UPDATES

ചേന്ദമംഗലം: മഹാപ്രളയം തകര്‍ത്ത നെയ്ത്ത് ഗ്രാമം

ലക്ഷക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ് പ്രളയജലത്തില്‍ ഒലിച്ചു പോയത്. നൂലുകള്‍, തുണികള്‍, കളറിംഗ് മെറ്റീരിയലുകള്‍, തറികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ അതിലുള്‍പ്പെടുന്നു. കരിമ്പാടത്തെ യാണ്‍ ബാങ്കിന്റെ ഗോഡൗണില്‍ മാത്രം അമ്പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കുകള്‍

ഏറണാകുളം ജില്ലയിലെ ചേന്ദമംഗലം – കേരളത്തിന്റെ കൈത്തറി ഗ്രാമങ്ങളില്‍ ഒന്ന്. അപ്രതീക്ഷിതമായ പ്രളയം കേരളത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടപ്പോള്‍ ഇവിടുത്തെ കൈത്തറി നെയ്ത്തുകാര്‍ നെയ്ത് വച്ച സ്വപ്നങ്ങള്‍ കൂടിയാണ് ഒലിച്ചുപോയത്. എറണാകുളത്തു നിന്നും ചേന്ദമംഗലത്തേക്കുള്ള യാത്രയില്‍ മൂലമ്പിള്ളി കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ക്ക് പ്രളയത്തിന്റെ കഥകള്‍ മാത്രമേ പറയാനുള്ളൂ. വെള്ളം കയറിയതിന്റെയും ഇറങ്ങിപ്പോയതിന്റെയും കഥകള്‍. വീട് വൃത്തിയാക്കാന്‍ എടുക്കുന്ന കഠിനാധ്വാനത്തെക്കുറിച്ച്, ഒരു ആയുഷ്‌കാലത്തിന്റെ കരുതി വയ്ക്കലുകള്‍ നഷ്ടമായതിന്റെ വേദനയുണ്ട് അവരുടെ വാക്കുകളില്‍.

വരാപ്പുഴ പാലത്തിലെത്തുമ്പോള്‍ വലതു വശത്ത് പെരിയാര്‍ ശാന്തമായി ഒഴുകുന്നു. ഒരാഴ്ച മുമ്പ് നടത്തിയ സംഹാര താണ്ഡവത്തിന്റെ ആലസ്യത്തിലാകാം ശാന്തമായെങ്കിലും കലങ്ങിയാണ് പെരിയാര്‍ ഒഴുകുന്നത്. വടക്കന്‍ പറവൂരിലെത്തുമ്പോള്‍ ചേന്ദമംഗലം മാത്രമല്ല, ചേര്‍ന്നു കിടക്കുന്ന ചെറിയ പല്ലന്‍ തുരുത്ത്, വലിയ പല്ലന്‍ തുരുത്ത് തുടങ്ങിയ ഗ്രാമങ്ങളും കൈത്തറിയും കൃഷിയും ചെയ്ത് ജീവിക്കുന്നവരാണ്. കൈത്തറി മേഖലയുടെ ചാകരക്കാലമാണ് ഓണം. എന്നാല്‍ ഇന്ന് തറികളിലെല്ലാം ചെളി അടിഞ്ഞിരിക്കുന്നു. പല തറികളും ഇനി ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. ഓണം മുന്നില്‍ കണ്ട് അവര്‍ നെയ്ത് കൂട്ടിയ സ്വപ്നങ്ങളാണ് നശിച്ചത്. ഓണത്തിന് മുണ്ട് നെയ്ത് കൊടുക്കാനായി പതിനായിരക്കണക്കിന് രൂപയുടെ പാവാണ് ഇവരില്‍ ഓരോരുത്തരും ശേഖരിച്ച് വച്ചിരുന്നത്. വെള്ളം പൊങ്ങിയപ്പോള്‍ ഈ പാവ് തറിയുടെ മുകളിലായി കെട്ടിവച്ചെങ്കിലും പുരയ്ക്ക് മുകളില്‍ കയറിയ വെള്ളം അവയെല്ലാം നശിപ്പിച്ചതായി ചെറിയ പല്ലന്‍ തുരുത്തില്‍ കൈത്തറി ജോലി ചെയ്യുന്ന രമ അറിയിച്ചു. രമയുടെ വീടിന് സമീപമുണ്ടായിരുന്ന മതില്‍ ഇപ്പോള്‍ ഒരു കോണ്‍ക്രീറ്റ് കൂനയാണ്. സ്വന്തമായി വീട് പോലുമില്ലാത്ത ഇവരുടെ ഉപജീവനം കൈത്തറിയാണ്. പതിനൊന്നായിരം രൂപയുടെ പാവ് ആണ് ഓണത്തോട് അടുപ്പിച്ച് ഇവര്‍ വാങ്ങിയിരുന്നത്. അതിന്റെ പണം പോലും നല്‍കിയിരുന്നില്ല. ആ പാവ് എല്ലാം വെള്ളപ്പൊക്കത്തില്‍ നശിച്ചു.

തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പിന്നാലെയാണ് ഇപ്പോള്‍ വെള്ളപ്പൊക്കവും ഇവര്‍ക്ക് വെല്ലുവിളിയായത്. പുരുഷന്‍മാര്‍ പലരും കൈത്തറി ഉപേക്ഷിച്ച് മറ്റ് ജോലികള്‍ തേടിക്കഴിഞ്ഞതായി കൈത്തറി തൊഴിലാളിയായിരുന്ന സുരേഷ് പറഞ്ഞു. ഇദ്ദേഹം ഇപ്പോള്‍ കൈത്തറി ഉപേക്ഷിച്ച് വാഹനമോടിക്കുകയാണ്. സ്ത്രീകള്‍ മറ്റ് വീട്ടുജോലിക്കിടെ നെയ്ത്തില്‍ ഏര്‍പ്പെടുകയാണ് ഇപ്പോള്‍ ഈ ഗ്രാമത്തില്‍. ഒരു മുണ്ട് നെയ്യുന്നത് രണ്ടോ മൂന്നോ ആളുകളുടെ അധ്വാനമാണ്. മുണ്ട് വിറ്റുകഴിയുമ്പോള്‍ ചെലവ് കാശ് കഴിഞ്ഞ് ഒരാള്‍ക്ക് നൂറോ നൂറ്റമ്പതോ രൂപ മാത്രമായിരിക്കും കൂലിയായി ലഭിക്കുക. മറ്റ് തൊഴിലുകളില്‍ 500-800 രൂപ കൂലി ലഭിക്കുമ്പോഴാണ് ഇത്. അതിനാലാണ് പലരും ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ തയ്യാറായതെന്നും സുരേഷ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സഹകരണ സംഘങ്ങളും സര്‍ക്കാറും ചേന്ദമംഗലം കൈത്തറിക്ക് സഹായ ഹസ്തവുമായി മുന്നോട്ട് വന്നത്. ഈ സഹായങ്ങള്‍ ചേന്ദമംഗലം കൈത്തറിയെ പുത്തനുണര്‍വിലേക്ക് നയിക്കാനൊരുങ്ങുമ്പോഴാണ് പ്രളത്തിന്റെ രൂപത്തില്‍ ദുരന്തം വീണ്ടുമെത്തിയത്.

ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന് കീഴില്‍ അഞ്ച് സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും രണ്ടെണ്ണം ഭാഗീകമായും നശിച്ചതായി കരിമ്പാടത്തുള്ള എച്ച് 47 സംഘത്തിന്റെ സെക്രട്ടറി സോജന്‍ പി എ പറയുന്നു. എച്ച് 47നെ കൂടാതെ എച്ച് 91, കുര്യാപ്പിള്ളിയിലെ 3476 സംഘങ്ങളിലും വലിയ നാശനഷ്ടമാണുണ്ടായത്. അഴിമുഖം ലേഖകന്‍ എച്ച് 47ലെത്തുമ്പോള്‍ വീടുകളിലും കൈത്തറി യൂണിറ്റുകളിലും നെയ്ത നശിക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഒരു പെട്ടി ഓട്ടോയില്‍ കൊണ്ടുവന്നിറക്കുന്നുണ്ടായിരുന്നു. അത്രമാത്രമേ ഇനി ബാക്കിയുണ്ടായിരുന്നുള്ളൂ. ലക്ഷക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ് പ്രളയജലത്തില്‍ ഒലിച്ചു പോയത്. നൂലുകള്‍, തുണികള്‍, കളറിംഗ് മെറ്റീരിയലുകള്‍, തറികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ അതിലുള്‍പ്പെടുന്നു. കരിമ്പാടത്തെ യാണ്‍ ബാങ്കിന്റെ ഗോഡൗണില്‍ മാത്രം അമ്പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എച്ച് 47ല്‍ കൊണ്ടുവന്നിറക്കിയ ഉല്‍പ്പന്നങ്ങളിലേറെയും കൈലികളാണ്. അവ ഉണക്കി ഉപയോഗിക്കാമെന്നതിനാലാണ് ഇവിടെയെത്തിക്കുന്നതെന്നും അവ മാത്രമേ തിരിച്ച് കിട്ടിയുള്ളൂവെന്നും സോജന്‍ വ്യക്തമാക്കി.

കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്‌കൂള്‍ യൂണിഫോം പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഓണത്തിന് വിതരണം ചെയ്യാനായി തയ്യാറാക്കി വച്ചിരുന്ന യൂണിഫോമുകളും പ്രളയത്തില്‍ നശിച്ചു. സ്‌കൂള്‍ യൂണിഫോം പദ്ധതി വന്നതോടെ ചേന്ദമംഗലം കൈത്തറി ഗ്രാമം വീണ്ടുമുണര്‍ന്നതാണ്. 150 രൂപ കൂലിയുടെ സ്ഥാനത്ത് ഈ പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് 600 രൂപ കൂലി ലഭിച്ചു തുടങ്ങിയതോടെയായിരുന്നു അത്. തൊഴിലും വരുമാനവും വര്‍ദ്ധിച്ചതോടെ കൈത്തറി സംഘങ്ങളും സജീവമാകുകയായിരുന്നു. നെയ്ത്തിന് ആവശ്യമായ സാധനങ്ങള്‍ സര്‍ക്കാര്‍ നല്‍കുകയും ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തത് ഉല്‍പ്പാദനം ഊര്‍ജിതമാക്കാന്‍ സംഘങ്ങളെയും വ്യക്തികളെയും പ്രചോദിതരാക്കി.

ഓണം, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയെല്ലാം മുന്നില്‍ വന്നപ്പോള്‍ ഒട്ടേറെ പണം സംഘങ്ങളും സ്ഥാപനങ്ങളും തൊഴിലാളികളും ചെലവഴിച്ചിരുന്നു. വീടുകളില്‍ തറികള്‍ തയ്യാറാക്കി ഒട്ടേറെ സ്ത്രീകളാണ് നെയ്തു കൊണ്ട് ഓണത്തെ കാത്തിരുന്നത്. ആ കാത്തിരിപ്പുകളെല്ലാമാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞത്. സര്‍ക്കാരിന്റെ കയ്യയച്ച സഹായത്തിനല്ലാതെ മറ്റൊന്നിനും ഇനി ചേന്ദമംഗലം കൈത്തറി ഗ്രാമത്തെ രക്ഷിക്കാനാകില്ല. വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയ ചേന്ദമംഗലം ഗ്രാമത്തിലൂടെ, അവരുടെ സ്വപ്നങ്ങളിലൂടെ, ജീവിതത്തിലൂടെ അഴിമുഖം നടത്തിയ യാത്ര ഇവിടെ ആരംഭിക്കുന്നു.

(ഫോട്ടോ – കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്)

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍