുടങ്ങിയിരിക്കുന്നത്.

ഫാ. വട്ടോളിക്കെതിരേ നിരത്തുന്ന കുറ്റങ്ങളില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നില്ല, ആരാധനയിലും കുര്‍ബാനയിലും ആര്‍ച്ച് ബിഷപ്പിനെ സ്മരിക്കുന്നില്ല, പുരോഹിതന്‍ എന്ന നിലയില്‍ വിശ്വാസികള്‍ക്കിടയില്‍ സ്വീകാര്യത നഷ്ടപ്പെടുത്തി, പൊതുസമൂഹത്തിനു മുന്നില്‍ സഭയെ അപമാനിക്കുന്ന തരത്തില്‍ പ്രകടനങ്ങളും സമരങ്ങളും ചെയ്യുന്നു. അവിശ്വാസികള്‍ക്കും തീവ്രസ്വഭാവാക്കര്‍ക്കുമൊപ്പം ചേര്‍ന്ന് സഭയേയും മതത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നിവയുണ്ട്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടിയല്ല നല്‍കുന്നതെങ്കില്‍ ഫാ. വട്ടോളിയെ പൗരോഹിത്യ വേലയില്‍ നിന്നും പുറത്താക്കുമെന്നാണ് ഭീഷണി. ഇത്ര ശക്തമായ നടപടിക്ക് ഫാ. വട്ടോളിയെ വിധേയനാക്കാന്‍ തയ്യറാകുന്ന സഭ തന്നെയാണ് ബലാത്സംഗക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ പിന്തുണയ്ക്കുന്നതും ഓരോ സാഹചര്യങ്ങളിലും അദ്ദേഹത്തെ കൂടുതല്‍ ആരാധ്യനാക്കി അവതരിപ്പിക്കുകയും ചെയ്യുന്നത്. ഈ വെരുദ്ധ്യമാണ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ വേളയില്‍ വന്‍ സ്വീകരണം നല്‍കിയതും കന്യാസ്ത്രീകളെ കൊണ്ട് തന്നെ അദ്ദേഹത്തിന് വരവേല്‍പ്പ് നല്‍കിയതും അധികാരസ്ഥാനങ്ങളില്‍ നിലനിര്‍ത്തുകയുമൊക്കെ ചെയ്ത് ഫ്രാങ്കോയ്ക്കുള്ള പിന്തുണ സഭ അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ് കലണ്ടറിലെ ഫോട്ടോ.

ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പുറത്താക്കുന്നതുള്‍പ്പെടെ എന്തെങ്കിലും ശിക്ഷാനടപടികള്‍ സ്വീകരിക്കുന്ന പക്ഷം വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വാസികള്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ പ്രസിദ്ധീകരിച്ച നടപടിയും സഭ നേതൃത്വത്തിനെതിരേ കൂടുതല്‍ എതിര്‍ശബ്ദങ്ങള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ഇതിനുള്ള തെളിവാണ് ഇരിങ്ങാലക്കുട സ്വദേശിയായ ജീസസ് ലാസറിന്റെ വാക്കുകള്‍.

ഇരിങ്ങാലക്കുട രൂപതക്ക് ഒരു തുറന്ന കത്ത്:

ബഹുമാനപെട്ട പോളി പിതാവേ, വികാരിയച്ചോ,

താഴെ കാണുന്ന ന്യൂസ്/സ്‌ക്രീന്‍ഷോട്ട് സത്യമാവാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഇനി ഫ്രാങ്കോന്റെ ഫോട്ടോ വെച്ച കലണ്ടര്‍ സത്യമാണെങ്കില്‍, സഭയും നേതൃത്വവും ഈ നിലയില്‍ തരം താഴരുത് എന്ന് അപേക്ഷിക്കുന്നു. ഇനി ഇതില്‍ ഒരു വീണ്ടു വിചാരത്തിന് സഭ മുതിരുന്നില്ല എന്നുണ്ടെങ്കില്‍, ദിലീപിന്റെയും, ശശിയുടെയും, സരിതയുടെയും, ലിസ്റ്റില്‍ ഉള്ള നേതാക്കളുടെയും കൂടി ഫോട്ടോ വെക്കണം എന്നൊരു അഭ്യര്‍ത്ഥന കൂടി ഉണ്ട്… അതാണ് ശരാശരി നിലവാരം.

ഇതു പിന്‍വലിച്ചില്ലെങ്കില്‍ പള്ളിയുടെ പേരും പറഞ്ഞു ഒരു സഭ പുണ്യാളനും, ഏറാന്‍ മൂളികളും എന്നെ വന്നു കാണാന്‍ (പള്ളി പെരുന്നാള്‍ പിരിവിന് ആയാലും, പ്രളയ സഹായത്തിനായാലും) ഉള്ള സാഹചര്യം ഉണ്ടാവരുത് എന്നും, അഥവാ അങ്ങനെ വന്നാല്‍ എനിക്ക് പറയാനുള്ളത് മുഖത്തു നോക്കി പബ്ലിക് ആയി പറയുമ്പോള്‍ വിഷമം വിചാരിക്കരുത് എന്നും ഓര്‍മിപ്പിക്കുന്നു. പിന്നെ ഏതെങ്കിലും പ്രസംഗത്തില്‍/ഇടയ ലേഖനത്തില്‍ ഇങ്ങേരെ ഇനിയും ന്യായീകരിക്കാന്‍ നിന്നാല്‍ പള്ളി ആണെന്നെന്നും നോക്കില്ല, പബ്ലിക് ആയി പള്ളിയില്‍ ഉറക്കെ ഇതിനെതിരെ പ്രതികരിക്കും എന്നും ഉറപ്പു തരുന്നു..സഭയില്‍ നിന്നും പുറത്താക്കുക ആണെങ്കില്‍, അപ്പന്റെ കല്ലറയുടെ ഇന്നത്തെ വില ആയ 1.5 ലക്ഷത്തില്‍ നിന്നും 50,000 എന്റെ വക ഫ്രാങ്കോന്റെ ഫോട്ടോ കലണ്ടറില്‍ നിന്നും മാറ്റാന്‍ ഉള്ള നഷ്ടത്തിലേക്ക് എടുത്ത് ബാക്കി 1 ലക്ഷം തന്നാല്‍ മതി.

ഈ പ്രതികരണത്തിന് കിട്ടുന്ന മറുപടികളില്‍ ഭൂരിഭാഗവും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുന്നതാണ്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിക്കു വേണ്ടി ശബ്ദം ഉയര്‍ത്താനും ഫ്രാങ്കോയെ സംരക്ഷിക്കുന്നതിനെ എതിര്‍ക്കാനും കൂടുതല്‍ ആളുകള്‍ സഭയില്‍ നിന്നുതന്നെ എത്തുമെന്ന സൂചനയാണ് കിട്ടുന്നത്.

Exclusive: ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി എന്ന പുരോഹിതനെ കത്തോലിക്ക സഭാ നേതൃത്വം കല്ലെറിയുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍