UPDATES

കേരളം

സിപിഎം ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരെ നടപടിയില്ല; പരിശോധന നിയമാനുസൃതം, ജാഗ്രത ആവാമായിരുന്നുവെന്നും ഡിജിപിക്കുള്ള റിപ്പോര്‍ട്ട്

ഇതേവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ മൂലം നടപടി എടുക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറുമോ എന്ന പേടിയാണ് ചൈത്രക്കുള്ളതെന്നും അവരോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു. 

തിരുവനന്തപുരം വനിതാ സെല്‍ എസ്പി ചൈത്ര തെരേസ ജോണ്‍ സിപിഎം ഓഫീസ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളില്‍ എഡിജിപി മനോജ് എബ്രഹാം സംസ്ഥാന ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി. ചൈത്രക്കെതിരെ നടപടിയുടെ ആവശ്യമില്ലെന്നും എന്നാല്‍ കുറച്ച് കൂടി ജാഗ്രത പാലിക്കാമായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത് എന്നാണ് സൂചന. റെയ്ഡ് നടത്തിയത് നിയമാനുസൃതം തന്നെയാണെന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു എന്നും അറിയുന്നു.

ചൈത്രയ്ക്കെതിരെ നടപടി എടുക്കാനുള്ള സാഹചര്യമില്ലെന്നും മാധ്യമങ്ങളാണ് വിഷയം ഊതി വീര്‍പ്പിച്ച് യുവ ഐപിഎസ് ഉദ്യോഗസ്ഥയെ കരുവാക്കിയതെന്നുമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് അഴിമുഖം പുറത്തുവിട്ടിരുന്നു.

മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസിലെ പ്രതികളെ പിടികൂടാനായി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ ഡിസിപിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോണ്‍ നടത്തിയ തിരച്ചിലായിരുന്നു വിവാദമായത്. എന്നാല്‍ ഇതില്‍ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും യാഥാര്‍ഥ്യം മറ്റൊന്നാണെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുക മാത്രമാണ് ചൈത്ര ചെയ്തതെന്നും എന്നാല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ സര്‍ക്കാരില്‍ നിന്ന് ചൈത്രയ്‌ക്കെതിരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരടക്കം പറയുന്നു. മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയതെന്നും സിപിഎം നേതാക്കളെ അടക്കം പ്രകോപിപ്പിച്ചതെന്നുമാണ് പോലീസിന്റെ ഭാഷ്യം. ഇത് ശരി വയ്ക്കുന്ന തരത്തിലാണ് മനോജ്‌ എബ്രഹാം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് എന്നാണ് അറിയുന്നത്.

തിരുവവന്തപുരം ഡിസിപിയായിരുന്ന ആദിത്യ ശബരിമല ഡ്യൂട്ടി കഴിഞ്ഞ് അവധിയിലായിരുന്നു. ജനുവരി 25 വരെയായിരുന്നു അവധി. ആദിത്യയുടെ ഒഴിവില്‍ ഡിസിപിയുടെ താല്‍ക്കാലിക ചുമതലയായിരുന്നു ചൈത്രയ്ക്ക്. ജനുവരി 24ന് രാത്രി പതിനൊന്ന് മണിയോടെയാണ് പ്രതികള്‍ക്കായി ചൈത്രയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നത്. 25ന് അവധി കഴിഞ്ഞെത്തിയ ആദിത്യ തിരികെ ഡിസിപിയുടെ ചുമതലയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് ചൈത്ര വനിതാ സെല്‍ എസ് പി യായി തിരികെ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ 25ന് വൈകിട്ട് ചില മാധ്യമങ്ങള്‍ സിപിഎം ഓഫീസില്‍ നടത്തിയ പരിശോധനയേയും ഇവരുടെ സ്ഥാനമാറ്റത്തേയും തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു എന്ന് ചൈത്ര തെരേസ ജോണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രതികളുണ്ടെന്ന വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയതെന്ന് ചൈത്ര തെരേസ ജോണ്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു എന്നതാണ് അവസാനം മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത. എന്നാല്‍ ഓഫീസിലെ പോലീസ് പരിശോധന അനാവശ്യമാണെന്ന സിപിഎം നേതാക്കളുടെ വാദത്തിന് ചൈത്ര തിരിച്ചടി നല്‍കിയതായി കാണിച്ചാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സെര്‍ച്ച് ലിസ്റ്റോ സെര്‍ച്ച് മെമ്മോയോ സമര്‍പ്പിക്കുമ്പോള്‍ സ്വാഭാവികമായും കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ആണിതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതുപോലെ തന്നെ, പ്രതിയായ നിഥിന്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്ന് അയാള്‍ തന്നെ ഭാര്യയോട്‌ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചൈത്ര അവിടെ പരിശോധന നടത്തിയതും.

സര്‍ക്കാര്‍ ഒരുവിധ നടപടികളിലേക്കും ഇതേവരെ പോയിട്ടില്ലെന്നും സ്ഥലംമാറ്റുകയോ വിശദീകരണം തേടുകയോ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവങ്ങളെ വളച്ചൊടിച്ച് സര്‍ക്കാരിനെയും സിപിഎം നേതാക്കളേയും പ്രകോപിപ്പിക്കുകയാണ് മാധ്യമങ്ങള്‍ എന്ന് ചൈത്രയുമായി അടുത്ത് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സിപിഎം ഓഫീസില്‍ പരിശോധന നടത്തിയ കാര്യം ചൈത്ര മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഇത്ര വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൈത്രയോ അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരോ കരുതിയിരുന്നില്ലെന്നും പോലീസ് പറയുന്നു. സംഭവ ദിവസം നടന്ന കാര്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അഴിമുഖത്തോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതിങ്ങനെയാണ്: “അവരുടെ ജോലിയുടെ ഭാഗമായി തന്നെയാണ് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച രണ്ട് പേരെ അന്വേഷിച്ചിറങ്ങിയത്. അത് ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ. ചൈത്ര ഉള്‍പ്പെടുന്ന സംഘം 24-ാം തീയതി രാത്രി പതിനൊന്ന് മണിയോടെ സ്‌റ്റേഷനില്‍ നിന്നിറങ്ങി. ആദ്യം ചെന്നത് പ്രതികളായ നിഥിന്റേയും മനോജിന്റേയും വീടുകളിലേക്കാണ്. എന്നാല്‍ അവര്‍ വീട്ടിലുണ്ടായിരുന്നില്ല. മനോജ് എവിടെയാണെന്ന് വീട്ടുകാര്‍ക്കും അറിയുമായിരുന്നില്ല. നിഥിന്റെ ഭാര്യയെക്കൊണ്ട് അയാളെ വിളിപ്പിച്ചപ്പോള്‍ ഡിസി ഓഫീസിലാണെന്നാണ് അയാള്‍ പറഞ്ഞത്. അതനുസരിച്ചാണ് പോലീസ് സംഘം ഡിസി ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയത്. 11.40 ആയിക്കാണും അപ്പോള്‍ സമയം. മാധ്യമങ്ങള്‍ ഒക്കെ റിപ്പോര്‍ട്ട് ചെയ്തത് പോലെ സിപിഎമ്മിന്റെ ജില്ല സെക്രട്ടറി ഒന്നും അവിടെ ഉണ്ടായിരുന്നില്ല. രണ്ട് പേരായിരുന്നു അവിടെയുണ്ടായിരുന്നത്. ഒരു പയ്യനും കുറച്ച് പ്രായമുള്ള ഒരാളും. പയ്യന്‍ എവിടേക്കാ കയറുന്നതെന്നൊക്കെ ചോദിച്ചെങ്കിലും പ്രായമുള്ള അയാള്‍ അവനെ സമാധാനപ്പെടുത്തി. പിന്നീട് ചില മുറികളിലൊക്കെ നോക്കിയ ശേഷം അവര്‍ ഇറങ്ങുകയും ചെയ്തു. അവര്‍ ഇക്കാര്യങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഇത്രയുമാണ് അന്ന് നടന്നത്”-[വിശദമായ റിപ്പോര്‍ട്ട്: ‘ഇക്കണക്കിന് ചൈത്ര ഇനി നാട്ടുകാര്‍ക്ക് കൂടി വിശദീകരണം നല്‍കേണ്ടി വരുമല്ലോ’, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍]

മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത നല്‍കരുതെന്ന് പലതവണ ഉന്നത ഉദ്യോഗസ്ഥരടക്കം ആവശ്യപ്പെട്ടിട്ടും അത് തുടരുകയാണ് എന്നും ഇവര്‍ പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ചൈത്രയെ കരുവാക്കി സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന നീക്കമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ അന്തിമ തീരുമാനം ഇനി സര്‍ക്കാരായിരിക്കും സ്വീകരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍