UPDATES

ട്രെന്‍ഡിങ്ങ്

കാത്തുനിന്ന ഞങ്ങളുടെ മുന്നില്‍ക്കൂടി മുഖ്യമന്ത്രി പുറത്തേക്കിറങ്ങിപ്പോയി: വിനായകിന്റെ പിതാവ് പറയുന്നു

മുഖമന്ത്രിയെ കാണാമെന്നു സ്റ്റാഫ്; അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി; ഭക്ഷണം പോലും കഴിക്കാതെ കാത്തു നിന്ന് വിനായകിന്റെ കുടുംബം

മുഖ്യമന്ത്രിയെ നേരില്‍ കണ്ടൊന്ന് സങ്കടം പറയാന്‍, മകന് നീതിലഭിക്കുമെന്നൊരു ഉറപ്പ് കിട്ടാന്‍ ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തിന്റെ ഓഫീസിനു മുന്നില്‍ കാത്തു നില്‍ക്കേണ്ടി വന്നു വിനായകിന്റെ കുടുംബത്തിന്; എന്നാല്‍ നിരാശയായിരുന്നു ഫലം. തങ്ങളെ പരിഗണിക്കാനോ പരാതി കേള്‍ക്കാനോ മുഖ്യമന്ത്രി തയ്യാറായില്ലെന്ന് ഈ കുടുംബം പറയുന്നു. പാവറട്ടി പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സന്ദര്‍ശനാനുമതി ലഭിച്ചതു കൊണ്ട് തന്നെയാണ് തിരുവനന്തപുരത്തെത്തിയത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിനായകിന്റെ അഛന്‍ കൃഷ്ണന്‍കുട്ടി അഴിമുഖത്തോട് പങ്കുവച്ചു.

ഞങ്ങള്‍ക്ക് നല്ല വിഷമമുണ്ട്. അദ്ദേഹത്തെ ഒന്നു കാണുക, കാര്യങ്ങള്‍ ബോധിപ്പിക്കുക. അത് മാത്രമായിരുന്നു ഉദ്ദേശം. മിനിഞ്ഞാന്ന് വൈകീട്ട് തന്നെ ഞങ്ങള്‍ അങ്ങോട്ട് പോയിരുന്നു. ഇന്നലെ രാവിലെ 10.30ന് നിയമസഭയ്ക്ക് മുന്നിലെത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്. ഡി.എച്ച്. ആര്‍.എം നേതാവ് സെലീന പ്രക്കാനമടക്കം ഞങ്ങള്‍ ആറുപേര്‍ കൃത്യസമയത്തു തന്നെ അവിടെയെത്തി. എന്നാല്‍ ഉച്ചവരെ അവിടെ നിന്ന ഞങ്ങളോട് ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു, ഇവിടെ വച്ച് കാണാന്‍ പറ്റില്ല, അദ്ദേഹത്തിന്റെ ഓഫീസില്‍ പോകണമെന്ന്. ഇതേത്തുടര്‍ന്ന് സെലീനമാഡം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ജയരാജനെ വിളിച്ചു. മൂപ്പര് പറഞ്ഞു, നിങ്ങള്‍ വന്നാല്‍ മതി മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാല്‍ കാണാമെന്ന്. അങ്ങനെ ഞങ്ങള്‍ ഓഫീസിലെത്തി. അവിടെയുണ്ടായിരുന്ന സുരക്ഷ ജീവനക്കാരോടെല്ലാം ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി മീറ്റിങ്ങിലായിരുന്നു. പിന്നീട് അഞ്ചുമണി കഴിഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളുടെ മുന്നിലൂടെ തന്നെ പുറത്തേക്കിറങ്ങിപ്പോയി. അദ്ദേഹം വരുമെന്ന പ്രതീക്ഷയില്‍ അഞ്ചര വരെ അവിടെയിരുന്നു. പക്ഷേ അവിടെയുള്ള ഒരു സ്റ്റാഫിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇന്നിനി വരില്ല. നാളെ വന്നാലേ കാണാന്‍ പറ്റുള്ളൂ എന്നു പറഞ്ഞു. ഞങ്ങള്‍ ജയരാജന്‍ സാറിനെ കണ്ട് കാര്യം പറഞ്ഞു. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. ഞങ്ങളെങ്ങനെ കാണാനാണ്! ഒടുവില്‍ ജയരാജന്‍ സാറിന് പരാതി കൊടുത്ത് മടങ്ങിപ്പോരേണ്ടി വന്നു. അനുമതി ലഭിച്ചതു കൊണ്ടു തന്നെയാണ് ഞങ്ങളെത്തിയത്. എന്നിട്ടും ഇങ്ങനെയൊക്കെയാണുണ്ടായത് ‘

"</p

ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷനേതാവ് ഈ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ വിനായകിന്റെ കുടുംബം വരുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അങ്ങനെയാണെങ്കില്‍ ഓഫീസ് സ്റ്റാഫ് എന്തിനാണ് തങ്ങളോട് വരാന്‍ പറഞ്ഞതെന്ന് മനസ്സിലായില്ലെന്ന് ഡി.എച്ച്.ആര്‍.എം നേതാവ് സെലീന പ്രക്കാനം പ്രതികരിച്ചു.

‘ഭക്ഷണം പോലും കഴിക്കാതെയാണ് ആ കുടുംബം അത്രയും നേരം അവിടെ കാത്തുനിന്നത്. കടുത്ത മാനസികസംഘര്‍ഷമാണ് അവര്‍ക്കുണ്ടായത്. ആ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് പറഞ്ഞേ തീരു. അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫും പേഴ്‌സണല്‍ സെക്രട്ടറിയും തന്നെയാണ് നേരില്‍ കാണാനാകുമെന്നും കാത്തിരിക്കാനും ഞങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ഇങ്ങനെയൊരു കാര്യം തനിക്കറിയില്ലെന്നാണ്. അങ്ങനെയാണെങ്കില്‍ എന്തിനാണ് ഈ സ്റ്റാഫുകളെ അവിടെ വച്ചോണ്ടിരിക്കുന്നത്? അവര് ഒന്ന് പറയുന്നു, മുഖ്യമന്ത്രി മറ്റൊന്നും. ആ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ട് ന്യായീകരിക്കാവുന്നതല്ല ‘.

നിലവില്‍ ക്രൈംബ്രാഞ്ചാണ് വിനായകിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതു വരെ കേസില്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

വിഷ്ണുദത്ത്

വിഷ്ണുദത്ത്

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍