UPDATES

ചെമ്പരിക്ക ഖാസിയുടേത് കൊലപാതകമെന്ന് ആവര്‍ത്തിച്ച് കുടുംബം; സിബിഐ ആത്മഹത്യയാക്കുന്നു എന്നാരോപണം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സീനിയർ വൈസ് പ്രസിഡണ്ടും മലബാർ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപക പ്രസിഡണ്ടും കൂടിയായിരുന്ന ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ നിയമപോരാട്ടത്തിന് സ്ഥാപനം പിന്തുണ നൽകിയില്ല

‘ഇത്തവണയും കോടതി സിബിഐയുടെ റിപ്പോര്‍ട്ട് തള്ളി. സത്യം തെളിയുന്നത് വരെ ഞാന്‍ നിയമപോരാട്ടം തുടരും.’ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മകന്‍ സി എ മുഹമ്മദ് ഷാഫി കഴിഞ്ഞ എട്ട് വര്‍ഷമായി നിയമപോരാട്ടം നടത്തുകയാണ്, ഉപ്പയുടെ മരണകാരണം അറിയാന്‍..

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവി മരണപ്പെടുമ്പോള്‍ കാസര്‍ഗോഡും മാംഗ്ലൂരുവുമുള്ള 140 മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു അദ്ദേഹം. ഖാസിയുടെ ചെറുമകന്‍ മുഹമ്മദ് റഷീദ് പറയുന്നു,  ‘വീടിന് സമീപമുള്ള ചെമ്പരിക്കയിലെ കടല്‍ത്തീരത്ത് 2010 ഫെബ്രുവരി 15-ന് വെളുപ്പാന്‍ കാലത്താണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. പക്ഷേ ഫെബ്രുവരി 28-നാണ് മൊഴി എടുക്കാനായി പോലീസ് വീട്ടിലേക്ക് എത്തുന്നത്. എന്തുകൊണ്ട് മൊഴിയെടുക്കാന്‍ താമസിച്ചുവെന്ന ചോദ്യത്തിന് മരണം നടന്ന വീടായതുകൊണ്ടാണ് താമസിച്ചതെന്നാണ് അവര്‍ മറുപടി നല്‍കിയത്. അത് തന്നെ വിചിത്രമായ സംഗതിയായിരുന്നു’ 

‘2010 മാര്‍ച്ച് 2-ല്‍ തന്നെ പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നും ഇല്ലാതെ തന്നെ ക്രൈം ഡിറ്റാച്മെന്റ് സെല്‍ ബേക്കല്‍ പോലീസ് പരിധിയില്‍ നിന്നും കേസ് ഏറ്റെടുത്തു. രണ്ട് ദിവസത്തിനുളളില്‍ തന്നെ വീണ്ടും കേസ് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്തരായിരുന്നു. പക്ഷേ ക്രൈ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് മാര്‍ച്ച് 24ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.’ റഷീദ് വിശദീകരിക്കുന്നു.

ഖാസി തനിയെ പാറപ്പുറത്ത് നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് 2011-ല്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിന് ശേഷമാണ് ഖാസിയുടെ കുടുംബം നിയമപോരാട്ടം ശക്തമാക്കുന്നത്. സിബിഐയുടെ ഈ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ നേരത്തെ തന്നെ കോടതി നിര്‍ദേശിച്ചിരുന്നു. 2016 ഫെബ്രുവരി 12-ല്‍ സിബിഐയുടെ ആദ്യ റിപ്പോര്‍ട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളി. സിറോസിസ് രോഗബാധിതനായ ഖാസി അസഹനീയമായ വേദന കാരണം ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ ആദ്യം നിഗമനത്തിലെത്തിയത്. ആത്മഹത്യക്ക് മുമ്പ് തന്റെ സാമ്പത്തിക ഇടപാടുകളുടെയും ബാധ്യതകളുടെയും ലിസ്റ്റ് എഴുതിവെച്ചുവെന്നും സിബിഐ വാദിച്ചു. ചെമ്പരിക്ക കടല്‍ത്തീരത്തുള്ള പാറക്കെട്ടുകള്‍ കയറാന്‍ തക്കവണ്ണം അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടാനായി അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന് പറയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഖാസിയുടെ പിതാവിന്റെ സ്മാരകത്തിനടുത്തേക്ക് മുപ്പത് പടികള്‍ ഖാസി നടന്നു കയറിയെന്നും സി ബി ഐ വാദിച്ചു.

‘വീട്ടില്‍ നിന്നും മുറ്റത്തേക്കിറങ്ങാന്‍ തന്നെ ഖാസിക്ക് പരസഹായം ആവശ്യമായിരുന്നു. കാറിലാണ് പുറത്തു പോകുക. നടക്കാന്‍ വടിയുടെ സഹായം ആവശ്യമായിരുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെ വഴുക്കലുള്ള പാറക്കെട്ടുകളിലേക്ക് കയറാനാകും’ എന്നാണ് ഷാഫിയും കുടുംബവും ഉന്നയിച്ച മറുവാദം.

ഖാസിയുടെ മരണം ഒരു ആത്മഹത്യയല്ല എന്ന് സാധൂകരിക്കുന്ന നിരവധി കാരണങ്ങളാണ് റഷീദ് നിരത്തുന്നത്; ‘നീന്തല്‍ അറിയുന്ന ഒരാള്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന വാദം തന്നെ വിശ്വസിക്കാന്‍ പറ്റാത്തതാണ്. കടപ്പുറത്തിനടുത്ത് താമസിക്കുന്ന ഉപ്പൂപ്പയ്ക്ക് നന്നായി നീന്താന്‍ അറിയാമായിരുന്നു. പരസഹായമില്ലാതെ നടക്കാനാകാതിരുന്ന അദ്ദേഹത്തിന് അത്രയും ദൂരം ഒറ്റക്ക് നടന്ന് അവിടെന്ന് പാറക്കെട്ട് ചാടിക്കടക്കടന്ന് പറയപ്പെടുന്ന സ്ഥലത്ത് എത്താനും സാധ്യമല്ല. ഒരു മേജര്‍ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അദ്ദേഹം.’

‘പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അദ്ദേഹത്തിന്റെ കഴുത്തെല്ല് പൊട്ടിയിട്ടുണ്ട് പാറക്കെട്ടുകളുള്ള കടലിലേക്ക് ചാടുമ്പോള്‍ പിന്നിലെ കഴുത്തെല്ലിന് പൊട്ടാന്‍ സാധ്യത ഇല്ല. കഴുത്തിനുള്ള പരിക്ക് അകത്തെ എല്ല് പെട്ടിയതാണ്. ഇത് ചാടുമ്പോള്‍ പൊട്ടിയത് ആണെങ്കില്‍ കറസ്പോണ്ടന്‍ഡിംഗ് പരിക്കുകളും തലക്കു മറ്റോ ഉണ്ടാവേണ്ടതാണ് കൂടാതെ ശരീരത്തിന്റെ അകത്താണ് പരിക്ക്. പുറത്ത് പരിക്കില്ല. കണ്ണിന്റെ രണ്ട് വശത്തെയും മുറിവുകള്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. അതും രക്തം കട്ട കെട്ടിയ രൂപത്തിലുള്ള പരിക്ക്.’

2017 ജനുവരി 23-ലാണ് സിബിഐ രണ്ടാമത്തെ റിപ്പോര്‍ട്ട് നല്‍കുന്നത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ രണ്ടാമത്തെ റിപ്പോര്‍ട്ടും നവംബര്‍ 16-ന് സിജെഎം കോടതി തള്ളുകയായിരുന്നു. ഖാസിയുടേത് അപകടമരണമല്ലെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. മറ്റുള്ള കാര്യങ്ങളെ കുറിച്ചാണ് കോടതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. പുനരന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കുകയും പുനരന്വേഷണം നടത്തിയ ശേഷം 2017-ല്‍ മുന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്നെ ആവര്‍ത്തിച്ച് സിബിഐ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കുകയായിരുന്നു. ഇതാണ് കോടതി തള്ളിയത്. കോടതി നിര്‍ദേശിച്ച രീതിയിലുള്ള അന്വേഷണങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലില്ലാത്തതു കൊണ്ടാണ് തള്ളിയതെന്നാണ് വിവരം. വിശദമായ വിവരങ്ങള്‍ കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.

നിയമപോരാട്ടത്തിനൊപ്പം നീതിക്കായി ഖാസിയുടെ കുടുംബം കാസര്‍ഗോഡ് പുതിയ സ്റ്റാന്‍ഡിനടുത്തുള്ള ഒപ്പുമരത്തിനടുത്തായി (എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ പിന്തുണ നല്‍കുന്നതിനായി ഒത്തുകൂടി ഒപ്പ് ശേഖരണം നടത്തിയ മരച്ചുവട്) നടത്തുന്ന ധര്‍ണ തുടരുകയാണ്.

‘ഖാസിയുടെ മരണം ഒരു ആത്മഹത്യയല്ല എന്ന് സാധൂകരിക്കുന്ന തെളിവുകള്‍ ഞങ്ങള്‍ കോടതിയിലും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ നല്‍കി കഴിഞ്ഞു. എല്ലാത്തിനും ഉപരിയായി ആത്മഹത്യ ഹറാം എന്ന് വിശ്വസിക്കുകയും അത് മറ്റുള്ളവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്ത മതപണ്ഡിതനാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹം ഇങ്ങനെയൊരു തെറ്റ് ഒരിക്കലും ചെയ്യില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഉപ്പൂപ്പയുടെ മരണം രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ളവരാണ് നടത്തിയിരിക്കുന്നത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ ഞങ്ങള്‍ ഈ പ്രക്ഷോഭം തുടരും.’ റഷീദ് പറഞ്ഞു നിര്‍ത്തി.

മാംസം കഴിച്ചിരുന്ന, ബ്രാഹ്മണ്യത്തെ സ്‌നേഹിച്ചിരുന്ന ബുദ്ധനെ കാട്ടിതരുന്ന ‘ബോധിവൃക്ഷത്തിലെ മുള്ളുകള്‍’

“സ്വര്‍ണ വിലങ്ങ്: ട്രംപിന്റെ സ്ത്രീകളുമായുള്ള രഹസ്യ ചരിത്രം”

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍