UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൃപേഷിന്റെ സഹോദരിയുടെ വിവാഹം ചെന്നിത്തലയുടെ മകനും മരുമകളും ചേർന്ന് നടത്തും; തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ കോൺഗ്രസ്സ്

21നും 23നുമായി നിശ്ചയിച്ചിരുന്ന വിവാഹ സൽക്കാരം ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാസറഗോഡ് കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം നടത്തിക്കൊടുക്കാൻ രമേശ് ചെന്നിത്തലയും മകനും മരുമകളും മുൻകൈയെടുക്കുമെന്ന് റിപ്പോർട്ട്. മകൻ ഡോ. രോഹിത്തും മരുമകൾ ഡോ. ശ്രീജയും ചേർന്നാണ് വിവാഹം നടത്തുക. കഴിഞ്ഞദിവസം വിവാഹം കഴിഞ്ഞ ഇവർ വിവാഹ സൽക്കാരം ഒഴിവാക്കിയാണ് ഇതിനുള്ള പണം കണ്ടെത്തുക.

21നും 23നുമായി നിശ്ചയിച്ചിരുന്ന വിവാഹ സൽക്കാരം ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പിൽ ‘സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം’ ഒരു പ്രധാന പ്രചാരണവിഷയമായി ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസ്സിന് പരിപാടിയുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കൊലപാതക രാഷ്ട്രീയം ജനങ്ങൾക്കു മുമ്പിൽ തുറന്നുകാട്ടുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിനകം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. പൊട്ടിക്കരയുന്ന മുല്ലപ്പള്ളിയുടെ ചിത്രം സമൂഹത്തെ സ്വാധീനിക്കുമെന്ന പ്രതീക്ഷയും കോൺഗ്രസ്സിനുണ്ട്. കൂടാതെ കൃപേഷിന്റെ ദാരിദ്ര്യാവസ്ഥയും ജനങ്ങളിൽ ചലനമുണ്ടാക്കിയിട്ടുണ്ട്.

സംഘപരിവാറിന്റെ വർഗീയ അജണ്ട, സംസ്ഥാന സർക്കാരിന്റെ വികസന പരിപാടികൾ തുടങ്ങിയവ ചർച്ചയാക്കാനാണ് എൽഡിഎഫിന്റെ പദ്ധതി. എന്നാൽ ഇതിലേക്ക് അക്രമരാഷ്ട്രീയത്തിന് മറുപടി പറയേണ്ട സാഹചര്യം കൂടി സൃഷ്ടിക്കാൻ കോൺഗ്രസ്സ് ശ്രമിക്കുമെന്ന് ഉറപ്പാണ്.

അതെസമയം കൃപേഷിനെ വെട്ടിയത് പുറത്താക്കപ്പെട്ട സിപിഎം നേതാവ് പീതാംബരനാണെന്ന് പൊലീസിന് മൊഴി ലഭിച്ചതായി വാർത്തകൾ വരുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ആറുപേർ പീതാംബരന്റെ സുഹൃത്തുക്കളാണ്. സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്നു പീതാംബരൻ. ഇയാളെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്താണെങ്കിൽ കൂടിയും പാർട്ടി തീരുമാനിച്ച് നടത്തുന്ന കൃത്യങ്ങളിൽ ഉൾപ്പെട്ടവരെ തള്ളിപ്പറയുക പതിവില്ല. സംഭവത്തിൽ പങ്കില്ലെന്ന് പറഞ്ഞൊഴിയുകയല്ലാതെ. ഇതിൽനിന്നും വ്യത്യസ്തമായി പീതാംബരനെ പാർട്ടി പൂർണമായും തള്ളിപ്പറയുകയാണുണ്ടായത്. ഇത് പാർട്ടിക്ക് സംഭവത്തിൽ അറിവില്ലെന്നതിനാലാണെന്ന് സിപിഎം വാദിക്കുന്നു. എന്നാൽ, ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നാടകമാണിതെന്നാണ് കോൺഗ്രസ്സിന്റെ നിലപാട്.

തലയോട്ടി പിളർന്ന് തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ രീതിയിലുള്ള ഈ ആക്രമണം നടത്തിയത് താൻ തന്നെയാണെന്ന് പീതാംബരൻ മൊഴി നൽകിയെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍