UPDATES

‘ഞങ്ങളുടെ തലയില്‍ വയ്ക്കണ്ട, സ്വന്തം പ്രവര്‍ത്തകരോട് ചോദിച്ചാല്‍ മതി’; ചാവക്കാട് നൗഷാദിനെ കൊലപ്പെടുത്തിയ വിഷയത്തില്‍ കോണ്‍ഗ്രസിന് സിപിഎമ്മിന്റെ മറുപടി

നൗഷാദിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐയുമായി തര്‍ക്കങ്ങളും പ്രശ്‌നങ്ങളും നടന്നുകൊണ്ടിരിക്കേ തന്നെയായിരുന്നു തെരഞ്ഞെടുപ്പില്‍ അവരുമായി ധാരണയില്‍ എത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്

‘ഹനീഫയെ നമ്മള്‍ തന്നെ കൊന്നു, നൗഷാദിനെ നമ്മുടെ ബന്ധുക്കളും കൊന്നു’; ത്രിവര്‍ണം എന്ന കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന്, അധികനേരമാകും മുന്നേ അപ്രത്യക്ഷമായ ഒരു പോസ്റ്റിലെ വാചകങ്ങളായിരുന്നു ഇത്. കോണ്‍ഗ്രസ് പുന്ന ബൂത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദിന്റെ (പുന്ന നൗഷാദ്) കൊലപാതകത്തില്‍ സ്വന്തം പാര്‍ട്ടിയോട് തന്നെ പ്രതിഷേധമറിയിക്കുന്ന പ്രവര്‍ത്തകര്‍ ചാവക്കാട് ഉണ്ടെന്നതിന് ഒരു ഉദാഹരണമായിരുന്നു ആ പോസ്റ്റ്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും എംപിയും എംഎല്‍എയുമെല്ലാം നൗഷാദിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കാന്‍ ആവേശം കാണിക്കുമ്പോള്‍ സ്വന്തം അണികളുടെയും പ്രാദേശിക നേതാക്കന്മാരുടെയും വികാരം കാണുന്നില്ലേ എന്നാണ് ചാവക്കാടും പുന്നയിലുമുള്ള സിപിഎമ്മുകാര്‍ തിരിച്ചു ചോദിക്കുന്നത്.

ചാവക്കാട് സിപിഎമ്മും എസ്ഡിപിഐയുമായി ബന്ധം ഉണ്ടെന്ന് അനില്‍ അക്കര എംഎല്‍എയെപ്പോലുള്ളവര്‍ ആരോപിക്കുമ്പോള്‍, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡ്പിഐ പരസ്യമായി തന്നെ വോട്ട് തേടി നടന്നത് ആര്‍ക്കുവേണ്ടിയായിരുന്നുവെന്നു കൂടി പറഞ്ഞു തരണമെന്നാണ് സിപിഎമ്മിന്റെ പരിഹാസം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എസ്ഡ്പിഐയുമായി സഖ്യത്തില്‍ ആയതിനെതിരേ എതിര്‍പ്പ് ഉയര്‍ത്തിയവരില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട നൗഷാദ് എന്നും സിപിഎം പറയുന്നു. നൗഷാദ് അടക്കം പലരും ഈ സഖ്യത്തിനെതിരേ വന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ് അവരെ ശാസിക്കുകയായിരുന്നു നേതൃത്വം ചെയ്തതെന്നാണ് സിപിഎം ആരോപിക്കുന്നത്.

നൗഷാദിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐയുമായി തര്‍ക്കങ്ങളും പ്രശ്‌നങ്ങളും നടന്നുകൊണ്ടിരിക്കേ തന്നെയായിരുന്നു തെരഞ്ഞെടുപ്പില്‍ അവരുമായി ധാരണയില്‍ എത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത് ഒരു വിഭാഗം കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചിരുന്നുവെന്ന് ആ പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡ്പിഐ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നു പറഞ്ഞ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തൃശൂര്‍. ചാവക്കാട് നഗരസഭയുടെ തീരപ്രദേശങ്ങളായ ചാവക്കാട് ബീച്ച് ഏരിയ, കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍ പഞ്ചായത്തുകളിലൊക്കെ എസ്ഡിപിഐക്ക് സ്വാധീനം ഉണ്ട്. ഏതാണ്ട് ആറായിരത്തോളം വോട്ടുകള്‍ ഇവിടെ എസ്ഡ്പിഐക്ക് ഉണ്ടെന്നു പറയുന്നു. പിഡിപി സജീവമായിരുന്ന കാലത്ത് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പതിനാലായിരത്തോളം വോട്ടുകള്‍ അവര്‍ക്കുണ്ടായിരുന്നു. പിന്നീട് പിഡിപി ഇവിടെ നിര്‍ജീവമായതോടെയാണ് എസ്ഡിപിഐ വളര്‍ന്നു വരാന്‍ തുടങ്ങിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലൊക്കെ എസ്ഡിപിഐ അവരുടെ സ്ഥാനാര്‍ത്ഥിയെ ഇവിടെ നിര്‍ത്തിയിരുന്നതാണ്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പരസ്യമായി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിയിറങ്ങുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് നൗഷാദിനെ പോലുള്ളവര്‍ രംഗത്ത് എത്തിയത്. എതിര്‍പ്പുന്നയിച്ചവരെ തിരുത്തുകയാണ് നേതാക്കള്‍ ചെയ്തതെങ്കിലും അതോടെ എസ്ഡിപിഐയുടെ പരസ്യമായ വോട്ടു പിടുത്തം വേണ്ടെന്ന നിര്‍ദേശം ഉണ്ടായി. വോട്ടെടുപ്പ് ദിവസം തങ്ങളുടെ ആളുകളെ വാഹനങ്ങളില്‍ കയറ്റി ബൂത്തുകളില്‍ എത്തിക്കുന്ന തരത്തില്‍ എസ്ഡിപിഐ കോണ്‍ഗ്രസിനെ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് സിപിഎം പറയുന്നുണ്ട്.

Also Read: ‘ഈ കൊലപാതകത്തിനു പിന്നിൽ മതഭീകരതയുടെ കൈകളുണ്ട്’; ചാവക്കാട് നൗഷാദ് വധം എന്‍ഐഎ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാക്കളുമായി ഇത്തരത്തില്‍ ബന്ധം സ്ഥാപിച്ചതിന്റെ ബലം കൂടി നൗഷാദിനെ കൊലപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നതിന് എസ്ഡിപിഐയെ സഹായിച്ചെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്തൊക്കെ നൗഷാദിനെതിരേയുള്ള പ്രചാരണങ്ങള്‍ വാട്‌സ് ആപ്പ് വഴിയും സോഷ്യല്‍ മീഡിയ വഴിയും നടന്നിരുന്നു. കൊലപാതകം, കൊലപാതക ശ്രമം തുടങ്ങി 24-ഓളം കേസുകളില്‍ പ്രതിയാണ് നൗഷാദ് എന്നും ഇയാളെ സൂക്ഷിക്കുക എന്നുമൊക്കെയുള്ള പ്രചാരണങ്ങളായിരുന്നു നടന്നത്. കൊല്ലപ്പെടുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് നൗഷാദിനും സംഘത്തിനും നേര്‍ക്ക് എസ്ഡിപിഐ പ്രാദേശിക നേതാവായ ഷാജി വാഹനം വേഗത്തില്‍ ഓടിച്ചു കൊണ്ടു വന്ന് ഭീഷണിപ്പെടുത്തിയിട്ട് പോയത്. നൗഷാദിന്റെ കൊലപാതകികള്‍ക്കെതിരേയുള്ള മൊഴിയില്‍ ഷാജിയുടെ പേരും പറയുന്നുണ്ട്. അന്നത്തെ സംഭവത്തില്‍ നൗഷാദിനൊപ്പം ഉണ്ടായിരുന്ന സുഹാജ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാവക്കാട് സിഐക്ക് പരാതി നല്‍കിയിരുന്നു. പോലീസ് രണ്ടു കൂട്ടരെയും വിളിച്ചു വരുത്തി പ്രശ്‌നങ്ങള്‍ തീര്‍ത്ത് വിടുകയും ചെയ്തിരുന്നു. പുന്ന മേഖലയിലെ ശക്തനായ നേതാവായ നൗഷാദിനെതിരേ എസ്ഡിപിഐയുടെ ഭീഷണി നിലനില്‍ക്കുമ്പോള്‍ തന്നെ ആ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ധാരണയില്‍ എത്തിയത് നൗഷാദിനൊപ്പമുള്ളവരെയും അയാളെ പിന്തുണയ്ക്കുന്നവരെയും നിരശരാക്കിയിരുന്നു. നൗഷാദിനെതിരേ നടക്കുന്ന പ്രചാരണങ്ങളിലും ചില കോണ്‍ഗ്രസുകാര്‍ക്ക് പങ്കുണ്ടെന്ന പരാതിയും അന്നുയര്‍ന്നിരുന്നു.

കോണ്‍ഗ്രസ് നേതാവായിരുന്ന പുന്ന മണിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളായിരുന്നു നൗഷാദ് എന്നും പ്രചാരണങ്ങള്‍ നടന്നിരുന്നു. ഒരു കോണ്‍ഗ്രസുകാരനെ തന്നെ കൊന്ന ഇവനെ സൂക്ഷിക്കണമെന്നായിരുന്നു ചില പ്രചാരണങ്ങള്‍. ഇതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമെന്നായിരുന്നു ആരോപണം.

Also Read: ചാവക്കാട് ഇങ്ങനെയൊരു സംഭവം സിപിഎം അറിയാതെ നടക്കുമോ?; കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ-സിപിഎം ഗൂഢാലോചന ആരോപിച്ച് അനില്‍ അക്കര എംഎല്‍എ

ജില്ലയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് വഴക്കുകളും നൗഷാദിന്റെ കൊലപാതകത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ചാവക്കാട്ടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവിന്റെ എതിര്‍ ചേരിയിലെ നേതാക്കളായിരുന്നു നൗഷാദിനെ പിന്തുണച്ചിരുന്നതെന്നാണ് പറയുന്നത്. തങ്ങള്‍ക്കെതിരേ ഉണ്ടാകുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ നൗഷാദിനെയായിരുന്നു അവര്‍ മുന്നില്‍ നിര്‍ത്തിയിരുന്നത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ട് സ്ഥാനമാനങ്ങളോടെ പാര്‍ട്ടിയിലേക്ക് തിരികെ വന്ന നേതാവുമായി നൗഷാദിനും എതിര്‍പ്പുണ്ടായിരുന്നതായി പറയുന്നു. ഈ ഗ്രൂപ്പ് വൈര്യമാണ് നൗഷാദിന്റെ കൊലപാതകത്തെ ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തവണ്ണം കോണ്‍ഗ്രസിനെ പ്രതിസന്ധിയാലാക്കിയിരിക്കുന്നതെന്നും പറയുന്നു. നൗഷാദ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലിനെ സംബന്ധിച്ചു പോലും കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നു പറയുന്നു.

നൗഷാദിനൊപ്പം ഉണ്ടായിരുന്നവര്‍ മാത്രമാണ് എസ്ഡിപിഐക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുന്നതെന്നും അല്ലാത്തവര്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്നിട്ടുപോലും കൊലപാതകികളുടെ പാര്‍ട്ടിക്കെതിരേ നിശബ്ദരാവുകയാണ് ചെയ്തതെന്നും പ്രാദേശിക പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുന്ന മേഖലയില്‍ പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാക്കാന്‍ മുന്നില്‍ നിന്നൊരാളായിരുന്നു നൗഷാദ് എന്നിരിക്കെയാണ് അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ സ്വന്തം പാര്‍ട്ടി നിശബ്ദത പുലര്‍ത്തുന്നതെന്നാണ് ഈ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇതിന്റെ പ്രതികരണമാണ് ഫേസ്ബുക്ക് കമന്റുകളായി വരുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

നൗഷാദിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വരുന്നതിനിടയില്‍ തന്നെയാണ് ആ പാര്‍ട്ടിയില്‍ തന്നെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഉയരുന്നത്. രാഷ്ട്രീയ വളര്‍ച്ചയ്ക്ക് നൗഷാദിനെ ഒഴിവാക്കേണ്ട ആവശ്യമുണ്ടായിരുന്ന സിപിഎം, എസ്ഡിപിഐയെ കൊണ്ട് നടത്തിച്ച കൊലപാതകമാണിതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. കൊലപാകത്തില്‍ എസ്ഡിപി ഐയുടെ പങ്കും അവരെ നിശിതമായ രീതിയില്‍ വിമര്‍ശിച്ചതും ചുരുക്കം ചില നേതാക്കള്‍ മാത്രമായിരുന്നു. അതേസമയം അനില്‍ അക്കര എംഎല്‍എയെ പോലുള്ളവര്‍ കൊലപാത കുറ്റം നേരിട്ട് സിപിഎമ്മിന്റെ ചുമലില്‍ വയ്ക്കുകയും ചെയ്തു. കൊലപാതകത്തില്‍ സിപിഎമ്മിന് നേരിട്ട് പങ്കുണ്ടാകില്ലെങ്കിലും എസ്ഡിപിഐ നടത്തിയ ഈ ഹീനകൃത്യം സിപിഎം അറിയാതെ ആയിരിക്കില്ലെന്നാണ് അനില്‍ അക്കര അഴിമുഖത്തോട് പറഞ്ഞത്. നൗഷാദിനെ സിപിഎം നിരന്തരം ആക്രമിച്ചിരുന്നുവെന്നും എസ്ഡിപിഐയെ പോലെ സിപിഎമ്മിനും നൗഷാദിനെ ഒഴിവാക്കേണ്ട ആവശ്യം ഉണ്ടായിരുന്നുവെന്നും എംഎല്‍എ ആരോപിക്കുന്നു. കാലങ്ങളായി ചാവക്കാട് നഗരസഭ ഭരിക്കുന്നത് സിപിഎമ്മാണ്. ഇരുപത്തിയഞ്ചോളം വര്‍ഷമായി ഈ പ്രദേശം കൂടി ഉള്‍പ്പെടുന്ന ഗുരുവായൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നതും സിപിഎം പ്രതിനിധിയാണ്. അങ്ങനെയുള്ളൊരിടത്താണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. പുന്ന സെന്‍ട്രല്‍ നഗരപ്രദേശമാണ്. ചാവക്കാട് ടൗണിന് അടുത്താണ്. അവിടെയാണ് വൈകിട്ട് ആറരയോടെ ഭീകാരാന്തരീക്ഷം സൃഷിച്ച് ആക്രമണം നടത്തിയത്. 14 പേര്‍ ഒമ്പതു ബൈക്കുകളിലായാണ് എത്തിയത്. അതും മുഖം മൂടി, പ്രത്യേക വസ്ത്രമൊക്കെ ധരിച്ച്. അവര്‍ വന്ന് നാലുപേരെ കൊലപ്പെടുത്താന്‍ വേണ്ടിയെന്ന വണ്ണം വെട്ടിയിട്ട് യാതൊരു കുഴപ്പവുമില്ലാതെ തിരിച്ചു പോവുകയും ചെയ്യുന്നു. പോലീസ് ഇതൊന്നും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. സിപിഎമ്മുകാരും ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞാലും എങ്ങനെ വിശ്വസിക്കും എന്നായിരുന്നു അനില്‍ അക്കര എംഎല്‍എ ചോദിച്ചത്.

എന്നാല്‍ നൗഷാദിനെ എസ്ഡ്പിഐക്കാര്‍ കൊന്നതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് തന്നെയാണെന്നും അതിനെതിരേയുള്ള ചോദ്യങ്ങളും പ്രതിഷേധങ്ങളും ആ പാര്‍ട്ടിയില്‍ തുടങ്ങിയിട്ടുണ്ടെന്നുമാണ് സിപിഎമ്മിന്റെ മറുപടി.

Read Azhimukham: ഡെലിവറി ബോയ് അഹിന്ദു ആയതിനാൽ ഭക്ഷണം വേണ്ടെന്നു പറഞ്ഞ ശുക്ലയോട്, പോയി പണി നോക്കാൻ പറഞ്ഞ സോമാറ്റൊ സ്ഥാപകൻ ദീപീന്ദർ ഗോയൽ ചില്ലറക്കാരനല്ല

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍