UPDATES

ഓണത്തിന് കേരളത്തിന്റെ കൈത്തറി ഗ്രാമം നെയ്തു വച്ച സ്വപ്നങ്ങൾ കൂടിയാണ് പ്രളയം തകർത്തത്

വെള്ളപ്പൊക്കത്തിൽ തകർന്ന ഈ തൊഴിലിലേക്ക് ഇനി തിരിച്ചില്ലെന്നാണ് പലരും പറയുന്നത്. പ്രളയം കേരളത്തിന്റെ കൈത്തറി ഗ്രാമത്തെയും തകർത്തു കളഞ്ഞിരിക്കുകയാണ്.

ചേന്ദമംഗലം; കേരളത്തിന്റെ കൈത്തറി ഗ്രാമം. അപ്രതീക്ഷിതമായ പ്രളയം കേരളത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടപ്പോൾ ഇവിടുത്തെ കൈത്തറി നെയ്ത്തുകാർ നെയ്ത് വച്ച സ്വപ്നങ്ങൾ കൂടിയാണ് ഒലിച്ചുപോയത്.

എറണാകുളത്തു നിന്നും ചേന്ദമംഗലത്തേക്കുള്ള യാത്രയിൽ മൂലമ്പിള്ളി കഴിഞ്ഞപ്പോൾ തന്നെ ആളുകൾക്ക് പ്രളയത്തിന്റെ കഥകൾ മാത്രമേ പറയാനുള്ളൂ. വെള്ളം കയറിയതിന്റെയും ഇറങ്ങിപ്പോയതിന്റെയും കഥകൾ. വീട് വൃത്തിയാക്കാൻ എടുക്കുന്ന കഠിനാധ്വാനത്തെക്കുറിച്ച്. ഒരു ആയുഷ്കാലത്തിന്റെ കരുതിവയ്ക്കലുകൾ നഷ്ടമായതിന്റെ വേദനയുണ്ട് അവരുടെ വാക്കുകളിൽ.

വരാപ്പുഴ പാലത്തിലെത്തുമ്പോൾ വലതു വശത്ത് പെരിയാർ ശാന്തമായി ഒഴുകുന്നു. ഒരാഴ്ച മുമ്പ് നടത്തിയ സംഹാര താണ്ഡവത്തിന്റെ ആലസ്യത്തിലാകാം ശാന്തമായെങ്കിലും കലങ്ങിയാണ് പെരിയാർ ഒഴുകുന്നത്. വടക്കൻ പറവൂരിലെത്തുമ്പോൾ ചേന്ദമംഗലം മാത്രമല്ല, ചേർന്നു കിടക്കുന്ന ചെറിയ പല്ലൻ തുരുത്ത്, വലിയ പല്ലൻ തുരുത്ത് തുടങ്ങിയ ഗ്രാമങ്ങളും കൈത്തറിയും കൃഷിയും ചെയ്ത് ജീവിക്കുന്നവരാണ്.

തറികളിലെല്ലാം ചെളി അടിഞ്ഞിരിക്കുന്നു. പല തറികളും ഇനി ഉപയോഗിക്കാനാവാത്ത വിധത്തിൽ നശിച്ചിരിക്കുന്നു. ഓണം മുന്നിൽ കണ്ട് നെയ്ത് കൂട്ടിയ സ്വപ്നങ്ങളുമാണ് നശിച്ചത്. കൈത്തറി ജോലിക്കാർക്ക് ഓണമാണ് ചാകര. ഓണത്തിന് മുണ്ട് നെയ്ത് കൊടുക്കാനായി പതിനായിരക്കണക്കിന് രൂപയുടെ പാവാണ് ഇവർ ശേഖരിച്ച് വച്ചിരുന്നത്. വെള്ളം പൊങ്ങിയപ്പോൾ ഈ പാവ് തറിയുടെ മുകളിലായി കെട്ടിവച്ചെങ്കിലും പുരയ്ക്ക് മുകളിൽ കയറിയ വെള്ളം അവയെല്ലാം നശിപ്പിച്ചതായി ചെറിയ പല്ലൻ തുരുത്തിൽ കൈത്തറി ജോലി ചെയ്യുന്ന രമ പറയുന്നു. രമയുടെ വീടിന് സമീപമുണ്ടായിരുന്ന മതിൽ ഇപ്പോൾ ഒരു കോൺക്രീറ്റ് കൂനയാണ്. സ്വന്തമായി വീട് പോലുമില്ലാത്ത ഇവരുടെ ഉപജീവനം കൈത്തറിയാണ്. പതിനൊന്നായിരം രൂപയുടെ പാവ് ആണ് ഓണത്തോട് അടുപ്പിച്ച് ഇവർ വാങ്ങിയിരുന്നത്. അതിന്റെ പണം പോലും നൽകിയിരുന്നില്ല. ആ പാവ് എല്ലാം വെള്ളപ്പൊക്കത്തിൽ നശിച്ചു.

തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പിന്നാലെയാണ് ഇപ്പോൾ വെള്ളപ്പൊക്കവും ഇവർക്ക് വെല്ലുവിളിയായത്. പുരുഷൻമാർ പലരും കൈത്തറി ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടിക്കഴിഞ്ഞതായി കൈത്തറി തൊഴിലാളിയായിരുന്ന സുരേഷ് പറഞ്ഞു. ഇദ്ദേഹം ഇപ്പോൾ കൈത്തറി ഉപേക്ഷിച്ച് വാഹനമോടിക്കുകയാണ്. സ്ത്രീകൾ മറ്റ് വീട്ടുജോലിക്കിടെ നെയ്ത്തിൽ ഏർപ്പെടുന്നുണ്ട് ഇപ്പോൾ ഈ ഗ്രാമത്തിൽ. ഒരു മുണ്ട് നെയ്യുന്നത് രണ്ടോ മൂന്നോ ആളുകളുടെ അധ്വാനമാണ്. മുണ്ട് വിറ്റുകഴിയുമ്പോൾ ചെലവ് കാശ് കഴിഞ്ഞ് ഒരാൾക്ക് നൂറോ നൂറ്റമ്പതോ രൂപ മാത്രമായിരിക്കും കൂലിയായി ലഭിക്കുക. മറ്റ് തൊഴിലുകളിൽ 500-800 രൂപ കൂലി ലഭിക്കുമ്പോഴാണ് ഇത്.

അതിനാലാണ് പലരും ഈ തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറാകുന്നതെന്നും സുരേഷ് പറയുന്നു. സഹകരണ സംഘങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും ഈ തൊഴിലിനെ പിടിച്ചു നിർത്താൻ പര്യാപ്തമല്ല. അതിനാൽ തന്നെ ഒരു കാലത്ത് ഈ ഗ്രാമത്തിന്റെ ഉപജീവനമാർഗ്ഗമായിരുന്ന ഒരു തൊഴിൽ മേഖല എത് നിമിഷവും നശിക്കാനൊരുങ്ങുകയാണ്.

ഇപ്പോഴത്തെ വെള്ളപ്പൊക്കം ആ നശിക്കലിന്റെ ആക്കം കൂട്ടിയിരിക്കുന്നു. വെള്ളപ്പൊക്കത്തിൽ തകർന്ന ഈ തൊഴിലിലേക്ക് ഇനി തിരിച്ചില്ലെന്നാണ് പലരും പറയുന്നത്. പ്രളയം കേരളത്തിന്റെ കൈത്തറി ഗ്രാമത്തെയും തകർത്തു കളഞ്ഞിരിക്കുകയാണ്.

(തൊഴില്‍ പ്രതിസന്ധിയും വിലയില്ലായ്മയും മൂലം തകര്‍ച്ച നേരിടുന്ന കേരളത്തിന്റെ കൈത്തറി ഗ്രാമത്തിലെ പ്രശ്നങ്ങള്‍ പ്രളയം രൂക്ഷമാക്കിയതെങ്ങനെ? വിശദമായ റിപ്പോര്‍ട്ട് ഉടന്‍)

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍