UPDATES

വാര്‍ത്തകള്‍

പാര്‍ട്ടി ഓഫീസിലെ പീഡനം; സിപിഎമ്മിന് കുരുക്കായി പാലക്കാട്ട് നിന്നും മറ്റൊരു ലൈംഗിക ആരോപണം കൂടി

ചെര്‍പ്പുളശേരിയില്‍ വിവിധ പാര്‍ട്ടികളുടെ പ്രതിഷേധം നടക്കുകയാണ് ഇപ്പോള്‍. ഈ വിഷയത്തെ രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാന്‍ അവരൊരുങ്ങിയെന്നതിന് തെളിവാണ് ഇത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് മേല്‍ക്കൈ നേടിയിരിക്കുമ്പോഴാണ് ഇടിത്തീ പോലെ മറ്റൊരു ലൈംഗിക ആരോപണം കൂടി പാര്‍ട്ടിയ്ക്ക് മേല്‍ വന്നു വീഴുന്നത്. അതും പാലക്കാട് നിന്നു തന്നെ. ഇക്കുറി കേവലം ഒരു ആരോപണത്തിനപ്പുറം പാര്‍ട്ടി പ്രതിരോധത്തിലൂന്നേണ്ടിയിരിക്കുന്നു. ചെര്‍പ്പുളശേരിയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതി. പ്രണയം നടിച്ച് പാര്‍ട്ടി ഓഫീസിനുള്ളിലെ യുവജന വിഭാഗത്തിന്റെ മുറിക്കുള്ളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡന വിവരം പുറത്തറിഞ്ഞതാണ് യുവതി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയും.

കുഞ്ഞിനെ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാര്‍ട്ടി ഓഫീസിനുള്ളില്‍ നടന്ന പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്. അതേസമയം കുഞ്ഞിനെ ഉപേക്ഷിച്ച കേസിന് യുവതിക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുകയാണ്. മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ മണ്ണൂര്‍ നഗരിപ്പുറത്ത് ഒരു വീടിന് പിന്നില്‍ നിന്നും ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ സ്ഥലത്തെത്തുകയും കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്രസവിച്ച് ഏതാണ്ട് 24 മണിക്കൂര്‍ മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ നാട്ടുകാരും ചൈല്‍ഡ് ലൈനും കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നിന്നും കുഞ്ഞിന്റെ അമ്മയെ തിരിച്ചറിയുകയും യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ആദ്യം കേസെടുത്തതെങ്കിലും യുവതിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് പിന്നിലെ പാര്‍ട്ടി ഓഫീസ് ബന്ധം ഉയര്‍ന്നുവന്നത്.

താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് യുവതി പോലീസിന് മൊഴിനല്‍കി. സിപിഎം പോഷക സംഘടനയില്‍ പ്രവര്‍ത്തകയായിരിക്കെ പാര്‍ട്ടി ഓഫീസില്‍ വച്ച് സംഘടനയിലെ യുവാവുമായി പ്രണയത്തിലായെന്നും പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയില്‍ വച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ചെര്‍പ്പളശേരിയിലെ ഒരു കോളേജില്‍ പഠിക്കുമ്പോള്‍ മാസിക തയ്യാറാക്കാന്‍ തങ്ങള്‍ ഒരുമിച്ച് ഈ മുറിയില്‍ എത്താറുണ്ടെന്നാണ് യുവതി പറഞ്ഞത്. ഇതോടെ ആരോപണ വിധേയനായ യുവാവിനെയും പോലീസ് അന്വേഷണ പരിധിയില്‍ കൊണ്ടുവന്നു. സ്ഥലത്തെ ഒരു വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയാണ് യുവാവെന്നാണ് വിവരം. യുവതിയുടെ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്നാണ് യുവാവിന്റെ മൊഴി.

യുവതിയുടെയും യുവാവിന്റെ കുടുംബാംഗങ്ങള്‍ സിപിഎം അനുഭാവികളാണ്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉയര്‍ന്നേക്കാമെന്നതിനാല്‍ രണ്ട് പേരും പറയുന്നത് പോലീസ് കണക്കിലെടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ രഹസ്യ മൊഴി എടുക്കാനും യുവാവിനെ വീണ്ടും ചോദ്യം ചെയ്യാനുമാണ് പോലീസിന്റെ തീരുമാനം. സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് നടന്ന പീഡനമെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിനെ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിയിരിക്കുകയാണ്. മുമ്പ് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെയും ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ ചീത്തപ്പേരില്‍ നിന്നും പുറത്തുവരുന്നതിന് മുമ്പാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഏറ്റവും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്നാണ് ചെന്നിത്തല പറയുന്നത്.

വി ടി ബല്‍റാം പതിവു പോലെ ഫേസ്ബുക്കിലൂടെയും പ്രതികരിച്ചിട്ടുണ്ട്. അതും രണ്ട് തവണ. ‘കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്’. ‘പാര്‍ട്ടി ഓഫീസില്‍ തൊഴിലാളി നേതാക്കള്‍ക്കുള്ള മുറിയുടെ പുറത്ത് ഇംഗ്ലീഷ് ശരിക്കും അറിയാത്ത ഏതോ ഒരു സഖാവ് Labour Room എന്ന് ബോര്‍ഡ് എഴുതിവച്ചു. അത്രേ ഉണ്ടായിള്ളൂ’ എന്നിങ്ങനെയായിരുന്നു ബല്‍റാമിന്റെ പോസ്റ്റുകള്‍.

അതേസമയം പാലക്കാട്ട് നിന്നും തുടര്‍ച്ചയായി രണ്ടാമത്തെ ലൈംഗിക ആരോപണം കൂടി ഉയര്‍ന്നതോടെ പ്രതിരോധത്തിലാകുന്നത് സിപിഎം ജില്ലാ കമ്മിറ്റിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷുമാണ്. നിലവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവുമധികം വിജയ സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയാണെങ്കില്‍ കൂടിയും ഇത്തരമൊരു ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും അത് വോട്ടില്‍ പ്രതിഫലിക്കുകയും ചെയ്‌തേക്കാം. പി കെ ശശിക്കെതിരായ ആരോപണത്തിന്റെ പേരില്‍ ജില്ലാ നേതൃത്തില്‍ പോലും ഭിന്നിപ്പുണ്ടായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. കൂടാതെ ചെര്‍പ്പുളശേരിയില്‍ വിവിധ പാര്‍ട്ടികളുടെ പ്രതിഷേധം നടക്കുകയാണ് ഇപ്പോള്‍. ഈ വിഷയത്തെ രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാന്‍ അവരൊരുങ്ങിയെന്നതിന് തെളിവാണ് ഇത്. അതിനാല്‍ തന്നെ ആരോപണത്തെ പ്രതിരോധിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്.

എം ബി രാജേഷ് തന്നെയാണ് ആദ്യം ഇതേക്കുറിച്ച് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നായിരുന്നു രാജേഷിന്റെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ പൊളിഞ്ഞ് പോകുകയും ചെയ്തിട്ടുണ്ട്. വസ്തുതകളെല്ലാം എത്രയും പെട്ടെന്ന് പുറത്തുവരട്ടെയെന്നും പോലീസ് സമഗ്ര അന്വേഷണം നടത്തട്ടെയെന്നുമാണ് എംപിയുടെ ആവശ്യം. അതേസമയം ആരോപണ വിധേയനോ പരാതിക്കാരിയായ പെണ്‍കുട്ടിക്കോ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറയുന്നത്. രാവിലെ എട്ട് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ എപ്പോഴും ആളുണ്ടാകുന്ന സ്ഥലമാണ് ഏരിയ കമ്മിറ്റി ഓഫീസ്. അവിടെ വച്ച് ഇത്തരമൊരു പീഡനം നടന്നുവെന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും സുഭാഷ് ചൂണ്ടിക്കാട്ടുന്നു. സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും സുഭാഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പി കെ ശശിയുടെ വിഷയത്തില്‍ പാര്‍ട്ടി എടുത്ത നടപടിയും അന്വേഷണവും പലര്‍ക്കും അതൃപ്തിയുണ്ടാക്കിയിരുന്നു. ശശിയ്ക്ക് മേല്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടും ഗുരുതരമായ കുറ്റമൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ്അതേസമയം ഇവിടെ അത്തരമൊരു നീക്കമൊന്നും നടക്കില്ല. കാരണം, കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുത്തപ്പോഴാണ് പീഡനത്തിന്റെ പരാതിയും പോലീസിന് ലഭിക്കുന്നത്. ഇവിടെ പാര്‍ട്ടിയല്ല പോലീസ് തന്നെയാകും അന്വേഷണം നടത്തുക. ശശിയുടെ കേസില്‍ പരാതിക്കാരി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് അന്വേഷണമുണ്ടായത്. അതേസമയം പി കെ ശശി പകരം വീട്ടിയതാണ് ഈ കേസെന്ന ആരോപണവും ഉയരുന്നുണ്ട്. ജില്ലാ നേതൃത്വത്തിലെ വിഭാഗീയതയാണ് ശശിക്കെതിരായ ആരോപണത്തിന് പിന്നിലെന്നും എം ബി രാജേഷുമായി അടുപ്പമുള്ളവരാണ് ഇതിന് പിന്നിലെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് രാജേഷിനെ പ്രതിരോധത്തിലാക്കാന്‍ ശശി നടത്തുന്ന നീക്കമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതായാലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ട് തേടിയിറങ്ങുന്ന പാര്‍ട്ടിയ്ക്ക് സംസ്ഥാനവ്യാപകമായി തന്നെ ഈ കേസ് ഒരു തലവേദനയാകുമെന്ന് ഉറപ്പാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍