UPDATES

കുമ്മനത്തിന്റെ തോല്‍വിക്ക് കാരണക്കാരനാക്കാന്‍ കാത്തിരുന്നവര്‍ക്കു മുന്നില്‍ കേന്ദ്രമന്ത്രിയെന്ന കരുത്തുമായി എത്തുന്ന വി മുരളീധരന്‍

കുമ്മനം രാജശേഖരനെ മിസോറാമിലേക്ക് ഗവര്‍ണറായി അയച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനുള്ള കരു നീക്കം മുരളീധരന്റെ ബുദ്ധിയില്‍ വിരിഞ്ഞ തന്ത്രമായിരുന്നുവെന്നാണ് അന്തപ്പുര സംസാരം

കേന്ദ്രത്തില്‍ മന്ത്രിപദത്തിലേക്ക് എത്തിയതോടെ കേരളത്തിലെ ബിജെപിക്കുള്ളില്‍ വി. മുരളീധരന്റെ സ്വാധീനം കൂടുതല്‍ ശക്തമാകും. പാര്‍ട്ടികകത്ത് നിലനില്‍ക്കുന്ന ശാക്തിക ചേരികളില്‍ അത് മാറ്റമുണ്ടാക്കുകയും ചെയ്യും. രണ്ടാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നും ഇടംനേടാന്‍ സാധിച്ചത് മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി. മുരളീധരനാണ്. സഹമന്ത്രിയാണെങ്കിലും അദ്ദേഹത്തിന് രണ്ട് പ്രധാന വകുപ്പുകളുടെ ചുമതലയും ലഭിച്ചിട്ടുണ്ട്. കൃത്യതയാര്‍ന്ന ചുവടുവെയ്പുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞതാണ് വി. മുരളീധരന് ഗുണം ചെയ്തത്. പടലപ്പിണക്കം ശക്തമായ സംസ്ഥാന നേതൃത്വത്തില്‍ വി. മുരളീധരന്റെ കരുത്ത് വരും നാളുകളില്‍ കൂടുതല്‍ ശക്തമാക്കുന്നതാണ് പുതിയ സ്ഥാനലബ്ദി.

സംസ്ഥാനത്തെ ആര്‍എസ്എസ്സിലെ ഒരു വിഭാഗത്തിനു മുരളീധരനോട് അത്രയ്ക്കു മമത ഇല്ലെങ്കിലും കേന്ദ്രത്തിലെ പ്രമുഖരായ ചില നേതാക്കളുമായുള്ള അടുപ്പമാണ് അദ്ദേഹത്തിന്റെ പടിപടിയായ ഉയര്‍ച്ചയ്ക്കു ഗുണമായതെന്നാണ് സൂചന. തന്നെയുമല്ല, സമീപ കാലത്ത് സംസ്ഥാന അധ്യക്ഷരായവരില്‍ പാര്‍ട്ടി്ക്ക് ഏറ്റവും അധികം പ്രതിച്ഛായ ഉണ്ടാക്കാനായത് വി. മുരളീധരന്റെ കാലത്താണെന്ന വിലയിരുത്തല്‍ പൊതുവിലുണ്ട്. ആര്‍എസ്എസ്സിന്റെ കേന്ദ്ര ആസ്ഥാനത്തും വി. മുരളീധരന് കാര്യമായ സ്വാധീനമുണ്ട്.

ഇക്കാര്യങ്ങളൊക്കെ മുന്നില്‍ കണ്ട് തിരുവനന്തപുരത്തെ പരാജയത്തിന്റെ ഉത്തരവാദിത്തം മുരളീധരന്റെ മേലെ വെച്ച് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് തടയിടാനുള്ള തന്ത്രങ്ങള്‍ വിരുദ്ധ ചേരിയുള്ളവരെല്ലാംവരും ചേര്‍ന്ന് രൂപപ്പെടുത്തുന്നതിനിടെയാണ് നിശബ്ദമായി അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് എത്തിയത്. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടതിനു കാരണം മുരളീധര വിഭാഗം അവിടെ വേണ്ടത്ര സജീവമാകാതിരുന്നതുകൊണ്ടാണെന്നും അവരെല്ലാം സ്വന്തം ഗ്രൂപ്പുകാരനായ കെ.സുരേന്ദ്രനുവേണ്ടി പത്തനംതിട്ടയിലേക്ക് പ്രവര്‍ത്തനങ്ങള്‍ക്കായി പോയെന്നുമൊക്കെയുള്ള ചര്‍ച്ച ഫലം വന്ന ദിവസം മുതല്‍ തന്നെ മുരളീധര വിരുദ്ധര്‍ പാര്‍ട്ടിക്കകത്ത് വളര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കത്തിലായിരുന്നു. പരാജയ കാരണം പരിശോധിക്കുന്നത് തന്നെ ഇത്തരം ഒരു ഉത്തരത്തിലേക്ക് എത്തുന്നതിനുവേണ്ടി ആണെന്നും സൂചനകള്‍ പുറത്തു വന്നിരുന്നു.

കേരളത്തില്‍ പാര്‍ട്ടി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാമിലേക്ക് ഗവര്‍ണറായി അയച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനുള്ള കരു നീക്കം മുരളീധരന്റെ ബുദ്ധിയില്‍ വിരിഞ്ഞ തന്ത്രമായിരുന്നുവെന്നാണ് അന്തപ്പുര സംസാരം. കേരളത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തി്ക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്ന കുമ്മനം രാജശേഖരന്‍ അന്ന് ആ ദൗത്യം ഏറ്റെടുത്തത് മനസില്ലാമനസ്സോടെയായിരുന്നുവെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു.

കുമ്മനം മാറുന്നതോടെ അധ്യക്ഷസ്ഥാനത്തേക്ക് സ്വന്തം ഗ്രൂപ്പുകാരനായ കെ. സുരേന്ദ്രനെ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ സംസ്ഥാനത്തെ ആര്‍എസ്എസ്സിലെ പ്രബല വിഭാഗത്തിന് അത് സ്വീകാര്യമല്ലാതെ വന്നതോടെ നീക്കം ഫലം കണ്ടില്ല. തുടര്‍ന്ന് അന്തമില്ലാതെ പോയ ചര്‍ച്ചകളില്‍ കുടുങ്ങി മാസത്തോളം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടന്നു. ഒടുവില്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ ആ സ്ഥാനത്തേയ്ക്ക് എത്തിക്കേണ്ടിയും വന്നു.

എന്നാല്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ അനുകൂലസാഹചര്യം മുതലെടുത്ത് ഒരിടത്തെങ്കിലും ജയിച്ചു കയറുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ പാര്‍ട്ടിയ്ക്കായില്ല. അതിനു പല കാരണങ്ങളുണ്ടെങ്കിലും പല തട്ടുകളിലായി നിന്ന നേതാക്കളും അവരെ കേന്ദ്രീകരിച്ച് രൂപപ്പെട്ട കൂറുമുന്നണികളും ഒക്കെ ലക്ഷ്യവേധിയായ പ്രവര്‍ത്തനത്തെ പിന്നോട്ടിച്ചതില്‍ പ്രധാനമെന്നാണ് പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്.

കുമ്മനത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചവര്‍ തന്നെ തിരുവനന്തപുരത്തെ തിരിച്ചടിക്കു വഴിവെച്ചുവെന്ന് വിശ്വസിക്കുന്നവര്‍ പാര്‍ട്ടിയിലേറെയുണ്ട്. കേവലം ഹൈന്ദവ നേതാവിനപ്പുറമുള്ള പ്രതിച്ഛായ ഇല്ലാത്ത കുമ്മനത്തെ മത്സരിപ്പിക്കുന്നതിലെ യുക്തിയില്‍ തന്നെ ആശങ്കപ്പെടുന്ന മറുപക്ഷവുമുണ്ട്. സംസ്ഥാനത്തെ ആര്‍എസ്എസ്സിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടെ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താനുള്ള കുമ്മനത്തിന്റെ പാഴായ നീക്കമെന്നു പലരും വിലയിരുത്തുന്നു.

ക്രൈസ്തവ സഭാംഗമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് അവസാന ഘട്ടംവരെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന് രണ്ടാമൂഴം ലഭിച്ചില്ല. അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കുക വഴി ലക്ഷ്യമിട്ട പ്രയോജനം ബിജെപിയ്ക്ക് സംസ്ഥാനത്ത് ഉണ്ടാക്കാനായില്ലെന്ന വിലയിരുത്തിലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് രണ്ടാമൂഴം നഷ്ടമായതെന്നാണ് സൂചന. കേരളത്തില്‍ ഒരു സീറ്റ് പോലും നേടാന്‍ സാധിക്കാതെ പോയതുമൂലമാണ് സംസ്ഥാനത്തിന്റെ പ്രാതിനിധ്യം വി. മുരളീധരനില്‍ മാത്രം ഒതുങ്ങിപ്പോയതും.

ഈ സാഹചര്യത്തില്‍ പ്രമുഖ വകുപ്പുകളുമായി കേന്ദ്രമന്ത്രിസഭയില്‍ വി. മുരളീധരന്‍ എത്തിയതോടെ കേരളത്തിലെ ബിജെപിക്കകത്ത് അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള ധ്രുവീകരണം കൂടുതല്‍ ശക്തമാകുകയാണ്. അത് പാര്‍ട്ടിക്കുള്ളില്‍ മുരളീധരനെ കൂടുതല്‍ കരുത്തനാക്കും. ദുര്‍ബലമായ പാര്‍ട്ടി ഗാത്രത്തിന്റെ കാവല്‍ക്കാരനായ പി.എസ്. ശ്രീധരന്‍ പിള്ളയോ, പി.കെ. കൃഷ്ണദാസ് പക്ഷമോ നിന്നേടം തന്നെ നഷ്ടമായ കുമ്മനം രാജശേഖരനോ തല്‍ക്കാലത്തേക്ക് എങ്കിലും വി.മുരളീധരന്റെ മേല്‍കോയ്മ അംഗീകരിക്കേണ്ടിവരും. എന്നാല്‍ ആരും അടങ്ങിയിരിക്കുമെന്ന് കരുതേണ്ടതില്ല.

അതേസമയം, ചാണക്യസമാന ബുദ്ധിയോടെ തന്ത്രങ്ങള്‍ മെനയുകയും കരുക്കള്‍ നീക്കുകയും ചെയ്യുന്ന അമിത് ഷായും മോദിയും കേരള കാര്യത്തില്‍ മനസ്സില്‍ എന്താണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നതാണ് പ്രധാന കാര്യം. പിന്നാക്ക സമുദായാംഗമായ മുരളീധരനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുമ്പോള്‍ കൂടുതല്‍ കണക്കുകൂട്ടലുകള്‍ അവര്‍ക്കുമുണ്ടാകും.

രണ്ടാം മോദി സർക്കാർ 100 ദിവസത്തിനുള്ളിൽ 46 പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ പൂട്ടുകയോ ചെയ്യും; തൊഴില്‍ നിയമങ്ങൾ മാറ്റും: നീതി ആയോഗ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍