UPDATES

വൈകുന്ന കുറ്റപത്രം, തുടരുന്ന പീഡനം; ഇനിയും ഞങ്ങളെ തെരുവില്‍ ഇറക്കണോ? കന്യാസ്ത്രീകള്‍ ചോദിക്കുകയാണ്‌

കന്യാസ്ത്രീ പീഡനക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അനിശ്ചിതകാലമായി വൈകുന്നതിനെതിരേ സേവ് അവര്‍ സിസ്റ്റേഴ്‌സിന്റെ(എസ്ഒഎസ്) നേതൃത്വത്തില്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,
ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും.
അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.
യോഹന്നാന്‍ 12 : 24

ഞങ്ങള്‍ മനുഷ്യരല്ലേ?

ചോദ്യം സംസ്ഥാന ഭരിക്കുന്ന മുഖ്യമന്ത്രിയോടും നിയമപാലന സംവിധാനത്തിന്റെ തലവനായ ഡിജിപിയോടുമാണ്. ചോദിക്കുന്നത് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും. ഈ ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ ഈ കന്യാസ്ത്രീകളെ വീണ്ടും തെരുവില്‍ ഇറക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കാം, അതല്ലെങ്കില്‍ നീതിക്കുവേണ്ടി ഒരിക്കല്‍ കൂടി അവര്‍ മഠത്തിന്റെ അതിരുകള്‍ കടന്ന് പുറത്തേക്കിറങ്ങും… സത്യം പുറന്തള്ളപ്പെടരുത്, നീതി അതിനര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെടരുത് എന്നുറപ്പിക്കാന്‍.

‘വേണമെന്നു വച്ചിട്ടില്ല, പക്ഷേ, നിര്‍ബന്ധിക്കപ്പെടുകയാണ്…’

കന്യാസ്ത്രീ പീഡനക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അനിശ്ചിതകാലമായി വൈകുന്നതിനെതിരേ സേവ് അവര്‍ സിസ്റ്റേഴ്‌സിന്റെ(എസ്ഒഎസ്) നേതൃത്വത്തില്‍ വീണ്ടും സമരത്തിനൊരുങ്ങുമ്പോള്‍, അതിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന്, സി. അനുപമയ്ക്ക് പറയാനുള്ളത് ഇതാണ്. സി.അനുപമ മാത്രമല്ല, കേസിലെ സാക്ഷികളും പരാതിക്കാരിയായ കന്യാസ്ത്രീയ്‌ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന സി. ആല്‍ഫിയും, സി. ജോസഫൈനും, സി. അന്‍സിറ്റയും, സി. നീന റോസും ഒരുപോലെ പറയുന്നുണ്ട്; വീണ്ടുമൊരു സമരത്തിന് ഇറങ്ങേണ്ട സാഹചര്യമാണ് വരുന്നതെങ്കില്‍, അതിനു തയ്യാറാകേണ്ടി വരുമെന്ന്.

ഏപ്രില്‍ ആറിന് എറണാകുളം വഞ്ചി സ്‌ക്വയറില്‍ എസ്ഒഎസ്സിന്റെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ എസ്ഒഎസ് ആരംഭിച്ച സമരം ലോകശ്രദ്ധയില്‍ തന്നെ എത്തുന്നത് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ അതില്‍ പങ്കെടുത്തതിലൂടെയാണ്. പതിനാല് ദിവസത്തോളം അവര്‍ സമരത്തില്‍ ഉണ്ടായിരുന്നു. ഇത് വന്‍ വാര്‍ത്താപ്രധാന്യം നേടിയതോടെയാണ്, ബലാത്സംഗ പരാതി നല്‍കി എണ്‍പത് ദിവങ്ങളോളം പിന്നിട്ടിട്ടായാലും, പ്രതിയായ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുന്നത്. 2018 ജൂണില്‍ ആയിരുന്നു കേസിന് ആസ്പദമായ പരാതി പൊലീസിന് നല്‍കുന്നത്. മാസങ്ങള്‍ക്കിപ്പുറം, കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമെന്നോണം കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്യേണ്ടുന്നൊരു സാഹചര്യവും ഉണ്ടായതിന്റെ കൂടെ പുറത്താണ് പ്രതിയായ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായത്.

റിമാന്‍ഡിലായ ഫ്രാങ്കോ മുളക്കല്‍ ജാമ്യത്തില്‍ ഇറങ്ങുകയും, സാക്ഷികളായ മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെയും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെയും കന്യാസ്ത്രീകള്‍ ജീവന് ഭീഷണി നേരിടുന്നത് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ അതിജീവിക്കേണ്ട സഹചര്യം അതിനു പിന്നാലെ ഉണ്ടായിക്കൊണ്ടിരുന്നിട്ടും കേസിന്റെ വിചാരണ ഇതുവരെ തുടങ്ങാനാകാത്തതാണ് വീണ്ടും സമരങ്ങള്‍ ആരംഭിക്കാന്‍ കാരണമാകുന്നത്. കുറവിലങ്ങാട് മഠത്തില്‍ താമസിക്കുന്ന, പരാതിക്കാരിയും സാക്ഷികളുമായി ആറു കന്യാസ്ത്രീകള്‍ക്കുമെതിരേ പ്രതികാര ബുദ്ധിയോടെ സഭതലങ്ങളില്‍ നിന്നും നീക്കങ്ങള്‍ നടക്കുന്നതിനെതിരേ മുഖ്യമന്ത്രിക്കും പൊലീസിനും പരാതികള്‍ നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകളെ പലയിടങ്ങളിലേക്ക് സ്ഥലംമാറ്റാനുള്ള തീരുമാനങ്ങള്‍ ഉണ്ടാവുകയും അതിനെതിരേ പ്രതിഷേധം കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാവുകയും ഒടുവില്‍ രൂപത അധ്യക്ഷനായ ബിഷപ്പ് തന്നെ സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ജീവിതത്തിനും ജീവനും സംരക്ഷണമാവശ്യപ്പെട്ട് ഭരണാധികാരികള്‍ക്കും പൊലീസിനും മുന്നില്‍ പരാതികള്‍ നല്‍കുമ്പോഴും കന്യാസ്ത്രീകള്‍ പ്രധാനമായും ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ ആരംഭിക്കാനും അതിനു മുന്നോടിയായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുമായിരുന്നു. അതുണ്ടാവുന്നില്ല എന്നിടത്താണ് തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ് എന്ന തോന്നല്‍ കന്യാസ്ത്രീകള്‍ക്ക് ഉണ്ടാകുന്നത്, അവര്‍ വീണ്ടുമൊരു സമരത്തിന് മനസുകൊണ്ട് പാകപ്പെടുന്നത്.

എസ് ഒ എസ് സമരത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ അന്തിമമായി തീരുമാനം ഒന്നും എടുത്തിട്ടില്ല. എന്നാല്‍ ഞങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ വീണ്ടുമൊരിക്കല്‍ കൂടി തെരുവില്‍ ഇറങ്ങേണ്ടുന്ന അവസ്ഥയാണ് ഉള്ളത്. കുറ്റപത്രം വൈകുന്നതുകൊണ്ട് സാക്ഷികളായിട്ടുള്ള കന്യാസ്ത്രീകളും പരാതിക്കാരിയും യാതനകള്‍ അനുഭവിക്കുകയാണ്. എതിര്‍ഭാഗത്തുള്ളവര്‍ എത്ര ശക്തരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇങ്ങനെയൊരു പരാതി കൊടുത്തതിനു പിന്നാലെ ഞങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളതിനെക്കുറിച്ചും കുറെയൊക്കെ നിങ്ങള്‍ക്ക് അറിയാം…ഇനിയും അവരുടെ പ്രതികാരത്തിന് ഞങ്ങളെ ഇരകളാക്കണോ?

കേസ് കൊടുത്തിട്ട് ജൂണ്‍ ആകുമ്പോള്‍ ഒരു വര്‍ഷം ആകും. പ്രതിയായ ബിഷപ്പിനെ അറസ്റ്റ് ചെയ്്തിട്ടും വര്‍ഷം ഒന്നാകാറാകുന്നു. ഇതുവരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതെന്തുകൊണ്ടാണ്? കുറ്റപത്രം തയ്യാറാക്കാന്‍ സമയം എടുക്കുമെന്നു പറഞ്ഞു, അതംഗീകരിച്ചു. കുറ്റപത്രം തയ്യാറായി കഴിഞ്ഞപ്പോള്‍ സപെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വേണ്ടി കാത്തിരിക്കാന്‍ പറഞ്ഞു, ഏറെ നാള്‍ കാത്തിരുന്നതിനുശേഷം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കുറ്റപത്രവും തയ്യാറായി പ്രോസിക്യൂട്ടറും നിയമിതനായി എന്നിട്ടും കുറ്റപത്രം കോടതിയില്‍ എത്തുന്നില്ല, അപ്പോള്‍ പറഞ്ഞത്, സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് കുറ്റപത്രം വായിച്ച് പഠിക്കാന്‍ സമയം വേണമെന്ന്. ആവശ്യത്തിലേറെ സമയം അതിനും എടുത്തും. എന്നിട്ടും കാര്യങ്ങള്‍ മുന്നോട്ടു പോകുന്നില്ലെന്നു കണ്ടപ്പോഴാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. എല്ലാം ശരിയായി, കുറ്റപത്രം ഡിജിപിയുടെ ഓഫിസിലേക്ക് അയച്ചിരിക്കുകയാണ്, അദ്ദേഹത്തില്‍ നിന്നും അനുവാദത്തിനായി കാത്തിരിക്കുകയാണ്, അനുവാദം കിട്ടിയാല്‍ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന്. നാലു ദിവസമാണ് എസ് പി പറഞ്ഞത്. നാലും കഴിഞ്ഞ് ഇപ്പോള്‍ എത്രദിവസമായി. ഡിജിപി ഓഫിസില്‍ നിന്നും അനുവാദം ഇതുവരെ കിട്ടിയില്ലേ? എന്തുകൊണ്ട്? സി. അനുപമയുടെതാണ് ചോദ്യങ്ങള്‍.

സാങ്കേതിക തടസങ്ങളാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനു കാരണങ്ങളായി പറയുന്നത്. എന്നാല്‍ തങ്ങളുടെ അവസ്ഥകള്‍ തെളിവു സഹിതം ആവര്‍ത്തിച്ചിട്ടും ഇക്കാര്യത്തില്‍ കാലതാമസം വരുത്തുന്നത് മനഃപൂര്‍വമുള്ള നീതിനിഷേധമായിട്ടാണ് അനുഭവപ്പെടുന്നതെന്നു കന്യാസ്ത്രീകള്‍.

വൈകി കിട്ടുന്ന നീതി, നിഷേധിക്കപ്പെട്ട നീതിക്കു തുല്യമാണെന്നല്ലേ പറയുന്നത്…ഞങ്ങളുടെ കാര്യത്തില്‍ അതാണ് സംഭവിക്കുന്നത്; കന്യാസ്ത്രീകള്‍ പറയുന്നു.

മാനുഷിക പരിഗണനപോലും തരാതെയാണ് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. കണ്ണീര് മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ മനുഷ്യരല്ലേ? ഞങ്ങള്‍ക്കുമിവിടെ ജീവിക്കേണ്ടേ? എല്ലാവരേയും പോലെ ഞങ്ങള്‍ക്കും നീതി കിട്ടാന്‍ അവകാശമില്ലേ? എന്തുകൊണ്ട് ഞങ്ങള്‍ക്കു മാത്രം നീതി നിഷേധിക്കപ്പെടുന്നു? ഞങ്ങള്‍ ആനുകൂല്യം അല്ലല്ലോ, കിട്ടേണ്ട നീതിയല്ലേ ചോദിക്കുന്നത്?

ഇനിയൊരു സമരത്തിനു ഞങ്ങള്‍ ഇറങ്ങേണ്ട സാഹചര്യം വന്നാല്‍, അതുപോലും ഞങ്ങള്‍ നിര്‍ബന്ധിതരായി ചെയ്യുന്നതാണ്. ആരെങ്കിലും നിര്‍ബന്ധിക്കുന്നുവെന്നല്ല, സ്വയമേ നിര്‍ബന്ധിതരാവുന്നതാണ്. ഇനിയുമൊരു സമരത്തിന് ഞങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല, ആഗ്രഹിക്കുന്നുമില്ല, പക്ഷേ അതിലേക്ക് തള്ളിയിടുകയല്ലേ… നിസ്സഹായതയോടെ ഈ കന്യാസ്ത്രീകള്‍ ചോദിക്കുകയാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിനാണ് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് സംഘടന തയ്യാറെടുക്കുന്നത്. കുറ്റപത്രം തയ്യാറാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും കോടതിയില്‍ സമര്‍പ്പിക്കുന്നത് നീണ്ട് പോകുന്നതിലെ ആശങ്കയാണ് സമര പ്രഖ്യാപനത്തിന് പ്രേരകമായതെന്ന് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി പറയുന്നു. ഏപ്രില്‍ ആറിന് വൈകിട്ട് 3.30ന് ഹൈക്കോടതി ജംഗ്ഷന് സമീപം വഞ്ചി സ്‌ക്വയറില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. വിവിധ മേഖലകളിലുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് എസ്ഒഎസ് ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. കുറ്റപത്ര സമര്‍പ്പണം വൈകുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാമെന്നും കേസിന്റെ നടപടികളെ ബാധിക്കുമെന്നും കന്യാസ്ത്രീകള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുന്നത് സംബന്ധിച്ച പരാതി നല്‍കിയെങ്കിലും ഇതേവരെ അതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ പരാതിക്ക് മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വീണ്ടും അനിശ്ചിതകാല സമരമാരംഭിക്കുന്നത്.

അതിക്രമം നേരിട്ട കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തെത്തിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റാനും മഠത്തില്‍ നിന്നും പുറത്താക്കാനുമുള്ള ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുള്ളതുമാണ്. പലതരം സമ്മര്‍ദ്ദ തന്ത്രങ്ങളും സഭാ അധികാരികള്‍ പ്രയോഗിക്കുന്നതായി കന്യാസ്ത്രീകള്‍ പറയുന്നുണ്ട്. കന്യാസ്ത്രീയെ അതിക്രമിച്ച കേസില്‍ മുഖ്യ സാക്ഷിയായ ഫ്രാന്‍സിസ്‌ക്കല്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ ലിസി വടക്കേലിന് മഠത്തിനുള്ളില്‍ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വരുന്നതിന്റെ വാര്‍ത്തകളും അടുത്തിടയായി പുറത്തുവരികയാണ്. പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജാമ്യത്തില്‍ പുറത്തു നിന്നുകൊണ്ട് തന്റെ സ്വാധീനവും അധികാരങ്ങളും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളെ അപയാപ്പെടുത്താന്‍ വരെ സാധ്യതയുണ്ടെന്നും കന്യാസ്ത്രീകള്‍ പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്റെയോ പൊലീസിന്റെയോ ഭാഗത്തു നിന്നും ഉണ്ടാകാത്തത് എന്തുകൊണ്ടാണന്ന ചോദ്യമാണ് സമൂഹത്തിന്റ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍