UPDATES

ട്രെന്‍ഡിങ്ങ്

സംഘപരിവാര്‍ തീട്ടൂരങ്ങൾ കാസറഗോഡ് കേരള കേന്ദ്ര സർവ്വകലാശാല നടപ്പാക്കുന്ന വിധം; വിദ്യാർത്ഥികളും അദ്ധ്യാപകരും വേട്ടയാടപ്പെടുന്നു

കേരള കേന്ദ്ര സർവ്വകലാശാലയുടെ ഉന്നതാധികാര കേന്ദ്രങ്ങളെല്ലാം ഒരു സംഘപരിവാർ ലോബിയുടെ പിടിയിലാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഈ ആരോപണത്തെ ബലപ്പെടുത്തുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാനാകില്ല.

കാസറഗോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി വേട്ട പൊതുശ്രദ്ധയിലെത്തുന്നത് 2018 മാർച്ച് മാസത്തിൽ പാചകക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ വിദ്യാർത്ഥികൾ സമരത്തിനിറങ്ങിയപ്പോഴായിരുന്നു. നിലവിലുള്ള പാചകക്കാരെ പിരിച്ചുവിട്ട് ഭക്ഷണത്തിന്റെ ചുമതല സ്വകാര്യ ഏജൻസികൾക്കോ കരാറുകാർക്കോ നൽകാനായിരുന്നു സർവ്വകലാശാലയുടെ പദ്ധതി. ഇതിനെതിരെ വിദ്യാര്‍ത്ഥികൾ രംഗത്തുവന്നു. ഓരോ വിദ്യാർത്ഥിയും 5000 രൂപ വീതം ഭക്ഷണച്ചെലവിലേക്ക് നൽകണമെന്നായിരുന്നു സർവ്വകലാശാലയുടെ തീരുമാനം. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന സാമൂഹിക പശ്ചാത്തലമുള്ളവരാണ് വിദ്യാർത്ഥികളിലധികവും. ഇത്രയും ഉയർന്ന തുക ഭക്ഷണത്തിനു മാത്രമായി ചെലവഴിക്കുന്നത് സാധ്യമായ കാര്യമല്ലായിരുന്നു. സർവ്വകലാശാലയ്ക്ക് അറിയാത്തതല്ല ഇക്കാര്യങ്ങളൊന്നും. പിന്നെയെന്താണ് പാചകക്കാരെ പിരിച്ചുവിടാൻ പ്രേരണയായതെന്ന് സ്വാഭാവികമായും സംശയമുയർന്നു. വിദ്യാർത്ഥികൾ ആ വഴിക്കുള്ള അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന വലിയ അഴിമതികളും സ്വജനപക്ഷപാതവും സംബന്ധിച്ച വിവരങ്ങളാണ് ഈ അന്വേഷണത്തിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചത്.

വിവരാവകാശ നിയമപ്രകാരം വിദ്യാർത്ഥികൾ സമ്പാദിച്ച രേഖകളിൽ യുജിസി നിയമങ്ങൾ ലംഘിച്ച് നടത്തിയ നിയമനങ്ങൾ വെളിപ്പെടുകയുണ്ടായി. കേരള കേന്ദ്ര സർവ്വകലാശാലയ്ക്ക് യുജിസി അനുവദിച്ചിട്ടുള്ള കോൺട്രാക്ട് സ്റ്റാഫിന്റെ എണ്ണം 100 ആണ്. എന്നാൽ സർവ്വകലാശാല 195 കരാർ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും ഓഫീസ് അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ടെക്നിക്കൽ സ്റ്റാഫ് തുടങ്ങിയ തസ്തികകളിലാണ് നിയമിക്കപ്പെട്ടിട്ടുള്ളത്. ഏതാണ്ട് എഴുപത്തഞ്ചോളം പേർ ഇങ്ങനെ കയറിയിട്ടുണ്ട്. ഇങ്ങനെയൊരു നിയമനം യുജിസി നിയമങ്ങൾക്ക് വിരുദ്ധമാണ്.

കരാർ അടിസ്ഥാനത്തിൽ നിയമിക്കേണ്ട ജീവനക്കാരുടെ തസ്തികകളിൽ ഓഫീസ് അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ടെക്നിക്കൽ സ്റ്റാഫ്, ലീഗൽ അസിസ്റ്റന്റ് തുടങ്ങിയവ വരുന്നില്ല. പാചകക്കാർ, ഡ്രൈവർ, പ്യൂൺ എന്നിങ്ങനെ താഴ്ന്ന ഗ്രേഡിലുള്ള ജീവനക്കാരെ മാത്രമേ കരാർ അടിസ്ഥാനത്തിൽ നിയമിക്കാവൂ എന്നുണ്ട്. യുജിസി നിയമങ്ങളെ തകിടം മറിച്ചുള്ള ഈ നീക്കം അഴിമതിയും സ്വജനപക്ഷപാതവുമാണ് പാചകക്കാരെ പിരിച്ചുവിടാനുള്ള സർവ്വകലാശാലയുടെ തീരുമാനത്തിലേക്ക് നയിച്ചത്.

100 കരാർ നിയമനങ്ങൾ നടത്താൻ അനുമതിയുള്ള സർവ്വകലാശാല 195 നിയമനങ്ങൾ നടത്തിയതിനെ യുജിസി ചോദ്യം ചെയ്തു. ഇതോടെ പ്രശ്നത്തിലായ സർവ്വകലാശാല ആളുകളെ പിരിച്ചുവിട്ട് കാര്യങ്ങൾ ഒതുക്കിത്തീർക്കാൻ ശ്രമം തുടങ്ങി. ഈ നീക്കത്തിൽ ഇരകളായത് പാചകക്കാരാണ്. അതായത് യുജിസിയുടെ കരാർ നിയമന ചട്ടങ്ങൾ പ്രകാരം നിയമിക്കപ്പെടാൻ യഥാർത്ഥത്തിൽ അർഹതയുള്ള ആളുകൾക്കെതിരെ നടപടി വന്നു. നിയമവിരുദ്ധമായി നിയമിക്കപ്പെട്ടവരെ നിലനിർത്തി. അതിന്റെ ബാധ്യത വിദ്യാർത്ഥികളിലേക്ക് അടിച്ചേല്‍പ്പിക്കാനും ശ്രമമുണ്ടായി.

യുജിസിയുടെ കരാർ നിയമന ചട്ടങ്ങൾ ലംഘിച്ച് നിയമനങ്ങൾ നടത്തിയതിനു പിന്നിലെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മനസ്സിലാകണമെങ്കിൽ ആരൊക്കെയാണ് നിയമിക്കപ്പെട്ടിട്ടുള്ളതെന്ന് ശ്രദ്ധിച്ചാൽ മതി. വലിയൊരു വിഭാഗമാളുകൾ പ്രദേശത്തെ ആർഎസ്എസ്, ബിജെപി തുടങ്ങിയ സംഘപരിവാർ സംഘടനകളിലെ നേതാക്കളാണ്. വിദ്യാർത്ഥികൾ വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച നിയമന പട്ടികയെ ആധാരമാക്കി നടത്തിയ അന്വേഷണത്തിലും വിദ്യാർത്ഥികളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് അഴിമുഖത്തിന് ബോധ്യപ്പെട്ടത്.

എന്തുകൊണ്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനങ്ങൾ?

130 സ്ഥിരനിയമന തസ്തികകൾ യുജിസി സർവ്വകലാശാലയ്ക്ക് അലോട്ട് ചെയ്തിട്ടുണ്ട്. ഈ തസ്തികകളിൽ ഭൂരിഭാഗവും ഒഴിച്ചിട്ടിരിക്കുകയാണ് ഇപ്പോഴും. ഈ തസ്തികകൾ അലോട്ട് ചെയ്തിട്ടുണ്ട് എന്നിരിക്കെ അസിസ്റ്റന്റുമാരെ കരാരടിസ്ഥാനത്തിൽ നിയമിക്കാന്‍ സർവ്വകലാശാല തീരുമാനിച്ചതിലാണ് ദുരൂഹത. യുജിസിയുടെ എതിർപ്പ് വന്നപ്പോഴും താഴ്ന്ന തസ്തികകളിലുള്ളവരെ പിരിച്ചുവിട്ട് നിയമവിരുദ്ധമായി സർവ്വീസിലുള്ളവരെ നിലനിർത്തുകയാണ് ചെയ്തത്. ഇതിന്റെ കാരണം വളരെ ലളിതമാണ്. ഈ സ്ഥിരനിയമനങ്ങൾ നടപ്പാക്കണമെങ്കിൽ അതിന് ടെസ്റ്റുകളും മറ്റും നടത്തേണ്ടതായി വരും. യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടക്കുമ്പോൾ സംഘപരിവാർ അനുഭാവികളെ അകത്തെത്തിക്കുക എന്ന സർവ്വകലാശാലയുടെ ഉന്നതോദ്യോഗസ്ഥരുടെ ഉദ്ദേശ്യം നടക്കില്ല. ഇതാണ്

കരാർ നിയമനചട്ടങ്ങൾ ലംഘിച്ച് സർവ്വീസിൽ കയറിയവരെ പിരിച്ചുവിടാതെ നിയമപരമായി സാധുതയുള്ള നിയമനങ്ങൾ റദ്ദാക്കുന്നതിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളാണ് പിന്നീട് പകപോക്കൽ നടപടികൾക്ക് വിധേയമായ വിദ്യാർത്ഥികളിൽ ചിലർ.

വെക്കേഷൻ സമയത്ത് വിദ്യാർത്ഥികൾ സ്ഥലത്തില്ലാത്ത സമയത്ത് സർവ്വകലാശാലയിലെത്തി പോസ്റ്റര്‍ ഒട്ടിച്ചെന്നാരോപിച്ച് അഞ്ച് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും ഡിസ്മിസ് ചെയ്തു. സുബ്രഹ്മണ്യൻ, അഭിനന്ദ്, അവല്ലു റാമു, ശിൽപ, അലീന എന്നീ വിദ്യാർത്ഥികളെയാണ് ഡിസ്മിസ് ചെയ്തത്. രാത്രി, ഹോസ്റ്റലിൽ താമസിച്ചെന്നും വാർഡനെ തെറി വിളിച്ചെന്നും പോസ്റ്ററൊട്ടിച്ചെന്നുമെല്ലാമാണ് ആരോപണങ്ങൾ. ഇതിനെതിരെ വിദ്യാർത്ഥികൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. സംഭവം നടന്നെന്ന് സർവ്വകലാശാല ആരോപിക്കുന്ന സമയത്ത് ഹോസ്റ്റലിന് വാർഡൻ ഇല്ല. തങ്ങൾ കൊടുത്ത കൗണ്ടർ അഫിഡവിറ്റ് പ്രകാരം തന്നെ കേസ് കോടതിയിൽ നിലനിൽക്കില്ലെന്ന് സർവ്വകലാശാലയ്ക്ക് അറിയാമെങ്കിലും വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും കുറെക്കാലത്തേക്ക് പുറത്താക്കുക എന്ന പകപോക്കൽ നടപടി വിജയം കണ്ടു.

ഇതേ സമയത്തു തന്നെയാണ് ഇപ്പോൾ പുറത്താക്കപ്പെട്ടിട്ടുള്ള അഖിൽ താഴത്ത് എന്ന വിദ്യാർത്ഥിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് സർവ്വകലാശാലയെ വിദ്യാർത്ഥിക്കെതിരെ ഈ കടുത്ത നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്. താൻ തികച്ചും കാൽപ്പനികമായി എഴുതിച്ചേര്‍ത്ത, സർവ്വകലാശാലയെയോ രജിസ്ട്രാരെയോ മറ്റാരെയങ്കിലുമോ പരാമർശിക്കാതെ എഴുതിയ ഒരു പോസ്റ്റിനെ ആധാരമാക്കിയാണ് സസ്പെൻഡ് ചെയ്യാനായി സർവ്വകലാശാല ഉപയോഗിച്ചതെന്ന് അഖിൽ താഴത്ത് പറയുന്നു. ജൂൺ 25ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തുവെങ്കിൽ ഒരു മാസത്തോളം പിന്നീട്ട് ജൂലൈ 22നാണ് തന്നെ വാദം കേൾക്കാനായി വിളിച്ചതെന്ന് അഖിൽ ചൂണ്ടിക്കാട്ടി. അതായത്, വിദ്യാർത്ഥി കോടതിയിൽ പോകുകയാണെങ്കിൽ സർവ്വകലാശാലയ്ക്ക് അനുകൂലമായി വിധിവരാനിടയില്ലാത്ത ഒരു കേസ് പരമാവധി നീട്ടിക്കൊണ്ടു പോയി വിദ്യാർത്ഥിയുടെ പഠനം മുടക്കുക മാത്രമാണ് സർവ്വകലാശാലയുടെ ഉദ്ദേശ്യമെന്ന് സുവ്യക്തം. ഈയൊരു സെമസ്റ്റർ അഖിലിന് നഷ്ടമായി.

കുന്ദറും മാണിക്യവേലും: വിദ്യാർത്ഥി വിരുദ്ധരുടെ പാനൽ

എംഎസ്ഡബ്ല്യു വിഭാഗം തലവനായ മോഹൻ കുന്ദറിനെയാണ് അഖിൽ താഴത്തിനെതിരായ ആരോപണത്തിൽ അന്വേഷണ സമിതിയുടെ തലവനായി നിശ്ചയിച്ചത്. ഏറ്റവും വിദ്യാർത്ഥി വിരുദ്ധമായ നിലപാടുകളെടുത്ത് കാമ്പസ്സിൽ കുപ്രസിദ്ധി നേടിയയാളാണ് കര്‍ണാടകക്കാരനായ ഡോ. മോഹൻ കുന്ദർ എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇദ്ദേഹത്തിനൊപ്പം ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയറായ ഡോ. മാണിക്യവേൽ എന്ന അധ്യാപകനും സമിതിയിലുണ്ടായിരുന്നു. ഇരുവരും തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകിയില്ലെന്ന് അഖിൽ ആരോപിക്കുന്നു. കൂടാതെ മാപ്പെഴുതി നൽകാനും ഇവർ ആവശ്യപ്പെട്ടു. അഖിലിനെതിരായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു ഇരുവരുടെയും വാദം.

ചെയ്യാത്ത കുറ്റത്തിന് മാപ്പെഴുതി നൽകാൻ കഴിയില്ലെന്ന് അഖിൽ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിധാരണയുണ്ടാകാൻ ഇടവരുത്തിയതിൽ ക്ഷമ ചോദിക്കാൻ അഖിൽ തയ്യാറാവുകയും ചെയ്തു. എന്നാൽ തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് എങ്ങനെയെങ്കിലും എഴുതി വാങ്ങുകയായിരുന്നു കുന്ദറിന്റെയും മാണിക്യവേലിന്റെയും ലക്ഷ്യമെന്ന് അഖിൽ പറയുന്നു. ഇതുവഴി തനിക്കെതിരെ ശക്തമായ തെളിവ് സംഘടിപ്പിച്ച് സർവ്വകലാശാലയിൽ നിന്നും പുറത്താക്കുകയായിരുന്നു ലക്ഷ്യം.

സസ്പെന്‍ഷന്‍ ഉത്തരവ് കൈപ്പറ്റിക്കൊണ്ട് അഖില്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു; “എന്നെ പുറത്താക്കിയതിലും വലിയ കുറ്റകരവും ക്രൂരവും ഹിംസാത്മകവുമായ പ്രവൃത്തികൾ യൂണിവേഴ്സിറ്റി അധികാരികളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഹോസ്റ്റൽ കെയർ ടേക്കറായിരുന്ന സന്ദീപേട്ടനെ പിരിച്ചുവിട്ടത് … അദ്ദേഹം ഹോസ്റ്റലിൽ എല്ലാ കാര്യങ്ങളും കൃത്യമായി നടത്തിയിരുന്ന വളരെ ഉത്തരവാദിത്വവും സ്നേഹവും സൗഹൃദവുമുണ്ടായിരുന്ന ആളായിരുന്നു. അദ്ദേഹത്തെ അകാരണമായി പിരിച്ചു വിട്ട് അവിടെ രാഷ്ട്രീയ നിയമനം നടത്തി. അദ്ദേഹത്തിന് വേണ്ടി ആരും ചോദിച്ചിട്ടില്ല. സ്വജനപക്ഷപാതപരമായി നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ സംരക്ഷിച്ച് നിർത്തി യൂ. ജി. സി യുടെ കണ്ണിൽ പൊടിയിട്ട് ഹോസ്റ്റലിലെ സാധുക്കളായ പ്രകാശേട്ടനും രാജേട്ടനുമടക്കം പതിനഞ്ചുപേരെ പിരിച്ചുവിട്ടത് വിദ്യാർത്ഥി വിരുദ്ധവും അതിലുപരി മനുഷ്യത്വ രഹിതവും ഭീകരമായ കളവും ചതിയുമായിരുന്നു. യൂണിവേഴ്സിറ്റിയിൽ പ്രവൃത്തിക്കുന്ന സ്റ്റാഫുകളിൽ നാൽപതിൽപരം ഓഫീസ് സ്റ്റാഫുകളും യൂ. ജി. സി ചട്ടങ്ങളെ അട്ടിമറിച്ച് ഔട്ട് സോഴ്സ്ഡായി നിയമിക്കപ്പെട്ടവരാണ്. ഇവരെല്ലാം ബി ജെ പി – ആർ എസ് എസ് രാഷ്ട്രീയമുള്ള ആളുകളാണ്. ഇത് കൂടാതെ സെക്യൂരിറ്റിയിലും ക്രിമിനൽ കേസുകളുള്ള പൊള്ളക്കട സുരേഷിനെ പോലുള്ള ബി ജെ പി പ്രവർത്തകരുണ്ട്. ഇതെല്ലാം തന്നെ സാമൂഹ്യ ദ്രോഹ നടപടികളും അപനിർമ്മിതി പ്രവർത്തനങ്ങളുടെ ഭാഗവുമാണ്.”

നേരത്തെ നാഗരാജു എന്ന ദളിത് വിദ്യാർത്ഥി ഫയർ അലാമിന്റെ ഗ്ലാസ് പൊട്ടിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലും ഇതേ തന്ത്രമാണ് കുന്ദറും മാണിക്യവേലും ഉപയോഗിച്ചത്. ഇരുവരുടെയും മാനസിക പ്രക്ഷാളനങ്ങൾക്ക് വഴങ്ങിയ നാഗരാജു താൻ തെറ്റുകാരനാണെന്ന് എഴുതി നൽകി. ഇങ്ങനെ ചെയ്താൽ നടപടിയിൽ നിന്നും ഒഴിവാക്കി വിടാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഈ കുറ്റസമ്മതം പൊലീസിന് കൈമാറി നാഗരാജുവിനെ അറസ്റ്റ് ചെയ്യിക്കുകയാണ് ഇവർ ചെയ്തത്.

സർവ്വകലാശാലയിലെ സംഘപരിവാർ ലോബി പ്രവർത്തിക്കുന്നതെങ്ങനെ?

കേരള കേന്ദ്ര സർവ്വകലാശാലയുടെ ഉന്നതാധികാര കേന്ദ്രങ്ങളെല്ലാം ഒരു സംഘപരിവാർ ലോബിയുടെ പിടിയിലാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഈ ആരോപണത്തെ ബലപ്പെടുത്തുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാനാകില്ല. പ്രൊഫസർ എസ്‌വി ശേഷഗിരി റാവു എന്ന ചാൻസലറിൽ നിന്നു തന്നെ തുടങ്ങുന്നു സർവ്വകലാശാലയുടെ ഉറച്ച സംഘപരിവാർ ബന്ധം. ഇദ്ദേഹത്തിന്റെ നിയമനം നാഗ്പൂരിൽ നിന്നുള്ള തീട്ടൂരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് ആരോപണമുണ്ട്. തെലങ്കാനയിലെ ബിജെപിയുടെ ഉന്നത നേതാവു കൂടിയാണിദ്ദേഹം. ബിജെപിയുടെ ദേശീയ എക്സിക്യുട്ടീവ് മെമ്പറായ ശേഷഗിരി റാവു പാർട്ടിയുടെ സൈദ്ധാന്തികമായ മേഖലകളിലും വ്യാപരിക്കുന്നയാളാണ്. ഇദ്ദേഹം ചാൻസിലറായി അധികാരമേറ്റെടുത്തത് കഴിഞ്ഞ വർഷം മാത്രമാണ്. ഇതിനു മുമ്പു തന്നെ ശക്തിപ്പെട്ടിരുന്ന സംഘപരിവാർ ലോബി ഇദ്ദേഹത്തിന്റെ വരവോടെ കൂടുതൽ സജീവമായി.

സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസിലറായ ജയപ്രസാദ് എന്ന തിരുവനന്തപുരം കൈമനംകാരനാണ് വിദ്യാർത്ഥികൾക്കെതിരെ നടക്കുന്ന എല്ലാ നീക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം. പ്രൊ വിസിയായി ജയപ്രസാദിനെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹരജി നിലനിൽക്കെ എക്സിക്യുട്ടീവ് കൗൺസിൽ യോഗം കൂടി തീരുമാനമെടുക്കുകയായിരുന്നു. ഇതേ സർവ്വകലാശാലയിൽ സ്കൂൾ ഓഫ് കൾചറൽ സ്റ്റഡീസിന്റെ ഡീന്‍ ആയിരിക്കവെ ജയപ്രസാദ് നടത്തിയ വിദ്യാർത്ഥി വിരുദ്ധ നടപടികളുടെ ഇരകള്‍ അനവധിയാണ്. തന്റേതിനു വിരുദ്ധമായ രാഷ്ട്രീയ പറയുന്നവരോടെല്ലാം പകപോക്കുന്ന രീതി ഇദ്ദേഹത്തിനുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ഇപ്പോൾ പുറത്താക്കപ്പെട്ട അഖിൽ താഴത്ത് ഇദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്നിട്ടുണ്ട്. പാചകക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സമരത്തിനു ശേഷം നടപടി നേരിട്ട വിദ്യാർത്ഥികളെല്ലാം ഇദ്ദേഹത്തിന്റെ കീഴിൽ നേരിട്ട് പഠനം നടത്തുന്നവരോ ഇദ്ദേഹം ഡീൻ ആയിരിക്കുന്ന സ്കൂളിൽ പഠിക്കുന്നവരോ ആയിരുന്നു. ക്ലാസിൽ താൻ ഉന്നയിക്കുന്ന രാഷ്ട്രീയത്തിനെതിരായി വാദങ്ങളുന്നയിച്ച എല്ലാവരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് പ്രോ വിസി ആയതിനു ശേഷവും ജയപ്രസാദ് എന്നാണ് ആരോപണം. 2015ൽ ജയപ്രസാദ് പ്രൊ വിസി ആയതിനു ശേഷമാണ് രാഷ്ട്രീയ നിയമനങ്ങളുടെ എണ്ണം കൂടിയത്. കരാർ നിയമന ചട്ടങ്ങൾ ലംഘിച്ചുള്ള അസിസ്റ്റന്റ് നിയമനങ്ങളും നടന്നത് 2015നു ശേഷമാണെന്ന് വിദ്യാർത്ഥികൾ കൈമാറിയ വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

രജിസ്ട്രാറായ രാധാകൃഷ്ണൻ നായർ, വൈസ് ചാൻസലറായ ജി ഗോപകുമാർ എന്നിവരെല്ലാം സമാനമായ ആരോപണം നേരിടുന്നവരാണ്. ഈ നാൽവർ സംഘം ചേർന്നാണ് ഇപ്പോഴത്തെ വിദ്യാർത്ഥി വേട്ടയ്ക്ക് നേതൃത്വം നൽകുന്നത്.

സർവ്വകാലശാലയിൽ ഭീതിയുടെ അന്തരീക്ഷം

സർവ്വകലാശാലയിൽ നിന്ന് ഏറ്റവുമൊടുവില്‍ വരുന്ന വാർത്ത സർവ്വകലാശാലയിലെ ജിവനക്കാരാരും മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് രജിസ്ട്രാർ രാധാകൃഷ്ണൻ നായർ ഉത്തരവിറക്കിയെന്നതാണ്. ഇക്കഴിഞ്ഞദിവസം, നാഗരാജു എന്ന വിദ്യാർത്ഥി അറസ്റ്റ് ചെയ്യപ്പെട്ടതിൽ ദുഖം പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ഇംഗ്ലീഷ് ആന്‍ഡ് കംപാരീറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായ ഡോ. പ്രസാദ് പന്ന്യനെയും സസ്പെൻഡ് ചെയ്തിരുന്നു. സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിയായ നാഗരാജുവിനെ കള്ളക്കേസില്‍ കുടുക്കിയത് അനാവശ്യമായിരുന്നെന്നും, ഇത് സര്‍വകലാശാലയ്ക്കുള്ളില്‍ വെച്ച് തന്നെ പരിഹരിക്കാന്‍ സാധിക്കുമായിരുന്നു എന്നുമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രസാദ് പന്ന്യന്‍ ഇട്ട പോസ്റ്റ്.

വലിയൊരു നിരീക്ഷണ വലയത്തിലാണ് തങ്ങളെന്നും സോഷ്യൽ മീഡിയയിലെ ഏറ്റവും നിരുപദ്രവകരമായ പോസ്റ്റുകൾ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും അത് വിദ്യാഭ്യാസം തന്നെ മുടക്കുകയും ചെയ്യാമെന്നുമുള്ള ഭീതി വിദ്യാർത്ഥികളിൽ വളർന്നിട്ടുണ്ട്. ഈ ഭീതിയുടെ അന്തരീക്ഷത്തിനകത്താണ് സർവ്വകലാശാല ഇപ്പോഴുള്ളത്. അക്കാദമിക അന്തരീക്ഷം പാടെ തകർന്നുകഴിഞ്ഞിട്ടുണ്ട്. പാചകക്കാരിൽ നിന്നു തുടങ്ങി വിദ്യാർത്ഥികളിലേക്ക് പടർന്ന വേട്ടയാടലുകള്‍ ഇപ്പോൾ അധ്യാപകരെക്കൂടി ലക്ഷ്യം വെച്ചു തുടങ്ങിയിരിക്കുന്നു.

ദലിത് വിദ്യാര്‍ത്ഥിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു; അധ്യാപകനെ പുറത്താക്കി

കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്നത് ബിജെപി – ആര്‍എസ്എസ് റിക്രൂട്ട്മെന്‍റ്: പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി അഖില്‍ പറയുന്നു

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍