UPDATES

നിര്‍മല സദന്‍ സ്പെഷ്യല്‍ സ്കൂള്‍ അടച്ചുപൂട്ടരുത്; ആ കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും

കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് ഉപയോഗിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന സ്‌കൂളിന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഗ്രാന്റ് തുക ലഭിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം

മാനസിക ബുദ്ധിമുട്ടുളള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ നിര്‍മല സദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് ഉപയോഗിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന സ്‌കൂളിന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഗ്രാന്റ് തുക ലഭിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ്റ്റ് ആന്‍ഡ് എംപവര്‍മെന്റ് വകുപ്പില്‍ നിന്നും കിട്ടുന്ന ഗ്രാന്റ് കിട്ടായതോടെ അധ്യാപകരുടെ ശമ്പളം മുടങ്ങിയത് ഉള്‍പ്പെടെ സ്‌കൂളിന്റെ ദൈന്യംദിനപ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. 230- ഓളം കുട്ടികള്‍ പഠിക്കുന്ന നിര്‍മല സദന്‍ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്‌പെഷല്‍ സ്‌കൂളില്‍ പെട്ടതാണ്. അതുകൊണ്ട് തന്നെ സ്‌കൂള്‍ പൂട്ടാതിരിക്കാനാണ് തങ്ങള്‍ പരമാവധി ശ്രമിക്കുന്നതെന്നും കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യവും അതാണെന്നും പക്ഷേ സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാതെ വരുന്നതോടെ മറ്റു വഴികള്‍ ഇല്ലാതാവുകയാണെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ഒരു ചാരിറ്റി സ്ഥാപനം എന്ന നിലയില്‍ കുറച്ച് കന്യസ്ത്രീകള്‍ ചേര്‍ന്നാരംഭിച്ച നിര്‍മല സദന്‍ 1987 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റിന് അര്‍ഹമാണ്. ആ സമത്ത് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇത്തരം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് സഹായം കിട്ടിയിരുന്നില്ല. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്ന സമ്പ്രദായം ആരംഭിച്ചെങ്കിലും നിര്‍മല സദന്‍ കേന്ദ്രസഹായം സ്വീകരിക്കുന്നതിനാല്‍ ആ സ്ഥിതി തുടരുകയായിരുന്നു.

ആദ്യ കാലത്ത് ചെറിയ തുകയായിരുന്നെങ്കിലും സ്‌കൂളിന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ടു പോകുന്നതിന് അതു മതിയാകുമായിരുന്നു. പിന്നീട് കുട്ടികളുടെ എണ്ണം കൂടി കൂടി വന്ന് ഇപ്പോള്‍ 230-ഓളം പേരായി. ഇനിയും കുട്ടികള്‍ അഡ്മിഷന്‍ എടുക്കുകയാണ്. എന്നാല്‍ ഗ്രാന്റ് കിട്ടാതിരിക്കുന്നതോടെ കാര്യങ്ങള്‍ എല്ലാം കുഴയുന്നു. ഇടയ്ക്ക് ഗ്രാന്റ് കൃത്യമായി കിട്ടാതെ വരുമായിരുന്നു എങ്കിലും കുറച്ച് കഴിയുമ്പോള്‍ കുടിശ്ശിക തീര്‍ത്ത് തരും. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഗ്രാന്റ് ഇതുവരെ കിട്ടിയിട്ടില്ല. 2013-14 കാലത്ത് 25 ലക്ഷം അനുവദിച്ചതില്‍ 14 ലക്ഷം രൂപ തന്നു, 2015-16 ലും പകുതി തുക തന്നു. ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്നു പറഞ്ഞായിരുന്നു തുക തടഞ്ഞതെന്നായിരുന്നു ആദ്യം പറഞ്ഞത്. ഇപ്പോള്‍ തരാതിരിക്കുന്നതിന് അവര്‍ ഒരു കാരണവും പറയുന്നില്ല;” നിര്‍മല സദന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജാന്‍സ് അഴിമുഖത്തോട് പറഞ്ഞു.

"</p

ഈ കുട്ടികളെ വിട്ടുകളയുന്നതെങ്ങനെ
“ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയിലാണ് സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇനിയുമെത്ര നാള്‍ ഇങ്ങനെ പോകുമെന്നറിയില്ല. പക്ഷേ ഒരാള്‍ പോലും ഈ സ്‌കൂള്‍ അടച്ചുപൂട്ടേണ്ടി വരരുതേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. കുട്ടികള്‍ക്കു കാര്യങ്ങള്‍ മനസിലായി. അവര്‍ സങ്കപ്പെടുകയാണ്. സ്‌കൂള്‍ പൂട്ടുമോയെന്നാണ് അവര്‍ ഞങ്ങളോടു ചോദിക്കുന്നത്. മാതാപിതാക്കളും വിഷമത്തിലാണ്, തങ്ങള്‍ എന്തു ചെയ്തു തരണമെന്നാണ് അവര്‍ ചോദിക്കുന്നത്. തീരെ പാവപ്പെട്ടവരാണവരില്‍ ഭൂരിഭാഗവും. ഞങ്ങള്‍ക്ക് ശമ്പളം കിട്ടിയിട്ട് തന്നെ മാസങ്ങളായി. ഗ്രാന്റ് മുടങ്ങിയതോടെ പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. ആദ്യത്തെ ചില മാസങ്ങളില്‍ സിസ്റ്റര്‍മാര്‍ അവരുടെ കൈയില്‍ നിന്നും പണമെടുത്ത് ശമ്പളം തന്നിരുന്നു. ശമ്പളം കിട്ടാത്തതിന്റെയല്ല, ഈ കുഞ്ഞുങ്ങളെ കൈവിടേണ്ടി വരല്ലേ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന”- അധ്യാപിക രമ്യ രാജ് പറയുന്നു.

മിടുക്കരാണ് ഞങ്ങളുടെ കുട്ടികള്‍
“കേരളത്തില്‍ ഇന്നു പത്തു മുന്നൂറോളം സ്‌പെഷല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മല സദന്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സ്ഥിതി ഇങ്ങനെയായിരുന്നില്ല. കേരളത്തില്‍ ഇന്ന് നിര്‍മല സദന് അതിന്റേതായ പ്രാധാന്യം ഉണ്ട്. ഇവിടെ ഞങ്ങളുടെ കുട്ടികള്‍ പഠനത്തിനപ്പുറം കല, കായിക മേളകളില്‍ പങ്കെടുത്ത് രാജ്യത്തിനു തന്നെ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണ്. കൊച്ചിയില്‍ നടന്ന സ്പെഷല്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത് സ്വര്‍ണം ഉള്‍പ്പെടെ മെഡലുകള്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്‌പെഷല്‍ കലാമേളകളില്‍ നിര്‍മല സദന്‍ സ്ഥിരം ജേതാക്കളാകുന്നു. വിവിധ തലങ്ങളില്‍ ബൗദ്ധിക അപര്യാപ്തതകള്‍ ഉള്ള കുട്ടികളാണ് ഞങ്ങള്‍ക്കുള്ളത്. കലാപരിപാടികള്‍, കായികമത്സരങ്ങള്‍, സംഗീതം; അങ്ങനെ വിവിധ തലങ്ങളിലൂടെ അവരുടെ കഴിവുകള്‍ പുറത്തെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. കുട്ടികളില്‍ അതിന്റെ റിസള്‍ട്ട് കാണുന്നുണ്ട്. പഠനത്തിനും പുറമെ എക്‌സ്ട്രാ ആക്റ്റിവീറ്റീസുകളിലും അവര്‍ മികവ് കാണിക്കുന്നത് ഇങ്ങനെയാണ്. ആ കുട്ടികളുടെ ഭാവിയാണ് ഇ്‌പ്പോള്‍ അപകടത്തിലായിരിക്കുന്നത്“- രമ്യ പറയുന്നു.

"</p

“തീരെ പാവപ്പെട്ട കുടുംബത്തിലെ കുഞ്ഞുങ്ങളാണ് കൂടുതല്‍പേരും. ചെറിയൊരു വിഭാഗം മാതാപിതാക്കള്‍ക്കു മാത്രമാണ് സാമ്പത്തികമായി എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയൂ. ഹോസ്റ്റല്‍ സൗകര്യം കുട്ടികള്‍ക്ക് ഒരുക്കിയിട്ടുണ്ട്. അമ്പതോളം കുട്ടികളില്‍ പകുതിപ്പേര്‍ക്കും സൗജന്യമായാണ് താമസസൗകര്യം നല്‍കുന്നത്. ഭക്ഷണം എല്ലാവര്‍ക്കും സൗജന്യമാണ്. നിര്‍മലയുടെ കീഴില്‍ സ്‌കൂളുകളും കോളേജുകളുമെല്ലാം ഉണ്ടെങ്കിലും ഈ സ്‌കൂള്‍ തികച്ചും സൗജന്യമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ വരവ് ആയി ഒരു തുകയും കിട്ടുന്നില്ല. സ്‌കൂളിന് നല്ല കെട്ടിടങ്ങള്‍ ഉണ്ട്. അത് ആദ്യകാലത്ത് നിര്‍മിച്ചു നല്‍കിയതാണ്. ഇപ്പോള്‍ ഈ കെട്ടിടങ്ങള്‍ കണ്ട് പലരും ഞങ്ങളെ സംശയിക്കുകയാണ്. വാസ്തവം എന്തെന്നാല്‍ കുട്ടികളെ കൊണ്ടു വരുന്ന ബസുകളിലെ ഡ്രൈവര്‍മാര്‍ക്കു പോലും ശമ്പളം കൊടുത്തിട്ട് രണ്ടു മാസമായി. കാശ് കൂട്ടിക്കൊടുക്കാമോ എന്നവര്‍ ചോദിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ശമ്പളം കൊടുക്കാന്‍ പോലും കഴിയാതെയായത്. അധ്യാപകരുടെ കാര്യവും അങ്ങനെ തന്നെ. പക്ഷേ അവരെല്ലാം ഈ കുഞ്ഞുങ്ങള്‍ക്കു വേണ്ടി എല്ലാം സഹിക്കുകയാണ്. പക്ഷേ എത്രനാള്‍?” സിസ്റ്റര്‍ ജാന്‍സി ചോദിക്കുന്നു.

ഈ കുഞ്ഞുങ്ങളെ വിട്ട് ഞങ്ങളെങ്ങനെ പോകും?
“ആദ്യകാലത്ത് നിര്‍മല സ്‌കൂളില്‍ സിസ്റ്റര്‍മാര്‍ തന്നെയായിരുന്നു പഠിപ്പിക്കുന്നതിനായി ഉണ്ടായിരുന്നത്. പിന്നീടാണ് സ്‌പെഷല്‍ ബിഎഡ് കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളുമൊക്കെ വന്നതും അധ്യാപകര്‍ ഉണ്ടായതും. പക്ഷേ സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകരുടെ അവസ്ഥ മറ്റ് അധ്യാപകരില്‍ നിന്നും ഏറെ വ്യതസ്തമാണ്. ബിഎഡ് ഉള്ള അധ്യാപിക്ക് 6,900 രൂപയും ഡിപ്ലോമയുള്ളവര്‍ക്ക് 3,500 രൂപയുമാണ് സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകരുടെ ശമ്പളം. സര്‍ക്കാരുകള്‍ ഒരിക്കലും ഞങ്ങളുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തിയിട്ടില്ല. ഏറെ ഉത്തരവാദിത്വമുള്ള ജോലി തന്നെയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഒരുപക്ഷേ ഒരു സാധാരണ വിദ്യാലയത്തിലെ അധ്യാപകരെക്കാള്‍ ചുമതലകള്‍ ഞങ്ങള്‍ക്കുണ്ടായിട്ടും. ഇവിടെയിപ്പോള്‍ ഞങ്ങളുടെ ശമ്പളം തന്നെ മുടങ്ങിയിരിക്കുന്നു. പക്ഷേ മറ്റൊരിടത്തേക്ക് പോകാന്‍ തോന്നുന്നില്ല. ഈ കുട്ടികള്‍ മാത്രമാണതിനു കാരണം. ഒരു സാധാരണ വിദ്യാര്‍ത്ഥിയോടുള്ളതനേക്കാള്‍ കൂടുതല്‍ ആത്മബന്ധമാണ് ഇവരോട് തോന്നുക. അവര്‍ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഭാരമായി തീരാതെ വിജയമായി മാറുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വലുതാണ്. അതുകൊണ്ടു തന്നെയാണ് മുടങ്ങിയ ഗ്രാന്റ് ഞങ്ങള്‍ക്ക് തന്നു തുടങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.

2025 ഓടുകൂടി ഒരു കുടുംബത്തില്‍ ഇന്റലക്ച്വല്‍ ഡിസ്എബിലിറ്റിയോ ഓട്ടിസ്റ്റിക്കോ ആയ ഒരാളെങ്കിലും ഉണ്ടാകുമെന്നാണ് ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭരണകൂടങ്ങള്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ആകുലതയുണ്ടെങ്കില്‍ ഇനിയെങ്കിലും ഇതുപോലുള്ള കുട്ടികളുടെയും സ്‌പെഷല്‍ സ്‌കൂളുകളുടെയും കാര്യത്തില്‍ ശ്രദ്ധ ചെലുത്തി തുടങ്ങണം. നിര്‍മല സദനിലുള്ള കുട്ടികളില്‍ തന്നെ അവരുടെ മാതാപിതാക്കള്‍ ദിവസക്കൂലിക്കാരായവരാണ് കൂടുതലും. അന്നന്നത്തെ ദിവസം ജോലിക്കു പോയാലെ കുടുംബം കഴിയൂ. പക്ഷേ ഇത്തരം കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ അവര്‍ക്ക് അതിനു കഴിയണമെന്നില്ല. അതുകൊണ്ട് ഞങ്ങളുടേതുപോലുള്ള സ്‌കൂളില്‍ കുട്ടികളെ ആക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് വലിയൊരു ആശ്വാസം കൂടിയാണ്. സര്‍ക്കാരുകള്‍ മനുഷ്യത്വപരമായി ഇത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

"</p

സര്‍വശിക്ഷ അഭിയാന്‍ (എസ്എസ്എ) കീഴില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മെന്ററലി റിട്ടാര്‍ഡഡ് (എംആര്‍) ആയിട്ടുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കണമെന്നാണ് പറയുന്നത്. പക്ഷേ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു സ്‌പെഷല്‍ അധ്യാപകര്‍ ആയിരിക്കും ഉണ്ടാവുക. ഇവരുടെ സേവനം ആഴ്ചയില്‍ ഒരിക്കലാണ് കുട്ടികള്‍ക്ക് കിട്ടുന്നത്. അതുപോരാ, ദിവസേനയുള്ള പരിശീലനങ്ങള്‍ കിട്ടണം. സ്‌പെഷല്‍ സ്‌കൂളുകളില്‍ ആ രീതിയിലാണ് പഠനക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പക്ഷേ സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് കിട്ടുന്നത് അവഗണന മാത്രം”- രമ്യ പറയുന്നു.

എയ്ഡഡ് ആക്കാമെന്ന വാഗ്ദാനം മാത്രം
“100 കുട്ടികള്‍ വീതമുള്ള 32 സ്‌കൂളുകള്‍ എയ്ഡഡ് ആക്കാമെന്ന് ജയരാജ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇന്നീ ദിവസം വരെ അതിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും മാതാപിതാക്കളും അധ്യാപകരുമെല്ലാം ചേര്‍ന്ന് ധര്‍ണയും ഉപവാസവും നടത്തിയിരുന്നു. പക്ഷേ സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാട് പറഞ്ഞിട്ടില്ല. ചാരിറ്റിയായി പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥാപനങ്ങളൊക്കെ അങ്ങനെ തന്നെ മുന്നോട്ടുപോയാല്‍ പോരെ എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. ഇത്രയും കുട്ടികളും അവര്‍ക്കുള്ള സൗകര്യങ്ങളും അധ്യാപകരുടെ ശമ്പളവുമൊക്കെ താങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചാരിറ്റി സ്ഥാപനമായി മാത്രം നിന്നാല്‍ എങ്ങനെ കഴിയുമെന്ന് സര്‍ക്കാര്‍ മനസിലാക്കാതെ പോവുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് ഇനിയും സമരത്തിനിറങ്ങും. കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് സര്‍ക്കാരിന്റെ കീഴില്‍ ഒരു സ്‌പെഷല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നതുകൂടി ഓര്‍ക്കണം”- രമ്യ കൂട്ടിച്ചേര്‍ക്കുന്നു.

നിര്‍മല സദന്‍ അടച്ചുപൂട്ടരുത്; ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയെങ്കിലും
ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് സ്‌കൂളിന് ഗ്രാന്റ് നിലനിര്‍ത്താന്‍ വേണ്ടി മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമും തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഈ വിഷയത്തില്‍ ഇടപെടേണ്ടതെന്നു പറഞ്ഞൊഴിയാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമെങ്കിലും സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കുന്നതുള്‍പ്പെടെ, പല കാര്യങ്ങളും ഈ മേഖലയില്‍ ചെയ്തുകൊടുക്കാന്‍ ഇവിടെയുള്ള ഭരണാധികാരികള്‍ക്കും കഴിയുമെന്നതും ഓര്‍മിപ്പിക്കട്ടെ. അതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ഈ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉടന്‍ എടുക്കാനുള്ള നടപടികളും എല്ലാ മേഖലയില്‍ നിന്നും ഉണ്ടാകണം.

സ്‌കൂളിന് മുടങ്ങിയ ഗ്രാന്റ് കേന്ദ്രസര്‍ക്കാരില്‍ ലഭ്യമാകുന്നതിനു വേണ്ടി change.org യില്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്. നിരവധിപേര്‍ അനുകൂലമായി രംഗത്തു വരുന്നുണ്ട്. ഏതുവഴിയിലൂടെയെങ്കിലും ആ കുഞ്ഞുങ്ങളുട സന്തോഷം നിലനിര്‍ത്തണമെന്നാണ് സിസ്റ്റര്‍ ജാന്‍സിയും അധ്യാപിക രമ്യ രാജുമെല്ലാം ആഗ്രഹിക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍