UPDATES

ട്രെന്‍ഡിങ്ങ്

ജാതിപ്പഴമ അസംബന്ധം; ചെട്ടികുളങ്ങരയില്‍ ഈഴവന്‍ കീഴ്ശാന്തിയാകും; തീരുമാനം ദേവസ്വം ബോര്‍ഡിന്റേത്

ആര്‍.എസ്.എസ്. നേതൃത്വത്തിലുള്ള ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ എന്ന ക്ഷേത്രം കമ്മിറ്റിയായിരുന്നു നിയമനം തടഞ്ഞതിനു പിന്നിലെന്നാണ് ആരോപണം

ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഈഴവസമുദായാംഗമായ സുധികുമാര്‍ കീഴ്ശാന്തിയാവും. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. അവര്‍ണ സമുദായക്കാരന്റെ നിയമനം ദേവസ്വം ബോര്‍ഡ് കമ്മീഷ്ണര്‍ തടഞ്ഞുവച്ചത് വലിയ വിവാദമായിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് നിരന്തരം ആവശ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുകാലമായി ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയായിരുന്നു. നിയമനം സംബന്ധിച്ച് ക്ഷേത്രം തന്ത്രിയും ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷനും നല്‍കിയ മൊഴികളും കത്തുകളുമാണ് നിയമം തടഞ്ഞുവക്കാന്‍ കാരണമായത്. എന്നാല്‍ ഇവരുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ജാതിപ്പഴമയെന്ന വാദം നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയ ദേവസ്വം ബോര്‍ഡ് സുധികുമാറിനെ കീഴ്ശാന്തിയായി നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഈഴവ സമുദായക്കാരനായ സുധികുമാര്‍ കഴിഞ്ഞ ജൂലൈ ഒന്നിനായിരുന്നു ചുമതലയേല്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് മുമ്പെ അബ്രാഹ്മണനെ ശാന്തിക്കാരനാക്കുന്നതിനെതിരെ ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രമേയം പാസാക്കി. പിന്നീട് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വെന്‍ഷനും ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസ് പരിഗണിച്ച ശേഷം തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറെ ചുമതലപ്പെടുത്തി.

തുടര്‍ന്ന് അബ്രാഹ്മണണനെ ശാന്തിക്കാരനായി നിയമിച്ചാല്‍ ശക്തമായ ദേവി കോപം നേരിടേണ്ടി വരുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് സമാധാനം പറയേണ്ടി വരുമെന്നും കാണിച്ച് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. നിയമനവുമായി മുന്നോട്ട് പോയാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്ന് ഹിന്ദു മത കണ്‍വെന്‍ഷന്‍ അംഗങ്ങളും അറിയിച്ചു. ഇതോടെ നിയമനം തല്‍ക്കാലം നിര്‍ത്തിവക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേംദാസ് ഉത്തരവിടുകയായിരുന്നു. സുധികുമാര്‍ മുമ്പ് ജോലി ചെയ്തിരുന്ന പുതിയിടം ക്ഷേത്രത്തില്‍ ജോലി തുടരുകയാണ് ഇപ്പോള്‍. “ദേവസ്വം ബോര്‍ഡിന്റെ അനുകൂല വിധിയില്‍ വളരെ സന്തോഷമുണ്ട്. വളരെക്കാലത്തെ ആഗ്രഹം സഫലീകരിക്കപ്പെടുകയാണ്. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിക്കപ്പെടും. എന്നാല്‍ എന്നത്തേക്കാണ് നിയമനം എന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല“- സുധികുമാര്‍ പറഞ്ഞു.

Also Read: ‘നല്ല നായന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ഇടയിലേക്ക് ഒരു ചോകോനോ’? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിക്കാരന് അയിത്തം

തന്ത്രിയുടേയും ഹിന്ദുമത കണ്‍വന്‍ഷന്റേയും നീക്കത്താല്‍ തടസ്സപ്പെട്ട നിയമനത്തിനെതിരെ സുധികുമാന്‍ ദേവസ്വം ബോര്‍ഡിന് അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച ബോര്‍ഡ് ഇക്കാര്യം വിശദമായി പരിശോധിച്ചതിന് ശേഷം നിയമനം അംഗീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്ത്രിയുടെ വാദം ഹിന്ദുമത വിശ്വാസങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. ദേവസ്വത്തിന്റെ ഭരണപരമായ അവകാശങ്ങളില്‍ തന്ത്രിയുടെ അഭിപ്രായം ആവശ്യമില്ലെന്നും ജാതിപ്പഴമയെന്ന വാദം നിലനില്‍ക്കില്ലെന്നും ബോര്‍ഡ് നിരീക്ഷിച്ചു.

"</p

ദേവസ്വം കമ്മീഷ്ണറുടെ നടപടിക്കെതിരെ കായംകുളം എം.എല്‍.എ പ്രതിഭാ ഹരി നിയമസഭയില്‍ സബ്മിഷനും ഉന്നയിച്ചിരുന്നു. സുധികുമാറിന്റെ നിയമനം തടഞ്ഞുവച്ച കമ്മീഷ്ണര്‍ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്ന് നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ മാത്രം പൂജിക്കുന്ന പാരമ്പര്യം അവസാനിപ്പിച്ചുകൊണ്ടാണ് ദേവസ്വംബോര്‍ഡിന്റെ കീഴില്‍ അബ്രാഹ്മണരേയും ശാന്തിക്കാരായി നിയമിക്കാന്‍ ആരംഭിച്ചത്. ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ഇത് ബാധകമാണെന്നിരിക്കെ ചെട്ടിക്കുളങ്ങരയില്‍ ഇത് മറികടന്നത് ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് എസ്.എന്‍.ഡി.പി യൂണിയന്‍ ആരോപിച്ചിരുന്നു. യൂണിയന്‍ ഇതിനെതിരെ സമരം തുടര്‍ന്നുവരികയായിരുന്നു.

നിയമന നടപടിയെ സ്വാഗതം ചെയ്യുകയാണെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് യൂണിയന്‍. എസ്,എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് ഡി. സുരേശ് ബാബു പറയുന്നു: “ദേവസ്വം ബോര്‍ഡ് ഉത്തരവ് വന്നു. എന്നാല്‍ ഞങ്ങളുടെ സമരം ഇവിടം കൊണ്ട് അവസാനിക്കില്ല. 29-ാം തീയതി വാഹനപ്രചരണ ജാഥ നടത്തും. തുടര്‍ന്ന് അനിശ്ചിതകാല സത്യഗ്രഹ സമരത്തിനാണ് യൂണിയന്‍ പദ്ധതിയിട്ടിരിക്കുന്നത്. ശാന്തിയെ തിരികെ നിയമിച്ചു എന്നത് സാങ്കേതികമായ കാര്യം മാത്രമാണ്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഗൂഢകാര്യങ്ങള്‍ നടന്നിട്ടുണ്ട്. ചെട്ടിക്കുളങ്ങരയില്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റെല്ലാ ക്ഷേത്രങ്ങളിലുമുള്ളത് പോലെ ഉപദേശക സമിതിയില്ല. പ്രത്യേക സമുദായക്കാര്‍ നയിക്കുന്ന അംഗീകാരമില്ലാത്ത ശ്രീദേവീവിലാസം ഹിന്ദുമത കണ്‍വന്‍ഷനാണുള്ളത്. അനധികൃതമായ പണപ്പിരിവ് നടത്തി കോടികള്‍ സമാഹരിച്ചിട്ടുണ്ട്. ഈ പണം ദേവസ്വം ബോര്‍ഡിലേക്ക് അടയ്ക്കണമെന്നത് ഞങ്ങളുടെ ആവശ്യമാണ്. വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യണം, ഹിന്ദുമത കണ്‍വന്‍ഷന്‍ ക്ഷേത്രത്തിനകത്ത് കൈവശം വച്ചിരിക്കുന്ന കെട്ടിടം ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.”

ഉപദേശക സമിതിയില്ലാത്ത ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ എന്ന കമ്മിറ്റിയാണുള്ളത്. കഴിഞ്ഞ വര്‍ഷം വരെ സി.പി.എം ആയിരുന്നു കമ്മിറ്റിയുടെ ഭരണനേതൃത്വം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് ഭരണം പിടിച്ചെടുത്തു. നിയമനം തടസ്സപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസ് നീക്കമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.  സുധി കുമാറിന്റെ നിയമനം തടഞ്ഞുകൊണ്ട് കമ്മിറ്റി പ്രമേയം പാസ്സാക്കിയതിനെതിരെ സിപിഎം അടക്കമുള്ള സംഘടനകളും സമരവുമായി രംഗത്തെത്തിയിരുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍